Saturday, September 5, 2020

വിമാനത്താവള സ്വകാര്യവൽക്കരണം : അദാനിക്കായി നിയമം വഴിമാറി

 ന്യൂഡൽഹി: ആറ്‌ വിമാനത്താവളം അദാനിക്ക് വിട്ടുനൽകാൻ കേന്ദ്രസർക്കാർ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും വിജ്ഞാപനങ്ങളും കാറ്റിൽപ്പറത്തി. സാമ്പത്തികകാര്യവകുപ്പിന്റെയും നിതി ആയോഗിന്റെയും മുന്നറിയിപ്പുകൾ തള്ളിയാണ്‌ സെക്രട്ടറിതല ഉന്നതാധികാര സമിതി നിർണായക തീരുമാനമെടുത്തത്.

കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തപ്രകാരം പൊതു–-സ്വകാര്യപങ്കാളിത്ത പദ്ധതി നിർദേശങ്ങൾ വിലയിരുത്താൻ മൂന്ന്‌ മാസമെങ്കിലും വേണ്ടിവരും. എന്നാല്‍, വിമാനത്താവള സ്വകാര്യവൽക്കരണം 2019 ഫെബ്രുവരി 28നകം പൂർത്തിയാക്കാന്‍ വ്യോമയാന മന്ത്രാലയം തിടുക്കം കാട്ടി. ആറിടത്തെയും നിർദേശം സമർപ്പിച്ച്‌ അഞ്ച്‌ ദിവസത്തിനകം, അപൂർണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വകാര്യപങ്കാളിത്ത പദ്ധതികൾക്ക്‌ അംഗീകാരമായി.   ആറു വിമാനത്താവളവും കൈമാറാൻ ഒറ്റ ദിവസത്തെ യോഗത്തിലൂടെ‌ അനുമതി നൽകി‌. ഇത്‌ പൊതു–-സ്വകാര്യ പങ്കാളിത്ത പദ്ധതി വിലയിരുത്തൽ സമിതി(പിപിപിഎസി) മാർഗനിർദേശങ്ങൾക്ക്‌ വിരുദ്ധമാണ്‌.

വരുമാനം താരതമ്യംചെയ്‌ത്‌ സ്വകാര്യപങ്കാളിത്തം സർക്കാരിനു ലാഭകരമാണെന്ന്‌ ഉറപ്പാക്കാൻ പരിശോധന നടന്നിട്ടില്ല. പകരം അദാനി വാഗ്‌ദാനം ചെയ്‌ത നിരക്കിനെ വാഴ്‌ത്തുകയാണ്‌ എയർപോർട്ട്‌ അതോറിറ്റിയും വ്യോമയാന മന്ത്രാലയവും ചെയ്തത്.

വിമാനത്താവളങ്ങളുടെ പൂർണസാമ്പത്തികവശങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര റിപ്പോർട്ട്‌ തയ്യാറാക്കിയില്ല. അതിനാല്‍, ടെൻഡറിൽ പങ്കെടുത്തവർ കുറഞ്ഞ നിരക്കാണ്‌ ക്വോട്ട്‌ ചെയ്‌തത്‌. രണ്ട്‌ ഘട്ട ലേലമാണ്‌ രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ളത്‌. താരതമ്യേന  ചെറിയ വിമാനത്താവളങ്ങളുടെ കാര്യത്തിൽ അടക്കം ഇന്ത്യയിലും മുമ്പ്‌  ഈ രീതിയാണ്‌ സ്വീകരിച്ചത്‌. എന്നാല്‍, ആറ് വിമാനത്താവളത്തിന്റെ കാര്യത്തില്‍ വ്യോമയാന മന്ത്രാലയം അടിച്ചേൽപ്പിച്ച സമയനിബന്ധന പ്രകാരം ലേലം വേഗത്തിലാക്കി. ലേലനടപടികൾ സുതാര്യമായില്ല.

വിമാനത്താവള നടത്തിപ്പില്‍ പരിചയമുള്ളവർക്ക് ‌ലേലത്തിൽ പങ്കെടുക്കാമെന്ന വ്യവസ്ഥ ഒഴിവാക്കി. നിതി ആയോഗും സാമ്പത്തിക കാര്യ വകുപ്പും വിയോജിച്ചെങ്കിലും സെക്രട്ടറിതല സമിതി അമിതാധികാരം പ്രയോഗിച്ച്‌ നടപടികൾ നീക്കി. വിമാനത്താവളങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ അഞ്ച്‌ ശതമാനത്തിൽ കൂടുതൽ സ്വകാര്യകമ്പനിക്ക്‌ വാണിജ്യആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകരുതെന്ന്‌ സാമ്പത്തികകാര്യ വകുപ്പ്‌ നിഷ്‌കർഷിച്ചിരുന്നു. ഇതും പാലിക്കപ്പെട്ടില്ല.

സ്ഥാവര ആസ്‌തി 30 വർഷത്തിൽ കൂടുതൽ കൈമാറരുതെന്ന -1994ലെ എഎഐ നിയമവും മറികടന്നു.‌ 50 വർഷത്തേ‌ക്ക്‌ പാട്ടത്തിനാണ്‌ നൽകിയത്‌. രണ്ട്‌ വിമാനത്താവളത്തിൽ കൂടുതൽ ഒരു ഓപ്പറേറ്റർക്ക്‌ ലഭിക്കരുതെന്ന‌ നിര്‍ദേശവും പാലിച്ചില്ല.

സാജൻ എവുജിൻ

കെപിസിസി അംഗത്തിന്റെ വീട് ആക്രമിച്ചതിൽ അറസ്റ്റിലായത് മകൻ

 കെപിസിസി അംഗത്തിന്റെ വീട് ആക്രമിച്ചതിൽ അറസ്റ്റിലായത് മകൻ; സിപിഐ എമ്മിനെ കുടുക്കാൻ ചെയ്തതെന്ന് മൊഴി; കോൺഗ്രസ് നാടകം പൊളിഞ്ഞു

ലീനയുടെ വീട്ടിൽ ഉമ്മൻചാണ്ടി എത്തിയപ്പോൾ(ഇടത്), അറസ്റ്റിലായ ലീനയുടെ മകന്‍ നിഖിൽ (വലത്)

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തന്റെ വീടും ആക്രമിച്ചു എന്നാണ് കെപിസിസി അംഗമായ ലീന പറഞ്ഞിരുന്നത്. സംഭവത്തിൽ ഇവർ പൊലീസിനു പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെയും ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ലീനയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.

