Saturday, December 31, 2011

സ്ത്രീ സംവരണനിയമം ഇനിയും ബാക്കി

2011ലും സ്ത്രീകള്‍ക്കായുള്ള നിയമനിര്‍മാണങ്ങളുടെ ബാക്കിപത്രത്തില്‍ മുഖ്യം പാസാകാത്ത സ്ത്രീസംവരണ നിയമംതന്നെ. നിയമരംഗത്ത് കാര്യമായ സ്ത്രീപക്ഷചലനങ്ങളില്ലാതെ കടന്നുപോയ വര്‍ഷത്തില്‍ ചില പുതിയ നിയമനിര്‍മാണങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ , നിലവിലുള്ള നിയമങ്ങളിലെ സ്ത്രീരക്ഷാ വകുപ്പുകള്‍തന്നെ ഭേദഗതി ചെയ്യാനുള്ള നീക്കം ആശങ്കയും പകരുന്നു.

സ്ത്രീകള്‍ക്ക് നിയമനിര്‍മാണസഭകളില്‍ മൂന്നിലൊന്നു സീറ്റുകള്‍ സംവരണംചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടിട്ട് 15 വര്‍ഷമായി. 2010ല്‍ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പിറ്റേന്ന് രാജ്യസഭ പാസാക്കിയ ഈ നിയമം ഇപ്പോഴും ലോക്സഭയില്‍ പാസാക്കാനായിട്ടില്ല. ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2011ല്‍ സ്ത്രീജീവിതത്തില്‍ മാറ്റമുണ്ടാക്കിയേക്കാവുന്ന നിയമങ്ങളൊന്നും പാസാക്കപ്പെട്ടിട്ടില്ല. എന്നാല്‍ , തൊഴിലിടങ്ങളിലെ സ്ത്രീപീഡനം തടയാനുള്ള ബില്‍ തയ്യാറായിട്ടുണ്ട്. ഈ വര്‍ഷം അത് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. തൊഴിലിടങ്ങളിലെ പീഡനം തടയാന്‍ പ്രത്യേക നിയമം ഇന്ത്യയിലില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രയോഗിച്ചാണ് പ്രതികളെ ശിക്ഷിക്കുന്നത്. 1997ലെ വിശാഖ കേസിലെ സുപ്രീംകോടതി വിധിയില്‍ തൊഴിലിടങ്ങളിലെ പീഡനം എങ്ങനെ നേരിടണം എന്നതിന് ഏറെ മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു. എന്നാല്‍ , നിയമനിര്‍മാണം ആ വഴിക്കുണ്ടായില്ല. ഇപ്പോള്‍ നിയമം തയ്യാറായി. കഴിഞ്ഞ ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ ഇപ്പോള്‍ അവസാനഘട്ട പരിഗണനയിലാണ്. വീട്ടുജോലിചെയ്യുന്നവരെ നിയമപരിധിയില്‍നിന്ന് ഒഴിവാക്കിയതും പരാതിക്കാരെ ശിക്ഷിക്കാന്‍ വകുപ്പ് ചേര്‍ത്തതും എതിര്‍പ്പിനിടയാക്കിയിട്ടുണ്ടെങ്കിലും നിയമം പൊതുവേ സ്വാഗതംചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് 2011ല്‍ വെല്ലുവിളി നേരിട്ട സ്ത്രീരക്ഷാനിയമം. ഭര്‍തൃവീട്ടിലെ പീഡനം തടയാന്‍ സഹായിക്കുന്ന വകുപ്പാണിത്. നിയമത്തിലെ കര്‍ക്കശവ്യവസ്ഥയുടെ പേരില്‍ നിയമം മാറ്റാന്‍ നീക്കം നടക്കുന്നു. ദേശീയ ലോ കമീഷന്‍തന്നെ ഒരു ചോദ്യാവലിയിലൂടെ നിയമത്തില്‍ വരുത്തേണ്ട മാറ്റത്തെപ്പറ്റി പൊതുജനാഭിപ്രായം തേടിയത് ഈ വര്‍ഷമാണ്. (ഒരു നിയമകവചം വാള്‍മുനയില്‍  കാണുക.)

