Sunday, October 11, 2009

വിദ്യാഭ്യാസ അവകാശനിയമം ഒരു വിലയിരുത്തല്‍

രാജ്യത്തെ ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള വിദ്യാഭ്യാസ അവകാശനിയമം നിലവില്‍വന്ന് പതിനഞ്ചു ദിവസം കഴിയുന്നതിനു മുമ്പാണ് രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ തിക്കിലും തിരക്കിലുംപെട്ട് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഏറെയകലെയല്ലാത്ത ഖജൂരിയാസ് എന്ന വിദ്യാലയമുറ്റത്തായിരുന്നു സംഭവം. മുപ്പത്തിനാല് വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ആശുപത്രിയിലായി. ആയിരത്തഞ്ഞൂറിലധികം വിദ്യാര്‍ഥികളുള്ള ഇവിടെ ഏഴു ക്ളാസ് മുറി മാത്രമാണുള്ളത്. രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റിലെയും കുട്ടികള്‍ക്ക് ഒന്നിച്ച് പരീക്ഷയായിരുന്നു. ക്ളാസ് മുറികള്‍ പുനഃക്രമീകരിക്കാന്‍ നിര്‍ദേശിച്ചപ്പോഴാണ് സംഭവമെന്നാണ് ഔദ്യോഗിക വിശദീകരണം.
സാമ്പത്തികമായും സാമൂഹ്യമായും പിന്നണിയില്‍ കിടക്കുന്ന ജനങ്ങള്‍ ഏറെ അധിവസിക്കുന്ന മേഖലയാണ് വടക്കുകിഴക്കന്‍ ഡല്‍ഹി. ഇവിടത്തെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് മൂത്രപ്പുരയില്ല, കക്കൂസില്ല, കളിസ്ഥലമില്ല, കുടിക്കാന്‍ വെള്ളമില്ല. ആകെ ഇടിഞ്ഞുവീഴാറായ ഏഴ് ക്ളാസ് മുറി മാത്രം. സമീപസ്കൂളിനകത്ത് പ്രവേശനം സൌജന്യമെന്നാണ് നിയമത്തില്‍ എഴുതിയിരിക്കുന്നത്. സമീപത്ത് സ്കൂളുകളുണ്ടെങ്കിലല്ലേ അതിനു സാധിക്കുകയുള്ളൂ.

ഇന്ത്യയില്‍ ആകെ 6,51,381 പ്രൈമറിസ്കൂളാണ് നിലവിലുള്ളത്. ആകെ വില്ലേജാകട്ടെ 6,38,588. ഒറ്റനോട്ടത്തില്‍ വില്ലേജുകളുടെ എണ്ണത്തേക്കാള്‍ 12,793 സ്കൂള്‍ അധികം. എന്നാല്‍, യാഥാര്‍ഥ്യം വലിയശതമാനം വില്ലേജുകളിലും ഒറ്റ സ്കൂള്‍പോലും ഇല്ലെന്നതാണ്. കേരളത്തില്‍ 1364 വില്ലേജിലായി 6697 സ്കൂളുണ്ട്. ത്രിപുരയില്‍ 870 വില്ലേജും 2084 സ്കൂളുമുണ്ട്. എന്നാല്‍, അരുണാചല്‍ പ്രദേശില്‍ 4065 വില്ലേജില്‍ 1337 സുകൂള്‍ മാത്രമാണ്. മോഡിയുടെ 'വികസിത' ഗുജറാത്തില്‍ 18539 വില്ലേജുള്ളപ്പോള്‍ സ്കൂളുകളുടെ എണ്ണം 7245. സ്കൂളുകള്‍ പലയിടത്തും കുട്ടികളുടെ താമസസ്ഥലത്തുനിന്ന്ഏറെ അകലെയാണ്. യാത്രാ സൌകര്യവും ഉണ്ടാകില്ല. ഇവിടങ്ങളിലയച്ച് മക്കളെ പഠിപ്പിക്കുകയെന്നത് രക്ഷിതാക്കള്‍ വേണ്ടെന്നുവയ്ക്കും. കാരണം അതിനു വേണ്ടിവരുന്ന ഭാരിച്ച സാമ്പത്തിക ബാധ്യതയാണ്. അതുകൊണ്ടുതന്നെ എല്ലാ വില്ലേജുകളിലും ഗോത്രവിഭാഗ ഊരുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്താന്‍ കഴിയണം. അതിനൊപ്പം കുട്ടികള്‍ക്കവിടെ എത്തിച്ചേരാന്‍ നല്ല നിലയിലുള്ള യാത്രാ സൌകര്യവും സൌജന്യമായൊരുക്കണം. അതിനാവശ്യമായ ചെലവ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തി സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.

