Thursday, October 1, 2009

തേക്കടി ദുരന്തം - ആദരാഞ്ജലി

തേക്കടിയില്‍ ബോട്ട് മുങ്ങി മരണപ്പെട്ടവരുടെ സ്മരണക്കു മുന്നില്‍ ജനശക്തിയുടെ ആദരാഞ്ജലി‍.

തേക്കടി ബോട്ടപകടം: ഉന്നതതല അന്വേഷണം നടത്തും- മുഖ്യമന്ത്രി

തേക്കടി ബോട്ടപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നത് ആഭ്യന്തരവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ് തേക്കടിയിലുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് തട്ടേക്കാട്ടുണ്ടായ അപകടത്തിനു സമാനമായ ദുരന്തമാണ്. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കി. പ്രതിരോധവകുപ്പിന്റെ എല്ലാ സഹായവും കേന്ദ്രമന്ത്രി എ കെ ആന്റണി വാഗ്ദാനം ചെയ്തു. നേവിയുടെയും ഡോക്ടര്‍മാരുടെയും സംഘങ്ങള്‍ സംഭവ സ്ഥലത്തെത്തി. ഹെലികോപ്റ്ററിന്റെയും മുങ്ങല്‍ വിദഗ്ധരുടെയും സഹായവും തേടിയിട്ടുണ്ട്. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എന്‍ കെ പ്രേമചന്ദ്രന്‍, കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകട വിവരം അറിഞ്ഞയുടന്‍ ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് തേക്കടിയിലേക്ക് ആംബുലന്‍സുകള്‍ അയക്കാന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി നിര്‍ദേശം നല്‍കി. അടിമാലി, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രികളടക്കം മേഖലയിലെ പ്രധാന ആതുരാലയങ്ങളില്‍ മരുന്നുകളും മറ്റു ചികിത്സാ സൌകര്യങ്ങളും ഉറപ്പാക്കി. കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ ഡോക്ടര്‍മാരോടും പാരാമെഡിക്കല്‍ ജീവനക്കാരോടും അടിയന്തരമായി ജോലിക്കെത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

കുമളിയില്‍ ഹെല്‍പ്പ് ഡസ്ക്

തിരു: വിനോദ സഞ്ചാരവകുപ്പ് കുമളിയില്‍ ഹെല്‍പ്പ് ഡസ്ക് തുടങ്ങി. ബോട്ട് അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുമളിയിലെ ടൂറിസംവകുപ്പിന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഡസ്കിലറിയാം. ഫോണ്‍: 0486 9222620, 9446052361. തിരുവനന്തപുരത്തും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ഫോണ്‍: 0471 2331403.

ദുരന്തസ്മരണയായി കുമരകം

ആലപ്പുഴ: കേരളത്തിലെ ബോട്ടപകടങ്ങളില്‍ ഇന്നും നടുക്കമായി കുമരകം ദുരന്തം നിറയുന്നു. 2002 ജൂലൈ 27നാണ് ഈ അപകടം. ഒരു കുട്ടി ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അന്നു നടക്കേണ്ടിയിരുന്ന പിഎസ്സി പരീക്ഷ എഴുതാന്‍ പോയവരായിരുന്നു ദുരന്തത്തില്‍പ്പെട്ടത്. മുഹമ്മയിലും സമീപപ്രദേശങ്ങളിലും നിന്ന് പോയവരാണ് കുമരകത്തിനടുത്ത് വേമ്പനാട് കായലില്‍ ബോട്ട് മുങ്ങി മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം. പക്ഷേ അന്ന് അപകടത്തില്‍പ്പെട്ടത് വിനോദ സഞ്ചാരികള്‍ അല്ലായിരുന്നു എന്ന വ്യത്യാസമുണ്ട്. ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എ-53 എന്ന ബോട്ടായിരുന്നു ദുരന്തം വിതച്ചത്. മുഹമ്മയില്‍നിന്ന് രണ്ടു ബോട്ടില്‍ കയറാനുള്ള യാത്രക്കാരുമായാണ് ബോട്ട് പുറപ്പെട്ടത്. യാത്ര തിരിക്കുമ്പോള്‍ത്തന്നെ ബോട്ടിനു വെള്ളക്കേടുണ്ടായിരുന്നു. കുമരകത്തിനടുത്ത് കായലില്‍ ബോട്ട് മറിയുമ്പോള്‍ ആ പ്രദേശത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളും കക്കവാരല്‍ തൊഴിലാളികളും പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ഉയരുമായിരുന്ന മരണസംഖ്യ കുറയ്ക്കാനായി. മരിച്ചവരെല്ലാം മുഹമ്മയിലും പരിസരപ്രദേശത്തും ഉള്ളവരായിരുന്നുവെന്നത് സംഭവത്തിന്റെ തീവ്രത കൂട്ടി. കുടുംബം നഷ്ടപ്പെട്ടവരും നിരാംലബരായ കുട്ടികളും അപകടത്തിന്റെ ബാക്കിപത്രമായി. തേക്കടിയിലാകട്ടെ ബുധനാഴ്ച്ചയുടെ സായാഹ്നമാണ് ഭീതിയില്‍ അമര്‍ന്നത്. അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും അന്യ സംസ്ഥാനത്തുനിന്നുള്ളവര്‍. കുമരകം ബോട്ടപകടത്തെപ്പറ്റി അന്വേഷിക്കാന്‍ ജ. നാരായണക്കുറുപ്പ് കമീഷനെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചു. ബോട്ട് ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ കമീഷന്‍ വേമ്പനാട് കായലില്‍ നടത്തിയ ഡമ്മി പരീക്ഷണം ഏറെ ശ്രദ്ധേയമായി. എന്നാല്‍, കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല. പിന്നീട് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് നടപടികള്‍ കൈക്കൊണ്ടത്. നഷ്ടപരിഹാരം സംബന്ധിച്ച കേസ് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതിയില്‍ നടക്കുകയാണ്.

