Monday, October 19, 2009

അഴിയെണ്ണുന്നു ഗുണ്ടകളും, ആള്‍ദൈവങ്ങളും

സ്പോണ്‍സര്‍മാര്‍ക്ക് അലോസരം

മനുഷ്യരുടെ കൈകാല്‍ വെട്ടാനും കഴുത്തരിയാനുമുള്ള ക്വട്ടേഷന്‍ തേടി കൊച്ചിയില്‍ ക്രിമിനല്‍സംഘങ്ങള്‍ 'മാന്‍പവര്‍ സപ്ളൈ' ഓഫീസുകള്‍ തുറന്നുവച്ച കാലമുണ്ടായിരുന്നു. ചിട്ടിക്കമ്പനികളുടെയും സ്വകാര്യ പണമിടപാടുകളുടെയും മറവില്‍ കൊലയാളികള്‍ ഹിമാലയത്തോളം വളര്‍ന്നതും അക്കാലത്തുതന്നെ. ഗുണ്ടാസംഘങ്ങളുടെ ചോരക്കളി നിത്യസംഭവമായിരുന്ന കൊച്ചിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അത്തരം സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ക്രിമിനല്‍സംഘങ്ങളുടെ സ്പോണ്‍സര്‍മാരെ അലോസരപ്പെടുത്തുക സ്വാഭാവികം.

ഉദയംപേരൂരില്‍ ഡിവൈഎഫ്ഐ നേതാവ് എം ആര്‍ വിദ്യാധരനെ കൊന്ന കേസിലെ മുഴുവന്‍ പ്രതികളും നാട്ടില്‍ നിര്‍ബാധം വിലസി. കണിച്ചുകുളങ്ങര കൊലയാളികള്‍ക്ക് ഭരണനേതൃത്വംതന്നെ അഭയമൊരുക്കി. രമേശ് ചെന്നിത്തലയുമായുള്ള പ്രതികളുടെ ബന്ധം പുറത്തുവന്നിട്ടും അന്വേഷിക്കാന്‍ തയ്യാറായില്ല. ഉമ്മന്‍ചാണ്ടിയുടെ ഭരണം തീരുന്നതിനു തൊട്ടുമുമ്പാണ് വെണ്ണലയില്‍ മിഥില മോഹനന്‍ എന്ന അബ്കാരി വീടിനുള്ളില്‍ വെടിയേറ്റു മരിച്ചത്. മുഹമ്മദാലി എന്ന സിനിമാനിര്‍മാതാവ് വാഴക്കാലയില്‍ കൊല്ലപ്പെട്ടു. എസ്ആര്‍എം റോഡിലെ അഗതിമന്ദിരത്തില്‍ വൃദ്ധ വെട്ടേറ്റുമരിച്ചതും ഇടപ്പള്ളിയിലെ ഇരട്ടക്കൊലയും ഉള്‍പ്പെടെ എത്രയെത്ര അരുംകൊലകള്‍. ഒന്നില്‍പ്പോലും പ്രതികളെ പിടിക്കാനായില്ല.

