Friday, December 30, 2011

ന്യായാധിപ പ്രതിബദ്ധതാബില്‍ ശക്തമാക്കണം

ന്യായാധിപ പ്രതിബദ്ധതാ ബില്‍ പാസാക്കിയില്ല; ലോക്സഭ പിരിഞ്ഞു

ന്യൂഡല്‍ഹി: ന്യായാധിപ പ്രതിബദ്ധതാ ബില്‍ പാസ്സാക്കുന്നതില്‍നിന്നും യുപിഎ സര്‍ക്കാര്‍ പിന്‍വാങ്ങി. അഴിമതി തടയുന്നതിന് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത മൂന്ന് ബില്ലുകളില്‍ ഒന്നാണ് ഇത്. ലോക്സഭ അനിശ്ചിതകാലത്തേക്ക് വ്യാഴാഴ്ച പിരിഞ്ഞു. ന്യായാധിപ പ്രതിബദ്ധതാ ബില്‍ ബുധനാഴ്ച പാസ്സാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ചര്‍ച്ച ബുധനാഴ്ച നടന്നെങ്കിലും വോട്ടിനിടാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടിയില്ല. ബില്ലിനൊപ്പമുള്ള 114-ാം ഭരണഘടനാ ഭേദഗതിബില്‍ പാസ്സാക്കാനാവശ്യമായ ഭൂരിപക്ഷം ലോക്സഭയില്‍ നേടാന്‍ കഴിയില്ലെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയത്.

ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ചത്തെ കാര്യപരിപാടിയില് ന്യായാധിപ പ്രതിബദ്ധതാ ബില്‍ ഉണ്ടായിരുന്നില്ല. ഈ ബില്‍ ബജറ്റ് സമ്മേളനത്തിലേക്ക് മാറ്റിയെന്ന് പാര്‍ലമെന്ററികാര്യ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ , മാറ്റിവയ്ക്കാനുള്ള കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയില്ല. ലോക്പാലിന് ഭരണഘടനപദവി നല്‍കുന്നതിനുള്ള 116-ാം ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ട സ്ഥിതിക്ക് മറ്റൊരു ഭരണഘടനാ ഭേദഗതി ബില്‍ പരീക്ഷിക്കാനുള്ള ധൈര്യം കോണ്‍ഗ്രസിനില്ലാത്തതാണ് പിന്മാറ്റത്തിന് കാരണം. ഇരുപത്തിനാല് ദിവസത്തെ സമ്മേളനത്തിന് ശേഷമാണ് ലോകസഭ വ്യാഴാഴ്ച പിരിഞ്ഞത്. നവംബര്‍ 22ന് ആരംഭിച്ച സമ്മേളനം ആദ്യം നിശ്ചയിച്ചത് ഡിസംബര്‍ 21 വരെയാണെങ്കിലും അത് പിന്നീട് 22ലേക്കും പിന്നീട് 29 വരെയും നീട്ടുകയായിരുന്നു. ലോക്പാല്‍ - ലോകായുക്ത ബില്‍ ഉള്‍പ്പെടെ 18 ബില്ലുകള്‍ സഭ പാസ്സാക്കി. 27 ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചു. 82 മണിക്കൂറും 45 മിനിറ്റും സഭ സമ്മേളിച്ചു. കള്ളപ്പണത്തെക്കുറിച്ച് അടിയന്തരപ്രമേയം ലോകസഭഭചര്‍ച്ചക്കെടുത്തു. വിലക്കയറ്റം, കര്‍ഷക ആത്മഹത്യ എന്നീ വിഷയങ്ങളും ലോകസഭ ചര്‍ച്ചക്കെടുത്തു.

ന്യായാധിപ പ്രതിബദ്ധതാബില്‍ ശക്തമാക്കണം

ന്യൂഡല്‍ഹി: ന്യായാധിപ പ്രതിബദ്ധതാബില്‍ പിന്‍വലിച്ച് കൂടുതല്‍ ശക്തമാക്കുന്ന ഭേദഗതികളോടെ അവതരിപ്പിക്കണമെന്ന് ലോക്സഭയില്‍ ആവശ്യമുയര്‍ന്നു. സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി ബില്‍ വീണ്ടും പാര്‍ലമെന്റിന്റെ സ്ഥിരം സമിതിക്ക് വിടണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. ഭരണപക്ഷ അംഗങ്ങള്‍പോലും ബില്‍ ദുര്‍ബലവും അപര്യാപ്തവുമാണെന്ന് ചൂണ്ടിക്കാട്ടി. ബില്ലിനൊപ്പം അവതരിപ്പിച്ച ഭരണഘടനയുടെ 114-ാമത് ഭേദഗതി ബില്ലിനെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു. ജഡ്ജിമാരുടെ അഴിമതി അന്വേഷിക്കാന്‍ സംവിധാനം ഒരുക്കുന്ന ബില്‍ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് അവതരിപ്പിച്ചത്. ചര്‍ച്ചയ്ക്ക് വ്യാഴാഴ്ച മന്ത്രി മറുപടി നല്‍കും.

