Saturday, September 5, 2020

എതിർക്കുന്നവരെ അവസാനിപ്പിക്കുന്ന ക്രൂരത

 പ്രസംഗിക്കുമ്പോൾ കോൺഗ്രസുകാർ ജനാധിപത്യത്തിന്റെ മാലാഖകളാണ്‌. എന്നാൽ, ചെറിയൊരു എതിർശബ്ദമോ തെരഞ്ഞെടുപ്പ്‌ പരാജയമോ ഒരിക്കലും അംഗീകരിക്കില്ല. നേതൃത്വം അടിയന്തരാവസ്ഥയും അർഥഫാസിസ്‌റ്റ്‌ ഭരണകൂട നയങ്ങളും അടിച്ചേൽപ്പിക്കുമ്പോൾ അണികൾ കൊടുവാളും കുറുവടിയും എടുക്കും. അതിൽ തിരുവോണനാളെന്നോ പെരുനാളെന്നോ നോക്കില്ല. സ്‌കൂൾമുറ്റമെന്നോ അന്നം കഴിക്കുന്ന ഹോട്ടലെന്നോ പരിഗണിക്കില്ല. കോൺഗ്രസിന്റെ ചരിത്രം എഴുതിയ മൊയാരത്തെന്നോ ഓഫീസ്‌ വൃത്തിയാക്കുന്ന രാധയെന്നോ വ്യത്യാസം കാണിക്കില്ല. കൊന്നുതള്ളും. അത്രതന്നെ.

മൊയാരത്ത്‌ ശങ്കരൻ

സോഷ്യലിസ്‌റ്റ്‌ ആശയങ്ങളിലേക്ക്‌ ചായ്‌വ്‌ പ്രകടിപ്പിച്ചതാണ്‌ മൊയാരത്ത്‌ ശങ്കരൻ ചെയ്‌ത ഏകകുറ്റം. കോൺഗ്രസിന്റെ ചരിത്രം എഴുതിയ ആ മഹാ ഗാന്ധിയനെ മർദിച്ചു കൊന്നുകളഞ്ഞു. ക്വട്ടേഷനല്ല. കോൺഗ്രസിന്റെ ഗുണ്ടാസംഘംതന്നെ. ചരിത്രകാരൻ, വാഗ്മി, എഴുത്തുകാരൻ, സാമൂഹ്യപരിഷ്‌കർത്താവ് എന്നീ നിലകളിലും ജനമനസ്സുകൾ കീഴടക്കിയ ധിഷണാശാലി. അദ്ദേഹത്തെപ്പോലൊരു യുഗപുരുഷനെ വകവരുത്താൻ കോൺഗ്രസിന്‌ തെല്ലും മനഃസാക്ഷിക്കുത്തുണ്ടായില്ല.

1948 മെയ് 11ന് കണ്ണൂർ  എടക്കാട് റെയിൽവേ സ്റ്റേഷനുസമീപം വച്ചായിരുന്നു മൊയാരത്തിനുനേരെ കോൺഗ്രസ്‌ ഗുണ്ടാപ്പടയുടെ കിരാതമായ ആക്രമണം. ഗാന്ധിജിയെ ഗോഡ്‌സെ വെടിവച്ചുവീഴ്‌ത്തിയതിന്റെ മുറിവുണങ്ങുന്നതിന്‌ മുമ്പ്‌ ഗാന്ധിയനായ മൊയാരത്തിനെ ഖദർധാരികൾ വധിച്ചു. ട്രെയിനിറങ്ങി കോയ്യോട്ടെ ഭാര്യാവീട്ടിലേക്ക്‌ നടന്നുപോകുകയായിരുന്ന അദ്ദേഹത്തെ ‘കുറുവടിപ്പട’ എന്നറിയപ്പെട്ട ഗുണ്ടാസംഘം വളഞ്ഞാക്രമിച്ചു. മൃതദേഹംപോലും ബന്ധുക്കൾക്ക്‌ വിട്ടുനൽകിയില്ല. സെൻട്രൽ ജയിൽ വളപ്പിലെ ഏതോ മൂലയിൽ മറവുചെയ്‌തു.

തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇ കെ നായനാർ വിജയമുറപ്പിച്ചതാണ്‌ ചീമേനി കൂട്ടക്കൊലയ്‌ക്കുള്ള ഏകകാരണം. 1987 മാർച്ച്‌ 23ന്‌. കേരളത്തിലെ ജാലിയൻ വാലാബാഗായിരുന്നു ചീമേനി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്ത് ഏജന്റുമാരും പ്രവർത്തകരും ചീമേനിയിലെ പാർടി ഓഫീസിൽ വോട്ടുകളുടെ കണക്ക് പരിശോധിക്കുകയായിരുന്നു. ഇരുനൂറിലധികം കോൺഗ്രസുകാർ ആയുധങ്ങളുമായി ഓഫീസ്‌ വളഞ്ഞു. ജനലിനുള്ളിലൂടെ വൈക്കോൽ കുത്തിനിറച്ച് പെട്രോളും മണ്ണെണ്ണയും ഒഴിച്ചു തീയിട്ടു. മേൽക്കൂരയിലും തീവച്ചു. ശ്വാസംമുട്ടി പുറത്തുചാടിയവരെ വളഞ്ഞിട്ടുവെട്ടി. ആദ്യം ആലവളപ്പിൽ അമ്പുവിനെ വെട്ടിയിട്ടു. പിന്നാലെ സി കോരൻ, പി കുഞ്ഞപ്പൻ, എം കോരൻ എന്നിവരെയും കൊന്നുതള്ളി. കോരന്റെ വലതുകൈ വെട്ടിമാറ്റിയശേഷമാണ് കൊന്നത്. കുഞ്ഞപ്പനെ തല തല്ലിപ്പൊളിച്ച് പുല്ലിൽ പൊതിഞ്ഞ് ചുട്ടുകൊല്ലുകയായിരുന്നു. കയ്യൂരിലേക്കുപോകാൻ ബസ് കാത്തുനിൽക്കവെയാണ് കെ വി കുഞ്ഞിക്കണ്ണനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നത്. കൈകാലുകൾ കൊത്തിക്കീറിയശേഷം മരിച്ചെന്ന് കരുതി കൊലയാളികൾ ഉപേക്ഷിച്ചുപോയ എം ബാലകൃഷ്ണൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ്‌.

