Saturday, October 17, 2009

ജനിതകവിത്ത് വ്യാപകമാകുന്നു

ജനിതകവഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കാര്യം വിശദമായ ചര്‍ച്ചയ്ക്കുശേഷമേ തീരുമാനിക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജനിതക വിളകളുടെ കൃഷി രാജ്യത്ത് വ്യാപകമാകുന്നു. വഴുതനയ്ക്കു പുറമെ മത്തന്‍, വെണ്ട, പടവലം, പയര്‍, കുമ്പളം, ചുരങ്ങ, പച്ചമുളക് എന്നിവയുടെ ജനിതക വിത്തിനങ്ങളാണ് അനധികൃതമായി വന്‍തോതില്‍ കൃഷിചെയ്യുന്നത്. സാധാരണ വിത്തിനങ്ങള്‍ക്കൊപ്പവും ജനിതകവിത്തുകള്‍ മാത്രമായും കൃഷിചെയ്യുന്നുണ്ട്. ആഗോള വിത്തുഭീമനായ 'മൊസാന്റോ'യുടെ ഇന്ത്യന്‍ പതിപ്പായ 'മഹികോ'യുടെ ആസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇത് വ്യാപകമായി. ആന്ധ്ര, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലും തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലെ കേരളത്തിന്റെ ചില പ്രദേശങ്ങളിലും ജനിതകവിത്തിനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. മഹികോക്കു പുറമെ മറ്റ് അനധികൃത കമ്പനികളുടെ പേരിലും വിത്ത് വിതരണം ചെയ്യുന്നു. പയര്‍വിത്തുകളുടെ വ്യാപാരമാണ് ഇപ്പോള്‍ തകൃതി. 150 പയര്‍ വിത്തുള്ള പായ്ക്കറ്റിന് 40 രൂപയായിരുന്നു കഴിഞ്ഞവര്‍ഷം വില. ഇപ്പോള്‍ 150 രൂപയായി. ഒറ്റത്തവണമാത്രം വിളവെടുക്കാനാകുന്ന ഈ വിത്തിനം മറ്റു വിളകളെ നശിപ്പിക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതാക്കുകയും ചെയ്യുന്നു. ഉത്തര മഹാരാഷ്ട്രയിലെ നാസിക് അടക്കമുള്ള ജില്ലകളില്‍ ജനിതകവിത്തുകള്‍ വ്യാപകമായത് കാര്‍ഷികരീതിയെതന്നെ അട്ടിമറിച്ചു. ജനിതകവിളകളുടെ പൂമ്പൊടി മറ്റു വിളകളില്‍ വീണാല്‍ അവയുടെ കായ്കള്‍ ചുരുണ്ടുപോകുന്നെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മഹാരാഷ്ട്രയില്‍ മിക്ക മേഖലയിലും വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ കീടനാശിനികളും വിറ്റഴിക്കുന്നുണ്ട്. കൂടുതല്‍ വിളവിന് മരുന്ന് തളിക്കണമെന്ന് കര്‍ഷകരെ വിശ്വസിപ്പിച്ചാണിത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തക്കാളിക്കൃഷി ചെയ്തിരുന്ന സ്ഥലങ്ങളില്‍ പത്ത് നാടന്‍ ഇനങ്ങള്‍ വ്യത്യസ്ത മണവും നിറവും രുചിയുമായി നിലനിന്നിരുന്നു. ഇന്ന് അവയുടെ സ്ഥാനത്ത് മണമില്ലാത്ത ഒറ്റയിനം തക്കാളിമാത്രമായി. ജനിതക പയര്‍കൃഷിയാണ് വലിയ നാശമുണ്ടാകുന്നത്. മണ്ണില്‍ നൈട്രജന്‍ നല്‍കുന്ന പരമ്പരാഗത പയര്‍കൃഷിയുടെ സ്ഥാനത്ത് മണ്ണിനെ നാശമാക്കുന്ന ജനിതക പയര്‍കൃഷി വര്‍ധിക്കുകയാണ്. കര്‍ണാടകത്തിലെ ഹൊസൂര്‍ ജനിതകവിത്തിനങ്ങളുടെ വലിയ മാര്‍ക്കറ്റായി വികസിച്ചു. തമിഴ്നാട്, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള വിത്തിനങ്ങള്‍ ഇവിടെനിന്നാണ് വിതരണം ചെയ്യുന്നത്. പച്ചക്കറിവിളകള്‍ക്കു പുറമെ നെല്ല്, പപ്പായ തുടങ്ങി നാല്‍പ്പതോളം ഭക്ഷ്യവിളകളുടെ ജനിതകവിത്തുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളിലാണ്. കോയമ്പത്തൂരിലെ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല നെല്ലിന്റെ ജനിതകവിത്തുമായി ഏറെ മുന്നോട്ടുപോയി. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിക്ക് അനുമതി കിട്ടാത്ത പശ്ചാത്തലത്തില്‍ പരീക്ഷണത്തിന്റെ പേരുപറഞ്ഞ് ഈ വിളകളെല്ലാം വന്‍തോതില്‍ കൃഷിചെയ്യുകയാണ്.
(വി ജയിന്‍)