എന്നാൽ, സംഭവത്തിൽ ആദ്യം മുതൽക്കേ പരിസരവാസികൾക്കും പൊലീസിനും ദുരൂഹത തോന്നിയിരുന്നു. വീട്ടുകാരുടെ പ്രതികരണവും സംശയം ജനിപ്പിക്കുന്നതായിരുന്നു. അന്വേഷണത്തിൽ നിഖിൽ കൃഷ്ണയെ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൂന്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

വീട് ആക്രമണത്തിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിലായ സംഭവം: കോൺഗ്രസ് നേതാക്കൾ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കടകംപള്ളി

തിരുവനന്തപുരം > കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾ സിപിഐഎമ്മിന്റെ തലയിൽ വെച്ചുകെട്ടി അതിക്രൂരമായ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെപിസിസി അംഗമായ ജി ലീനയുടെ വീട് സിപിഐഎം പ്രവർത്തകർ അടിച്ചു തകർത്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ ആ വീട് സന്ദർശിച്ചു ആരോപണം ഉന്നയിച്ചിരുന്നു. പൊലീസ് അന്വേഷിച്ച് തെളിവ് സഹിതം പ്രതികളെ പിടികൂടിയപ്പോൾ ലീനയുടെ മകനും കോൺഗ്രസ് പ്രവർത്തകനുമായ നിഖിൽ കൃഷ്ണയെയും സുഹൃത്തിനെയുമാണ് പിടികൂടിയത്. ഹഖിന്റെയും മിഥിലാജിന്റെയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പോലെ ഈ സംഭവത്തിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി കഴിഞ്ഞുവെന്നും കടകംപള്ളി പറഞ്ഞു.  

കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയാനും സിപിഐഎമ്മിനെതിരെ ഉയർത്തിയ ദുരാരോപണം പിൻവലിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറാവണമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വീടാക്രമണ നാടകം: കോൺഗ്രസ് നേതാക്കൾ വെട്ടിൽ

കെപിസിസി അംഗം  ജി ലീനയുടെ വീട്‌ ആക്രമിച്ചത്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മകനാണെന്ന് വ്യക്തമായതോടെ കോൺഗ്രസ് നേതാക്കൾ വെട്ടിൽ. സംഭവം നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്തെന്ന കാര്യമാണ് വ്യക്തമാകുന്നത്. സിപിഐ എം പ്രവർത്തകരാണ്‌ വീട് അടിച്ചു തകർത്തതെന്ന് ചാനലുകളോട് വിളിച്ച് പറയുകയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്ത നേതാക്കൾക്ക് യഥാർഥ അക്രമി പിടിയിലായതോടെ ഉത്തരം മുട്ടി.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും  ഉൾപ്പെടെയുള്ള നേതാക്കൾ നേരം പുലരുമ്പോൾ തന്നെ വീട് സന്ദർശിക്കാനെത്തിയത് സംശയം വർധിപ്പിച്ചു. വി എസ് ശിവകുമാർ എംഎൽഎയുടെ  അറിവോടെയാണ് നാടകം കളിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്.  

സംഭവത്തിന്‌ പിന്നിലെ ആസൂത്രണം ഉൾപ്പെടെ അന്വേഷിക്കാനാണ് പൊലീസ് നീക്കം. അങ്ങനെ വന്നാൽ മുതിർന്ന നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണമുണ്ടാകും. വെഞ്ഞാറമൂടിലെ ഇരട്ടക്കൊലയ്‌ക്കു ശേഷവും വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് ആക്രമണം തുടരുകയാണ്. കോൺഗ്രസ് പ്രവർത്തകർ സ്വയം നടത്തുന്ന ആക്രമണങ്ങൾ സിപിഐ എമ്മിന്റെ തലയിൽ വച്ചുകെട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് വീടാക്രമണ നാടകത്തോടെ വെളിവായത്.  അതിക്രൂരമായ കൊലപാതകത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് പലയിടങ്ങളിലും ആക്രമണം നടത്തുന്നതിലൂടെ കോൺഗ്രസ് ശ്രമിക്കുന്നത്.

Friday, September 4, 2020

മറുപടിയുണ്ടോ ഈ ചോദ്യങ്ങൾക്ക്‌

 ‘മൂല്യബോധത്തിനും യുക്തിക്കും പകരം ഗുണ്ടായിസമായാൽ കോൺഗ്രസിന്‌ അർഹിക്കുന്ന സ്വാഭാവിക മരണമാകും ഉണ്ടാകുക’ എന്ന്‌ പറഞ്ഞത്‌ രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയാണ്‌. ഇന്ദിരാവധത്തിന് പിന്നാലെയുണ്ടായ സിഖ്‌ കൂട്ടക്കൊലയുടെയടക്കം രക്തക്കറ കോൺഗ്രസിന്റെ കൈയിലും ഖദറിലുമുണ്ട്. കേരളത്തിൽ കോൺഗ്രസിന്റെ സ്ഥാപകനേതാവായ മൊയാരത്ത്‌ ശങ്കരനെ തല്ലിക്കൊന്ന്‌ തുടക്കമിട്ട‌ നരവേട്ട  വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ്‌ മുഹമ്മദിന്റെയും മിഥിലാജിന്റെയും തിരുവോണ തലേനാളിലെ അരുംകൊലയിൽ എത്തിനിൽക്കുന്നു. അനുഭാവികളോ പ്രവര്‍ത്തകരോ ആയ ഇരുനൂറിലേറെ പേരാണ് കോണ്‍​ഗ്രസിന്റെ ചോരക്കൊതിയില്‍ സിപിഐ എമ്മിന് കേരളത്തിൽ നഷ്ടമായത്.

