Friday, January 22, 2010

സിപിഐ എം മതവിശ്വാസത്തിനെതിരല്ല

മതവിശ്വാസിക്ക് കമ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ അംഗമാകാമോ എന്നത് ഒരു പുതിയ വിവാദവിഷയമാക്കി ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ചില കേന്ദ്രങ്ങളില്‍നിന്ന് ആസൂത്രിതമായ ശ്രമം നടന്നുവരുന്നുണ്ട്. എന്നാല്‍ സിപിഐ (എം)നെ സംബന്ധിച്ചിടത്തോളം ഇതൊരു തീരുമാനിക്കപ്പെട്ട വിഷയമാണ്. ഇസ്ളാം മതവിശ്വാസിയായ ഒരാള്‍ ഈ വിഷയം ചിന്ത വാരികയില്‍ ഇ എം എസ് കൈകാര്യംചെയ്തിരുന്ന ചോദ്യോത്തരപംക്തിയിലേക്ക് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതി ചോദിച്ചിരുന്നു. അതിന് ഇ എം എസ് നല്‍കിയ മറുപടിയുടെ ആദ്യ ഖണ്ഡിക താഴെ കൊടുക്കുന്നു.

"ഇസ്ളാമിലോ മറ്റേതെങ്കിലും മതത്തിലോ വിശ്വസിക്കുന്നത് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനോ പാര്‍ട്ടി അംഗമാകുന്നതിനുപോലുമോ തടസ്സമല്ല. പാര്‍ടിയുടെ പരിപാടി, പാര്‍ടി അതാത് കാലത്ത് അംഗീകരിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ എന്നിവ നടപ്പില്‍വരുത്തണം, അങ്ങനെ ചെയ്യുന്നത് താന്‍ അംഗമായ പാര്‍ടി ഘടകത്തിന്റെ തീരുമാനമനുസരിച്ച് ആയിരിക്കണം ഇതു മാത്രമാണ് പാര്‍ടി അംഗത്വത്തിനുള്ള വ്യവസ്ഥ''.

പാര്‍ടി ഭരണഘടനയില്‍ ഒരിടത്തും കമ്യൂണിസ്റ്റ് പാര്‍ടി അംഗത്വത്തിനുള്ള വ്യവസ്ഥകളില്‍ മതവിശ്വാസിയല്ലാതിരിക്കണം എന്നത് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നിരിക്കിലും ഇതൊരു വിവാദമായി അടിക്കടി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നതായി കാണാനാവും.

ഒരു ദര്‍ശനമെന്ന നിലയില്‍ മാര്‍ക്സിസം ഭൌതികവാദപരമാണ് അത്രത്തോളം അത് ആത്മീയവാദത്തിനെതിരുമാണ്. എന്നാല്‍ യുക്തിവാദികളില്‍ കാണുന്നതുപോലെ അടിയന്തിരമായി എതിര്‍ത്തു തോല്‍പിക്കപ്പെടേണ്ട ഒന്നാണ് ആത്മീയവാദം എന്ന അഭിപ്രായം കമ്യൂണിസ്റ്റുകാര്‍ക്കില്ല. ആത്മീയവാദികളും അല്ലാത്തവരുമായ ബഹുജനങ്ങളെയാകെ ഒന്നിച്ചണിനിരത്തി നിലവിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭു വ്യവസ്ഥയ്ക്കെതിരെ പോരാടലാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ അടിയന്തിര കടമ. അതില്‍ ആത്മീയവാദികള്‍ക്കും ഭൌതികവാദികള്‍ക്കും ഒരുപോലെ പങ്കുവഹിക്കാനാവും. അതിന് അവരെ യോജിപ്പിച്ച് അണിനിരത്താനാണ് കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഈ കടമ ഫലപ്രദമായി നിര്‍വഹിക്കാനാവണമെങ്കില്‍ അതിന്റെ നേതൃഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ജനപ്രതിനിധികളായിരിക്കുന്നവരുമൊക്കെ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വക്താക്കളായി പ്രവര്‍ത്തിക്കാനോ അങ്ങനെയൊരു ധാരണ ജനങ്ങള്‍ക്കിടയില്‍ വരുത്താനോ പാടില്ല. സിപിഐ (എം) സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ എസ്എന്‍ഡിപിയിലും കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്എസിലും പാലൊളി മുഹമ്മദുകുട്ടി ജമാഅത്തെ ഇസ്ളാമിയിലും എം എ ബേബിയും തോമസ് ഐസക്കും കാത്തലിക് മൂവ്മെന്റിലും സജീവമായി പ്രവര്‍ത്തിക്കുകയും ഒപ്പംതന്നെ അവര്‍ കമ്യൂണിസ്റ്റ്പാര്‍ടി നേതൃത്വത്തിലിരിക്കുകയും ചെയ്താലത്തെ അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ. കമ്യൂണിസ്റ്റ്പാര്‍ട്ടിക്കുകീഴില്‍ തൊഴിലാളികളെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും ജാതി-മത വ്യത്യാസമെന്യെ വര്‍ഗപരമായി സംഘടിപ്പിച്ച് അണിനിരത്തുന്നതിന് അത് സഹായകമാവില്ല. അതുകൊണ്ട് പാര്‍ടി നേതൃത്വത്തില്‍ ഇരിക്കുന്നവരും പാര്‍ടിയുടെ ജനപ്രതിനിധികളായിരിക്കുന്നവരുമൊക്കെ മത ജാതി സ്വാധീനങ്ങളില്‍നിന്ന് മുക്തരായിരിക്കേണ്ടത് ആവശ്യമാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും ജാതി-മത താല്‍പര്യങ്ങള്‍ക്കതീതമായി സമീപിക്കുവാന്‍ കഴിയുന്നവരായിരിക്കണം കമ്യൂണിസ്റ്റ്പാര്‍ടി നേതാക്കള്‍.