2010 ഡിസംബറില്‍ അവതരിപ്പിച്ച ബില്‍ ഭേദഗതികളോടെയാണ് വീണ്ടും കൊണ്ടുവന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെ അനാവശ്യപരാമര്‍ശം ജഡ്ജിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന നിര്‍ദേശത്തോടെയാണ് ബില്‍ അവതരിപ്പിച്ചത്. നീതിന്യായ വ്യവസ്ഥ സമ്പന്നരുടെ വിഹാരരംഗമായി മാറുകയാണെന്നും സാമൂഹ്യനീതിയും ഭരണഘടനാ ചുമതലകളും ഇല്ലാതാവുകയാണെന്നും സിപിഐ എമ്മിലെ അഡ്വ. എ സമ്പത്ത് പറഞ്ഞു. ജുഡീഷ്യറിയിലെ കൊളോണിയല്‍ പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച സമ്പത്ത് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും സര്‍ക്യൂട്ട് ബെഞ്ചുകള്‍ സ്ഥാപിച്ച് കൂടുതല്‍ ജനങ്ങളിലേക്കിറങ്ങാന്‍ ജുഡീഷ്യറി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജഡ്ജിമാരുടെ അഴിമതികളും കൃത്യവിലോപവും അവര്‍തന്നെ അന്വേഷിച്ച് നടപടിയെടുക്കാന്‍ ശുപാര്‍ശചെയ്യുന്ന ഇത്തരമൊരു നിയമത്തിന് പ്രസക്തിയില്ല. ഈ ബില്‍ ഒരു കടലാസ് പുലിപോലുമല്ല. മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രതിനിധ്യമില്ലാത്ത ജുഡീഷ്യല്‍ സംവിധാനത്തിന് അടിസ്ഥാനപരമായി ന്യൂനതയുണ്ട്. ഇത് പരിഹരിക്കണം. കോടതിയലക്ഷ്യനിയമം അടിയന്തരമായി ഭേദഗതി ചെയ്യണം. ദേശീയ ജുഡീഷ്യല്‍ കമീഷന്‍ , അഖിലേന്ത്യാ ജുഡീഷ്യല്‍ സര്‍വീസ്, ഡയറക്ടറേറ്റ് ഓഫ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് എന്നിവ വേണമെന്നും സമ്പത്ത് ആവശ്യപ്പെട്ടു. ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്ന് ബിജെപിയിലെ ഡി ബി ച്രന്ദേ ഗൗഡ ആവശ്യപ്പെട്ടു.

deshabhimani 301211

2 comments:

  1. ന്യായാധിപ പ്രതിബദ്ധതാബില്‍ പിന്‍വലിച്ച് കൂടുതല്‍ ശക്തമാക്കുന്ന ഭേദഗതികളോടെ അവതരിപ്പിക്കണമെന്ന് ലോക്സഭയില്‍ ആവശ്യമുയര്‍ന്നു. സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി ബില്‍ വീണ്ടും പാര്‍ലമെന്റിന്റെ സ്ഥിരം സമിതിക്ക് വിടണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. ഭരണപക്ഷ അംഗങ്ങള്‍പോലും ബില്‍ ദുര്‍ബലവും അപര്യാപ്തവുമാണെന്ന് ചൂണ്ടിക്കാട്ടി. ബില്ലിനൊപ്പം അവതരിപ്പിച്ച ഭരണഘടനയുടെ 114-ാമത് ഭേദഗതി ബില്ലിനെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു. ജഡ്ജിമാരുടെ അഴിമതി അന്വേഷിക്കാന്‍ സംവിധാനം ഒരുക്കുന്ന ബില്‍ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് അവതരിപ്പിച്ചത്. ചര്‍ച്ചയ്ക്ക് വ്യാഴാഴ്ച മന്ത്രി മറുപടി നല്‍കും.

    ReplyDelete
  2. ലോക്പാലിന് ഭരണഘടനപദവി നല്‍കുന്നതിനുള്ള 116-ാം ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെട്ട സ്ഥിതിക്ക് മറ്റൊരു ഭരണഘടനാ ഭേദഗതി ബില്‍ പരീക്ഷിക്കാനുള്ള ധൈര്യം കോണ്‍ഗ്രസിനില്ലാത്തതാണ് പിന്മാറ്റത്തിന് കാരണം

    ReplyDelete