ജനിതകവിത്ത് വന്‍ ഭവിഷ്യത്ത് ഉണ്ടാക്കും

തിരു: ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ വ്യാപകമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭക്ഷ്യോല്‍പാദനരംഗത്ത് വന്‍ വിപത്തുകള്‍ ക്ഷണിച്ചുവരുത്തുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ലോകഭക്ഷ്യദിനാചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യ ജനുസുകള്‍ ഇല്ലാതാക്കാനും കടുത്ത ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുമാണ് ജനിതക വിത്തുകളുടെ വ്യാപനം ഇടയാക്കുക. ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളും അതിന്റെ ഒടുവിലത്തെ പ്രത്യക്ഷരൂപവുമായ ആസിയന്‍ കരാറും ഭക്ഷ്യോല്‍പദാന മേഖലയ്ക്ക് കടുത്ത ഭീഷണിയാണെന്ന് വി എസ് പറഞ്ഞു.

ജനിതക വിളയുടെ പ്രചാരം തടയും

ന്യൂഡല്‍ഹി: മണ്ണിനെയും ജീവജാലങ്ങളെയും നശിപ്പിക്കുന്ന ജനിതകവിളകള്‍ ഏകപക്ഷീയമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ഗുണങ്ങളുള്ള തദ്ദേശീയമായ വിത്തുകളെ ഇല്ലാതാക്കി അപകടകാരികളായ ജനിതകവിത്തുകളെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തെ കാര്‍ഷികവ്യവസ്ഥയെ സ്നേഹിക്കുന്നവര്‍ക്ക്അംഗീകരിക്കാനാവില്ല. ഓരോ വിളയിറക്കാനും വിത്ത് കുത്തക കമ്പനികളില്‍നിന്ന് വന്‍ വിലയ്ക്ക് വാങ്ങേണ്ടിവരും. ഈ വിത്തുകള്‍ മണ്ണിന്റെയും വായുവിന്റെയും ജീവജാലങ്ങളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഗവമെന്റ് ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനങ്ങളെ ദുര്‍ബലമാക്കി അമേരിക്കന്‍ സഹകരണത്തോടെയുള്ള കാര്‍ഷിക ഗവേഷണത്തിന് പ്രോത്സാഹനം കൊടുക്കുകയാണ്. ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങാത്ത അപകടകാരികളായ വിത്തുകള്‍ ഇറക്കി തദ്ദേശീയ വിളകളുടെ വംശനാശം വരുത്താനൊരുങ്ങുകയാണ് യുപിഎ സര്‍ക്കാര്‍. രാജ്യസ്നേഹികള്‍ക്ക് ഇത് കൈയുംകെട്ടിനോക്കിനില്‍ക്കാനാവില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

