Wednesday, May 8, 2013

സിബിഐ കൂട്ടിലടച്ച തത്ത: സുപ്രീം കോടതി


സ്വതന്ത്ര്യമെന്താണെന്ന് സിബിഐ മനസിലാക്കണമെന്ന് സുപ്രീം കോടതി. കല്‍ക്കരി കുംഭകോണക്കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം. സ്വതന്ത്ര ഏജന്‍സിയായ സിബിഐക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തോന്നുന്നില്ല. യജമാനന്റെ ശബ്ദത്തില്‍ സംസാരിക്കുന്ന കൂട്ടിലടച്ച തത്തയാണ് സിബിഐ എന്നും കോടതി വിമര്‍ശിച്ചു. ആദ്യം കേസ് അന്വേഷണം നടത്തിയ രവികാന്ത് അന്വേഷണം ഉടന്‍ ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിടനയും കോടതി വിമര്‍ശിച്ചു.

സോളിസിറ്റര്‍ ജനറലിനും അറ്റോര്‍ണി ജനറലിനുമെതിരായും ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. മന്ത്രിമാര്‍ക്ക് സിബിഐ അന്വേഷണത്തില്‍ ഇടപെടാന്‍ അവകാശമില്ല. റിപ്പോര്‍ട്ടിന്റെ കാതല്‍ തന്നെ മാറ്റി. റിപ്പോര്‍ട്ടു തിരുത്തിയ പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാരെയും കോടതി വിമര്‍ശിച്ചു. അതേസമയം സിബിഐ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആവര്‍ത്തിച്ചു. സിബിഐക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് കോടതി നടത്തിയത്. രഹസ്യസ്വാഭാവമുള്ള റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നതിനു മുന്‍പ് പരസ്യപ്പെടുത്തിയതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. എതിര്‍പരാമര്‍ശം ഉണ്ടായ സാഹചര്യത്തില്‍ നിയമമന്ത്രി അശ്വനികുമാറിന് രാജിവെക്കേണ്ടി വരും.
 
കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രികാര്യാലയവും നിയമമന്ത്രിയുമടക്കം തിരുത്തല്‍ വരുത്തിയെന്ന് സിബിഐ സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഴിമതി ആരോപണത്തില്‍ അടിമുടി മുങ്ങിയ കേന്ദ്രസര്‍ക്കാരിന് കല്‍ക്കരി കേസില്‍ കോടതി പരാമര്‍ശം നിര്‍ണായകമാകും. സിബിഐക്കു വേണ്ടി യുഡി ലളിത് ഹാജരാകുന്നതിനെ പ്രശാന്ത് ഭൂഷണ്‍ എതിര്‍ത്തു. ലളിത് മുന്‍പ് കല്‍ക്കരി കമ്പനിക്കു വേണ്ടി ഹാജരായിരുന്ന കാര്യം അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രിയുമായി പങ്കുവച്ചതായി സിബിഐ ആദ്യം സമ്മതിച്ചു. എന്നാല്‍,പങ്കുവയ്ക്കുകമാത്രമല്ല റിപ്പോര്‍ട്ടില്‍ നിയമമന്ത്രി, പ്രധാനമന്ത്രികാര്യാലയത്തിലെയും കല്‍ക്കരിമന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാര്‍, അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി എന്നിവര്‍ മാറ്റംവരുത്തിയെന്നുമാണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിലേക്ക് അന്വേഷണം നീളുന്നത് തടയാനായിരുന്നു ഇടപെടല്‍. കോടതി പരാമര്‍ശം കടുത്തതോടെ അശ്വനികുമാറും അഴിമതി ആരോപണത്തില്‍ മുങ്ങിയ പവന്‍കുമാര്‍ ബന്‍സ്വാളും രാജിവെക്കുന്നതാണ് നല്ലതെന്ന് യുപിഎ അധ്യക്ഷ സോണിയയുടെ താല്‍പര്യമെന്നറിയുന്നു.

deshabhimani

No comments:

Post a Comment