യുഡിഎഫ് ഭരണത്തില്‍നിന്നു പുറത്തായ 2006നുശേഷമാണ് വിദ്യാധരന്‍ കേസിലെ മുഴുവന്‍ പ്രതികളും പൊലീസിന്റെ പിടിയിലായത്. കണിച്ചുകുളങ്ങര കേസിലെ എല്ലാ പ്രതികളും വലയിലായി. ഗുണ്ടാനിയമപ്രകാരമുള്ള നടപടികള്‍ കര്‍ശനമായതോടെ ക്രിമിനല്‍സംഘങ്ങള്‍ പത്തിമടക്കി. പരസ്യമായി ക്വട്ടേഷന്‍കേന്ദ്രം തുറന്ന തമ്മനം ഷാജി ഉള്‍പ്പെടെയുള്ളവര്‍ ജയിലിലായി. പഴുപ്പന്‍ സുനി, മോര്‍ച്ചറി സമീര്‍, കുണ്ടന്നൂര്‍ തമ്പി, ഭായി നസീര്‍, ജിസിഡിഎ കണ്ണന്‍ തുടങ്ങിയ ക്രിമിനലുകള്‍ പിടിയിലായി. ചിലരൊക്കെ മറ്റു വഴിയില്ലാതെ മാനസാന്തരപ്പെട്ടു. കുറച്ചുപേര്‍ സംസ്ഥാനം വിട്ടുപോയി. നിലവില്‍ ജില്ലയിലെ എഴുപതോളം ക്രിമിനലുകള്‍ ഗുണ്ടാനിയമപ്രകാരം സെന്‍ട്രല്‍ ജയിലുകളിലുണ്ട്. ഭായി നസീര്‍ എന്ന ക്രിമിനല്‍ ജയിലില്‍ മൊബൈല്‍ഫോ ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നപ്പോള്‍ത്തന്നെ ജയില്‍ ഐജി ഇടപെട്ട് നടപടിയെടുത്തതും അപൂര്‍വ സംഭവമായി. തീവ്രവാദസംഘടനയിലേക്ക് യുവാക്കളെ ചേര്‍ത്ത സംഭവത്തിലാണ് ജില്ലയിലെ ഗുണ്ടാസംഘങ്ങളുടെ സാന്നിധ്യം ഒടുവില്‍ കണ്ടത്. മുഹമ്മദ് യാസിന്‍ എന്ന യുവാവ് കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച സംഭവം കൊച്ചിയെ ഞെട്ടിച്ചു. മതതീവ്രവാദവുമായി ബന്ധപ്പെട്ട മുഴുവന്‍പേരെയും ഇതേത്തുടര്‍ന്ന് പിടിക്കാനായി. രജിസ്ട്രേഷന്‍ നടപടികളില്‍ മാറ്റമുണ്ടാക്കി ഭൂമാഫിയക്കു പിന്നിലെ ഗുണ്ടാപ്പടയെയും നിയമത്തിനുമുന്നില്‍ എത്തിച്ചു.

