Monday, October 5, 2009

ജ്വലിച്ചത് കേരളത്തിന്റെ പ്രതിഷേധം

കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലയെയും തകര്‍ക്കുന്ന ആസിയന്‍ കരാറിനെതിരെ ആളിക്കത്തുന്ന പ്രതിഷേധമാണ് ഗാന്ധിജയന്തി ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ തീര്‍ത്ത മനുഷ്യച്ചങ്ങല പ്രതിഫലിപ്പിച്ചത്. കാസര്‍കോട്ട് അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റും പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍പിള്ളയില്‍ തുടങ്ങി തിരുവനന്തപുരം രാജ്ഭവനില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടില്‍ അവസാനിച്ച മനുഷ്യച്ചങ്ങല സിപിഐ എം മുന്നോട്ടുവച്ച ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യത്തിന് കേരളം മനസ്സുതുറന്നുനല്‍കിയ അംഗീകാരമായി.

നിരവധി പോരാട്ടങ്ങളിലൂടെയാണ് കേരളം ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലുള്ള സംസ്ഥാനമായി മാറിയത് ഇവിടെ നടന്ന ജനകീയ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്. കര്‍ഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും നടത്തിയ ത്യാഗപൂര്‍ണമായ സമരങ്ങളുടെ നീണ്ട പരമ്പരയാണ് ഇതിന്റെ അടിസ്ഥാനമായി വര്‍ത്തിച്ചത്. തലമുറകള്‍ നീണ്ട ഈ സമരത്തിന്റെ പാരമ്പര്യം ഏറ്റുപിടിക്കുന്ന ജനങ്ങള്‍, കേരളത്തെ ശവപ്പറമ്പാക്കി മാറ്റുന്ന ആസിയന്‍ കരാറിനെതിരെ പ്രതിഷേധത്തിന്റെ അലമാലകളാണ് സൃഷ്ടിച്ചത്. പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല വ്യത്യസ്ത ജനാധിപത്യപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ ജനവിഭാഗങ്ങളും ഈ മുദ്രാവാക്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് അണിചേര്‍ന്നു. കാര്‍ഷികമേഖലയെയും പരമ്പരാഗതമേഖലയെയും തകര്‍ത്ത് തങ്ങളുടെ ജീവിതസ്വപ്നങ്ങള്‍ക്ക് മുകളിലാണ് ഈ കരാര്‍ വരുന്നതെന്ന തിരിച്ചറിവ് കൂടുതല്‍ ജനവിഭാഗങ്ങളെ ചങ്ങലയില്‍ അണിചേര്‍ക്കുന്നതിന് ഇടയാക്കി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പരമ്പരാഗതമേഖലയില്‍ പണിയെടുത്ത് ജീവിതം മുന്നോട്ടു നയിക്കാന്‍ പ്രയാസപ്പെടുന്ന തൊഴിലാളികളും ഈ കരാറിന്റെ ആപത്തിനെ തിരിച്ചറിഞ്ഞ് കൂട്ടം കൂട്ടമായി ചങ്ങലയില്‍ അണിചേര്‍ന്നു. അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തം മറ്റൊരു സവിശേഷതയാണ്. കേരളത്തെ രക്ഷിക്കാന്‍ അമ്മമാര്‍ രംഗത്തിറങ്ങുന്നുവെന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്നതായിരുന്നു കൈക്കുഞ്ഞുങ്ങളുമായി കുടുംബസമേതം വന്നെത്തിയ സ്ത്രീകളുടെ പങ്കാളിത്തം. കാര്‍ഷിക കേരളത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നെല്ലറകളും മത്സ്യത്തൊഴിലാളി മേഖലയും ഈ ചങ്ങലയില്‍ അത്യന്തം ആവേശത്തോടെയാണ് അണിചേര്‍ന്നത്. കേരളത്തിന്റെ എല്ലാ സാമൂഹ്യമുന്നേറ്റങ്ങളിലും സജീവമായി പങ്കെടുത്ത സാഹിത്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരെല്ലാം കേരളത്തെ രക്ഷപ്പെടുത്താനുള്ള ഈ പോരാട്ടത്തില്‍ മുന്‍പന്തിയില്‍തന്നെ ഉണ്ടാകുമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. തങ്ങളുടെ യൌവനം മുഴുവനും ആധുനിക കേരളത്തെ സൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്കായി മാറ്റിവച്ച പഴയകാല പ്രവര്‍ത്തകരും അത്യന്തം ആവേശത്തോടെയാണ് അണിചേര്‍ന്നത്.

