Thursday, October 29, 2009

ആനയെ കാണാനും വെള്ളെഴുത്തോ?

ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം വിശകലനംചെയ്തുകൊണ്ട് മാതൃഭൂമിയില്‍ 'ഇടതുപക്ഷം' എന്ന് പേരുള്ള ഇടതുവിരുദ്ധ പംക്തിയില്‍ അപ്പുക്കുട്ടന്‍ രണ്ട് ചോദ്യം ഉന്നയിക്കുന്നു.

"എറണാകുളത്തെയും ആലപ്പുഴയിലെയും തെരഞ്ഞെടുപ്പുകള്‍ ഏറ്റവും സമാധാനപരമായ തലത്തില്‍. കണ്ണൂരില്‍ സംഘര്‍ഷാത്മകവും ഉത്കണ്ഠാകുലവുമായ മറ്റൊരു തലത്തില്‍. ഇടതുപക്ഷരാഷ്ട്രീയത്തിന് സംസ്ഥാനത്ത് രണ്ടുമുഖം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനവും യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനവും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. എന്തുകൊണ്ട്? സ്വയം പരിശോധിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും സിപിഎം നേതൃത്വമാണ്.പാര്‍ടിയുടെയും രാജ്യത്തിന്റെയും ഭാവിയില്‍ ഉത്കണ്ഠയുള്ള ലക്ഷക്കണക്കിന് അണികളാണ്. അബ്ദുള്ളക്കുട്ടിമാരോട് ചോദ്യമുന്നയിച്ച് വ്യര്‍ഥമാക്കേണ്ടതല്ലല്ലോ ഇതിനുള്ള ഉത്തരങ്ങള്‍.''

കണ്ണൂരില്‍ സംഘര്‍ഷമുള്ളതായി മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തുകണ്ടിട്ടില്ല. അപ്പുക്കുട്ടന് എവിടെനിന്നുകിട്ടി ഈ വിവരം. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി അനുയായികളെയും കൂട്ടിവന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും കലഹിക്കുന്നതും തെറിവിളിക്കുന്നതും ദൃശ്യമാധ്യമങ്ങളില്‍ അപ്പുക്കുട്ടനുള്‍പ്പെടെ കാണാതിരിക്കാനിടയില്ല. സിപിഐ എം പ്രവര്‍ത്തകര്‍ ഇതിലൊന്നും ഇടപെട്ടില്ല. സമാധാനപരമായി അങ്ങേയറ്റം ശാന്തമായി തെരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തിവരികയാണ്. കണ്ണൂരിലേക്ക് കേന്ദ്രസേനയെ അയക്കുമെന്ന് പറഞ്ഞത് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്. കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതിനനുസരിച്ച് തെരഞ്ഞെടുപ്പു കമീഷനും കേന്ദ്രസേനയെ അയക്കുമെന്ന് പറഞ്ഞതായാണ് വിവരം. ഇതൊന്നും കണ്ണൂരില്‍ പുത്തരിയല്ല. കൂത്തുപറമ്പ്, അഴീക്കോട് നിയോജകമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴും ഇതേ രീതിയില്‍ കോണ്‍ഗ്രസ് കോലാഹലം സൃഷ്ടിച്ചു. പൊലീസുകാരെ കൊണ്ടുവന്ന് ഇരു നിയോജകമണ്ഡലത്തിലും നിറച്ചു. വോട്ട് ചെയ്യുന്നവരുടെ രൂപം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. കള്ളവോട്ട് ചെയ്യാനും ബൂത്ത് പിടിച്ചെടുക്കാനും സിപിഐ എം ആസൂത്രിത ശ്രമം നടത്തുന്നുവെന്നായിരുന്നു അന്നും പ്രചാരണം. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടുചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നിട്ടും ഫലം വന്നപ്പോള്‍ കൂത്തുപറമ്പില്‍ പി ജയരാജന്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് ജയിച്ചു. അഴീക്കോട്ട് പ്രകാശന്‍ മാഷിന്റെ ഭൂരിപക്ഷവും വര്‍ധിച്ചു.