ചീമേനിയിൽ അഞ്ച്‌ സിപിഐ എം പ്രവർത്തകരെ ജീവനോടെ കത്തിച്ചുകൊന്നത്‌ കേരളം മറന്നിട്ടില്ല. നിലമ്പൂരിൽ എംഎൽഎയായ കുഞ്ഞാലിയുടെ നെഞ്ചിലേക്ക്‌ തുളഞ്ഞുകയറിയ വെടിയുണ്ടയും കോൺഗ്രസിന്റേതാണ്‌‌. തിരുവോണ നാളിൽ കാസർകോട്‌ ഉദുമ മാങ്ങാട്‌ ബാലകൃഷ്‌ണനെ വെട്ടിക്കൊന്ന്‌ ചോരപൂക്കളം തീർത്തതിലും കണ്ണൂർ സേവറി ഹോട്ടലിൽ വിളമ്പിയ ചോറിൽ പടർന്ന ചോരയും കോൺഗ്രസ്‌ ക്രിമിനൽ സംഘത്തിന്റെ വാളിൽനിന്ന്‌ തെറിച്ചതാണ്‌. നിലമ്പൂർ കോൺഗ്രസ്‌ ഓഫീസിൽ രാധയെന്ന വീട്ടമ്മയെ കൊന്നുതള്ളിയതും  ‘അഹിംസ’യുടെ ഈ വക്താക്കളാണ്‌‌. കോൺഗ്രസ്‌ നടത്തിയ നരനായാട്ടുകളെപ്പറ്റി ദേശാഭിമാനി ബ്യൂറോകൾ തയ്യാറാക്കിയ പരമ്പര.

മറുപടിയുണ്ടോ ഈ ചോദ്യങ്ങൾക്ക്‌

‘എല്ലാവരോടും സ്‌നേഹംമാത്രമുണ്ടായിരുന്ന എന്റെ ഇക്കയെ എന്തിനിങ്ങനെ ചെയ്‌തു. എന്റെ വയറിലുള്ള കുഞ്ഞിനുകൂടി അച്ഛനില്ലാതാക്കിയില്ലേ’–- വെഞ്ഞാറമൂട്ടിൽ കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഹഖ്‌ മുഹമ്മദിന്റെ ഭാര്യ നജിലയുടെ ഉള്ളുലയ്‌ക്കുന്ന ചോദ്യം ചെന്നുതറയ്‌ക്കുന്നത്‌ ഖദറിനുള്ളിലെ ചോരപുരണ്ട കഠാരമുനകളിലാണ്‌. ‘ഇഹ്‌സാനെയും ഇർഫാനെയും ഇനിയാര്‌ ബുള്ളറ്റിൽ കൊണ്ടുപോകും’–- മിഥിലാജിന്റെ സഹോദരൻ നിസാമിന്റെ വിങ്ങൽ അണപൊട്ടിയൊഴുകുമ്പോൾ സ്വന്തം ക്രൂരതയുടെ കൊടുമുടിയിൽനിന്ന്‌ പരിഹാസച്ചിരി ഉയർത്തുകയാണ്‌ കോൺഗ്രസ്‌.

കോവിഡ്‌കാലത്തടക്കം സമൂഹത്തിനാകെ സഹായികളായ രണ്ടു യുവാക്കളെ കൊന്നുതള്ളിയതെന്തിനായിരുന്നു എന്ന ചോദ്യത്തിന്‌ കോൺഗ്രസ്‌ നേതൃത്വമാണ്‌ മറുപടി പറയേണ്ടത്‌. തിരുവോണത്തലേന്ന്‌ ഇരുട്ടിന്റെ മറവിൽ മാരകായുധങ്ങളുമായി കാത്തിരുന്ന ക്രിമിനൽ സംഘം ബൈക്കിലെത്തിയ ഹഖിനെയും മിഥിലാജിനെയും വെട്ടിവീഴ്‌ത്തി.

പലതവണ ഗൂഢാലോചന നടത്തി കൃത്യമായ ആസൂത്രണത്തോടെയാണ്‌ കൃത്യം നടപ്പാക്കിയത്‌. ജീവനറ്റുപോയെന്ന് ഉറപ്പാക്കുംവരെ കഠാര ഹൃദയത്തിലേക്കിറക്കി. ഒരിക്കലും ജീവിതത്തിലേക്ക്‌ മടങ്ങിയെത്താൻ ഒരു തുടിപ്പുപോലും ബാക്കിയാകരുതെന്ന്‌ നിശ്ചയിച്ചുറപ്പിച്ചായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലയ്‌ക്ക്‌ ക്രിമിനലുകൾ എത്തിയത്‌. പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാംമൂട് പണ്ടുമുതലേ കോൺഗ്രസ് ഗുണ്ടാ തേർവാഴ്ചയുടെ കേന്ദ്രമാണ്. 1970–-75 കാലത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി എസ് ശങ്കറുടെ നേർക്ക് ആക്രമണമുണ്ടായി. 1975-–-80 കാലത്ത് സിപിഐ എം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കുറ്റിമൂട് വിജയൻ, വൈസ് പ്രസിഡന്റ് സെയ്നുലാബ്ദീൻ എന്നിവർ ആക്രമിക്കപ്പെട്ടു.

പഞ്ചായത്ത് അംഗം ശശിധരനും അനീസിനും മാരകമായി പരിക്കേറ്റു. 1987ൽ വാമനപുരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമാപന ദിവസം കോൺഗ്രസ് ഗുണ്ടകൾ തേമ്പാംമൂട്ടിൽ ഭീകരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. മെയ്‌ 25ന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഫൈസലിനെ രാത്രി വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ഇപ്പോഴത്തെ ഇരട്ടക്കൊലയുടെ റിഹേഴ്‌സലായിരുന്നു അത്‌. തലനാരിഴ വ്യത്യാസത്തിലാണ് ഫൈസൽ രക്ഷപ്പെട്ടത്. പുല്ലമ്പാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം വരുന്നത് തടയാനാണ് തികച്ചും ആസൂത്രിതമായ കൊലപാതകങ്ങൾ നടത്തിയത്‌. ഫൈസൽ വധശ്രമക്കേസിൽ പ്രതികൾക്ക് എല്ലാ സംരക്ഷണവും നൽകിയ കോൺഗ്രസ് നേതൃത്വം അതേ ക്രിമിനലുകളെ വീണ്ടും വടിവാളും കഠാരയും നൽകി വിട്ടതാണെന്ന് വ്യക്തം.