ഇതിനോടൊപ്പം നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ ഭൌതിക സാഹചര്യവും അറിയേണ്ടതാണ്. കടുത്ത ചൂടിലും കൊടും മഴയിലും തലയ്ക്കുമീതെ ഓലമറപോലുമില്ലാതെ വിദ്യാഭ്യാസംചെയ്യുന്ന ലക്ഷക്കണക്കിന് കുട്ടികളുണ്ട് ഇവിടെ. ഇവര്‍ക്കായി സര്‍ക്കാര്‍ ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് അഞ്ചുരൂപപോലും ചെലവാക്കുന്നില്ല. ഇന്ത്യയിലെ അറിയപ്പെടുന്ന നൂറ് സ്വകാര്യ സ്വാശ്രയ സ്കൂളുകളെടുത്താല്‍ അവിടെ ഒരു കുട്ടിക്ക് ശരാശരി അമ്പത് ലക്ഷത്തിലധികം രൂപ ചെലവഴിക്കുന്നു. ജിംനേഷ്യവും സ്വിമ്മിങ്പൂളും, എസി മുറികളും നിറയെ വര്‍ണവിളക്കുകളും ഉള്ളവ. ലാബിലും ലൈബ്രറിയിലും ലോകോത്തര സൌകര്യങ്ങള്‍. അതിസമ്പന്നപുത്രരുടെ പാഠശാലകള്‍ പലതും സുഖവാസകേന്ദ്രങ്ങള്‍ക്കരികെയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ പലതിന്റെയും കോടികള്‍ വിലമതിക്കുന്ന ഭൂമി സര്‍ക്കാര്‍ സൌജന്യമായി പതിച്ചുനല്‍കിയതാണ്. സര്‍ക്കാര്‍സ്കൂള്‍ പണിയാന്‍ ഭൂമിയില്ല. മുതലാളിമാര്‍ക്ക് പതിച്ചുനല്‍കാന്‍ ഭൂമിക്ക് ക്ഷാമമില്ല. ഡല്‍ഹി നഗരഹൃദയത്തില്‍തന്നെ പതിച്ചു നല്‍കിയ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്വകാര്യ സ്കൂളുകള്‍ കാണാം.

981 കേന്ദ്രീയ വിദ്യാലയവും അവിടങ്ങളില്‍ 1025184 വിദ്യാര്‍ഥികളുമാണുള്ളത്. ഇവിടത്തേക്ക് സര്‍ക്കാരിന്റെ ബജറ്റ് വിഹിതം 1451 കോടി രൂപയാണ്. നവോദയ സ്കൂളുകള്‍ 444 ഉം വിദ്യാര്‍ഥികള്‍ ഏകദേശം 158000 ഉം ആണ്. ഇവര്‍ക്ക് നല്‍കുന്നത് 711.20 കോടിയാണ്. രണ്ടിടങ്ങളിലുമായി പഠിക്കുന്ന വിദ്യാര്‍ഥിക്ക് പ്രതിവര്‍ഷം ശരാശരി 18,300 രൂപ ചെലവഴിക്കുന്നു. അസംഘടിത മേഖലയില്‍നിന്നുള്ള തൊഴിലാളികളുടെ മക്കള്‍ ഇവിടങ്ങളില്‍ 0.05 ശതമാനംപോലും വരില്ല. സംഘടിത തൊഴില്‍മേഖലയില്‍ നിന്നുള്ളവരുടെ കുട്ടികളുടെ എണ്ണവും ഏറെ വ്യത്യസ്തമല്ല. മക്കളെ സ്കൂളില്‍ പഠിപ്പിക്കാന്‍ വകയില്ലാത്ത ഒരു രക്ഷിതാവിനും ഇവിടേക്ക് കുട്ടികളെ അയക്കാനാവില്ല.

