Tuesday, April 30, 2013

കേന്ദ്രം റിപ്പോര്‍ട്ട് തിരുത്തി: സിബിഐ


കല്‍ക്കരി കുംഭകോണ കേസിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ നിയമ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട് തിരുത്തല്‍ വരുത്തിയെന്ന് സിബിഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 15-20 ശതമാനം തിരുത്തലുകള്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വരുത്തിയതായാണ് സൂചനകള്‍. സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിയ റിപ്പോര്‍ട്ട്, തിരുത്തുന്നതിന് മുമ്പുള്ള റിപ്പോര്‍ട്ട്, പുതിയ അന്വേഷണ റിപ്പോര്‍ട്ട് എന്നിവയും സത്യവാങ്മൂലത്തിനോടൊപ്പം സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നിയമ മന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാരും രണ്ട് ഘട്ടങ്ങളിലായി വരുത്തിയ മാറ്റങ്ങളാണ് പുതിയ റിപ്പോര്‍ട്ടില്‍ അനുബന്ധമായി സിബിഐ വിശദീകരിച്ചിട്ടുള്ളത്.

സിബിഐ ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടും നിയമ മന്ത്രിയുടെയും മറ്റും ഇടപെടലിനെ തുടര്‍ന്ന് മാറ്റം വരുത്തിയ റിപ്പോര്‍ട്ടും മുദ്രവച്ച കവറില്‍ സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് റിപ്പോര്‍ട്ടിലെ ഓരോ വരികളിലും വരുത്തിയ മാറ്റങ്ങള്‍ സിബിഐ കൃത്യമായി ധരിപ്പിച്ചിരിക്കുന്നതിനാല്‍ ചൊവ്വാഴ്ച സുപ്രീംകോടതിയുടെ രൂക്ഷമായ പ്രതികരണം ഉറപ്പാണ്. റിപ്പോര്‍ട്ട് ഭഭരണതലത്തില്‍ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് മാത്രമായിരുന്നു മാര്‍ച്ച് 12ന് സുപ്രീംകോടതി സിബിഐയോട് ആരാഞ്ഞിരുന്നത്. റിപ്പോര്‍ട്ട് കാണുക മാത്രമല്ല കാര്യമായ തിരുത്തലുകളും വരുത്തിയെന്നാണ് സിബിഐ ഇപ്പോള്‍ നല്‍കിയ മറുപടി.

സിബിഐയുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ ചൊവ്വാഴ്ച കോടതി വിമര്‍ശിച്ചാല്‍ നിയമ മന്ത്രി അശ്വനികുമാറിന്റെ നിലനില്‍പ്പ് പ്രശ്നത്തിലാകും. അശ്വനികുമാറിന് ഈ വിഷയത്തില്‍ രാജിവയ്ക്കേണ്ടിവന്നാല്‍ സ്വാഭാവികമായും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രതിക്കൂട്ടിലാകും. പ്രധാനമന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥനും സിബിഐയുടെ റിപ്പോര്‍ട്ട് കാണുകയും തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പഞ്ചാബില്‍നിന്നുള്ള അശ്വനികുമാര്‍ പ്രധാനമന്ത്രിയുടെ വിശ്വസ്തരില്‍ ഒരാളാണ്. സിബിഐക്ക് വേണ്ടി തുടക്കത്തില്‍ ഹാജരായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ കോടതിയില്‍ പറഞ്ഞത് റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ലെന്നായിരുന്നു. പിന്നീട് ഈ നിലപാട് തിരുത്തിയ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍, റിപ്പോര്‍ട്ടിലെ അച്ചടിപ്പിശകുകളും വ്യാകരണപ്പിശകുകളും തിരുത്താന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണമാണ് നല്‍കിയത്. ഈ രണ്ട് വാദങ്ങളും പച്ചക്കള്ളമായിരുന്നെന്ന് സിബിഐയുടെ പുതിയ റിപ്പോര്‍ട്ട് തെളിയിച്ചിരിക്കുകയാണ്. കേന്ദ്ര ഇടപെടല്‍ വിവാദമായതിനെത്തുടര്‍ന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ കേസില്‍നിന്ന് ഒഴിവാക്കിയ സിബിഐ ഇപ്പോള്‍ മുതിര്‍ന്ന അഭിഭാഷകനായ യു യു ലളിതിന്റെ സേവനമാണ് തേടുന്നത്. ലളിതിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയെന്ന വിശദീകരണം സിബിഐ പുതിയ റിപ്പോര്‍ട്ടില്‍ നല്‍കിയത്.

ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ചൊവ്വാഴ്ച കല്‍ക്കരി കുംഭകോണക്കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ബി ലൊക്കൂര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. അതേസമയം കല്‍ക്കരിവിഷയത്തില്‍ തിങ്കളാഴ്ചയും പാര്‍ലമെന്റിന്റെ ഇരുസഭകളും പൂര്‍ണമായും തടസ്സപ്പെട്ടു. ലോക്സഭയും രാജ്യസഭയും ആദ്യം 12 വരെയും പിന്നീട് രണ്ട് വരെയും തടസ്സപ്പെട്ടു. തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് ചേരാന്‍ പിരിയുകയായിരുന്നു. ലോക്സഭ തുടങ്ങിയ ഉടന്‍തന്നെ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും നിയമ മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേളയിലേക്ക് നീങ്ങാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് 12ന് വീണ്ടും സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു.
(എം പ്രശാന്ത്)

കല്‍ക്കരി: തിരുത്തിയ പകര്‍പ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ തിരുത്തിയ പകര്‍പ്പ് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നിയമമന്ത്രിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട് തിരുത്തിയതിന്റെ വിശദാംശങ്ങള്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. കല്‍ക്കരി കുംഭകോണക്കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രാലയവും പ്രധാനമന്ത്രി കാര്യാലയവും പരിശോധിച്ചുവെന്ന സിബിഐ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. പ്രധാനമന്ത്രിയും നിയമമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു.

കേസില്‍ സുപ്രീംകോടതി 30ന് സ്വീകരിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാരിന് നിര്‍ണായകമായി. സിബിഐയെ സ്വാധീനിച്ച് കേസന്വേഷണം അട്ടിമറിക്കാന്‍ നിയമമന്ത്രി അശ്വനികുമാര്‍ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ പ്രതികരണം സര്‍ക്കാരും പ്രതിപക്ഷ പാര്‍ടികളും ഉറ്റുനോക്കുകയാണ്. ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊകുര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ചൊവ്വാഴ്ച കല്‍ക്കരി കേസ് പരിഗണിക്കുക. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഭരണനേതൃത്വത്തിലെ ആരെങ്കിലുമായി പങ്കുവച്ചോയെന്ന് കോടതി ആരാഞ്ഞതിനെതുടര്‍ന്നാണ് സിബിഐ സര്‍ക്കാര്‍ ഇടപെടല്‍ ബോധ്യപ്പെടുത്തുംവിധം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

deshabhimani

No comments:

Post a Comment