തേമ്പാംമൂട്‌, മരുതംമൂട് പ്രദേശത്തെ അക്രമിസംഘമാണ് തലസ്ഥാനജില്ലയുടെ ഒരു മേഖലയിലാകെ കോൺഗ്രസിനുവേണ്ടി ഗുണ്ടാപ്രവർത്തനം നടത്തുന്നത്. ഡിസിസി വൈസ് പ്രസിഡന്റാണ് ക്രിമിനൽ സംഘങ്ങളുടെ ഗോഡ്ഫാദർ. ഇപ്പോൾ അതിനും മുകളിലൊരു രക്ഷാധികാരി വന്നിരിക്കുന്നു. അതിന്റെ ഹുങ്കിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്‌. പഴയ കേസുകളിലെല്ലാം പ്രതികളെ സംരക്ഷിച്ച അടൂർ പ്രകാശ്‌ എംപിയടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ രക്തസാക്ഷികളുടെ കബറിലെ മണ്ണുണങ്ങുംമുമ്പേ കുപ്രചാരണവുമായി രംഗത്തിറങ്ങി. പെരിയയിൽ പൊട്ടിക്കരഞ്ഞ നേതാക്കൾ വെഞ്ഞാറമൂട്ടിലെ കൊലയാളി സംഘത്തെ തള്ളിപ്പറഞ്ഞില്ലെന്നുമാത്രമല്ല പരസ്യമായി ന്യായീകരിക്കുകയുമാണ്‌.

സംസ്ഥാനത്ത്‌ രാഷ്‌ട്രീയ കൊലപാതകക്കേസിൽ ആദ്യമായി അറസ്റ്റിലാകുന്ന സ്‌ത്രീയും ‘സമാധാനത്തിന്റെ വെള്ളരിപ്രാവു’മാണ്‌- വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ മഹിളാ കോൺഗ്രസ്‌ പ്രവർത്തക പ്രീജ. പ്രധാന പ്രതികളായ കോൺഗ്രസ്‌ പ്രവർത്തകർ സജീവിനെയും സനലിനെയും കാറിൽ കടത്താൻ ശ്രമിക്കവെയാണ്‌ പ്രീജ അറസ്റ്റിലായത്‌. എംസി റോഡുവഴി കോന്നിയിലേക്ക്‌ പ്രതികളെ കടത്താനുള്ള ശ്രമത്തിനിടെയാണ്‌ പൊലീസ്‌ പിടികൂടിയത്‌. സ്വർണം പണയംവച്ച്‌ നേരത്തേ പണം സ്വരുക്കൂട്ടി പ്രതികൾക്ക്‌ സുരക്ഷ ഒരുക്കാൻ പ്രീജയ്‌ക്ക്‌ നിർദേശം നൽകിയതാരാണ്‌? പ്രതികളെ കോന്നിയിലേക്ക്‌ കടത്താനുള്ള പദ്ധതി ആരുടേതായിരുന്നു? കോൺഗ്രസിലെ ക്രിമിനൽവൽക്കരണത്തിന്‌ സ്വന്തം മണ്ഡലത്തിൽ ചെല്ലുംചെലവും നൽകുന്ന ജനപ്രതിനിധിയുടെ വെപ്രാളത്തിൽ ഇതിനെല്ലാം ഉത്തരമുണ്ട്‌. ഇത്‌ പുതുമയല്ല. തടസ്സംനിന്നവരെയെല്ലാം കൊന്നുതള്ളിയാണ്‌ ശീലം. കോൺഗ്രസിന്റെ ചരിത്രമെഴുതിയ മൊയാരത്ത്‌ ശങ്കരനെ കൊന്നു കുഴിച്ചുമൂടിയതെവിടെയെന്ന്‌ ഇന്നും അറിയില്ല. ‌അതാണ്‌ കോൺഗ്രസ്‌;

രണ്ടാം ഭാഗംഎതിർക്കുന്നവരെ അവസാനിപ്പിക്കുന്ന ക്രൂരത

മൂന്നാം ഭാഗം: പറയൂ... ഹഖിന്റെ മകൾ ഇനി ആരെ വിളിക്കും

നാലാം ഭാഗം: ഞങ്ങൾ ജീവിക്കും; മക്കളും 

അഞ്ചാം ഭാഗം: രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌; ബാലന്റെ ജീവനായി അഷ്‌റഫ്‌ 

ആറാം ഭാഗം: മടിയിൽ പിടഞ്ഞ ബാപ്പ; മകൻ മറക്കുമോ.? 

ഏഴാം ഭാഗം:134 വീട്ടിലെ കണ്ണീർ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും 

ഇരുമെയ്യാണെങ്കിലും ഇവരൊന്നാണേ...!

 ഇരുമെയ്യാണെങ്കിലും ഇവരൊന്നാണേ...! പ്രതിസന്ധി മറച്ചുവയ്‌ക്കാൻ കുപ്രചാരണം ആയുധമാക്കി യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും

യുവാക്കളുടെ ഇരട്ടക്കൊലപാതകവും സ്വർണക്കടത്ത്‌ അന്വേഷണം തിരിഞ്ഞുകൊത്തിയതും യുഡിഎഫിനെയും ബിജെപിയെയും കടുത്ത പ്രതിസന്ധിയിലാക്കി‌. ഇത്‌ മറികടക്കാനാണ്‌ സർക്കാരിനും സിപിഐ എമ്മിനും എതിരെ നിരന്തരം കുപ്രചാരണം അഴിച്ചുവിടുന്നത്‌. ആദ്യം ബിജെപിയാണ്‌ വാർത്താ സമ്മേളനം നടത്തുന്നതെങ്കിൽ അതേ വിഷയത്തിൽ മിനിറ്റുകൾക്കുള്ളിൽ പ്രതിപക്ഷ നേതാവ്‌ രംഗത്ത്‌ വരും. യുഡിഎഫ്‌ നേതാക്കൾ ആദ്യം മാധ്യമങ്ങൾക്ക്‌ മുമ്പിലെത്തിയാൽ പിന്നാലെ ബിജെപിയും. ഇഴപിരിച്ചെടുക്കാൻ കഴിയാത്തതാണ്‌  ഈ കൂട്ടായ്‌മ‌. കോൺഗ്രസ്‌, ലീഗ്‌, ബിജെപി നേതാക്കളുടെ വിഡ്‌ഢിത്തങ്ങളടക്കം ഏറ്റുപിടിച്ച്‌ ചില മാധ്യമങ്ങളുമുണ്ട്‌. കുമിളയുടെ ആയുസ്സുപോലുമില്ലാത്ത ആരോപണങ്ങളിൽ നിഴലിച്ചത്‌ യുഡിഎഫും ബിജെപിയും ഒരുമെയ്യാണെന്നാണ്‌‌.