കെ സുധാകരൻ ഡിസിസി പ്രസിഡന്റായതിനു പിന്നാലെയാണ്‌ 1992 ജൂൺ 13 ന്‌ കണ്ണൂർ നഗരത്തിലെ സേവറി ഹോട്ടലിലേക്ക്‌ കോൺഗ്രസ്‌ ഗുണ്ടാസംഘം ജീപ്പിലെത്തി തുരുതുരാ ബോംബെറിഞ്ഞത്‌. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ തിരിച്ചറിയുന്നതിനുമുമ്പേ രക്തവും മാംസവും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ ഇലകളിൽ ചിതറിത്തെറിച്ചു. ഭക്ഷണം വിളമ്പുകയായിരുന്ന  കെ നാണു തൽക്ഷണം മരിച്ചു. ഹോട്ടലുടമയെ തേടിയാണ്‌ അക്രമികൾ വന്നത്‌. ഇരയായത്‌ പാവം നാണുവും. കോൺഗ്രസ്‌ പ്രവർത്തകൻ ജയകൃഷ്‌ണൻ, പ്രമുഖ മുസ്ലിംലീഗ്‌ നേതാവിന്റെ ബന്ധു റസാഖ്‌ എന്നിവരുൾപ്പെടെ പതിനെട്ടുപേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. ‘‘ഒരു അക്രമത്തിനും നാണുവേട്ടൻ പോകാറില്ല. ഒരു കേസിലും പ്രതിയുമല്ല. എനിക്ക്‌ ഒന്നേ ചോദിക്കാനുള്ളൂ. ഇനിയും നിങ്ങളുടെ കണ്ണുതുറക്കാൻ എത്ര അമ്മമാർ വിധവകളാകണം? നാണുവിന്റെ ഭാര്യ- ഭാർഗവി ചോദിക്കുന്നു.

കോൺഗ്രസ്‌ ഓഫീസും കൊലക്കളം

കോൺഗ്രസ് നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായിരുന്ന ചിറക്കൽ രാധയെയാണ്‌ ബലാത്സംഗം ചെയ്‌തശേഷം മൃഗീയമായി കൊലപ്പെടുത്തിയത്‌. 2014 ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. കോൺഗ്രസ്‌ നേതാവ്‌  ആര്യാടൻ മുഹമ്മദിന്റെ  പേഴ്‌സണൽ സ്റ്റാഫ് മുൻ അംഗം ബിജുനായർ, കൂട്ടാളി ഷംസുദ്ദീൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. കോൺഗ്രസ്‌ ഓഫീസിലെ വഴിവിട്ട പോക്ക്‌ നേതാക്കളെ അറിയിക്കുമെന്ന് രാധ പറഞ്ഞതാണ്‌ കാരണം. യുഡിഎഫ്‌ ഭരണസ്വാധീനം ഉപയോഗപ്പെടുത്തി കേസ്‌ അന്വേഷണം രണ്ട്‌ പേരിൽ ഒതുക്കി. ഉന്നതനേതാക്കൾക്ക്‌ പങ്കുണ്ടെന്ന രാധയുടെ സഹോദരൻ ഭാസ്‌കരന്റെ പരാതിയിൽ നടപടിയുണ്ടായില്ല. രാധയുടെ ബന്ധുക്കളെ സംരക്ഷിക്കുമെന്ന്‌ വാഗ്‌ദാനം നൽകിയിരുന്നുവെങ്കിലും കെപിസിസി വഞ്ചിച്ചു.

(അവസാനിക്കുന്നില്ല)

ഒന്നാം ഭാഗം: മറുപടി ഉണ്ടോ ഈ ചോദ്യങ്ങൾക്ക്‌

മൂന്നാം ഭാഗം: പറയൂ... ഹഖിന്റെ മകൾ ഇനി ആരെ വിളിക്കും: "ഗാന്ധിജിയുടെ കണ്ണീർ' പരമ്പര

നാലാം ഭാഗം: ഞങ്ങൾ ജീവിക്കും; മക്കളും 

അഞ്ചാം ഭാഗം: രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌; ബാലന്റെ ജീവനായി അഷ്‌റഫ്‌ 

ആറാം ഭാഗം: മടിയിൽ പിടഞ്ഞ ബാപ്പ; മകൻ മറക്കുമോ.? 

ഏഴാം ഭാഗം:134 വീട്ടിലെ കണ്ണീർ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും 

No comments:

Post a Comment