തട്ടേക്കാടിന്റെ മുറിവുണങ്ങുംമുമ്പേ...

കൊച്ചി: ആഴക്കയത്തില്‍ മരണത്തിന്റെ തണുപ്പു പടര്‍ത്തിയ പെരിയാര്‍ ബോട്ടപകടത്തിന്റെ ഓര്‍മകള്‍ മായുംമുമ്പേയാണ് കേരളത്തിന് നടുക്കമായി തേക്കടി ദുരന്തം. 15 സ്കൂള്‍ വിദ്യാര്‍ഥികളുടെയും മൂന്ന് അധ്യാപികമാരുടെയും ജീവനെടുത്തത് 'ശിവരഞ്ജിനി' എന്ന ഉല്ലാസബോട്ട്. ബുധനാഴ്ച തേക്കടിയില്‍ മരണമുഖത്തേക്ക് തുഴഞ്ഞെത്തിയത് കെടിഡിസിയുടെ 'ജലകന്യക'. എളവൂര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് തട്ടേക്കാട് കയത്തില്‍ പൊലിഞ്ഞത്. രണ്ട് അപകടങ്ങളും സന്ധ്യാനേരത്തായിരുന്നു എന്നതാണ് പ്രകടമായ യാദൃശ്ചികത. ഇരുസ്ഥലത്തും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകാന്‍ ഇത് കാരണമായി. ആഹ്ളാദവും തമാശകളുമായി പുറപ്പെടുന്ന ഉല്ലാസയാത്രകള്‍ വേര്‍പാടിന്റെ തീരത്തൊടുങ്ങുമ്പോഴും സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കപ്പെടുന്നില്ല. സന്ദര്‍ശകരുടെ അജ്ഞതയും നടത്തിപ്പുകാരുടെ അനാസ്ഥയും ഇതിനു കാരണമാകുന്നു. തട്ടേക്കാട് പക്ഷിസങ്കേതത്തിന് ഒന്നര കിലോമീറ്റര്‍ മുകളില്‍ ഓവുങ്കല്‍ കടവിനടുത്തായിരുന്നു അപകടം. ലിസി, ശ്രീദേവി, ആനി എന്നീ അധ്യാപികമാരാണ് അരുമകളായ കുരുന്നുകള്‍ക്കൊപ്പം മരണം പുല്‍കിയത്. നാലു വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അപകടത്തില്‍നിന്ന് രക്ഷപെട്ടു. ആറുപേരെ കയറ്റാവുന്ന ബോട്ടില്‍ 60 പേരെ കയറ്റിയതും ബോട്ടില്‍ വെള്ളം കയറിയതുമാണ് തട്ടേക്കാട് കൂട്ടമരണം വിതച്ചത്. പഴക്കംചെന്ന ബോട്ടില്‍ വിള്ളലിലൂടെ വെള്ളം കയറിയതാണ് മുങ്ങാന്‍ കാരണമെന്ന് ഫോറന്‍സിക് ഡയറക്ടര്‍ കെ മോഹനന്‍ അപകടം സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. ബോട്ടില്‍ വെള്ളം നിറയുന്നതു കണ്ടു ഭയന്ന കുട്ടികള്‍ ഒരു ഭാഗത്തേക്ക് പൊടുന്നനെ മാറിയപ്പോള്‍ ബോട്ട് ചെരിഞ്ഞതാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്. തേക്കടിയിലും അപകടം സംഭവിച്ചത് ബോട്ട് ഒരുഭാഗത്തേക്ക് ചെരിഞ്ഞതിനാലാണെന്നും ആദ്യസൂചനകളില്‍നിന്നു വ്യക്തമാകുന്നു. തട്ടേക്കാട് ദുരന്തം വിതച്ച ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നത് ആറു യാത്രക്കാരെ കയറ്റാന്‍മാത്രം. ഭൂതത്താന്‍കെട്ട് റിസര്‍വോയറില്‍ സര്‍വീസ് നടത്താനുള്ള ലൈസന്‍സിന് ബോട്ടുടമ അപേക്ഷപോലും നല്‍കിയിരുന്നില്ല. കൊച്ചിയിലെ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് ബോട്ട്സില്‍നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തശേഷം ഉടമ ബോട്ടിന് അനധികൃതമായി രൂപഭേദവും വരുത്തി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കിയപ്പോള്‍ ബോട്ടിന്റെ പേര് മാറ്റിയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ പഴയ പേര് ബോട്ടില്‍നിന്ന് നീക്കംചെയ്തിരുന്നില്ല.