രാഷ്‌ട്രീയമായും ഭരണപരമായും സർക്കാരിനെ നേരിടാൻ കഴിയില്ലെന്ന്‌ വന്നപ്പോഴാണ്‌ പുതിയ അച്ചുതണ്ടായി പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും കൂട്ടായത്‌‌‌. വെഞ്ഞാറമൂട്ടിൽ കോൺഗ്രസ്‌ അരിഞ്ഞുവീഴ്‌ത്തിയ രണ്ട്‌ യുവാക്കളുടെ കുടുംബങ്ങളുടെ വിലാപങ്ങളും തേങ്ങലും അടങ്ങുംമുമ്പ്‌ സർക്കാരിനെതിരെ വിവാദത്തിന്‌ വഴിതേടാനുള്ള വ്യഗ്രതയാണ്‌ ഇവർ പ്രകടമാക്കിയത്‌. മുഖ്യമന്ത്രി വ്യാജ ഒപ്പിട്ടെന്ന ആരോപണവും നാർക്കോട്ടിക്‌ കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ ഒരാളുമായുള്ള ബിനീഷ്‌ കോടിയേരിയുടെ സൗഹൃദവും  സർക്കാരിനെതിരെ ആയുധമാക്കാനാണ്‌ ശ്രമം. അരുംകൊല നടത്തിയ കോൺഗ്രസ്‌ ക്രൂരത മറച്ചുപിടിച്ച്‌ വിവാദങ്ങൾക്ക്‌ എരിവ്‌ പകരാനാണ്‌ മാധ്യമങ്ങളുടെ ശ്രമം.

ഇരട്ടക്കൊലയേക്കാൾ കോൺഗ്രസ്‌ ഓഫീസുകൾ ആക്രമിച്ചെന്ന പ്രചാരണമാണ്‌ ചില മാധ്യമങ്ങൾ ഏറ്റെടുത്തത്‌. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങളെപ്പോലും വിസ്‌മരിച്ച്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും പ്രതികരണങ്ങൾക്കാണ്‌ മുൻതൂക്കം നൽകിയത്‌. പെരിയ ഇരട്ടക്കൊലയിൽ ഒരു നീതിയും ഇവിടെ മറ്റൊന്നും. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ മാത്രമല്ല സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളിലും മാധ്യമങ്ങളുടെ പക്ഷപാതിത്വം പ്രകടമാണ്‌. 

ഇരട്ടക്കൊലയിലും അതിനു പിന്നിൽ നടന്ന ഗൂഢാലോചനയിലും മറുപടി പറയേണ്ട സ്ഥിതിയിലാണ്‌ കോൺഗ്രസ്‌ നേതൃത്വം. പെരിയ കൊലപാതകം വലിയ ആഘോഷമാക്കിയവർ ഇപ്പോൾ തിരിഞ്ഞുനിന്ന്‌ അതേ ആരോപണം ഉയർത്തുകയാണ്‌. കോൺഗ്രസ്‌ എംപിക്ക്‌ കൊലപാതക ഗൂഢാലോചനയിലെ പങ്ക്‌ സംബന്ധിച്ച്‌ സൂചനകളും പുറത്തുവരുന്നു. അതെല്ലാം മറച്ചുപിടിക്കാനുള്ള വ്യഗ്രതയാണ്‌ കോൺഗ്രസ്‌ നേതൃത്വം കാട്ടുന്നത്‌.

സ്വർണക്കടത്ത്‌ കേസിൽ അണികളും നേതാക്കളും ഒന്നൊന്നായി അറസ്റ്റിലായതിന്റെ അസഹ്യതയാണ്‌ മുസ്ലിംലീഗിന്‌. കസ്റ്റംസിന്‌ സ്വപ്‌ന സുരേഷ്‌ നൽകിയ മൊഴി ബിജെപി നേതൃത്വത്തിനെതിരെയാണ്‌‌. ജനം ടിവി ചാനൽ മുൻ കോ–- ഓർഡിനേറ്റിങ്‌ എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തതും ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കി. ഇതിൽനിന്ന്‌ കരകയറാനുള്ള തത്രപ്പാടാണ് ആരോപണ പരമ്പരയ്‌ക്കു പിന്നിൽ.

കെ ശ്രീകണ‌്ഠൻ

റെയിൽവേ മൊത്തം വിൽക്കും ; ഏഴ്‌ നിർമാണഫാക്ടറി ഒറ്റ കമ്പനിയാക്കി ഓഹരി വിപണിയിലേക്ക്

 റെയിൽവേ ബോർഡ്‌  അഴിച്ചുപണിതും നിർമാണഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും  ഇന്ത്യൻ റെയിൽവേയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ  വേ​ഗത്തിലാക്കി. റെയിൽവേ ബോർഡ്‌ ചെയർമാൻ വി കെ യാദവിന്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ (സിഇഒ) സ്ഥാനം നൽകി. ബോർഡിൽ മൂന്ന്‌ സുപ്രധാന തസ്‌തിക റദ്ദാക്കി. സ്‌റ്റാഫ്‌, എൻജിനിയറിങ്‌, മെറ്റീരിയൽസ്‌ മാനേജ്‌മെന്റ്‌ വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോർഡ്‌ അംഗങ്ങളുടെ തസ്‌തികയാണ് എടുത്തുകളഞ്ഞത്‌. ബോർഡിൽ കോർപറേറ്റ് പ്രതിനിധികളെ ഉൾപ്പെടുത്താനും നീക്കം‌.

