Saturday, October 3, 2009

രാജ്യത്തിന്റെ താക്കീത്

രാജ്യത്തിന്റെ താക്കീത്: കാരാട്ട്

കേരളത്തെ തകര്‍ക്കുന്ന ആസിയന്‍ കരാറിനെതിരെ തീര്‍ത്ത മനുഷ്യച്ചങ്ങല രാജ്യത്തിന്റെയാകെ താക്കീതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കരാര്‍ അറബിക്കടലില്‍ താഴ്ത്തുംവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആസിയന്‍ കരാറിനെതിരെ കേരളം തീര്‍ത്ത ഐതിഹാസികമായ മനുഷ്യച്ചങ്ങലയുടെ ഭാഗമായി രാജ്‌ഭവനു മുന്നില്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്. കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഈ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നു. കരാറിന്റെ കാര്യത്തില്‍ എല്ലാ ജനാധിപത്യതത്വങ്ങളും കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. കൃഷി അടക്കമുള്ള വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ കീഴിലാണ്. എന്നാല്‍, കാര്‍ഷിക മേഖലയെയാകെ ബാധിക്കുന്ന കരാര്‍ സംസ്ഥാനങ്ങളോട് ചര്‍ച്ചചെയ്യാന്‍ കേന്ദ്രം തയ്യാറായില്ല. കരാര്‍ ഒപ്പിട്ടശേഷമാണ് ഉള്ളടക്കം കേരളം മനസിലാക്കിയത്. കരാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താനും വിശദാംശം ജനങ്ങളെ അറിയിക്കാനും കേന്ദ്രം വിസമ്മതിച്ചു. കൃഷിക്കാരും മത്സ്യത്തൊഴിലാളികളും ചെറുകിട ഉല്‍പ്പാദകരും അടക്കമുള്ള വലിയ ജനവിഭാഗത്തെ കരാര്‍ ദോഷകരമായി ബാധിക്കും. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമെല്ലാം കരാര്‍ ഗുണകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. 177 മത്സ്യവിഭവങ്ങളുടെ ഇറക്കുമതി നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കും. കുരുമുളകിന്റെ നാടായ കേരളത്തില്‍ ഇരുപതു വര്‍ഷത്തിനുള്ളില്‍ കുരുമുളക് കൃഷി ഓര്‍മയാവും. നാളികേര കര്‍ഷകരെ കരാര്‍ ബാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍, വന്‍തോതിലുള്ള പാമോയില്‍ ഇറക്കുമതി നാളികേരത്തെയും വെളിച്ചെണ്ണയെയും ഇല്ലാതാക്കുമെന്നും കാരാട്ട് പറഞ്ഞു. തേക്കടിയിലെ ബോട്ട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് കാരാട്ട് പ്രസംഗം തുടങ്ങിയത്. വേദാജനകമായ ഈ സംഭവം നിരവധി കുടുംബങ്ങള്‍ക്ക് തീരാനഷ്ടമാണ് വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ആസിയന്‍ ഉല്‍പ്പന്നം വില്‍ക്കാന്‍ അനുവദിക്കില്ല: പിണറായി

ആസിയന്‍ കരാര്‍ വഴി ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വിറ്റഴിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനലക്ഷങ്ങള്‍ അണിനിരന്ന മനുഷ്യച്ചങ്ങല കേരളത്തിന്റെ മുന്നറിയിപ്പാണെന്നും രാജ്‌ഭവനു മുന്നിലെ പൊതുസമ്മേളനത്തില്‍ അധ്യക്ഷനായ പിണറായി പറഞ്ഞു. ആസിയന്‍ കരാര്‍ നാടിന്റെ മരണവാറന്റായി മാറും. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പുണ്ടാകണം. മനുഷ്യച്ചങ്ങലയില്‍ കേരളത്തെ സ്നേഹിക്കുന്നവരെല്ലാം അണിനിരന്നു. കക്ഷി-രാഷ്‌ട്രീയ ചിന്തകള്‍ക്കതീതമായി ഒരേ മനസ്സോടെയാണ് കേരളം പ്രതിഷേധിച്ചത്. കരാര്‍ ഒപ്പിടുന്നതിനുമുമ്പ് കേരളവുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഉറപ്പുനല്‍കിയിരുന്നു. പ്രത്യേകസമിതിയെ നിയോഗിച്ച് കേരളത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും വാഗ്ദാനമുണ്ടായി. എന്നാല്‍, എല്ലാം ജലരേഖയായി. പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ചിരിക്കുമ്പോഴാണ് കരാര്‍ ഒപ്പിട്ട വിവരം ഇടിത്തീപോലെ വരുന്നത്. കടുത്ത വഞ്ചനയാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയത്. കരാര്‍ കാര്‍ഷികമേഖലയെ തകര്‍ക്കും. പരമ്പരാഗത വ്യാവസായിക മേഖലയെയും പ്രതികൂലമായി ബാധിക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമയമാകും. കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ ബഹുജനസമരം ശക്തമായി തുടരണമെന്ന് പിണറായി പറഞ്ഞു.