ഇക്കാസിന്റെ ഗുണ്ടാ ഓഫീസിന് ആന്റണി പൊലീസിന്റെ പാറാവ്

എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് കളമശേരിയിലെ മാതൃകാ പൊലീസ് സ്റ്റേഷനുമുന്നില്‍ കൊച്ചിയിലെ കുപ്രസിദ്ധ ക്രിമിനല്‍സംഘത്തലവന്‍ ഇക്കാസ് എന്ന പേരില്‍ ക്വട്ടേഷന്‍ ഓഫീസ് തുറന്നത്. ക്രിമിനല്‍സംഘങ്ങള്‍ക്കിടയില്‍ തമ്മനം ഷാജി എന്ന ഗുണ്ടാത്തലവന്റെ വിളിപ്പേരാണ് ഇക്ക. ഇക്കാസ് മാന്‍പവര്‍ സപ്ളൈ ആന്‍ഡ് ഇവന്റ് മാനേജ്മെന്റ് എന്ന സ്ഥാപനം കൈകാല്‍ വെട്ടാനും കഴുത്തരിയാനും മറ്റുമാണ് ക്വട്ടേഷന്‍ എടുത്തിരുന്നത്. ദേശീയപാതയോരത്ത് ജില്ലയിലെ പ്രധാനപ്പെട്ട ഒരു പൊലീസ് സ്റ്റേഷനുമുന്നില്‍ ഇത്തരമൊരു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കാര്യം അന്ന് നാട്ടുകാര്‍ ഇടപെട്ട് പൂട്ടിക്കുംവരെ ആന്റണിയുടെ പൊലീസ് 'അറിഞ്ഞില്ല'. ആധുനിക ഓഫീസ് പോലെ ഫര്‍ണിഷ്ചെയ്ത സ്ഥാപനത്തിനുമുന്നില്‍ ഇക്കാസ് എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. രണ്ടു വടിവാളുകള്‍ ചേര്‍ത്തുവച്ച ചിത്രമായിരുന്നു ഇക്കാസിന്റെ ലോഗോ. ബോര്‍ഡിലും ലോഗോ വരച്ചുചേര്‍ത്തിരുന്നു. ഫോണ്‍ സൌകര്യവും ഇടപാടുകാരെ സ്വീകരിക്കാന്‍ റിസപ്ഷനിസ്റ്റിനെയും ഇക്കാസില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇടപാടുകാര്‍ ഓഫീസിലെത്തി ആവശ്യം എന്താണെന്നു പറഞ്ഞാല്‍മാത്രം മതി. മനുഷ്യശരീരത്തിലെ അവയവങ്ങള്‍ എണ്ണി ക്വട്ടേഷന്റെ റേറ്റ് ഉടന്‍ പറയും. ധൈര്യമായി പണമടച്ചു പോരാം. മിനിറ്റ്വച്ച് ഇക്കാസ് 'ഡീലിങ്' നടത്തിയിരിക്കും. ഇതിന്റെ ഭാഗമായി നഗരത്തിന്റെ പല ഭാഗത്തും വെട്ടും കുത്തും പതിവായിരുന്നു. കളമശേരി ഭാഗത്ത് പാര്‍ക്ക്ചെയ്തിരുന്ന നൂറുകണക്കിന് അന്യസംസ്ഥാന ലോറികളില്‍നിന്ന് ഗുണ്ടാപ്പിരിവും ഇവര്‍ നടത്തിയിരുന്നു. പരാതികളുണ്ടായിട്ടും ഒരാളെപ്പോലും പൊലീസ് പിടിച്ചില്ല. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഷാജി പലപ്പോഴും തന്റെ ഓഫീസില്‍ വന്നുപോയിട്ടും 'മാതൃകാ പൊലീസി'ന് സംശയമൊന്നും തോന്നിയില്ല. പത്രങ്ങളില്‍ വാര്‍ത്ത വന്ന്, നാട്ടുകാര്‍ ഇടപെട്ട് സ്ഥാപനം പൂട്ടിച്ചപ്പോള്‍ പിന്നെ നടന്നത് തമ്മനം ഷാജിയെ പിടിക്കാനുള്ള പൊലീസിന്റെ അഭിനയമായിരുന്നു. അപ്പോഴേക്കും അയാള്‍ സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തി. 1998ലെ എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് തമ്മനം പ്രദേശത്ത് നേതൃത്വം നല്‍കിയത് ഇതേ തമ്മനം ഷാജിയായിരുന്നു.

ഗുണ്ടകള്‍ അഴിയെണ്ണുന്നു കപടദൈവങ്ങളും ...

വര്‍ഗീയ ലഹള, കൊല, പിടിച്ചുപറി, കൊള്ള..... എന്നിവ ഒരു വശത്ത്. കൊലയറകളായി മാറിയ ലോക്കപ്പുകള്‍, കൈക്കൂലിക്കും അഴിമതിക്കും തൊപ്പിവച്ച പൊലീസ് മറുവശത്ത്. കേരളം വിറങ്ങലിച്ച ആ നാളുകള്‍ ഇന്ന് ഓര്‍മയിലേക്ക് വിടവാങ്ങിയിരിക്കുകയാണ്. ക്രമസമാധാന പാലനത്തില്‍ രാജ്യത്തെ മികച്ച സംസ്ഥാനമായി മാറുമ്പോള്‍ത്തന്നെ പൊലീസ് ഭീകരതയില്‍നിന്ന് മോചനം നേടാന്‍ കഴിഞ്ഞെന്ന യാഥാര്‍ഥ്യവും ശ്രദ്ധേയം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ ഒരു ലോക്കപ്പ് കൊലപാതകം പോലുമുണ്ടായില്ല. അനുദിനം അരങ്ങേറിയിരുന്ന വര്‍ഗീയ ലഹളകളില്‍നിന്ന് മോചനം നേടാന്‍ കഴിഞ്ഞു. ജനമൈത്രി സുരക്ഷാ പദ്ധതി, തീരദേശ സംരക്ഷണത്തിനുള്ള കടലോര ജാഗ്രതാസമിതി, ഗുണ്ടാവിരുദ്ധ നിയമം, പൊലീസ് നിയമപരിഷ്കരണം.... ക്രമസമാധാന രംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ പട്ടിക നീളും. ഗുണ്ടാമാഫിയ വാഴ്ചയ്ക്കെതിരെ യുഡിഎഫ് ഉപവാസം അനുഷ്ഠിച്ചപ്പോള്‍ മൂന്ന് സെന്‍ട്രല്‍ ജയിലിലായി 511 ഗുണ്ടകള്‍ കരുതല്‍ തടങ്കലില്‍ കഴിയുകയായിരുന്നു. എണ്ണൂറോളം പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ തോഴന്മാരായ കോടാലി ശ്രീധരനും തമ്മനം ഷാജിയുമൊക്കെ ഗുണ്ടാവിരുദ്ധ നിയമം അനുസരിച്ച് ജയിലറകളിലായി.