സ്‌റ്റേഷനുകളുടെ സ്വകാര്യവൽക്കരണം, 151 സ്വകാര്യ ട്രെയിൻ, ചരക്ക്‌ ഇടനാഴികളിൽ സ്വകാര്യ പങ്കാളിത്തം എന്നിവയ്‌ക്ക്‌ പിന്നാലെ നിർമാണശാലകളും സ്വകാര്യവൽക്കരിക്കാൻ നടപടി തുടങ്ങി. ഇതിനായി റെയിൽവേയുടെ  ഏഴ്‌ നിർമാണഫാക്ടറികളെ ഇന്ത്യൻ റെയിൽവേയ്‌സ്‌ റോളിങ്‌ സ്‌റ്റോക്ക്‌ കമ്പനി എന്ന ഒറ്റ സ്ഥാപനമാക്കി മാറ്റും. ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ്‌ വർക്ക്‌സ്‌, വാരാണസി ഡീസൽ ലോക്കോമോട്ടീവ്‌ വർക്ക്‌സ്‌, പട്യാല ഡീസൽ ലോക്കോ മോഡണൈസേഷൻ വർക്ക്‌സ്‌, ചെന്നൈ ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി, കപൂർത്തല റെയിൽകോച്ച്‌ ഫാക്ടറി, ബംഗളൂരു വീൽ ആൻഡ്‌ ആക്‌സിൽ ഫാക്ടറി, റായ്‌ബറേലി മോഡേൺ റെയിൽ കോച്ച്‌ ഫാക്ടറി എന്നിവയാണ്‌ ഒറ്റ കോർപറേറ്റ്‌ കമ്പനിയാക്കുന്നത്. തുടര്‍ന്ന്, ഓഹരിവിൽപ്പന തുടങ്ങും.  വിവിധ സ്ഥലങ്ങളിലെ റെയിൽവേഭൂമി ദീർഘകാലത്തേയ്‌ക്ക്‌ പാട്ടത്തിനു നൽകും.

ജീവനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്‌ക്കുകയാണ്. മൂന്നരലക്ഷം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. നിയമനനിരോധനം പരസ്യമായി പ്രഖ്യാപിച്ചു‌. കരാർനിയമനം വ്യാപകമാക്കി‌. ഇക്കാര്യത്തിൽ ജീവനക്കാരുടെ അംഗീകൃത ഫെഡറേഷനുകളുടെ മൗനം ദുരൂഹമാണ്‌.

ഡിആർഇയു, അഖിലേന്ത്യ ലോക്കോ റണ്ണിങ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ, സ്‌റ്റേഷൻ മാസ്‌റ്റർമാരുടെയും ഗാർഡുകളുടെയും സംഘടനകൾ എന്നിവ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായി രംഗത്തുണ്ട്‌. സിഐടിയു ജൂലൈയിൽ നടത്തിയ പ്രതിഷേധത്തിൽ കശ്‌മീർ മുതൽ കന്യകുമാരി വരെയുള്ള ജീവനക്കാർ അണിനിരന്നു.

വീട് ആക്രമണത്തിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിലായ സംഭവം

 വീട് ആക്രമണത്തിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിലായ സംഭവം: കോൺഗ്രസ് നേതാക്കൾ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കടകംപള്ളി

തിരുവനന്തപുരം > കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾ സിപിഐഎമ്മിന്റെ തലയിൽ വെച്ചുകെട്ടി അതിക്രൂരമായ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെപിസിസി അംഗമായ ജി ലീനയുടെ വീട് സിപിഐഎം പ്രവർത്തകർ അടിച്ചു തകർത്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ ആ വീട് സന്ദർശിച്ചു ആരോപണം ഉന്നയിച്ചിരുന്നു. പൊലീസ് അന്വേഷിച്ച് തെളിവ് സഹിതം പ്രതികളെ പിടികൂടിയപ്പോൾ ലീനയുടെ മകനും കോൺഗ്രസ് പ്രവർത്തകനുമായ നിഖിൽ കൃഷ്ണയെയും സുഹൃത്തിനെയുമാണ് പിടികൂടിയത്. ഹഖിന്റെയും മിഥിലാജിന്റെയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പോലെ ഈ സംഭവത്തിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി കഴിഞ്ഞുവെന്നും കടകംപള്ളി പറഞ്ഞു.  

കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയാനും സിപിഐഎമ്മിനെതിരെ ഉയർത്തിയ ദുരാരോപണം പിൻവലിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറാവണമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

 

വെഞ്ഞാറമൂട്ടിൽ മാരകായുധങ്ങളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ കൊലവിളി; വീഡിയോ പുറത്ത്

വെഞ്ഞാറമൂട് > രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് നേതാവ് നടത്തിയ കൊലവിളി ദൃശ്യങ്ങൾ പുറത്ത്. മിഥിലാജിനെയും ഹക്ക് മുഹമ്മദിനെയും കോൺഗ്രസ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയ തേമ്പാമൂട് ജംഗ്ഷനിൽ തന്നെയാണ് ഏതാനും മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് നേതാവ് കൊലവിളി നടത്തിയത്. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി തട്ടത്തുമല ഷമീർ ആണ് മാരകായുധങ്ങളുമായി എത്തി ഡിവൈഎഫ്‌ഐ പ്രവർത്തകരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും അക്രമത്തിന് മുതിർന്നതും. ഷമീർ കൊലവിളി നടത്തുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസ് പുറത്തുവിട്ടു.

ഡിവൈഎഫ്‌ഐ പ്രവർത്തകരെ വകവരുത്തുമെന്ന് ആക്രോശിച്ചെത്തിയ ഷമീർ സ്ഥലത്തെ പച്ചക്കറി കടയിൽ നിന്ന് കത്തിയെടുത്ത് ആക്രമിക്കാനായി പാഞ്ഞടുത്തു. എന്നാൽ നാട്ടുകാർ ഇടപെട്ട് പിടിച്ച് മാറ്റിയതുകൊണ്ടാണ്  ഷമീറിന് അക്രമം നടത്താൻ കഴിയാതിരുന്നത്. പിന്നീട് തൊട്ടടുത്ത ദിവസം കൊല്ലപ്പെട്ട ഹഖിനെയും മിഥിലാജിനെയും കൈകാര്യം ചെയ്യുന്നവരുടെ കേസ് താൻ നടത്തുമെന്ന് ഷമീർ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇരട്ടക്കൊലപാതകത്തിന് മുൻപേ കോൺഗ്രസ് നേതൃത്വം വെഞ്ഞാറമൂട്ടിൽ കൊലപാതകം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