എന്നാല്‍ കോണ്‍ഗ്രസോ മറ്റു ബൂര്‍ഷ്വാ പാര്‍ടികളോ ഇങ്ങനെയല്ല. ജാതി-മത സ്വാധീനമുണ്ടാക്കലും അത് തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗപ്പെടുത്തലുമൊക്കെ അവിടെ പതിവാണ്. ജാതി-മത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു ഫെഡറേഷനായാണ് പലപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കമ്യൂണിസ്റ്റ്പാര്‍ടി അങ്ങനെ ആയിക്കൂട. പാര്‍ടി നേതാക്കളിലും പാര്‍ടിയുടെ ജനപ്രതിനിധികളായി വരുന്നവരിലുമൊക്കെ കോണ്‍ഗ്രസിന്റെ ഈ പ്രവണത സ്വാധീനം ചെലുത്താന്‍ ശ്രമിക്കുക സ്വാഭാവികമാണ്. പ്രത്യേകിച്ചും പാര്‍ലമെന്ററി പ്രവര്‍ത്തനരംഗത്തുള്ളവരില്‍ ഈ സ്വാധീനം കൂടുതല്‍ ഉണ്ടാവാനിടയുണ്ട്. അത് തിരുത്തപ്പെടേണ്ട പ്രവണതയാണെന്ന് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം ചൂണ്ടിക്കാണിക്കുന്നതില്‍ അപാകതയൊന്നുമില്ല.

മറ്റൊരുകാര്യം ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കമ്യൂണിസ്റ്റ്പാര്‍ടി അംഗമാകുന്നതിന് കമ്യൂണിസ്റ്റുകാര്‍ എടുക്കുന്ന ഒരു പ്രതിജ്ഞയുണ്ട്.

"ഞാന്‍ കമ്യൂണിസ്റ്റ് ആദര്‍ശത്തിനനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയും തൊഴിലാളിവര്‍ഗത്തേയും അധ്വാനിക്കുന്ന ബഹുജനങ്ങളെയും രാജ്യത്തേയും നിസ്വാര്‍ത്ഥമായി സേവിക്കുകയും എല്ലായ്പ്പോഴും പാര്‍ടിയുടെയും ജനങ്ങളുടെയും താല്‍പര്യങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഉപരിയായി കണക്കാക്കുകയും ചെയ്യുന്നതാണ്''