ഗുണ്ടാ നിയമം എന്ന പേരില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് തുടര്‍ നടപടിയെടുക്കാതെ യുഡിഎഫ് സര്‍ക്കാര്‍ മൌനം പൂണ്ടിരുന്ന സ്ഥാനത്താണ് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഇത്രയേറെ ഗുണ്ടകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അകത്തായത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റിലായത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ്. അതേസമയം മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധ കേസില്‍ ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതികള്‍ അറസ്റ്റിലായത്.കോടികളുടെ നിക്ഷേപ തട്ടിപ്പുകാരനായ ശബരീനാഥിനെ ഒരു വര്‍ഷത്തിലേറെക്കാലം ജയിലില്‍ അടയ്ക്കാന്‍ കഴിഞ്ഞു.

യുഡിഎഫ് ഭരണത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഗൌരവമേറിയ കുറ്റങ്ങള്‍ കേരളത്തില്‍ കുറഞ്ഞിരിക്കുന്നുവെന്നാണ് ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. യുഡിഎഫ് ഭരണത്തില്‍ ഓരോ വര്‍ഷവും ശരാശരി 419 കൊലപാതകം നടന്ന സ്ഥാനത്ത് ഈ സര്‍ക്കാര്‍ വന്നശേഷം അത് 374 ആയി കുറഞ്ഞു. ക്വട്ടേഷന്‍-ഗുണ്ടാ സംഘങ്ങള്‍ ഉള്‍പ്പെട്ട കൊലപാതകക്കേസുകളും കുറഞ്ഞു. മികച്ച ക്രമസമാധാനത്തിന് ഇന്ത്യാടുഡേ കേരളത്തെ തെരഞ്ഞെടുത്തത് ഈ കണക്കിന്റെകൂടി അടിസ്ഥാനത്തിലാണ്. എന്നാല്‍, ക്രമസമാധാന പാലനത്തില്‍ കേരളം ഒന്നാമത് എത്തിയതിനെ ആക്ഷേപിക്കുന്ന യുഡിഎഫ് കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴിലുള്ള ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളെ അവഗണിക്കുന്നു. ഗുണ്ടകള്‍ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. അവരെ തളയ്ക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അതേസമയം അവര്‍ക്ക് ചോറും കൂറും കൊടുത്ത് പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രീയ കുടിലതയ്ക്കായി ഉപയോഗിക്കുകയും ചെയ്യുകയാണ് യുഡിഎഫ്.
(കെ ശ്രീകണ്ഠന്‍)