പ്രതിഷേധം പരിഗണിച്ചില്ലെങ്കില്‍ പുതിയ സമരമാര്‍ഗം: മുഖ്യമന്ത്രി

മനുഷ്യച്ചങ്ങലയിലൂടെയുള്ള കേരളത്തിന്റെ പ്രതിഷേധം പരിഗണിച്ചില്ലെങ്കില്‍ പുതിയ സമരമാര്‍ഗങ്ങള്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളീയരുടെ അഭിമാനംപോലും ചോദ്യംചെയ്യുന്ന കരാറാണിത്. കേരള ജനതയുടെ ജീവിതം പന്താടാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കൂട്ടരും തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇതൊരിക്കലും അനുവദിക്കില്ല. മനുഷ്യച്ചങ്ങലയുടെ ഭാഗമായി രാജ്‌ഭവനു മുന്നില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കരാര്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കുമെന്ന് പ്രധാനമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയതാണ്. സംസ്ഥാനങ്ങളുടെ പ്രയാസങ്ങള്‍ കേള്‍ക്കുമെന്നും വിശദമായി ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു. എല്ലാ വാഗ്ദാനങ്ങളും കാറ്റില്‍ പറത്തി കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടു. കേരളത്തിന്റെ ഉല്‍ക്കണ്ഠ കേന്ദ്രം അവഗണിക്കുകയായിരുന്നു. കേരളത്തിലെ ജനങ്ങളെ ആക്രമിക്കുന്ന കരാറാണിതെന്ന് എല്‍ഡിഎഫ് കൺവീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

പ്രക്ഷോഭം ശക്തമാക്കും: എസ് ആര്‍ പി

ആസിയന്‍ കരാറിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. മനുഷ്യച്ചങ്ങലയില്‍ കാസര്‍കോട്ട് ആദ്യകണ്ണിയായി പങ്കെടുത്തശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന കരാറില്‍ മാറ്റംവരുത്താന്‍, മനുഷ്യച്ചങ്ങലയിലെ പങ്കാളിത്തം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. എല്ലാവരുമായി യോജിച്ച് ആസിയന്‍കരാറിനെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് സിപിഐ എം തീരുമാനിച്ചിരിക്കുന്നത്. വന്‍കിട കുത്തകകളെ സഹായിക്കാനാണ് കേന്ദ്രം ആസിയന്‍കരാറില്‍ ഒപ്പിട്ടത്. കരാറിലൂടെ കേരളീയരെ മരണക്കയത്തിലേക്ക് തള്ളിവിടുകയാണ്. കുരുമുളകും ഏലവും കാപ്പിയും റബറും ഉള്‍പ്പെടെയുള്ള നാണ്യവിളകളും മത്സ്യവിഭവങ്ങളും തീരുവയില്ലാതെ വ്യാപകമായി ഇറക്കുമതി ചെയ്യും. ആസിയന്‍ രാജ്യങ്ങളില്‍നിന്നുമാത്രമല്ല, മറ്റു രാജ്യങ്ങളില്‍നിന്നുള്ള കാര്‍ഷികവിഭവങ്ങളും കരാറിന്റെ മറവില്‍ ഇന്ത്യയിലേക്ക് ഒഴുകും. കരാറിനെ ന്യായീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ വാദം യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. കരാറിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് കള്ളപ്രചാരണം നടത്തുന്നതെന്ന് എസ് ആര്‍ പി പറഞ്ഞു.

കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാകണം: തോമസ് ഐസക്

ആസിയന്‍ കരാറില്‍ കേരളത്തിന്റെ ആവശ്യങ്ങളിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ആവശ്യപ്പെട്ടു. സിപിഐ എം സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ പങ്കെടുത്തശേഷം വെള്ളക്കിണര്‍ ജങ്ഷനില്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസിയന്‍ കരാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സിപിഐ എം ഉയര്‍ത്തിയ മുദ്രാവാക്യം വലിയ രൂപത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് മനുഷ്യചങ്ങലയിലെ ജനങ്ങളുടെ വന്‍പങ്കാളിത്തം. ഈ സമരത്തില്‍നിന്ന് കേന്ദ്രം പാഠം പഠിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യാനന്തര കേരളം കണ്ടിട്ടില്ലാത്തവിധമുള്ള സമരങ്ങള്‍ക്ക് സാക്ഷ്യംവഹിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും കേരളം ആവശ്യപ്പെടുന്നത് സംസ്ഥാനത്ത് സാര്‍വത്രിക റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക, കാര്‍ഷിക വിളകള്‍ക്ക് സബ്‌സിഡി അനുവദിക്കുക, ഓരോ കൃഷിക്കും പ്രത്യേക പാക്കേജ് അനുവദിക്കുക എന്നതാണ്. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കരാര്‍ കേരള ജനതയ്ക്ക് ഏറെ ദോഷകരമാണെന്ന് രണ്ടുദിവസമായി കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന പരസ്യത്തില്‍നിന്ന് വ്യക്തമാവുന്നുണ്ട്. വ്യവസായ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് കരാര്‍ പ്രയോജനമാവും. എന്നാല്‍, കാര്‍ഷിക മേഖലയുടെ നട്ടെല്ലു തകര്‍ക്കുന്നതാണ് കരാറെന്ന് പരസ്യം വ്യക്തമാക്കുന്നു. ആസിയന്‍ രാജ്യങ്ങള്‍ കരാര്‍കൊണ്ട് നേടാന്‍ ശ്രമിക്കുന്നത് റബര്‍, പാമോയില്‍, കാപ്പി, തേയില, കുരുമുളക്, ഏലം തുടങ്ങിയവയെല്ലാം ഇവിടേക്ക് യഥേഷ്‌ടം ഇറക്കുമതി ചെയ്യുക എന്നതാണ്. കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യത്തിന് കേരളത്തിന് കാത്തുനില്‍ക്കാനാവില്ലെന്നതിന്റെ ശക്തമായ തെളിവാണ് മനുഷ്യച്ചങ്ങലയിലൂടെ കേരളജനത നല്‍കിയതെന്നും ഐസക് പറഞ്ഞു.

പട്ടിണിക്കിടുന്ന കേന്ദ്രനീക്കം ചെറുക്കണം: കോടിയേരി

ആസിയന്‍ കരാറിനു പിന്നാലെ റേഷന്‍ സംവിധാനമാകെ തകര്‍ക്കാനുള്ള ഭക്ഷ്യസുരക്ഷാ ബില്ലും കേന്ദ്രം നടപ്പാകുന്നതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണമാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തെ പട്ടിണിക്കിടാനുള്ള കേന്ദ്രനീക്കം കക്ഷിരാഷ്‌ട്രീയ ഭേദമന്യേ യോജിച്ച് ചെറുക്കണം. മനുഷ്യച്ചങ്ങലയുടെ ഭാഗമായ പൊതുയോഗം വൈറ്റിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസിയന്‍ കരാറിനെതിരെ കേരള ജനതയുടെ പ്രതിഷേധത്തിന്റെ തുടക്കമാണ് മനുഷ്യച്ചങ്ങല. കേരളരക്ഷക്കുള്ള പ്രതിഷേധത്തില്‍ പ്രതിപക്ഷവും അണിചേരണമായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും ഉള്‍പ്പെട്ട സംഘത്തിന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പാണ് കരാര്‍ ഒപ്പിട്ടതോടെ ലംഘിച്ചത്. കേന്ദ്രഭരണം കിട്ടിയപ്പോള്‍ കര്‍ഷകരെയും തൊഴിലാളികളെയും കോൺഗ്രസ് മറന്നു. കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര നടപടികള്‍ക്കെതിരെ വ്യത്യസ്‌ത രാഷ്‌ട്രീയാഭിപ്രായങ്ങള്‍ നിലനിര്‍ത്തിത്തന്നെ യോജിച്ചു പോരാടാന്‍ എല്ലാ വിഭാഗവും തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