എന്ന് ആ പ്രതിജ്ഞയിലുണ്ട്. കമ്യൂണിസ്റ്റ് ആദര്‍ശമെന്നത് ഭൌതികവാദപരമായ ഒന്നാണെന്നതില്‍ തര്‍ക്കമില്ല. പാര്‍ടി അംഗമായി ജീവിക്കുക എന്നതിനര്‍ത്ഥം കമ്യൂണിസ്റ്റ് ആദര്‍ശം പടിപടിയായി ഉള്‍ക്കൊള്ളുക എന്നുതന്നെയാണ്. അത് ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായി നമ്മുടെ ആര്‍ജിത വിശ്വാസങ്ങളെ പലതിനെയും പടിപടിയായി ഉപേക്ഷിക്കേണ്ടതായി വരും. ഒറ്റയടിക്ക് അതിനെയെല്ലാം ഉപേക്ഷിക്കണമെന്നോ ഉപേക്ഷിക്കുവാന്‍ കഴിയുമെന്നോ കമ്യൂണിസ്റ്റുകാര്‍ ആരുംതന്നെ കരുതുന്നില്ല. ഒരു നല്ല കമ്യൂണിസ്റ്റായി തീരുന്നതിനുവേണ്ടി ഓരോ പാര്‍ടി അംഗത്തിന്റെയും ഉള്ളില്‍ നടക്കേണ്ടതും നടത്തേണ്ടതുമായ ഒരു ആശയ സമരത്തിന്റെ ഭാഗമാണത്. ആ സമരത്തില്‍ മുതലാളിത്ത-ഭൂപ്രഭുത്വാശയങ്ങള്‍ ഒരു ഭാഗത്തും കമ്യൂണിസ്റ്റ് ആശയങ്ങള്‍ മറുഭാഗത്തുമായാണ് ഏറ്റുമുട്ടല്‍ നടക്കുക. അതില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ നല്ല കമ്യൂണിസ്റ്റുകാരും ഇതിനു വിരുദ്ധമായ നിലപാടെടുക്കുന്നവര്‍ കമ്യുണിസ്റ്റ്വിരുദ്ധരുമായി മാറും. ഇതൊരു പുതിയ കാര്യമല്ല.

കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാകുന്നവരാകെ നല്ല കമ്യൂണിസ്റ്റുകാരായി വളരണമെന്നാണ് പാര്‍ടിയുടെ കേന്ദ്ര ഘടകം ആഗ്രഹിക്കുന്നത്. അതിനാണ് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താനാവശ്യപ്പെടുകയും ചെയ്യുന്നത്. അതുപോലും തെറ്റാണെന്ന് പറഞ്ഞ് ഇറങ്ങി പുറപ്പെടുന്നവരെക്കുറിച്ച് എന്തുപറയാന്‍! കമ്യൂണിസമെന്തെന്നറിയാതെ കമ്യൂണിസ്റ്റാണെന്നുപറഞ്ഞ് നടന്നിരുന്നവര്‍ കഴുത കുങ്കുമം ചുമക്കുന്നതുപോലെയായിരുന്നു അത് ചെയ്തിരുന്നത് എന്ന് തോന്നിപ്പോകുന്നു.

കെ എ വേണുഗോപാലന്‍ ചിന്ത വാരിക 220110

9 comments:

  1. മതവിശ്വാസിക്ക് കമ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ അംഗമാകാമോ എന്നത് ഒരു പുതിയ വിവാദവിഷയമാക്കി ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ചില കേന്ദ്രങ്ങളില്‍നിന്ന് ആസൂത്രിതമായ ശ്രമം നടന്നുവരുന്നുണ്ട്. എന്നാല്‍ സിപിഐ (എം)നെ സംബന്ധിച്ചിടത്തോളം ഇതൊരു തീരുമാനിക്കപ്പെട്ട വിഷയമാണ്. ഇസ്ളാം മതവിശ്വാസിയായ ഒരാള്‍ ഈ വിഷയം ചിന്ത വാരികയില്‍ ഇ എം എസ് കൈകാര്യംചെയ്തിരുന്ന ചോദ്യോത്തരപംക്തിയിലേക്ക് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതി ചോദിച്ചിരുന്നു. അതിന് ഇ എം എസ് നല്‍കിയ മറുപടിയുടെ ആദ്യ ഖണ്ഡിക താഴെ കൊടുക്കുന്നു.

    "ഇസ്ളാമിലോ മറ്റേതെങ്കിലും മതത്തിലോ വിശ്വസിക്കുന്നത് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനോ പാര്‍ട്ടി അംഗമാകുന്നതിനുപോലുമോ തടസ്സമല്ല. പാര്‍ടിയുടെ പരിപാടി, പാര്‍ടി അതാത് കാലത്ത് അംഗീകരിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ എന്നിവ നടപ്പില്‍വരുത്തണം, അങ്ങനെ ചെയ്യുന്നത് താന്‍ അംഗമായ പാര്‍ടി ഘടകത്തിന്റെ തീരുമാനമനുസരിച്ച് ആയിരിക്കണം ഇതു മാത്രമാണ് പാര്‍ടി അംഗത്വത്തിനുള്ള വ്യവസ്ഥ''.