ഇരട്ടകൊലപാതകം : ഗൂഢാലോചനയിൽ കോൺഗ്രസ്‌ നേതാക്കൾക്കും പങ്ക്‌, ഇരകളുടെ കുടുംബത്തെ വ്യക്‌തിഹത്യ നടത്തുന്നത്‌ നിർത്തണം: എ എ റഹീം

തിരുവനന്തപുരം> വെഞ്ഞാറമൂട്‌ ഡിവൈഎഫ്‌ഐ നേതാക്കളായ മിഥിലാജിനേയും ഹക്ക്‌ മുഹമ്മദിനേയും വെട്ടിക്കൊന്ന സംഭവത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കും പങ്കുണ്ടെന്ന്‌ ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി  എ എ റഹീം .  കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കോൺഗ്രസ്‌ നേതാക്കൾക്കും പങ്കുണ്ട്‌. കൊലയാളി സംഘവുമായി കോൺഗ്രസ്‌ നേതാക്കൾക്ക്‌  നേരിട്ട്‌ ബന്ധമുണ്ടെന്നും വാർത്താസമ്മേളനത്തിൽ റഹീം പറഞ്ഞു.

കൊല്ലപ്പെട്ടവർക്കെതിരെ കോൺഗ്രസ്‌  നടത്തുന്ന വ്യാജ ആരോപണങ്ങൾ പ്രതികളെ ഭാവിയിൽ സഹായിക്കാനാണ്‌.   ഇരകളുടെ കുടുംബത്തെ വ്യക്‌തിഹത്യ ചെയ്യുന്ന നിലപാട്‌  തിരുത്താൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം . അതൊരു രാഷ്‌ട്രീയ മാന്യതയാണ്‌.

 കോൺഗ്രസ്‌ ബ്ലോക്ക്‌ നേതാക്കളായ ആനക്കുടി  ഷാനവാസ്‌,  ആനാട്‌  ജയൻ,  ബ്ലോക്‌ പ്രസിഡന്റ്‌ പുരുഷോത്തൻ നായർ എന്നിവർ കൊലയാളി സംഘവുമായി ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട്‌. മുഖ്യപ്രതിയായ സജീവുമായി ഇവർ നേരിട്ട്‌ ബന്ധം പുലർത്തിയിട്ടുണ്ട്‌. ആസൂത്രണം കൂടുതൽ വ്യക്‌തമാണ്‌.

ഡിസിസി നേതാക്കൾക്കും പ്രതികളുമായി ബന്ധമുണ്ട്‌. കേസിൽ പിടിയിലായ ഉണ്ണിയെ ഇതുവരെ കോൺഗ്രസ്‌ പുറത്താക്കിയിട്ടില്ല. കോൺഗ്രസിന്റെ വാർഡ്‌ പ്രസിഡന്റാണ്‌ അയാൾ. മറ്റൊരു കൊലപാതക കേസിലും പ്രതിയാണിയാൾ. എന്തുകൊണ്ടാണ്‌ ഉണ്ണിയെ പുറത്താക്കാത്തത്‌. കോൺഗ്രസ്‌ നേരിട്ട്‌ നടത്തിയ കൊലപാതകമായത്‌ കൊണ്ടല്ലേ ഇതുവരെ നടപടി എടുക്കാത്തത്‌.കേസിൽ പ്രതിയായ ഷജിത്തിനെ അടൂർ പ്രകാശ്‌ നേരിട്ട്‌ കണ്ടിട്ടുമുണ്ട്‌.

Thursday, September 3, 2020

കരിദിനാചരണം താക്കീത്

 വെഞ്ഞാറമൂട്ടിൽ രണ്ട്‌ യുവാക്കൾ കോൺഗ്രസ് കൊലക്കത്തിക്ക്‌ ഇരയായിട്ട് രണ്ടുനാൾ പിന്നിടുന്നു. കൊലക്കത്തിയിലെ ചോരയും വേണ്ടപ്പെട്ടവരുടെയും സഖാക്കളുടെയും കണ്ണീരും ഉണങ്ങിയിട്ടില്ല. ഓണാഘോഷങ്ങളുടെ അലയൊടുങ്ങുന്നതിനുമുമ്പ് കോവിഡിന്റെ വിലക്കുകൾക്കിടയിലും കേരളം ബുധനാഴ്ച കൊലപാതകത്തിനെതിരെ കരിദിനം ആചരിച്ചു. സംസ്ഥാനത്താകെ  നടന്ന പ്രതിഷേധ ധർണയിൽ അണിചേർന്നവർ കൊലപാതക രാഷ്ട്രീയത്തിന് കനത്ത താക്കീതുനൽകി.

കൊലപാതകത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്കും അവരുൾപ്പെട്ട ആസൂത്രണവും വ്യക്തമാണ്. ഈ ഇരട്ടക്കൊലപാതകത്തിന്റെ റിഹേഴ്‌സൽ നേരത്തെ നടന്നിരുന്നുവെന്ന് ഇപ്പോൾ അറിവായിട്ടുണ്ട്. ജൂലൈയിൽ  ബക്രീദ്‌ ദിന  തലേന്ന് പന്ത്രണ്ടോളം  കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിവൈഎഫ്ഐ യൂണിറ്റ് ജോയിന്റ്‌ സെക്രട്ടറിയും സിപിഐ എം അംഗവുമായ ഫൈസലിനെ വകവരുത്താനാണ് ശ്രമിച്ചത്. അതിക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചെങ്കിലും ഫൈസൽ തലനാരിഴയ്ക്ക്  രക്ഷപ്പെട്ടു. ഇപ്പോൾ കൊലപ്പെടുത്തിയ ഹഖ്‌  മുഹമ്മദിനെയും അപായപ്പെടുത്താൻ അന്ന് ഉദ്ദേശിച്ചിരുന്നതായി ഫൈസൽ പറയുന്നുണ്ട്. ആ കേസിലെ പ്രതികൾ മിക്കവാറും ഇപ്പോഴത്തെ കൊലക്കേസിലും ഉൾപ്പെട്ടിരിക്കുന്നു. ഫൈസൽ വധശ്രമക്കേസിൽ പ്രതികളെ രക്ഷപ്പെടുത്താൻ അടൂർ പ്രകാശ് എംപി ഇടപെട്ടതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. എംപി അത് നിഷേധിക്കുന്നുമില്ല. കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന് എംപി ഉറപ്പുനൽകിയതായി കേസിലെ പ്രതി ഷജിത് വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഇതേ ഷജിത്താണ് ഇപ്പോൾ ഇരട്ടക്കൊലക്കേസിലെയും മുഖ്യപ്രതി. ഈ കൊലയ്ക്കുശേഷവും പ്രതികൾ അടൂർ പ്രകാശിനെ ബന്ധപ്പെട്ടതിന്‌ തെളിവുകൾ ഉള്ളതായി വ്യക്തമായിട്ടുണ്ട്. ആ വിളികൾ വെറുതെ  ആയിരുന്നില്ലെന്നാണ്‌ പ്രതികളെ സംരക്ഷിക്കാൻ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ പലരും ഇടപെട്ടതിൽനിന്ന് മനസ്സിലാകുന്നത്. ഒരു മഹിളാ കോൺഗ്രസ് പ്രവർത്തകയും പഞ്ചായത്തംഗവുംവരെ പ്രതികളെ രക്ഷിക്കാനിറങ്ങി. ഒരു ഇരട്ടക്കൊലക്കേസിലെ പ്രതികൾക്കായി അപകടകരമായ ഇടപെടലിനും അവരെ ഒളിവിൽ പാർപ്പിക്കാനും ഈ പ്രാദേശിക നേതാക്കൾ തയ്യാറായത് ഉന്നതനേതൃത്വത്തിന്റെ നിർദേശപ്രകാരമാണെന്നു കരുതേണ്ടിവരും.