പ്രതിഷേധജ്വാല കണ്ട് കരാറില്‍നിന്ന് പിന്‍വാങ്ങണം: ഇ പി ജയരാജന്‍

ജനകീയ പ്രതിഷേധത്തിന്റെ ജ്വാല കണ്ടെങ്കിലും നാടിനെ തകര്‍ക്കുന്ന ആസിയന്‍ കരാറില്‍നിന്ന് കേന്ദ്ര ഭരണാധികാരികള്‍ പിന്‍വാങ്ങണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മനുഷ്യച്ചങ്ങലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ കുത്തുപാളയെടുപ്പിക്കുന്ന കരാറിനെതിരെയുള്ള പ്രതിഷേധപ്രവാഹം ഡല്‍ഹിയിലെ സിംഹാസനത്തിലിരിക്കുന്നവരെ അറിയിക്കാനെങ്കിലും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തയ്യാറാവണം. ജനങ്ങളുടെ താല്‍പര്യം തിരിച്ചറിയാനാകാത്ത പ്രതിപക്ഷനേതാവ് കേരളത്തിന്റെ ശാപമായി മാറിയിരിക്കുകയാണ്. റിലയൻസ് പോലുള്ള ഇന്ത്യന്‍ കുത്തകകള്‍ക്ക് ആസിയന്‍ രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ എത്തിക്കാനാണ് കരാറിലൂടെ കോൺഗ്രസും മന്‍മോഹന്‍സിങ് സര്‍ക്കാരും സൌകര്യമൊരുക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസിന് നല്‍കിയ 543 കോടിക്കുള്ള പ്രത്യുപകാരമാണ് കരാര്‍. പ്രാഥമിക കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ തായ്‌ലന്‍ഡില്‍ സൌകര്യം ഒരുക്കിയത് റിലയന്‍സ് കമ്പനിയാണ്. പാര്‍ലമെന്റിലെ 543 എംപിമാരില്‍ 300പേര്‍ ശതകോടീശ്വന്മാരാണ്. ശശി തരൂരിനെപോലുള്ള ജനബന്ധമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ക്ക് എങ്ങനെ സാധാരണക്കാരന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനാവും. കേരളജനതയുടെ പ്രതിഷേധത്തിന്റെ വ്യാപ്തി ഉള്‍ക്കൊണ്ടെങ്കിലും ഒടുവിലത്തെ കരാര്‍ ഒപ്പുവെക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങണം. എല്ലാ ഉല്‍പന്നങ്ങളും ഇറക്കുമതിചെയ്യാന്‍ തുടങ്ങിയാല്‍ രാജ്യത്തിന്റെ, പ്രത്യേകിച്ച് കേരളത്തിന്റെ സര്‍വമേഖലയും തകരും. എത്യോപ്യയുടെ അനുഭവമായിരിക്കും ഇവിടെയുമുണ്ടാവുക. പട്ടിണിയിലാണ്ട ജനങ്ങള്‍ തെരുവില്‍ വീണു മരിക്കും. ചെറുപ്പക്കാര്‍ കൊള്ളക്കാരായി മാറും. അതില്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടി കോൺഗ്രസെന്ന വികാരം മാറ്റിവച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം- ഇ പി ജയരാജന്‍ പറഞ്ഞു.