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഇന്നും കല്‍പ്പിച്ചുകിട്ടുന്ന രണ്ടാംപദവി മറികടക്കാനുതകുന്ന കാര്യമായ വിധികള്‍ അധികം ഇക്കൊല്ലം ഉണ്ടായിട്ടില്ല. എടുത്തുപറയാവുന്ന ഏകവിധി എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസുമാര്‍ സ്ഥാനക്കയറ്റത്തില്‍ അവര്‍ നേരിടുന്ന വിവേചനത്തിനെതിരെ സുപ്രീംകോടതിയില്‍ നിന്നുനേടിയ വിധിയാണ്. ഫ്ളൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പുരുഷന്മാരെ മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്ഥക്കെതിരെയായിരുന്നു എയര്‍ഹോസ്റ്റസുമാരുടെ പോരാട്ടം. വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നവംബര്‍ 17ന് ഈ വ്യവസ്ഥ റദ്ദാക്കി. മുമ്പ് അമ്പതുകഴിഞ്ഞാല്‍ പറക്കാന്‍ പാടില്ലെന്നും തൂക്കം കൂടിയാല്‍ രാജിവയ്ക്കണമെന്നും മറ്റുമുള്ള വിവേചനവ്യവസ്ഥകള്‍ക്കെതിരെ കോടതി വിധി നേടിയ ചരിത്രമുള്ള എയര്‍ഹോസ്റ്റസ് സമൂഹത്തിന് ഈ വിധിയിലൂടെ ഒരുകാര്യത്തില്‍കൂടി തുല്യത നേടാനായി.

സുപ്രീംകോടതിയില്‍ ഒരു വനിതാ ജഡ്ജികൂടി എത്തിയെന്ന പ്രത്യേകത 2011നുണ്ട്. മുംബൈ ഹൈക്കോടതി ജഡ്ജി രഞ്ജനാ ദേശായിയാണ് ആഗസ്തില്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. നിലവിലുള്ള ജ. ഗ്യാന്‍സുധ മിശ്രയ്ക്കൊപ്പം ഇവര്‍കൂടി എത്തിയതോടെ സുപ്രീംകോടതിയില്‍ ആകെയുള്ള ജഡ്ജിമാരില്‍ രണ്ട് സ്ത്രീകളായി. സുപ്രീംകോടതിയില്‍ രണ്ട് വനിതാജഡ്ജിമാര്‍ ഒരേ സമയമുണ്ടാകുന്നത് ആദ്യമായാണ്. ഇന്നേവരെ ആകെ അഞ്ചു സ്ത്രീകള്‍ (ജ. ഫാത്തിമ ബീവീ, ജ. സുജാത മനോഹര്‍ , ജ. റുമാപാല്‍ , ജ. ഗ്യാന്‍സുധ മിശ്ര, ജ. രഞ്ജന ദേശായി) മാത്രമേ സുപ്രീംകോടതിയില്‍ ജഡ്ജിമാരായിട്ടുള്ളൂ. സുപ്രീംകോടതി നിലവില്‍ വന്ന 1950 മുതല്‍ ഇതുവരെ ജഡ്ജിമാരായ 134 പേരില്‍ ബാക്കി 129 പേരും പുരുഷന്മാരായിരുന്നു. കേരള ഹൈക്കോടതിക്ക് വനിതാ ആക്ടിങ് ചീഫ് ജസ്റ്റിസിനെ ലഭിച്ചത് ഈ വര്‍ഷമാണ്. ജ. മഞ്ജുള ചെല്ലൂര്‍ നവംബറിലാണ് സ്ഥാനമേറ്റത്. ജ. കെ ഹേമയാണ് കേരള ഹൈക്കോടതിയില്‍ ഇപ്പോഴുള്ള മറ്റൊരു വനിതാ ജഡ്ജി.

അഡ്വ. കെ ആര്‍ ദീപ deshabhimani

അഡ്വ. കെ ആര്‍ ദീപയുടെ ബ്ലോഗ് പെണ്‍നീതി 

1 comment:

  1. 2011ലും സ്ത്രീകള്‍ക്കായുള്ള നിയമനിര്‍മാണങ്ങളുടെ ബാക്കിപത്രത്തില്‍ മുഖ്യം പാസാകാത്ത സ്ത്രീസംവരണ നിയമംതന്നെ. നിയമരംഗത്ത് കാര്യമായ സ്ത്രീപക്ഷചലനങ്ങളില്ലാതെ കടന്നുപോയ വര്‍ഷത്തില്‍ ചില പുതിയ നിയമനിര്‍മാണങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ , നിലവിലുള്ള നിയമങ്ങളിലെ സ്ത്രീരക്ഷാ വകുപ്പുകള്‍തന്നെ ഭേദഗതി ചെയ്യാനുള്ള നീക്കം ആശങ്കയും പകരുന്നു

    ReplyDelete