കണിച്ചുകുളങ്ങര: യുഡിഎഫ് നിന്നത് പ്രതിക്കൂട്ടില്‍

കണിച്ചുകുളങ്ങരയ്ക്കു സമീപം ദേശീയപാതയില്‍ എവറസ്റ്റ് ചിട്ടികമ്പനി ഉടമ ടി ജി രമേഷും സഹോദരി ലതയും കാര്‍ ഡ്രൈവര്‍ ഷംസുദ്ദീനും ആസൂത്രിതമായി കൊല്ലപ്പെട്ടത് 2005 ജൂലൈ 20ന്. മരണം ആസൂത്രിതമാണെന്ന് ലോകം അറിഞ്ഞത് രമേശിന്റെ ബന്ധുക്കള്‍ മാരാരിക്കുളം പൊലീസിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ്. തന്റെ ഭര്‍ത്താവിന്റെയും ഭര്‍തൃസഹോദരിയുടെയും ഡ്രൈവറുടെയും മരണത്തിനിടയാക്കിയ വാഹനാപകടം ചെറായിയിലെ ഹിമാലയ ചിട്ടി ഫണ്ട് ഉടമകള്‍ ആസൂത്രണം ചെയ്തതാണെന്നും വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയതും ഇവര്‍ തന്നെയാണെന്നും പിന്നീട് രമേശിന്റെ ഭാര്യ പിങ്കി ആരോപിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കണിച്ചുകുളങ്ങരയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ മൂന്ന് മനുഷ്യജീവനുകള്‍ കുരുതികഴിക്കപ്പെട്ടത്. കുറ്റവാളികളെ സംരക്ഷിക്കുന്നത് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരംഗമാണെന്നു ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കാര്യമായ അന്വേഷണം നടത്താനോ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ഉമ്മന്‍ ചാണ്ടിയുടെ പൊലീസിനായില്ല. പ്രതികളെ സംരക്ഷിക്കുന്ന നയമായിരുന്നു സര്‍ക്കാരിന്. എവറസ്റ്റ് ചിട്ടി ഉടമ രമേശില്‍നിന്ന് ഇന്നത്തെ കെപിസിസി പ്രസിഡന്റ് പത്തുകോടി രൂപ വാങ്ങിയെന്ന രമേശിന്റെ അഭിഭാഷകന്റെ ആരോപണം സംസ്ഥാന രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായെങ്കിലും 'ആദര്‍ശധീരരുടെ' സങ്കേതമായ കോണ്‍ഗ്രസില്‍നിന്ന് ഇതിനെതിരെ ചെറുവിരലനങ്ങിയില്ല.

ബ്ളേഡ് കമ്പനികള്‍ സാധാരണക്കാരനെ കബളിപ്പിക്കുകയും ഇവരുടെ മറവില്‍ നാട്ടില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വിലസുകയും ചെയ്ത കാലമായിരുന്നു അത്. സാധുക്കളും പാവപ്പെട്ടവരുമായ എത്രയോ പേരുടെ ജീവിതകാലം മുഴുവനുള്ള സമ്പാദ്യവുമായി എത്രയെത്ര ബ്ളേഡുകമ്പനികളാണ് നാട്ടില്‍നിന്ന് മുങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റശേഷമാണ് പ്രോസിക്യുഷനെ നിയോഗിച്ച് കേസ് നടപടിക്രമം ശക്തമാക്കിയത്. സംഭവത്തിന് പിന്നിലെ യഥാര്‍ഥപ്രതികളായ ഹിമാലയ ചിട്ടി ഫണ്ട് ഉടമകളും അവരുടെ സഹായികള്‍ക്കും വധശിക്ഷയും ജീവപര്യന്തവും ഉള്‍പ്പെടെയുള്ള ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ഒന്നാം പ്രതി ഉണ്ണിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഹിമാലയ ചിട്ടികമ്പനി ഉടമകളായ സജിത്ത്, ബിനീഷ്, പ്രസ് മാനേജര്‍ മൃഗം സാജു, രണ്ടാം പ്രതി അജിത്, നാലാം പ്രതി ഷിബി എന്നിവരെ ജീവപര്യന്തത്തിനും വിധിച്ചു.