2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളെമാത്രം വേര്‍തിരിച്ചു നിര്‍ത്തി വോട്ടെടുപ്പ് നടത്തി. പൊലീസ് സന്നാഹത്തെ അണിനിരത്തി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സീറ്റ് വര്‍ധിച്ചതേയുള്ളൂ. കള്ളവോട്ടോ ബൂത്തുപിടിത്തമോ എങ്ങും നടന്നില്ല. അവിടെ സിപിഐ എം സംഘര്‍ഷം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിക്കാന്‍ അപ്പുക്കുട്ടന്റെ കൈയില്‍ എന്തെങ്കിലും ഉദാഹരണമുണ്ടോ? ഈ സാഹചര്യത്തില്‍ കണ്ണൂരിന്റെ പ്രത്യേകതയെന്താണെന്ന് അപ്പുക്കുട്ടന്‍ ചോദിക്കേണ്ടത് സുധാകരനോടും കൂട്ടാളികളോടുമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ പ്രത്യേകതരം വെള്ളെഴുത്തുമൂലം അപ്പുക്കുട്ടന് കഴിയുന്നില്ല. വച്ച കണ്ണട മഞ്ഞയായതുകൊണ്ട് യഥാര്‍ഥ ചിത്രം കാണാന്‍ കഴിയുന്നില്ല. അപ്പുക്കുട്ടന്റെ അറിവിനായി ഏതാനും ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.

യുഡിഎഫ് സര്‍ക്കാര്‍ 2001-06 കാലത്തെ അഞ്ചുകൊല്ലം കേരളം ഭരിച്ചപ്പോള്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ പെന്‍ഷന്‍ 27 മാസം തടഞ്ഞുവച്ചു. ഈ കാലയളവില്‍ പെന്‍ഷന്‍ തുക ഒരു രൂപപോലും വര്‍ധിപ്പിച്ചില്ല. ഇതിനുള്ള യഥാര്‍ഥ കാരണമെന്തെന്ന് അപ്പുക്കുട്ടന് വിശദീകരിക്കാന്‍ കഴിയുമോ? എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം കര്‍ഷകത്തൊഴിലാളികള്‍ക്കു നല്‍കാനുള്ള കുടിശ്ശിക മുഴുവന്‍ കൊടുത്തു. പെന്‍ഷന്‍ 120 രൂപയില്‍നിന്ന് 250 ആയി വര്‍ധിപ്പിച്ചു. കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമനിധി യുഡിഎഫ് ഭരണം അല്‍പ്പംപോലും വിതരണം ചെയ്തിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേമനിധി നല്‍കുന്നതിനായി 114 കോടി രൂപ അനുവദിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരോടുള്ള ഇരുമുന്നണിയുടെയും സമീപനത്തിലെ പ്രകടമായ ഈ വ്യത്യാസം അപ്പുക്കുട്ടന് കാണാന്‍ കഴിയാതെ പോയതെങ്ങനെ. യുഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ ആയിരത്തോളം കര്‍ഷകര്‍ കടബാധ്യതമൂലം ആത്മഹത്യചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് സഹായം നല്‍കുന്നതിനോ ആത്മഹത്യ തടയുന്നതിനോ ഒന്നും ചെയ്തില്ല. എല്‍ഡിഎഫ് ആകട്ടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50,000 രൂപവീതം സഹായധനം നല്‍കി. അവരുടെ കടം എഴുതിത്തള്ളി. കടാശ്വാസകമീഷനെ നിശ്ചയിച്ചു. ഇപ്പോള്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യയുടെ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ കാണാനില്ല. ഇത് ഇരുമുന്നണിയും തമ്മിലുള്ള സമീപനത്തിലെ വ്യത്യാസംതന്നെയല്ലേ?

കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുകയാണ്. കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ ഓഹരിപോലും സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള തീരുമാനം വന്നുകഴിഞ്ഞു. യുഡിഎഫിന്റെ ഭരണകാലത്ത് ചൌധരികമീഷനെവച്ച് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം 28 പൊതുമേഖലാ സ്ഥാപനം ലാഭത്തിലാക്കാന്‍ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടിയവ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതും ബദല്‍ നയമല്ലന്ന് അപ്പുക്കുട്ടന് പറയാന്‍ കഴിയുമോ?