കരാറില്‍നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭം: എളമരം കരീം

കേരളത്തെ നാശത്തിലേക്ക് നയിക്കുന്ന ആസിയന്‍ കരാറില്‍നിന്ന് കേന്ദ്രം പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി കരാര്‍ സംബന്ധിച്ച ആശങ്ക അവസാനിച്ചു എന്ന് പറഞ്ഞ് മുഖം മിനുക്കുകയായിരുന്നു യുഡിഎഫ്. സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുന്ന വ്യവസ്ഥകളാണ് കരാറിലുള്ളത്. കേരളത്തിന്റെ മരണവാറണ്ടാണിത്. സാമ്രാജ്യത്വ ദാസ്യത്തിനെതിരെയുള്ള ജനമുന്നേറ്റമാണ് ഈ മനുഷ്യച്ചങ്ങലയെന്ന് എഴുത്തുകാരന്‍ യു എ ഖാദര്‍ പറഞ്ഞു. ഇത്തരത്തിലാണെങ്കില്‍ സാധാരണക്കാരന്റെ പരമാധികാരംപോലും അടിയറവെക്കുന്ന കരാര്‍ ഒപ്പിടാനും കേന്ദ്ര സര്‍ക്കാര്‍ മടിക്കില്ലെന്ന് പി വത്സല പറഞ്ഞു. മേയര്‍ എം ഭാസ്‌ക്കരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ തേക്കടി ദുരന്തത്തില്‍ മരിച്ചവര്‍ക്കായി അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കാര്‍ഷികമേഖല പൂര്‍ണമായി തകരും: പാലോളി

ആസിയന്‍ കരാര്‍ നടപ്പായാല്‍ കാര്‍ഷിക മേഖല പൂര്‍ണമായും തകരുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും തദ്ദേശ ഭരണമന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. രാജ്യത്തിന് പല നല്ലകാര്യങ്ങള്‍ക്കും മാതൃക കാണിച്ച കേരളത്തിന്റെ തകര്‍ച്ചയാണ് ആസിയാന്‍ കരാറിലൂടെ സംഭവിക്കുക. ജനങ്ങളെ കുത്തുപാളയെടുപ്പിക്കുന്ന കരാറിനെതിരെ കേരള ജനത ഇഞ്ചോടിഞ്ച് പോരാടുമെന്നതിന്റെ തെളിവാണ് മനുഷ്യച്ചങ്ങലയില്‍ ആവേശപൂര്‍വം പങ്കെടുത്ത ജനലക്ഷങ്ങളെന്നും മനുഷ്യച്ചങ്ങലക്കുശേഷം മലപ്പുറത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പാലോളി പറഞ്ഞു. കരാര്‍ ഒപ്പുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞെങ്കിലും കേരളത്തിന്റെ മണ്ണില്‍ ഇത് നടപ്പാക്കാന്‍ അനുവദിക്കില്ല. ഭൂരിപക്ഷത്തിന്റെയും ജീവിതത്തെ ഇത് ബാധിക്കും. കൃഷിക്കാര്‍ പാപ്പരാകുമ്പോള്‍ കുറച്ച് സമ്പന്നര്‍ക്ക് മാത്രം കോടികള്‍ കൊയ്യാന്‍ അവസരം നല്‍കുന്നതാണ് കരാര്‍. സമ്പന്നവര്‍ഗങ്ങള്‍ക്ക് കുടപിടിക്കുന്ന കോൺഗ്രസിന് സാധാരണ ജനങ്ങള്‍ പ്രശ്‌നമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നും പലോളി പറഞ്ഞു.