മനസ്സില്‍ മുറിവുമായി തൈക്കല്‍

2002 മാര്‍ച്ച് 16. ചേര്‍ത്തലയ്ക്കടുത്ത് തൈക്കല്‍ഗ്രാമം വര്‍ഗീയശക്തികള്‍ കലാപഭൂമിയാക്കിയത് അന്നായിരുന്നു. കലാപത്തില്‍ പൊലിഞ്ഞത് നാലു മനുഷ്യജീവന്‍. കടലോരമേഖലയാണ് തൈക്കല്‍. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമം. ഇവരുടെയിടയില്‍ ഉടലെടുത്ത നിസാര തൊഴില്‍ തര്‍ക്കത്തില്‍ ഇടപെട്ട് ആര്‍എസ്എസും തീരസംഘ് എന്ന സംഘടനയും സായുധരായി നടത്തിയ കലാപത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളും രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടം ഈ കടലോരഗ്രാമത്തില്‍ ഉണ്ടാക്കിയ മുറിവുകള്‍ ചെറുതല്ല. വര്‍ഗീയകലാപത്തിനു സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരണത്തു ചുരുട്ടിവച്ച് അന്നു കേരളം ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി എ കെ ആന്റണി ഇരുകൂട്ടരെയും പ്രീണിപ്പിച്ചു. 2001ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കൂട്ടരുടെ വോട്ടു നേടിയാണ് ചേര്‍ത്തലയില്‍ ആന്റണി ജയിച്ചുവന്നത്. മറ്റു മണ്ഡലങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവരെ പിണക്കുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കോണ്‍ഗ്രസ് തന്നെയാണ് കലാപത്തിലെ മുഖ്യപ്രതി. സ്വന്തം മണ്ഡലം കലാപകലുക്ഷിതമായി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ആഭ്യന്തരവകുപ്പുകൂടി കൈയാളിയിരുന്ന മുഖ്യമന്ത്രി ആന്റണി സംഭവസ്ഥലത്ത് എത്തിയത്. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനുമുന്നില്‍ ആന്റണി അന്നു തലകുമ്പിട്ടു നിന്നു. അതേസമയം, കലാപം നടന്നു നിമിഷങ്ങള്‍ക്കുള്ളില്‍ ഓടിയെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് അന്നു തൈക്കല്‍ ഗ്രാമത്തിനു ആശ്വാസമേകിയത്.

ദേശാഭിമാനി 19 ഒക്ടോബര്‍ 2009

2 comments:

  1. മനുഷ്യരുടെ കൈകാല്‍ വെട്ടാനും കഴുത്തരിയാനുമുള്ള ക്വട്ടേഷന്‍ തേടി കൊച്ചിയില്‍ ക്രിമിനല്‍സംഘങ്ങള്‍ 'മാന്‍പവര്‍ സപ്ളൈ' ഓഫീസുകള്‍ തുറന്നുവച്ച കാലമുണ്ടായിരുന്നു. ചിട്ടിക്കമ്പനികളുടെയും സ്വകാര്യ പണമിടപാടുകളുടെയും മറവില്‍ കൊലയാളികള്‍ ഹിമാലയത്തോളം വളര്‍ന്നതും അക്കാലത്തുതന്നെ. ഗുണ്ടാസംഘങ്ങളുടെ ചോരക്കളി നിത്യസംഭവമായിരുന്ന കൊച്ചിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അത്തരം സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ക്രിമിനല്‍സംഘങ്ങളുടെ സ്പോണ്‍സര്‍മാരെ അലോസരപ്പെടുത്തുക സ്വാഭാവികം.

    ReplyDelete
  2. Ayyo.. paavam... ippol communist bharanam nadaththumbol naattil azhimathi onnum illaathapole... CPM local committee-kku paisa kodukkathe naattil enthenkilum nadakkumo... Local sammelanangalil balamaayittalle piruvum nadaththunnath.... CPM-nu isthrm ullavare maathram alle nalla nalla positionukalil niyamikku... allathavarkku sthalam maattam... Ithra vriththiketta oru bharanam nearathe undaayittilla..

    ReplyDelete