കോരിച്ചൊരിയുന്ന മഴയെയും കാലാവസ്ഥ സൃഷ്ടിച്ച മറ്റെല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുകൊണ്ട് എത്തിച്ചേര്‍ന്ന സഖാക്കള്‍ കേരളത്തിന്റെ അഭിമാനത്തെ ആരുടെ മുമ്പിലും അടിയറവയ്ക്കാന്‍ തയ്യാറില്ലെന്ന പ്രഖ്യാപനം തന്നെയാണ് നടത്തിയത്. നാടിന്റെ നിലനില്‍പ്പുപോലും പ്രതിസന്ധിയിലാക്കുന്ന ആസിയന്‍ കരാറിനെ ഒരു മനസ്സോടെ എതിര്‍ക്കുമെന്ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ അണിനിരന്ന ജനസമൂഹം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന്റെ സമരപോരാട്ടങ്ങളില്‍ അതൊരു പുതിയ അധ്യായംതന്നെ തുറക്കുകയായിരുന്നു.
മനുഷ്യച്ചങ്ങലയ്ക്കായിരുന്നു ആഹ്വാനമെങ്കിലും കേരളത്തിലുടനീളം അവ മനുഷ്യമതിലായി തന്നെ മാറി. തീരുമാനിച്ച ക്വോട്ടയേക്കാള്‍ എത്രയോ ഉയര്‍ന്ന പങ്കാളിത്തമാണ് മൊത്തത്തില്‍ ഓരോ പ്രദേശത്തും ഉണ്ടായത്. വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 117.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ത്ത അനുബന്ധ ചങ്ങലയിലേക്കും ജനപ്രവാഹം തന്നെയായിരുന്നു. സാമ്രാജ്യത്വ-ആഗോളവല്‍ക്കരണവിരുദ്ധ സമരപോരാട്ടങ്ങളില്‍ കേരളത്തിന്റെ മറ്റൊരു സംഭാവനയാണ് വൈവിധ്യമാര്‍ന്ന ഈ പരിപാടി. കേരളം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും പുതിയ തലമുറ പോരാട്ടങ്ങളില്‍ വിമുഖമാണ് എന്നും പ്രചാരവേല നടത്തുന്ന ഘട്ടത്തിലാണ് ഈ പരിപാടി നടന്നത്. ചങ്ങലയില്‍ അണിചേര്‍ന്ന ജനവിഭാഗങ്ങളില്‍ ഒരു വലിയ ശതമാനം യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു. കേരളത്തെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അതിനെതിരായുള്ള ചെറുത്തുനില്‍പ്പ് തലമുറ തലമുറ കൈമാറി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോവുകയാണെന്ന് ഈ പങ്കാളിത്തം പിന്തിരിപ്പന്മാരെ ഓര്‍മപ്പെടുത്തുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ എം തകര്‍ന്നിരിക്കുന്നുവെന്ന് മുറവിളി കൂട്ടിയ വലതുപക്ഷ ശക്തികള്‍ക്കും അവരുടെ കുഴലൂത്തുകാര്‍ക്കും കനത്ത തിരിച്ചടിയാണ് ഈ ജനമുന്നേറ്റം നല്‍കിയത്. സിപിഐ എമ്മിലാണ് കേരള ജനത പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ് അഭൂതപൂര്‍വമായ ഈ ജനസഞ്ചയം. ഒരു രാഷ്ട്രീയ പാര്‍ടിയിലെയും പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്ത നിരവധി പേര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ പരിപാടിയില്‍ പങ്കെടുത്തു എന്നത് കാണിക്കുന്നത് പാര്‍ടിയെ എത്ര പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത് എന്നാണ്. പാര്‍ടി സംഘടനാപരമായി ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നും മുന്‍കാലങ്ങളിലെപ്പോലെ പരിപാടികള്‍ വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നും പലരും പ്രചരിപ്പിച്ചിരുന്നു. അവര്‍ക്കുള്ള മറുപടികൂടിയാണ് ഈ പരിപാടി.

അരാഷ്ട്രീയ സംഘടനകളും ഇടതുപക്ഷ തീവ്രവാദികളും നടത്തുന്ന ചെറിയ പരിപാടികളെപ്പോലും പര്‍വതീകരിച്ച് കാണിക്കുന്നതിന് വെമ്പല്‍കൊള്ളുന്ന പല മാധ്യമങ്ങളും കേരളത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. മറിച്ച് അപ്രസക്തമായ വാര്‍ത്തകളെ ബാനര്‍ തലക്കെട്ടുകളായി കൊണ്ടുവന്നും വാര്‍ത്തകള്‍ സ്വയം മെനഞ്ഞും പാര്‍ടിക്കെതിരായി ഈ ദിനങ്ങളിലെല്ലാം പ്രചാരവേല സംഘടിപ്പിക്കുകയായിരുന്നു. എന്നിട്ടും ഈ മഹത്തായ പരിപാടിക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ കഴിയാതെ പോയി എന്ന യാഥാര്‍ഥ്യത്തെയും നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. മനുഷ്യച്ചങ്ങല ഒരു മഹാസംഭവമായി മാറിയപ്പോള്‍ അത്തരക്കാര്‍ക്കും ഇതിന് പ്രാധാന്യം കൊടുക്കേണ്ടി വന്നു എന്നത് ജനകീയ മുന്നേറ്റത്തിനു മുന്നില്‍ മറ്റെല്ലാം അപ്രസക്തമായി തീരും എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ്. സാമ്രാജ്യത്വ വിരോധത്തിന്റെ കുന്തമുനയുമായി നടക്കുന്നെന്ന് സ്വയം അഭിമാനിക്കുന്ന തീവ്ര ഇടതുപക്ഷക്കാര്‍ വലതുപക്ഷ മാധ്യമങ്ങളുടെ പരിലാളന ഏറ്റുകൊണ്ട് സിപിഐ എമ്മിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന പ്രചാരവേല വര്‍ത്തമാനകാലത്ത് ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം പ്രചാരവേലകള്‍ക്കും കേരളത്തിന്റെ യഥാര്‍ഥ ഇടതുപക്ഷ മനസ്സിന് പോറലേല്‍പ്പിക്കാന്‍ കഴിയുകയില്ലെന്ന വസ്തുതയാണ് ഈ മഹത്തായ ജനപ്രവാഹം തെളിയിച്ചത്.