മലയാളികളെ യുഡിഎഫ് ഒറ്റുകൊടുത്തു: വിജയരാഘവന്‍

ആസിയന്‍ കരാറിനുവേണ്ടി മലയാളിയെ ഒറ്റുകൊടുത്തവരാണ് യുഡിഎഫ് എം പിമാരെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ എം പി പറഞ്ഞു. ഇവരെ ജനം തിരിച്ചറിയും. ആസിയന്‍ കരാറിനെതിരെ കേന്ദ്ര ഭരണാധികാരികള്‍ക്ക് മലയാളി നല്‍കിയ ശക്തമായ താക്കീതാണ് മനുഷ്യച്ചങ്ങല. ഈ സമരം മലയാളിയുടെ ആത്മാഭിമാനത്തെ വാനോളം ഉയര്‍ത്തി. കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി മനുഷ്യച്ചങ്ങല മാറിയെന്ന് മലപ്പുറത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വിജയരാഘവന്‍ വ്യക്തമാക്കി. കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളെ നശിപ്പിക്കുന്നതിലുള്ള പ്രതിഷേധമാണ് സിപിഐ എം രേഖപ്പെടുത്തിയത്. ആസിയന്‍ കരാറിലൂടെ മലയാളിയുടെ പതിനായിരക്കണക്കിന് രൂപ ദിവസേന നഷ്ടമാകുന്നു എന്നത് മാത്രമല്ല തലമുറകളോളം ദുരന്തം ഏറ്റുവാങ്ങേണ്ടിയും വരും. ഇതോടെ കാര്‍ഷികവൃത്തിയില്‍നിന്ന് മലയാളി പറിച്ചെറിയപ്പെടും. യുഡിഎഫും കുത്തക മാധ്യമങ്ങളും ആസിയാന്‍ കരാറിന് കൂട്ടുനില്‍ക്കുന്നു. കരാറുകാരെ പിന്തുണക്കുന്ന നയമാണ് മാധ്യമ മുതലാളിമാരും സ്വീകരിക്കുന്നത്. എന്നാല്‍ കോടിക്കണക്കിന് രൂപ മുടക്കിയ പത്രപ്പരസ്യത്തിലൂടെ ഈ സമരം ശരിയാണെന്ന് കേന്ദ്ര സര്‍ക്കാരും സമ്മതിച്ചിരിക്കയാണെന്ന് വിജയരാഘവന്‍ പറഞ്ഞു.

കേരള ജനതയ്ക്ക് അഭിവാദ്യം: സിപിഐ എം

മനുഷ്യച്ചങ്ങല കേരളത്തിന്റെ ജനമുന്നേറ്റചരിത്രത്തിലെ മഹാസംഭവമാക്കി മാറ്റിയ മുഴുവന്‍ ജനങ്ങളെയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു. കാര്‍ഷികമേഖലയെയുംഅനുബന്ധമേഖലകളെയും തകര്‍ക്കുന്ന ആസിയന്‍ കരാറിനെതിരായി കേരളത്തിന്റെ കടുത്തരോഷമാണ് മനുഷ്യച്ചങ്ങലയില്‍ ഉയര്‍ന്നുകണ്ടത്. മനുഷ്യച്ചങ്ങലയ്‌ക്കുള്ള പാര്‍ടിയുടെ ആഹ്വാനം പഴുതില്ലാത്ത മനുഷ്യമഹാഭിത്തി തീര്‍ത്ത് കേരളം ഏറ്റെടുത്തു. ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ സിപിഐ എമ്മാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന പ്രഖ്യാപനംകൂടിയാണ് 'ആസിയന്‍ കരാര്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച ചങ്ങലയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം. ഒരുതരത്തിലുള്ള കള്ളപ്രചാരവേലകള്‍ക്കും നിരവധിപേര്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ലെന്നുള്ളതിന്റെ തെളിവുകൂടിയാണ് ഈ ജനമുന്നേറ്റം. സംസ്ഥാനത്തിന്റെ എല്ലാ മേഖലയില്‍നിന്നും വമ്പിച്ച ജനപിന്തുണയാണ് ഈ പോരാട്ടത്തിന് ലഭിച്ചത്. പാര്‍ടിപ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല, കേരളത്തിന്റെ ഭാവിയില്‍ ആകാംക്ഷയുള്ള ബഹുജനങ്ങളും കക്ഷിരാഷ്‌ട്രീയത്തിനതീതമായി ഈ പോരാട്ടത്തില്‍ അണിചേര്‍ന്നു. വിവിധ ജനാധിപത്യപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വ്യത്യസ്‌ത ജനവിഭാഗങ്ങളും ഈ മുദ്രാവാക്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പരിപാടിയില്‍ പങ്കെടുത്തു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പരമ്പരാഗതമേഖലയിലെ തൊഴിലാളികളും തങ്ങളുടെ ജീവിതം തകര്‍ക്കുന്ന കരാറിന്റെ ആപത്ത് തിരിച്ചറിഞ്ഞ് ജ്വലിക്കുന്ന രോഷത്തോടെ ചങ്ങലയില്‍ കണ്ണികളായി. സാഹിത്യ-സാംസ്‌ക്കാരിക രംഗത്തെ പ്രവര്‍ത്തകരും കേരളത്തിന്റെ ഈ പൊതുവികാരപ്രകടനത്തില്‍ ഭാഗഭാക്കായി. കോരിച്ചൊരിയുന്ന മഴയെയും കാലാവസ്ഥ സൃഷ്‌ടിച്ച പ്രതിബന്ധങ്ങളെയും ഉന്നതമായ രാഷ്‌ട്രീയബോധത്തോടെ മറികടന്നാണ് ജനങ്ങള്‍ ചങ്ങലയില്‍ അണിചേര്‍ന്നത്. നിരവധി പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്തവ ആരുടെ മുമ്പിലും അടിയറവയ്ക്കാന്‍ തയ്യാറല്ലെന്ന മലയാളിയുടെ അഭിമാനബോധത്തിന്റെ വിളംബരമായി മാറി ഈ സമരം. ആസിയന്‍ കരാറിനെതിരായി കേരളത്തില്‍ ഉയര്‍ന്നുവരാന്‍ പോകുന്ന പ്രക്ഷോഭത്തിന്റെ തുടക്കം മാത്രമാണിത്. തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ കേരളത്തെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

