Saturday, December 3, 2011

സര്‍ക്കാര്‍ കൂറുമാറി

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഒഴുകിവരുന്ന വെള്ളം താങ്ങാന്‍ ഇടുക്കി, ചെറുതോണി ഡാമുകള്‍ക്കു കഴിയുമെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ പറഞ്ഞു. ഡാമിനെപ്പറ്റി പരിഭ്രാന്തി പടര്‍ത്തുന്നത് മാധ്യമങ്ങളാണെന്നും ഡാമിന്റെ ജലനിരപ്പും സുരക്ഷിതത്വവും തമ്മില്‍ ബന്ധമില്ലെന്നും എജി വാദിച്ചു. ഡാം സുരക്ഷയ്ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ദങ്ങളെയും പ്രക്ഷോഭങ്ങളെയും നിഷേധിച്ചാണ് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ എജി വാദങ്ങളുന്നയിച്ചത്. ഇടുക്കി ഡാമിനെപ്പറ്റി കോടതിയുടെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാത്ത എജിയെ കോടതി പലവട്ടം വിമര്‍ശിച്ചു. അതിനിടെയായിരുന്നു ഡാംസുരക്ഷയെപ്പറ്റി കേരളം ഉന്നയിക്കുന്ന വാദങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ . പുതിയ ഡാം എന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും അപകടാവസ്ഥയുണ്ടായാല്‍ ചെറുതോണി, കുളമാവ് ഡാമുകളിലൂടെ വെള്ളം ഒഴുക്കാമെന്നുമാണ് എജി വിശദീകരിച്ചത്. എന്നാല്‍ , കുളമാവ് ഡാം തുറക്കാന്‍ കഴിയില്ലെന്ന് കോടതിതന്നെ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇക്കാര്യം എജി തിരുത്തി.

മുല്ലപ്പെരിയാറിലെ നീരൊഴുക്കും ദുരന്തസാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമാണ് പ്രധാനമെന്നും ഇതുസംബന്ധിച്ച് ക്രിയാത്മകമായ നടപടിയാണ് സര്‍ക്കാര്‍ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാറിന്റെയും ഇടുക്കിയുടെയും താരതമ്യ സംഭരണശേഷിയെക്കുറിച്ച് കോടതി ആരാഞ്ഞെങ്കിലും മറുപടി നല്‍കാന്‍ അഡ്വക്കറ്റ് ജനറലിനു കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ വിശദീകരണത്തിന് എജി സാവകാശം തേടി. സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സാങ്കേതികകാര്യങ്ങള്‍ വിശദീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ സഹായിക്കാന്‍ വിദഗ്ധരായ ഉദ്യോഗസ്ഥര്‍ കോടതിയില്‍ എത്താതിരുന്നതിനെയും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. മുല്ലപ്പെരിയാര്‍ ഡാമിലെ ജലം എത്ര മണിക്കൂറുകള്‍ക്കകം ഇടുക്കി ഡാമില്‍ എത്തുമെന്നും ഒരുമണിക്കൂറില്‍ എത്ര ജലം ഇടുക്കി ഡാമില്‍ എത്തുമെന്നും അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ചെറുതോണി അണക്കെട്ട് തുറന്നാല്‍ എത്ര സമയംകൊണ്ട് ജലം അറബിക്കടലില്‍ എത്തുമെന്നും ഒരുമണിക്കൂറിനുള്ളില്‍ എത്രമാത്രം ജലം എത്തുമെന്നും വിശദീകരിക്കണം. ചൊവ്വാഴ്ചയ്ക്കകം വിദഗ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യം അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് എജിയോടു നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന ജലപ്രവാഹത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും പഠിച്ചിട്ടുണ്ടോയെന്ന് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആരാഞ്ഞു.

മാധ്യമങ്ങളാണ് പരിഭ്രാന്തി പരത്തിയതെന്ന അഡ്വക്കറ്റ് ജനറലിന്റെ നിലപാടിനോട് കോടതി വിയോജിച്ചു. മാധ്യമ ഇടപെടല്‍കൊണ്ടുമാത്രമാണ് സര്‍ക്കാര്‍നടപടികള്‍ക്ക് വേഗംവന്നതെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍നടപടി വാചകക്കസര്‍ത്തില്‍മാത്രം ഒതുങ്ങരുതെന്നും കോടതി ഓര്‍മപ്പെടുത്തി. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സെക്രട്ടറി അഡ്വ. ഇ കെ നാരായണന്‍ , മുന്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടി, തൃശൂര്‍ സ്വദേശി പി ഡി ജോസഫ്, തൊടുപുഴ സ്വദേശി ചിറ്റൂര്‍ രാജമന്നാര്‍ , പെരിയാര്‍തീരത്ത് താമസക്കാരനായ നാസര്‍ കറുകപ്പാടത്ത് എന്നിവരടക്കം സമര്‍പ്പിച്ച 10 പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. തമിഴ്നാട്ടില്‍നിന്നുള്ള എംപിമാരെയടക്കം ഉള്‍പ്പെടുത്തി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ സര്‍വകക്ഷിസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാറിനെയും രാജ്യസഭാ സ്പീക്കര്‍ ഹമീദ് അന്‍സാരിയെയും കണ്ടു. തങ്ങളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചെന്ന് പി കരുണാകരനും പി ടി തോമസും അറിയിച്ചു. സമരം ശക്തമാക്കാനും പാര്‍ലമെന്റില്‍ നടത്തുന്ന സത്യഗ്രഹം തുടരാനും കേരളഹൗസില്‍ ചേര്‍ന്ന എംപിമാരുടെ യോഗം തീരുമാനിച്ചു.

കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും പിന്തിരിഞ്ഞു നില്‍ക്കുന്നു: മാര്‍ ക്രിസോസ്റ്റം

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും പിന്തിരിഞ്ഞുനില്‍ക്കുകയാണെന്നും കേരള ഹൈക്കോടതി ഇടപെട്ടതുപോലെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയും മന്‍മോഹന്‍സിങ്ങും ഇടപെടുന്നില്ലെന്നും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞു. സിപിഐ എം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ ജനജാഗ്രതാസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എണീറ്റുനടക്കാന്‍ പറ്റാത്ത എന്നേക്കാളും പ്രായമുള്ള ഡാമിന് ബലക്ഷയമില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. ഡാമിന്റെ വിള്ളലിനെ ഭയപ്പെടുന്നില്ല. എന്നാല്‍ ഭൂമികുലുക്കത്തെ അതിജീവിക്കുമെന്ന് പറയാന്‍ കഴിയില്ല. തമിഴ്സഹോദരങ്ങള്‍ക്ക് കൃഷിചെയ്യാന്‍ വെള്ളം നല്‍കണം. അതോടൊപ്പം കേരളത്തിലുള്ളവരുടെ ജീവനും സുരക്ഷയും പ്രധാനമാണ്. കൃഷി മതി, ആളുകളുടെ ജീവന്‍ പ്രശ്നമല്ല എന്ന നിലപാട് തെറ്റാണ്. ഈ മാസം പതിനഞ്ചിനകം പുതിയ ഡാമിന്റെ പണി തുടങ്ങണം. ഈ ആവശ്യത്തില്‍ കേരളജനത ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് പറയാനാവാത്ത അവസ്ഥയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആംഗ്ലിക്കന്‍ ചര്‍ച്ച് ആര്‍ച്ച് ബിഷപ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത പാലിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വയരക്ഷയ്ക്ക് പ്രതിരോധിക്കേണ്ട സാഹചര്യമാണ്. ഡാം തകര്‍ന്നാല്‍ ഏഴുസെക്കന്‍ഡിനുള്ളില്‍ 35 ലക്ഷം ആളുകളായിരിക്കും വെള്ളപ്പാച്ചിലിന്റെ ഇരയാകുക. എല്‍ഡിഎഫ് എട്ടിന് നടത്തുന്ന മനുഷ്യമതിലില്‍ ആംഗ്ലിക്കന്‍ സഭയും താനും അണിചേരും-ആര്‍ച്ച് ബിഷപ് പറഞ്ഞു. പരസ്പരസൗഹാര്‍ദം നിലനിര്‍ത്തി തമിഴ്ജനതയെ പുതിയ ഡാം നിര്‍മിക്കുന്നതിനായി ബോധവല്‍ക്കരിക്കണമെന്ന് സിഎസ്ഐ ബിഷപ് സാം മാത്യു പറഞ്ഞു. കാലപരിധികഴിഞ്ഞ ഡാം തകരില്ലെന്നുള്ള തമിഴ്നാടിന്റെ വാദം പ്രബുദ്ധകേരളത്തിന് അംഗീകരിക്കാനാവില്ലെന്നും ബിഷപ് പറഞ്ഞു. ഭീതിജനകമായ സാഹചര്യമാണ് മുല്ലപ്പെരിയാറില്‍ നിലനില്‍ക്കുന്നതെന്ന് കോട്ടയം പുത്തന്‍പള്ളി ഇമാം താഹാ മൗലവി പറഞ്ഞു.

ഡാം പണിയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാങ്കേതികകാര്യങ്ങളും അഭിപ്രായങ്ങളും പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറെന്ന വലിയ വിപത്തിനെ നേരിടാന്‍ വിഭാഗീയതയും പക്ഷഭേദങ്ങളും മറന്ന് ഒന്നിക്കണമെന്ന് സ്വാമി ധര്‍മചൈതന്യയതി പറഞ്ഞു. ഫാ. തോമസ് തറയില്‍ , ഫാ. സി ഒ ജോര്‍ജ്, അയ്യപ്പസേവാസംഘം പ്രസിഡന്റ് ദാസപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ് ജാഗ്രതാസദസ്സില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി എന്‍ വാസവന്‍ സ്വാഗതം പറഞ്ഞു.

deshabhimani 031211

1 comment:

  1. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഒഴുകിവരുന്ന വെള്ളം താങ്ങാന്‍ ഇടുക്കി, ചെറുതോണി ഡാമുകള്‍ക്കു കഴിയുമെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ പറഞ്ഞു. ഡാമിനെപ്പറ്റി പരിഭ്രാന്തി പടര്‍ത്തുന്നത് മാധ്യമങ്ങളാണെന്നും ഡാമിന്റെ ജലനിരപ്പും സുരക്ഷിതത്വവും തമ്മില്‍ ബന്ധമില്ലെന്നും എജി വാദിച്ചു. ഡാം സുരക്ഷയ്ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ദങ്ങളെയും പ്രക്ഷോഭങ്ങളെയും നിഷേധിച്ചാണ് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ എജി വാദങ്ങളുന്നയിച്ചത്.

    ReplyDelete