ഓളപ്പരപ്പില്‍ മരണഗന്ധമായി വീണ്ടും

തിരു: വിനോദസഞ്ചാരത്തിനിടെ ഓളപ്പരപ്പില്‍ വീണ്ടും തേങ്ങലൊടുങ്ങാത്ത ദുരന്തചിത്രം. 15 കുരുന്നുകളടക്കം 18 പേരുടെ ജീവന്‍ അപഹരിച്ച തട്ടേക്കാട് ബോട്ടപകടം നടന്ന് രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തെ നടുക്കത്തിലാഴ്ത്തി കുമളി അപകടം. എളവൂര്‍ സെന്റ് ആന്റണീസ് സ്കൂളില്‍നിന്ന് വിനോദയാത്രക്കുപോയ സംഘമാണ് 2007 ഫെബ്രുവരി 20ന് തട്ടേക്കാട്ട് ഭൂതത്താന്‍കെട്ട് ഡാമിലെ ബോട്ട് യാത്രയ്ക്കിടെ മുങ്ങിമരിച്ചത്. 118 പേരുടെ സംഘം സഞ്ചരിച്ച മൂന്നു ബോട്ടുകളിലൊന്ന് വൈകിട്ട് ആറരയോടെ തടാകത്തില്‍ മറിയുകയായിരുന്നു. സംസ്ഥാനത്തെ നടുക്കിയ ബോട്ടപകടങ്ങള്‍ നിരവധിയാണ്. 2002 ജൂലൈ 27നായിരുന്നു കുമരകം ദുരന്തം. മുഹമ്മയില്‍നിന്ന് കുമരകത്തേക്ക് പുറപ്പെട്ട ബോട്ട് രാവിലെ ആരയോടെ വേമ്പനാട്ടു കായലില്‍ മുങ്ങി 29 പേരാണ് മരിച്ചത്. 150 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ ഇരട്ടിയിലേറെയാളുകള്‍ കയറിയതാണ് ദുരന്തത്തിനു വഴിവച്ചത്. പിഎസ്സി പരീക്ഷ എഴുതാന്‍ പേയ ഉദ്യോഗാര്‍ഥികളായിരുന്നു അതില്‍ ഏറെയും. 1983 സെപ്തംബര്‍ 23ന് കൊച്ചിയിലെ പനമ്പുകാട്ടുനിന്ന് പുറപ്പെട്ട വഞ്ചി മുരിക്കുംപാടത്തിനു സമീപം മുങ്ങി 18 പേര്‍ മരിച്ചു. കണ്ണമാലിയില്‍ 1980 മാര്‍ച്ച് 19ന് ബോട്ടുമുങ്ങി 29 പേരാണ് മരിച്ചത്. കണ്ണമാലി പള്ളിയില്‍ നേര്‍ച്ച സദ്യയില്‍ പങ്കെടുത്തു മടങ്ങിയവര്‍ സഞ്ചരിച്ച ബോട്ട് കല്ലഞ്ചേരി കായലില്‍ മുങ്ങുകയായിരുന്നു. പെരുമ്പടപ്പ് സ്വദേശികളായിരുന്നു മരിച്ചവരില്‍ ഏറെയും. മരണസംഖ്യയില്‍ 1958 ജൂലൈ 21നായിരുന്നു സംസ്ഥാനത്ത് ഓളപ്പരപ്പിലെ ഏറ്റവും വലിയ ദുരന്തം. സമീപത്തെ എസ്റേറ്റില്‍ ജോലിക്കുപോയ 35 തൊഴിലാളികളാണ് മലമ്പുഴ അണക്കെട്ടില്‍ മുങ്ങിമരിച്ചത്. 1924 ജനുവരി 16ന് രാത്രി 10.30ന് പല്ലനയാറ്റില്‍ 'റഡീമര്‍' ബോട്ട് മുങ്ങി മഹാകവി കുമാരനാശാന്‍ ഉള്‍പ്പെടെ 24 പേരാണ് മരിച്ചത്. 136 പേര്‍ കയറിയ ബോട്ടാണ് അന്ന് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം പേപ്പാറ ഡാമില്‍ 1990 ഡിസംബറില്‍ ബോട്ട്മുങ്ങി മൂന്നു സത്രീകളും കുട്ടിയും ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ആലവപ്പുഴയില്‍ 98 മെയില്‍ കടത്തുവഞ്ചി മുങ്ങി ആറു യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1999 ഒക്ടോബറില്‍ കൊച്ചയിലെ തേവര ഫെറിയില്‍ നാല്‍പ്പതോളം സ്കൂള്‍ വിദ്യാര്‍ഥികളുമായി ബോട്ട് മുങ്ങിയെങ്കിലും എല്ലാവരെയും രക്ഷിക്കാന്‍ കഴിഞ്ഞു. കോഴിക്കോട് കാപ്പാട്ട് 1977 മാര്‍ച്ച് രണ്ടിന് ബോട്ട് മറിഞ്ഞ് വിവാഹസംഘത്തിലെ നാലുപേര്‍ മരിച്ചു. കാസര്‍കോട് ചന്ദ്രഗിരിപ്പുഴയില്‍ 11 പേര്‍ കയറിയ വള്ളംമുങ്ങി അഞ്ചുപേര്‍ മരിച്ചതാണ് മറ്റൊരു ദുരന്തം.

എല്ലാവിധ രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു: കോടിയേരി

തിരു: തേക്കടിയില്‍ എല്ലാവിധ രക്ഷാപ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി ആഭ്യന്തര-ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അപകടവിവരം അറിഞ്ഞ് വനംവകുപ്പിന്റെയും പൊലീസിന്റെയും ബോട്ടുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുങ്ങല്‍ വിദഗ്ധരെയും എത്തിക്കുന്നു. തേക്കടിക്ക് തിരിക്കുംമുമ്പ് വര്‍ക്കലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നേവിയുടെ സഹായം തേടിയിട്ടുണ്ട്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുമായി ബന്ധപ്പെട്ട് നേവിയുടെ ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. വെളിച്ചവും ക്രമീകരിക്കാന്‍ കഴിയുന്ന ഹെലികോപ്റ്ററുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇടുക്കിയില്‍ കട്രോള്‍റൂം തുറന്നു. അപകടത്തില്‍പ്പെട്ടവരെ കുറിച്ചുള്ള വിവരം കട്രോള്‍റൂം വഴി ലഭ്യമാക്കുന്നു. തിരുവനന്തപുരത്ത് ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതായും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊതു പരിപാടികള്‍ റദ്ദാക്കി

തിരു: തേക്കടി ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വ്യാഴാഴ്ചത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദുചെയ്തായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പിണറായി അനുശോചിച്ചു

തിരു: തേക്കടി ബോട്ട് ദുരന്തത്തില്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അഗാധമായി അനുശോചിച്ചു. വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് കൂട്ടമരണമുണ്ടായത് ഹൃദയഭേദകമാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സന്ദേശത്തില്‍ അറിയിച്ചു.

3 comments:

  1. തേക്കടിയില്‍ ബോട്ട് മുങ്ങി മരണപ്പെട്ടവരുടെ സ്മരണക്കു മുന്നില്‍ ജനശക്തിയുടെ ആദരാഞ്ജലി‍.

    ReplyDelete
  2. തേക്കടി ബോട്ടപകടത്തില്‍
    ഇഹലോകവാസം വെടിഞ്ഞ
    ആത്മാക്കള്‍ക്ക് ആദരാജ്ഞലി.

    ReplyDelete
  3. ആദരാഞ്ജലി.
    നാല് മണിയ്ക്കുള്ള ബോട്ടില്‍ മിക്കപ്പോഴും നല്ല തിരക്കായിരിക്കും.
    അവസാനത്തെ ട്രിപ്പ്‌ ആണത്.
    തടാകത്തിലെ ബോട്ട് യാത്രയ്ക്ക് ഓരോരുത്തര്‍ക്കും ലൈഫ്‌ ജാക്കറ്റ് ഇനിയെങ്കിലും നിര്‍ബന്ധമാക്കിയെങ്കില്‍...

    ReplyDelete