മേന്മയേറിയ വിദ്യാഭ്യാസം രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും തുല്യമായി ലഭ്യമാക്കും എന്നാണല്ലോ പ്രഖ്യാപനം. കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ, ആര്‍മിസ്കൂള്‍, സംസ്ഥാന സര്‍ക്കാരുകളാല്‍ നടത്തപ്പെടുന്നവ, പഞ്ചായത്ത് /മുനിസിപ്പാലിറ്റികളുടെ ഉടമസ്ഥതയിലുള്ളവ, എയ്ഡഡ് സ്കൂളുകള്‍, അണ്‍ എയ്ഡഡ് സ്കൂളുകള്‍ എന്നിങ്ങനെ വിവിധരീതിയിലുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസ രംഗം. ഇതില്‍ ആദ്യത്തെ മൂന്ന് സ്ഥാപനത്തിലെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന വിദ്യാഭ്യാസ സൌകര്യങ്ങളുടെ മേന്മയും മറ്റ് സര്‍ക്കാര്‍/പൊതുസ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ 'മേന്മ'യും താരതമ്യം ചെയ്യാന്‍പോലും കഴിയാത്തതാണ്. വിദ്യാര്‍ഥികളുടെ പഠനച്ചെലവ് വഹിക്കേണ്ടത് സര്‍ക്കാര്‍ ആയിരിക്കുമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഇതനുസരിച്ച് കേന്ദ്രീയ വിദ്യാലയം, നവോദയ സ്കൂള്‍, ആര്‍മിസ്കൂള്‍ ഇവിടങ്ങളിലെ കുട്ടികളുടെ പഠനച്ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. (അതിപ്പോഴും അങ്ങനെതന്നെയാണ്.) മറ്റുള്ളവരുടെ കാര്യം സംസ്ഥാനം നോക്കണമത്രേ.

സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ബജറ്റിന്റെ 25 മുതല്‍ 28 ശതമാനത്തോളം ഇപ്പോള്‍ത്തന്നെ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നു. കേന്ദ്രബജറ്റിലെ വകയിരുത്തലാകട്ടെ അതിന്റെ പത്തിലൊന്നു മാത്രമാണ്. നികുതിവരുമാനത്തിന്റെ വലിയ പങ്കും കൈക്കലാക്കുന്നത് കേന്ദ്രമാണ്. എന്നാല്‍, നിയമം നടപ്പാക്കുമ്പോഴുണ്ടാകുന്ന അധികബാധ്യത സംസ്ഥാനങ്ങള്‍ക്ക് മുകളിലിടുകയാണ് ഇവിടെ. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിനടത്തിപ്പിനുള്ള കേന്ദ്ര വിഹിതംപോലും ഓരോവര്‍ഷവും വെട്ടിക്കുറയ്ക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ആവശ്യമായ തുക നീക്കിവയ്ക്കാതെ എങ്ങനെയാണ് ഈ നിയമം നടപ്പാക്കുക?