ചുരുക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക പ്രവർത്തകർ ഗുണ്ടാസംഘമായി മാറി നടത്തിയ അരുംകൊലകളാണ്  വെഞ്ഞാറമൂട്ടിൽ കണ്ടത്. ഇത് വ്യക്തമായതോടെ എന്തെങ്കിലും പുകമറ പരത്തി അതിൽ മുഖംമറയ്ക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുണ്ട്. അതിനു ചില മാധ്യമങ്ങളും കൂട്ടുണ്ട്. സത്യം പകൽപോലെ തെളിഞ്ഞു നിൽക്കുന്നതിനാൽ അവർക്ക് വിജയിക്കാനാകുന്നില്ല. പക്ഷേ, ചോരക്കറ എങ്ങനെ മറയ്ക്കണമെന്നതിൽ പോലും നേതാക്കൾ തമ്മിൽ യോജിപ്പില്ല. കൊല്ലപ്പെട്ടവർ സാമൂഹ്യപ്രവർത്തകരാണെന്ന് വി എം സുധീരൻ പറയുമ്പോൾ അവർ എസ്ഡിപിഐ ആണെന്ന് രമേശ്‌ ചെന്നിത്തലയും ഗുണ്ടകൾ ആണെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രനും ഉറപ്പിക്കുന്നു. ചാനൽ ചർച്ചയ്ക്ക് വരുന്ന ചില നേതാക്കൾ കൊല്ലപ്പെട്ടവരെ കഞ്ചാവ് കച്ചവടക്കാരായിവരെ ചിത്രീകരിക്കുന്നു. അതിനിടയിൽ പതിവുപോലെ കണ്ണൂരിലെ കോൺഗ്രസ് എംപി പരസ്യമായ കലാപാഹ്വാനത്തിനും മുതിരുന്നു.

സത്യസന്ധമായ നിലപാടെടുക്കാനോ കൊലപാതകികളായ സ്വന്തം പ്രവർത്തകരെ തള്ളിപ്പറയാനോ പോലും ഒരു കോൺഗ്രസ്‌ നേതാവും തയ്യാറാകുന്നില്ല. എന്നാൽ, അവർക്ക് തിരുത്തേണ്ടിവരും. ജനങ്ങൾ എല്ലാം കാണുന്നുണ്ട് . സിപിഐ എം ആഹ്വാനം ചെയ്ത കരിദിനാചരണത്തിന്റെ വിജയം വ്യക്തമാക്കുന്നത് അതാണ്‌. കോൺഗ്രസുകാർ നടത്തുന്ന കൊലപാതകങ്ങൾ സാധാരണ അച്ചടിക്കടലാസിലെയും ചാനൽ ചർച്ചയിലെയും തമസ്‌കരണത്തിലൂടെ മൂടിവയ്‌ക്കുന്നതിൽ മാധ്യമങ്ങൾ വിജയിക്കാറുണ്ട്‌. എന്നാൽ, ആ ശ്രമങ്ങളും വിജയിച്ചിട്ടില്ല. പത്രങ്ങൾക്കും ചാനലുകൾക്കും വിഷയം ചർച്ച ചെയ്യേണ്ടിവന്നു. ആ ചർച്ചയ്ക്കിടയിലും ഉള്ളിലെ രാഷ്ട്രീയാശ്ലീലം മുഴുവൻ തികട്ടിവന്ന പുച്ഛരസവുമായി ചർച്ച നയിക്കാൻ ചിലരുണ്ടായി എന്നതും പറയാതെ വയ്യാ. പക്ഷേ, ഒന്നും പഴയ പോലെയല്ലെന്ന് ചാനലുകൾ പോലും മനസ്സിലാക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇടതുപക്ഷ മാധ്യമങ്ങളിലൂടെയും ഉയരുന്ന വിമർശനങ്ങൾ ഒരുപരിധിവരെ ഈ മാധ്യമങ്ങളെപ്പോലും സ്വാധീനിക്കുന്നുണ്ട്.  പക്ഷേ, കോൺഗ്രസാണ്, കേരളത്തിലെ മാധ്യമങ്ങളുമാണ്. അവർ ഇനിയും വരും; കള്ളക്കഥകളും വഴിതിരിക്കലുമായി. ജനങ്ങളോട് നിരന്തരം സംവദിച്ചും അവരെ അണിനിരത്തിയും തന്നെ അതിനെയൊക്കെ അതിജീവിക്കേണ്ടിവരും. കേസിലെ പ്രതികൾ മുഴുവൻ പിടിയിലാകുന്നതുവരെയും  ഗൂഢാലോചന പുറത്തുവരുന്നതുവരെയും ജാഗ്രത വേണം. കരിദിനാചരണം ഈ ജനജാഗ്രത ഉണർത്താനുള്ള പോരാട്ടത്തിന്റെ തുടക്കമാകണം.

deshabhimani editorial03092020