1 comment:

  1. കേരളത്തെ തകര്‍ക്കുന്ന ആസിയന്‍ കരാറിനെതിരെ തീര്‍ത്ത മനുഷ്യച്ചങ്ങല രാജ്യത്തിന്റെയാകെ താക്കീതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കരാര്‍ അറബിക്കടലില്‍ താഴ്ത്തുംവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആസിയന്‍ കരാറിനെതിരെ കേരളം തീര്‍ത്ത ഐതിഹാസികമായ മനുഷ്യച്ചങ്ങലയുടെ ഭാഗമായി രാജ്‌ഭവനു മുന്നില്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്. കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഈ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നു. കരാറിന്റെ കാര്യത്തില്‍ എല്ലാ ജനാധിപത്യതത്വങ്ങളും കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. കൃഷി അടക്കമുള്ള വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ കീഴിലാണ്. എന്നാല്‍, കാര്‍ഷിക മേഖലയെയാകെ ബാധിക്കുന്ന കരാര്‍ സംസ്ഥാനങ്ങളോട് ചര്‍ച്ചചെയ്യാന്‍ കേന്ദ്രം തയ്യാറായില്ല. കരാര്‍ ഒപ്പിട്ടശേഷമാണ് ഉള്ളടക്കം കേരളം മനസിലാക്കിയത്. കരാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താനും വിശദാംശം ജനങ്ങളെ അറിയിക്കാനും കേന്ദ്രം വിസമ്മതിച്ചു. കൃഷിക്കാരും മത്സ്യത്തൊഴിലാളികളും ചെറുകിട ഉല്‍പ്പാദകരും അടക്കമുള്ള വലിയ ജനവിഭാഗത്തെ കരാര്‍ ദോഷകരമായി ബാധിക്കും. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമെല്ലാം കരാര്‍ ഗുണകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. 177 മത്സ്യവിഭവങ്ങളുടെ ഇറക്കുമതി നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കും. കുരുമുളകിന്റെ നാടായ കേരളത്തില്‍ ഇരുപതു വര്‍ഷത്തിനുള്ളില്‍ കുരുമുളക് കൃഷി ഓര്‍മയാവും. നാളികേര കര്‍ഷകരെ കരാര്‍ ബാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍, വന്‍തോതിലുള്ള പാമോയില്‍ ഇറക്കുമതി നാളികേരത്തെയും വെളിച്ചെണ്ണയെയും ഇല്ലാതാക്കുമെന്നും കാരാട്ട് പറഞ്ഞു. തേക്കടിയിലെ ബോട്ട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് കാരാട്ട് പ്രസംഗം തുടങ്ങിയത്. വേദാജനകമായ ഈ സംഭവം നിരവധി കുടുംബങ്ങള്‍ക്ക് തീരാനഷ്ടമാണ് വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete