20 ലക്ഷം തൊഴിലാളികളാണ് ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിനെതിരെ; അതിന്റെ തൊഴിലാളിവിരുദ്ധമായ പെന്‍ഷന്‍ പരിഷ്കരണത്തിനെതിരെ വേതനം ഉപേക്ഷിച്ച് പണിമുടക്കിയത്. മുതലാളിത്തലോകം നേരിടുന്ന സാമ്പത്തിക കുഴപ്പത്തില്‍നിന്ന് കരകയറാനുള്ള എളുപ്പവഴി തൊഴിലാളികളുടെ അവകാശങ്ങള്‍ പിടിച്ചുപറിക്കലാണെന്ന സിദ്ധാന്തത്തിനും അതിന്റെ പ്രയോഗത്തിനുമെതിരെയാണ് തൊഴിലാളികളുടെ സംഘടിതശക്തി പ്രതികരിച്ചത്. അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്ന് സാമ്രാജ്യ അധിനിവേശത്തിന് കളമൊരുക്കാന്‍ അനേക കോടി യൂറോ തുലച്ചുകളയുമ്പോള്‍ തന്നെ പരാധീനക്കാരായ തങ്ങളുടെ പെന്‍ഷന്‍ പോലും തകര്‍ക്കാന്‍ നോക്കുന്നതിലെ വിരോധാഭാസമാണ് ബ്രിട്ടനിലെ തൊഴിലാളികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. യൂറോയുടെയും യൂറോപ്പിന്റെയും പരാജയം സംഭവിക്കുന്നു എന്ന് വികാരാവേശത്തോടെ പ്രചാരണം നടത്തി, ജനവിരുദ്ധ നയങ്ങള്‍ പുറത്തെടുക്കുന്നതിനെതിരായ കനത്ത മുന്നറിയിപ്പായി പണിമുടക്ക് മാറി. ലോകത്തെങ്ങും പടര്‍ന്നുകയറുന്ന ആഗോളവല്‍ക്കരണ വിരുദ്ധ പോരാട്ടത്തിന്റെ വീറും കരുത്തുമാണ് അതിലൂടെ പ്രസരിപ്പിക്കപ്പെട്ടത്.
പൊതുചെലവ് വെട്ടിച്ചുരുക്കിയുള്ള കമ്മി കുറയ്ക്കല്‍ , സര്‍ക്കാര്‍ ജീവനക്കാരുടേത് ഉള്‍പ്പെടെയുള്ളവരുടെ വേതനം വെട്ടിക്കുറയ്ക്കല്‍ , നിയമന നിരോധം, വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍ തുടങ്ങിയവ യൂറോപ്പിലെ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ വ്യാപകമായി നടപ്പാക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്നതിനും അതിന്റെ ഫലമായി തൊഴിലാളികളിലും വിദ്യാര്‍ഥി- യുവജനവിഭാഗങ്ങളിലും ശക്തമായ പ്രതിഷേധമുയരുന്നതിനുമാണ് ഇത് ഇടയാക്കിയത്. ബ്രിട്ടനിലും ഫ്രാന്‍സിലും ഇറ്റലിയിലും ജര്‍മനിയിലുമെല്ലാം ശക്തിപ്രാപിക്കുന്ന പ്രക്ഷോഭങ്ങള്‍ ഇതിന്റെ ഫലമാണ്.
വരാനിരിക്കുന്ന സമരപരമ്പരകളുടെ തുടക്കമാണ് വ്യാഴാഴ്ചത്തെ വിജയകരമായ പണിമുടക്ക് എന്നാണ് ബ്രിട്ടനിലെ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചത്. ഫാക്ടറി തൊഴിലാളികളും അധ്യാപകരും നേഴ്സുമാരും പാരാ മെഡിക്കല്‍ ജീവനക്കാരും സിവില്‍ ഉദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാവിഭാഗം ജീവനക്കാരും നീതിന്യായവകുപ്പിലെയും എമിഗ്രേഷന്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥരും സമരത്തില്‍ അണിനിരന്നു. 30 യൂണിയന്‍ സംയുക്തമായാണ് പണിമുടക്കിന് നേതൃത്വം നല്‍കിയത്. പെന്‍ഷന്‍ ആനുകൂല്യം കുറച്ചും ജോലിസമയം ദീര്‍ഘിപ്പിച്ചും പെന്‍ഷന്‍ ഫണ്ടിലേക്ക് തൊഴിലാളികളുടെ വിഹിതം വര്‍ധിപ്പിച്ചും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന ഉറച്ച മുദ്രാവാക്യമാണ് ഉയര്‍ന്നത്. സമരത്തിനു മുന്നില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിസ്സഹായരായതായാണ് വാര്‍ത്ത. ആയിരക്കണക്കിന് ഓഫീസും വിദ്യാലയങ്ങളും അടഞ്ഞുകിടക്കുകയും നാനാമേഖലയിലെയും സാധാരണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇന്നലെവരെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലത്രേ. തൊഴിലാളി മുന്നേറ്റം ബ്രിട്ടനില്‍ ഒതുങ്ങുന്നില്ല.
യൂറോപ്പില്‍ കുഴപ്പം ആദ്യം തുടങ്ങിയത് ഗ്രീസിലാണ്. അവിടെ ലൂക്കാസ് പപ്പഡിമോസിന്റെ നേതൃത്വത്തില്‍ "ദേശീയ ഐക്യസര്‍ക്കാര്‍" അന്താരാഷ്ട്ര ധന ഏജന്‍സികളുടെ പാവയായി ജനങ്ങളെ കൊള്ളയടിക്കുന്നു. ചെലവുചുരുക്കലിന്റെ പേരില്‍ ഐഎംഎഫും യൂറോപ്യന്‍ യൂണിയനും നിര്‍ദേശിച്ച ജനദ്രോഹനടപടികള്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ഗ്രീസില്‍ വ്യാഴാഴ്ച വമ്പിച്ച പൊതുപണിമുടക്ക് നടന്നു. തൊഴിലും ശമ്പളവും പെന്‍ഷനുമടക്കം വെട്ടിക്കുറയ്ക്കാനും നികുതികള്‍ കുത്തനെ കൂട്ടാനും മറ്റുമുള്ള കടുത്ത നിര്‍ദേശങ്ങളുമായി ബജറ്റ് പാര്‍ലമെന്റ് പാസാക്കാനിരിക്കെയാണ് പണിമുടക്ക്. മുതലാളിത്ത സമൂഹത്തിന്റെ സഹജസ്വഭാവമായ കൊടിയ അസമത്വവും അതിന്റെ ഫലമായുണ്ടാകുന്ന രോഷവുമാണ് അമേരിക്കയിലെ വാള്‍സ്ട്രീറ്റിലായാലും ബ്രിട്ടനിലായാലും ഗ്രീസിലായാലും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഹേതുവാകുന്നത്. മൂലധനത്തിന്റെ അന്ധമായ വാഴ്ചയില്‍ തൊഴിലും കിടപ്പാടവും നഷ്ടമാകുന്നവരും പട്ടിണികിടക്കേണ്ടിവരുന്നവരും ജോലിക്ക് തുല്യമായ കൂലി കിട്ടാത്തവരും ഗത്യന്തരമില്ലാതെ സമരഭൂമിയിലേക്ക് നയിക്കപ്പെടുന്നു.
വാള്‍സ്ട്രീറ്റില്‍ ഭരണാധികാരികള്‍ ബലംപ്രയോഗിച്ച് നീക്കിയിട്ടും കൊടുംതണുപ്പില്‍ പ്രക്ഷോഭകര്‍ തിരിച്ചെത്തുന്ന അനുഭവമാണ് ഉണ്ടായത്. ലണ്ടനില്‍ സെന്റ്പോള്‍സ് കത്തീഡ്രലിനു മുന്നിലെ പ്രക്ഷോഭകരെ അടിച്ചോടിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. ഗ്രീസിലും സ്പെയിനിലും ജര്‍മനിയിലും കനഡയിലും ഓസ്ട്രേലിയയിലുമെല്ലാം പ്രക്ഷോഭം തുടരുകയാണ്. സ്വന്തം നയങ്ങള്‍ ഇത്തരത്തില്‍ ജനങ്ങളുടെ രോഷത്തിനിരയാകുമ്പോഴും മൂന്നാം ലോകരാഷ്ട്രങ്ങളെ ചൂഷണംചെയ്ത് രക്ഷപ്പെടാനുള്ള ശ്രമങ്ങളും സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ ഊര്‍ജിതമാക്കുന്നു. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാഷ്ട്രങ്ങളുടെ ചില്ലറവില്‍പ്പനമേഖലയിലേക്ക് കടന്നുകയറാനുള്ള നീക്കം അത്തരത്തിലൊന്നാണ്. കുഴപ്പങ്ങളില്‍നിന്ന് കൂടുതല്‍കുഴപ്പങ്ങളിലേക്കാണ് മുതലാളിത്തം പതിക്കുന്നത്. തൊഴിലാളികളുടെ സംഘടിതമായ മുന്നേറ്റത്തിലൂടെയേ, ലോകത്തിന് ഈ ദുരിതങ്ങളില്‍നിന്ന് മോചനമുള്ളൂ എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന അനുഭവങ്ങളാണ് ഇവ. ലോക തൊഴിലാളിവര്‍ഗത്തിന് ബ്രിട്ടനിലെ ഉശിരന്‍ പണിമുടക്കിന്റെയും യൂറോപ്പിലെ തൊഴിലാളി മുന്നേറ്റങ്ങളുടെയും അനുഭവം പകരുന്ന ആവേശം ചെറുതല്ല.
deshabhimani editorial 031211
ബ്രിട്ടനിലെ വാര്‍വിക്ഷെയറിലെ ബെഡ്വര്‍ത്ത് പട്ടണത്തില്‍ തൊഴില്‍രഹിതനായ വിമുക്തഭടന്‍ മാര്‍ക്ക് മുല്ലിന്‍സിന്റെയും ഭാര്യ ഹെലന്റെയും ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത് ഈയിടെയാണ്. ഒന്നരവര്‍ഷമായി പ്രതിദിനം ശരാശരി നാലു പൗണ്ട് മാത്രം വരുമാനമുണ്ടായിരുന്ന ഈ കുടുംബം പട്ടിണിയുടെ മൂര്‍ധന്യത്തില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ദാരിദ്ര്യത്തില്‍ ജീവിതം വഴിമുട്ടിയ ബ്രിട്ടീഷ് ദമ്പതികള്‍ ജീവനൊടുക്കിയെന്ന ആ വാര്‍ത്ത മുതലാളിത്ത ലോകത്തിന്റെ സമൃദ്ധിയെയും പളപളപ്പിനെയും കുറിച്ചുള്ള വീമ്പുപറച്ചിലുകള്‍ക്കു നേരെയുള്ള കാറിത്തുപ്പലായിരുന്നു. ഇന്നിതാ, 1926നു ശേഷമുള്ള ഏറ്റവും വലിയ തൊഴിലാളി പണിമുടക്ക് ബ്രിട്ടനില്‍ സംഭവിച്ചിരിക്കുന്നു.
ReplyDelete