സ്കൂള്‍ ലൈബ്രറി സംവിധാനത്തെക്കുറിച്ച് നിയമത്തില്‍ പങ്ക് വയ്ക്കപ്പെടുന്ന സങ്കല്‍പ്പം നമ്മള്‍ ജീവിക്കുന്ന കാലത്തിന് അനുയോജ്യമല്ല. ബെഞ്ചും കസേരയും ദിനപത്രവും ചേര്‍ത്താല്‍ ആധുനിക ലോകത്ത് ലൈബ്രറിയാകില്ല. രാജ്യത്തെ കുട്ടികള്‍ക്ക് മേന്മയേറിയ വിദ്യാഭ്യാസം ലഭ്യമാക്കണമെങ്കില്‍ മികച്ച ലൈബ്രറി ഒഴിച്ചുകൂടാനാകാത്തതാണ്. ആവശ്യമായ എല്ലാ മേഖലകളിലെയും ജേര്‍ണലുകളും പുസ്തകങ്ങളും ഒപ്പം കംപ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനവും അവിടെ ഉണ്ടാകണം. അധ്യാപകരുടെ ഒഴിവ് ആകെയുള്ളതിന്റെ പത്ത് ശതമാനത്തില്‍ കൂടാതെ നിയന്ത്രിക്കണമെന്നാണ് മറ്റൊന്ന്. ആകെ ഉള്ളത് ആവശ്യത്തിന് തികയുന്നില്ല. അതിന്റെ പത്ത് ശതമാനം ഒഴിച്ചിടാനുള്ള അനുമതികൂടി നല്‍കിയാല്‍ എന്തായിരിക്കും സ്ഥിതി. ആവശ്യമായ അധ്യാപകരെ നിയമിക്കുകയും ഏതെങ്കിലും കാരണവശാല്‍ ഒഴിവ് വരികയാണെങ്കില്‍ ഒരു മാസത്തിനകം നിയമനം നടത്തുകയുമാണ് വേണ്ടത്.

ഇന്ത്യയിലെ കോടിക്കണക്കായ കുട്ടികളുടെയും കുടുംബത്തിന്റെയും ആശ്രയകേന്ദ്രമാണ് അങ്കണവാടികളും ബാലവാടികളും ഉള്‍പ്പെടെയുള്ള പ്രീ-സ്കൂള്‍കേന്ദ്രങ്ങള്‍. പ്രസ്തുത സംവിധാനത്തിന്റെ ഭാഗമായി നാലുകോടിയോളം കുട്ടികളുണ്ട് അവിടങ്ങളില്‍ ടീച്ചര്‍മാരായി പത്തുലക്ഷത്തോളം പേരും ആയമാരായി അത്രതന്നെ ആളുകളും തൊഴിലെടുക്കുന്നു. ഇങ്ങനെ ഏറ്റവും വലിയ വിദ്യാഭ്യാസ സംവിധാനമാണിത്. സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നല്ല പങ്ക് തുക ഈ മേഖലയില്‍ ചെലവഴിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും താല്‍പ്പര്യപൂര്‍വം ഇടപെടാറുണ്ട്. എന്നാല്‍, പതിനഞ്ച് കോടിയിലേറെ കുട്ടികള്‍ പ്രീസ്കൂള്‍ വിദ്യാഭ്യാസം കിട്ടേണ്ടവരായുണ്ട്. അതിനാവശ്യമായ സ്ഥാപനങ്ങളും ജീവനക്കാരും വേണം. അത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളൊന്നും നിയമത്തിലില്ല. പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാഭ്യാസം സ്കൂള്‍പഠനത്തിന്റെ ഭാഗമാണ്. നിയമത്തില്‍ പതിനാല് വയസ്സുവരെയുള്ള കുട്ടികളെക്കുറിച്ച് മാത്രമാണ് പരാമര്‍ശിക്കുന്നത്.