കര്‍ഷകരുടെ അവകാശം കവരാന്‍ അനുവദിക്കില്ല

ന്യൂഡല്‍ഹി: കര്‍ഷകരുടെയും രാജ്യത്തിന്റെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും കോര്‍പറേറ്റ് കമ്പനികള്‍ക്ക് ചൂഷണത്തിന് അവസരമൊരുക്കുകയും ചെയ്യുന്ന ജനിതകവിളകളെ വച്ചുപൊറുപ്പിക്കില്ലെന്ന് അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ളയും ജനറല്‍ സെക്രട്ടറി കെ വരദരാജനും പ്രസ്താവനയില്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍, കര്‍ഷക സംഘടനകള്‍, കൃഷി വിദഗ്ധര്‍, ഉപഭോക്തൃ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി ചര്‍ച്ച നടത്തിയശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ശക്തമായ പ്രതിഷേധത്തിന്റെ ഫലമാണ്. ജനിതകവിളകള്‍ക്ക് അംഗീകാരം കൊടുക്കുന്നത്സംബന്ധിച്ച സമിതിയുടെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തണം. നയം രൂപപ്പെടുത്തുന്ന കാര്യത്തില്‍ വിവിധ സംഘടനകളുമായി കിസാന്‍സഭ ചര്‍ച്ച നടത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്‍കൈയെടുക്കും. ജനിതകവിളയെ സംബന്ധിച്ച ആശങ്ക വിശദീകരിച്ച് വിശദമായ നിവേദനം കേന്ദ്രമന്ത്രിക്ക് നല്‍കും. ഇന്ത്യയുടെ സ്വതന്ത്രമായ കാര്‍ഷിക ഗവേഷണ പ്രവര്‍ത്തനങ്ങളെ ആഗോള കൃഷി കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കാനുള്ള ഏത് നീക്കത്തെയും കിസാന്‍സഭ ശക്തമായി ചെറുക്കും. ജനിതക വിളകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 17 ഒക്ടോബര്‍ 2009

1 comment:

  1. ജനിതകവഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കാര്യം വിശദമായ ചര്‍ച്ചയ്ക്കുശേഷമേ തീരുമാനിക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജനിതക വിളകളുടെ കൃഷി രാജ്യത്ത് വ്യാപകമാകുന്നു. വഴുതനയ്ക്കു പുറമെ മത്തന്‍, വെണ്ട, പടവലം, പയര്‍, കുമ്പളം, ചുരങ്ങ, പച്ചമുളക് എന്നിവയുടെ ജനിതക വിത്തിനങ്ങളാണ് അനധികൃതമായി വന്‍തോതില്‍ കൃഷിചെയ്യുന്നത്. സാധാരണ വിത്തിനങ്ങള്‍ക്കൊപ്പവും ജനിതകവിത്തുകള്‍ മാത്രമായും കൃഷിചെയ്യുന്നുണ്ട്. ആഗോള വിത്തുഭീമനായ 'മൊസാന്റോ'യുടെ ഇന്ത്യന്‍ പതിപ്പായ 'മഹികോ'യുടെ ആസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇത് വ്യാപകമായി. ആന്ധ്ര, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലും തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലെ കേരളത്തിന്റെ ചില പ്രദേശങ്ങളിലും ജനിതകവിത്തിനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. മഹികോക്കു പുറമെ മറ്റ് അനധികൃത കമ്പനികളുടെ പേരിലും വിത്ത് വിതരണം ചെയ്യുന്നു. പയര്‍വിത്തുകളുടെ വ്യാപാരമാണ് ഇപ്പോള്‍ തകൃതി. 150 പയര്‍ വിത്തുള്ള പായ്ക്കറ്റിന് 40 രൂപയായിരുന്നു കഴിഞ്ഞവര്‍ഷം വില. ഇപ്പോള്‍ 150 രൂപയായി. ഒറ്റത്തവണമാത്രം വിളവെടുക്കാനാകുന്ന ഈ വിത്തിനം മറ്റു വിളകളെ നശിപ്പിക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതാക്കുകയും ചെയ്യുന്നു.

    ReplyDelete