ഇന്ത്യക്കാകെ മാതൃകയായ ജനകീയാസൂത്രണം യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ അട്ടിമറിച്ചു. ഇപ്പോഴത് തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ജനപങ്കാളിത്തത്തോടെ പട്ടികജാതി-വര്‍ഗക്കാര്‍ക്കും നിര്‍ധനരായ എല്ലാവര്‍ക്കും ഇ എം എസ് ഭവനപദ്ധതിയിലൂടെയും മറ്റും വീട് നിര്‍മിച്ചുകൊടുക്കാന്‍ തുടങ്ങി. വീട് മാത്രമല്ല, വെള്ളം, വെളിച്ചം തുടങ്ങിയ പ്രാഥമിക സൌകര്യങ്ങളും ലഭ്യമാക്കാനാണ് തീരുമാനം. ഇത് ഇരുമുന്നണിയും തമ്മില്‍ വ്യത്യാസമില്ലാത്തതുകൊണ്ടോ?

തൊഴിലുറപ്പുപദ്ധതി വിജയകരമായി നടപ്പാക്കിയത് കേരളത്തിലാണ്. കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിലെ അനുഭവവുമായി താരതമ്യംചെയ്തുനോക്കൂ. കേരളത്തിന്റെയും എല്‍ഡിഎഫിന്റെയും വ്യത്യസ്തത മനസ്സിലാകും. കേരളത്തിലെ ക്രമസമാധാനനില തൃപ്തികരമാണെന്നും മാത്രമല്ല ഇന്ത്യയില്‍ ഒന്നാംസ്ഥാനം നമ്മുടെ സംസ്ഥാനത്തിനാണെന്നും ഇതിനകം വ്യക്തമായി. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയുടെ ഫലമായി കേരളത്തിന്റെ മെച്ചപ്പെട്ട ക്രമസമാധാനനില അംഗീകരിക്കപ്പെടുകയും സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍പോയി കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയതും അപ്പുക്കുട്ടന് അറിയാത്തതല്ലല്ലോ?

പൊതുവിതരണരംഗത്തെ ഇടപെടല്‍, വിലക്കയറ്റവിരുദ്ധ നടപടി, ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ നേട്ടങ്ങള്‍... ഇങ്ങനെ ഏതുകാര്യത്തിലാണ് അപ്പുക്കുട്ടന്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒരേകണ്ണില്‍ കാണുന്നത്? യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസത്തിന്റെ ഏതാനും ചില ഉദാഹരണം മാത്രമാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്. ആഗോളവല്‍ക്കരണനയത്തിന്റെയും അമേരിക്കയുടെ സാമ്പത്തികത്തകര്‍ച്ചയുടെയും കെടുതി ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം നല്‍കുന്ന ബദല്‍നയമാണ് കേരളം നടപ്പാക്കിവരുന്നത്. അതുകാണാതെ, ഉപതെരഞ്ഞെടുപ്പിനുമുന്നില്‍ അപ്പുക്കുട്ടന്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുനുകത്തില്‍ കെട്ടാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിന്റെ രാഷ്ട്രീയം എന്താണ്? അത് മാതൃഭൂമിയുടേതോ അതോ അപ്പുക്കുട്ടന്റെ സ്വന്തമോ?

നിരൂപകന്‍ ദേശാഭിമാനി 29 ഒക്ടോബര്‍ 2009

1 comment:

  1. കൂത്തുപറമ്പ്, അഴീക്കോട് നിയോജകമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴും ഇതേ രീതിയില്‍ കോണ്‍ഗ്രസ് കോലാഹലം സൃഷ്ടിച്ചു. പൊലീസുകാരെ കൊണ്ടുവന്ന് ഇരു നിയോജകമണ്ഡലത്തിലും നിറച്ചു. വോട്ട് ചെയ്യുന്നവരുടെ രൂപം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. കള്ളവോട്ട് ചെയ്യാനും ബൂത്ത് പിടിച്ചെടുക്കാനും സിപിഐ എം ആസൂത്രിത ശ്രമം നടത്തുന്നുവെന്നായിരുന്നു അന്നും പ്രചാരണം. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടുചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നിട്ടും ഫലം വന്നപ്പോള്‍ കൂത്തുപറമ്പില്‍ പി ജയരാജന്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന് ജയിച്ചു. അഴീക്കോട്ട് പ്രകാശന്‍ മാഷിന്റെ ഭൂരിപക്ഷവും വര്‍ധിച്ചു.

    2006ലെ നിയമസഭാതെരഞ്ഞെടുപ്പിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളെമാത്രം വേര്‍തിരിച്ചു നിര്‍ത്തി വോട്ടെടുപ്പ് നടത്തി. പൊലീസ് സന്നാഹത്തെ അണിനിരത്തി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സീറ്റ് വര്‍ധിച്ചതേയുള്ളൂ.

    ReplyDelete