ലക്ഷക്കണക്കിന് കുട്ടികള്‍ ശാരീരിക വൈകല്യമുള്ളവരാണ്. മാനസികവളര്‍ച്ച കുറവുള്ള കുട്ടികളുണ്ട്. ഇവര്‍ക്കും അനുയോജ്യമായ വിദ്യാഭ്യാസ സൌകര്യം ലഭിക്കാനുള്ള അര്‍ഹതയും അവകാശവുമുണ്ട്. എന്നാല്‍, ഇത്തരം കുട്ടികളെ നിയമം അവഗണിക്കുകയാണ്. ഇവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ബാധ്യത ഭരണാധികാരികള്‍ക്കുണ്ട്. ആ ഉത്തരവാദിത്തത്തില്‍നിന്ന് ജനാധിപത്യരാജ്യത്തെ സര്‍ക്കാരിന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. ഇവര്‍ക്കായുള്ള സ്പെഷ്യല്‍ സ്കൂള്‍ പരിമിതമായ എണ്ണം മാത്രമാണ്.

അണ്‍എയ്ഡഡ് സ്കൂളില്‍ സമീപപ്രദേശത്തെ ഇരുപത്തഞ്ച് ശതമാനം കുട്ടികള്‍ക്ക് സംവരണം നിയമത്തില്‍ വ്യവസ്ഥചെയ്യുന്നുണ്ട്. ഈ കുട്ടികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ വഹിക്കണം. സര്‍ക്കാര്‍മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തിടത്ത് ഇത് തല്‍ക്കാലത്തേക്ക് സഹായകമാകും. കേരളത്തിന്റെ സാഹചര്യത്തില്‍ ഇതിന് തീരെ പ്രസക്തിയില്ല. ഇത് സര്‍ക്കാരിന്റെ കാശ് വിദ്യാഭ്യാസക്കച്ചവടക്കാരുടെ കൈകളിലെത്താനുള്ള കുറുക്കുവഴി ആകാനിടയുണ്ട്. യുപിഎ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. രാജ്യത്തെ സ്കൂള്‍വിദ്യാഭ്യാസത്തെ സമ്പൂര്‍ണമായി കച്ചവടശക്തികള്‍ക്ക് തുറന്നിടാനാണ് അവര്‍ ശ്രമിക്കുന്നത്. പുരോഗമനപരമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന നിര്‍ദേശങ്ങളില്‍ പലതിലും അവര്‍ക്ക് രഹസ്യ അജന്‍ഡയുണ്ട്. അതിനെ ചെറുക്കാനുള്ള ജാഗ്രതയാര്‍ന്ന സമീപനമാണ് പുരോഗമന ശക്തികളില്‍നിന്ന് ഉണ്ടാകേണ്ടത്.

വി ശിവദാസന്‍ ദേശാഭിമാനി

1 comment:

  1. രാജ്യത്തെ ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള വിദ്യാഭ്യാസ അവകാശനിയമം നിലവില്‍വന്ന് പതിനഞ്ചു ദിവസം കഴിയുന്നതിനു മുമ്പാണ് രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ തിക്കിലും തിരക്കിലുംപെട്ട് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഏറെയകലെയല്ലാത്ത ഖജൂരിയാസ് എന്ന വിദ്യാലയമുറ്റത്തായിരുന്നു സംഭവം. മുപ്പത്തിനാല് വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ആശുപത്രിയിലായി. ആയിരത്തഞ്ഞൂറിലധികം വിദ്യാര്‍ഥികളുള്ള ഇവിടെ ഏഴു ക്ളാസ് മുറി മാത്രമാണുള്ളത്. രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റിലെയും കുട്ടികള്‍ക്ക് ഒന്നിച്ച് പരീക്ഷയായിരുന്നു. ക്ളാസ് മുറികള്‍ പുനഃക്രമീകരിക്കാന്‍ നിര്‍ദേശിച്ചപ്പോഴാണ് സംഭവമെന്നാണ് ഔദ്യോഗിക വിശദീകരണം.

    ReplyDelete