    ReplyDelete
  2. പാര്‍ട്ടി എങ്ങും പറഞ്ഞിട്ടില്ല മതത്തിനെതിരാണന്ന്. പിന്നെ മനോജിന്‌ വേണ്ടെതെന്താണന്ന് കേരള ജനതയ്ക്ക് മുഴുവന്‍ മനിസിലായിട്ടുണ്ട്. പാര്‍ട്ടി അങ്ങോട്ട് മെമ്പര്‍ഷിപ്പ് കൊടുത്തയാള്‍ അത് വേണ്ടെന്ന് വെച്ചു അത്ര തന്നെ..
    പറയാനാണെങ്കില്‍ ഒത്തിരി ഉണ്ട്. പിന്നീടാവട്ടെ..!!
    ആശംസ്കള്‍

    ReplyDelete
  3. പാര്‍ടി അംഗമായി ജീവിക്കുക എന്നതിനര്‍ത്ഥം കമ്യൂണിസ്റ്റ് ആദര്‍ശം പടിപടിയായി ഉള്‍ക്കൊള്ളുക എന്നുതന്നെയാണ്. അത് ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായി നമ്മുടെ ആര്‍ജിത വിശ്വാസങ്ങളെ പലതിനെയും പടിപടിയായി ഉപേക്ഷിക്കേണ്ടതായി വരും. ഒറ്റയടിക്ക് അതിനെയെല്ലാം ഉപേക്ഷിക്കണമെന്നോ ഉപേക്ഷിക്കുവാന്‍ കഴിയുമെന്നോ കമ്യൂണിസ്റ്റുകാര്‍ ആരുംതന്നെ കരുതുന്നില്ല. -

    വിശ്വാസിക്കും പാര്‍ട്ടിയില്‍ ചേരാം, പക്ഷേ പതുക്കെ എങ്കിലും വിശ്വാസങ്ങളെ ഉപേക്ഷിക്കണം എന്നുതന്നെയല്ലേ പറഞ്ഞുവരുന്നത്?

    ReplyDelete
  4. പ്രായോഗിക ബുദ്ധിയുടെ വര്‍ത്തമാനബോധം സഖാക്കളില്‍ വളര്‍ത്തി എടുക്കുക വഴി ഉറച്ച കാല്‍വെപ്പുകള്‍ ജീവിതത്തിലേക്ക് പകര്‍ന്നു നല്കുക എന്ന മഹത്തായ ഉദ്യേശത്തോടെ പറഞ്ഞ നയങ്ങളെയാണ് ഇവിടെ വളചൊടിച്ചത് .എല്ലാ കമ്മ്യുണിസ്റ്റു ആശയങ്ങളെയും തെറ്റ്ധരിപ്പിക്കുവാന്‍ പ്രരണപരിപ്പടിയിലൂടെ ശ്രമിക്കുന്നവര്‍ ഇവിടെയും വികലമായ പ്രചരണത്തിലൂടെ അതിനെ പരാജയ പെടുത്താന്‍ മതങ്ങളെ കൂടുപിടിച്ചു എന്നതാണ് ശരി

    ReplyDelete
  5. സിമി,

    ...ഒരു നല്ല കമ്യൂണിസ്റ്റായി തീരുന്നതിനുവേണ്ടി ഓരോ പാര്‍ടി അംഗത്തിന്റെയും ഉള്ളില്‍ നടക്കേണ്ടതും നടത്തേണ്ടതുമായ ഒരു ആശയ സമരത്തിന്റെ ഭാഗമാണത്. ആ സമരത്തില്‍ മുതലാളിത്ത-ഭൂപ്രഭുത്വാശയങ്ങള്‍ ഒരു ഭാഗത്തും കമ്യൂണിസ്റ്റ് ആശയങ്ങള്‍ മറുഭാഗത്തുമായാണ് ഏറ്റുമുട്ടല്‍ നടക്കുക. അതില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ നല്ല കമ്യൂണിസ്റ്റുകാരും ഇതിനു വിരുദ്ധമായ നിലപാടെടുക്കുന്നവര്‍ കമ്യുണിസ്റ്റ്വിരുദ്ധരുമായി മാറും. ഇതൊരു പുതിയ കാര്യമല്ല.

    ഇത് കൂടി ചേര്‍ത്ത് വായിച്ചല്ലോ അല്ലേ?

    ഒരാള്‍ വിശ്വാസിയായി മാത്രമേ ജീവിക്കാവൂ എന്ന് നിര്‍ബന്ധം പിടിക്കുകയാണോ സിമി?