ഈ മനുഷ്യച്ചങ്ങല വരാന്‍ പോകുന്ന പോരാട്ടങ്ങളുടെ തുടക്കം മാത്രമാണ്. വമ്പിച്ച ജനകീയമുന്നേറ്റം സംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് വരുംനാളുകളില്‍ നമുക്ക് ഏറ്റെടുക്കാനുള്ളത്. അതുകൊണ്ടു തന്നെ ഈ സമരം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല.

ഇത് കേരളീയന്‍ ജീവിക്കണമോ മരിക്കണമോ എന്ന് തീരുമാനിക്കാനുള്ള പോരാട്ടമാണ്. മഹത്തായ ജനകീയ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ ഏത് ഭരണാധികാരിയും കീഴടങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ചരിത്രത്തിന്റെ സുപ്രധാനമായ പാഠമാണ്. അത് ഉള്‍ക്കൊള്ളാതെ മുന്നോട്ടു പോയവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. കേരളത്തെ വന്‍കിട കുത്തകകള്‍ക്കു വേണ്ടി തകര്‍ക്കാനുള്ള ബോധപൂര്‍വമായ പദ്ധതിയാണ് ഈ കരാറിലൂടെ രൂപപ്പെട്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് പോലും സമ്മതിക്കേണ്ടി വന്നിട്ടുള്ളതുമാണ്. എന്നിട്ടും അതിനെ ന്യായീകരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ചരിത്രത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് നിലപാടെടുക്കാന്‍ തയ്യാറാവേണ്ടതുണ്ട്.

ആസിയന്‍ കരാറിനെതിരായി പ്രതിഷേധിക്കുകയും എന്നാല്‍, കേരളജനത നടത്തുന്ന പോരാട്ടങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയുംചെയ്യുന്ന ചില പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവരുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതൊരു മഹത്തായ തുടക്കമാണ്. ഇതിന്റെ കരുത്തില്‍ കൂടുതല്‍ തീവ്രതയോടെ ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി മുഴുകും. അതിനായി ഈ പോരാട്ടങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറുള്ളവരെയെല്ലാം യോജിപ്പിച്ചുകൊണ്ടുള്ള വലിയ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരും. അതിന് എല്ലാവിധ പിന്തുണയും അഭ്യര്‍ഥിക്കുന്നു. ഈ മനുഷ്യച്ചങ്ങല മഹാസംഭവമാക്കിയ എല്ലാവരെയും അഭിവാദ്യംചെയ്യുന്നു.

പിണറായി വിജയന്‍ ദേശാഭിമാനി 05 ഒക്ടോബര്‍ 2009

1 comment:

  1. അരാഷ്ട്രീയ സംഘടനകളും ഇടതുപക്ഷ തീവ്രവാദികളും നടത്തുന്ന ചെറിയ പരിപാടികളെപ്പോലും പര്‍വതീകരിച്ച് കാണിക്കുന്നതിന് വെമ്പല്‍കൊള്ളുന്ന പല മാധ്യമങ്ങളും കേരളത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. മറിച്ച് അപ്രസക്തമായ വാര്‍ത്തകളെ ബാനര്‍ തലക്കെട്ടുകളായി കൊണ്ടുവന്നും വാര്‍ത്തകള്‍ സ്വയം മെനഞ്ഞും പാര്‍ടിക്കെതിരായി ഈ ദിനങ്ങളിലെല്ലാം പ്രചാരവേല സംഘടിപ്പിക്കുകയായിരുന്നു. എന്നിട്ടും ഈ മഹത്തായ പരിപാടിക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ കഴിയാതെ പോയി എന്ന യാഥാര്‍ഥ്യത്തെയും നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. മനുഷ്യച്ചങ്ങല ഒരു മഹാസംഭവമായി മാറിയപ്പോള്‍ അത്തരക്കാര്‍ക്കും ഇതിന് പ്രാധാന്യം കൊടുക്കേണ്ടി വന്നു എന്നത് ജനകീയ മുന്നേറ്റത്തിനു മുന്നില്‍ മറ്റെല്ലാം അപ്രസക്തമായി തീരും എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ്.

    ReplyDelete