    റ്റോംസിന്റെ അഭിപ്രായങ്ങള്‍ക്ക് എപ്പോഴും സ്വാഗതം. പാവപ്പെട്ടവന്‍, വായനക്കും അഭിപ്രായത്തിനും നന്ദി. സിമിക്കുമുണ്ട് നന്ദി.

    ReplyDelete
  6. ഈ വളാവളാ വര്ത്തമാനം ഇനിയെങ്കിലും നിര്ത്തിക്കൂടെ?ഈ പറച്ചില് മുലം ഇന്ന് കമ്യുണിസ്റ്റ് പാര്ട്ടിയില് മതവിശ്വാസികള് (മതമൌലികവാദികള്)അല്ലാത്തവര് വല്ലവരുമുണ്ടോ?

    ReplyDelete
  7. കേവല യുക്തിവാദം ഒരു കമ്യൂണിസ്റ്റ്കാരനു ചേര്‍ന്നതല്ല എന്നത് ശരി തന്നെ. കേവല പരിസ്ഥിതി വാദവും അതുപോലെതന്നെ. എന്നാല്‍ മതമൗലികവാദിയേക്കാള്‍ വലിയ ശത്രുവായി യുക്തിവാദിയെയും, പരിസ്ഥിതി ചൂഷകരേക്കാള്‍ വലിയ ശത്രുക്കാളായി പരിസ്ഥിതി വാദികളേയും കാണുന്ന ഇപ്പോളത്തെ പാര്‍ട്ടി നിലപാട് ശരിയാണോ..? പിന്നെ മതം ഇന്നു വലിയൊരു രാഷ്ട്രീയ പ്രശ്നം തന്നെയാണു. കേരളത്തിന്‍റെ തയുക്തിബോധം മുഴുവന്‍ നശിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ അന്ധവിശ്വാസത്തിനെതിരെ മതനിരപേക്ഷ നിലപാടെടുക്കേണ്ട പാര്‍ട്ടി സഖാക്കള്‍ അംപലക്കമ്മിറ്റികളിലും അരമനച്ചര്‍ച്ചകളിലും പങ്കെടുക്കുന്നത് ദയനീയമല്ലേ..മതത്തോടുള്ള നിലപാട് കര്‍ക്കശമാക്കാതെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ന്മുന്നോട്ട് പോവാനാവില്ല. ആത്മീയതക്കെതിരെ എന്നതിലുപരി മത മേധാവിത്വത്തിനെതിരെ പോരാടുകതന്നെ വേണം. ജമാ അത്തയിലും എസ് എന്‍ ഡി പി യിലുമൊക്കെ പിണറായിയും പാലൊളിയും പോലുള്ള വലിയ നേതാക്കളേ അംഗമാവാത്തുള്ളൂ. കീഴ്ക്കമ്മിറ്റിക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല എന്നു എല്ലാവര്‍ക്കും അറിയാം.ഇങ്ങനെ പോയാല്‍ പിണറായി എസ് എന്‍ ഡി പി പ്രസിഡന്‍റ് ആവുന്ന കാലം വിദൂരമല്ല. മതേതര പാര്‍ട്ടിയല്ല മത നിരപേക്ഷ പാര്‍ട്ടിയാണു നമുക്ക് വേണ്ടത്; ഇല്ലാത്തതും

    ReplyDelete
  8. ജാഗ്രത,

    പിണറായി എസ്‌.എൻ.ഡി.പി യുടെ നേതാവായിലെങ്ങിലും, അങ്ങനെയുള്ള ഒരു നേതാവിന്‌ ദൈവ വിശ്വാസി ആകുവാൻ പറ്റുമോ? പറ്റുകയില്ല, കാരണം കമ്മ്യുണിസം നിരിശ്വരവാദം എന്ന കുറ്റിയിൽ തന്നെ ചുറ്റിതിരിയുകയാണ്‌.


    ഇന്നലെ വരെ അനുഭാവിക്ക്‌ മതവും ദൈവവുമാകാമായിരുന്നു
    ഇന്ന്‌ പാർട്ടി അംഗത്തിന്‌ മതവും ദൈവവും ആകാം
    നാളെ നേതാക്കൾക്കും മതവും ദൈവവും ആകാം.


    ഇതിന്റെകൂടെ

    മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!

    എന്ന എന്റെ പോസ്റ്റും വായിക്കുക, അപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി പിടികിട്ടും!

    http://georos.blogspot.com/2010/01/blog-post_13.html

    ReplyDelete