Wednesday, December 28, 2011

സംഘടനയ്ക്ക് കൂടുതല്‍ കരുത്തേകും: എസ് ആര്‍ പി

കോഴിക്കോട്: പ്രത്യയശാസ്ത്ര-രാഷ്ട്രീയ-സംഘടനാതലത്തില്‍ പാര്‍ടിക്ക് കൂടുതല്‍ ഉണര്‍വും തെളിമയും പകരുന്ന ചര്‍ച്ചകളും തീരുമാനങ്ങളും കോഴിക്കോട്ട് നടക്കുന്ന 20-ാം പാര്‍ടി കോണ്‍ഗ്രസിലുണ്ടാകുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പ്രത്യയശാസ്ത്ര-സംഘടനാ-രാഷ്ട്രീയ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യും. പാര്‍ടിക്കകത്തെ തെറ്റുതിരുത്തല്‍ പ്രക്രിയ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളുമുണ്ടാകും. പ്രത്യയശാസ്ത്രതലത്തിലുള്ള രേഖ, രാഷ്ട്രീയ അടവുകള്‍ ആവിഷ്കരിക്കല്‍ , സംഘടനാപരമായ പുതിയ ധാരണയും ശൈലിയും രൂപീകരിക്കല്‍ എന്നീ മൂന്നുതലങ്ങളിലാകും ചര്‍ച്ച- പാര്‍ടി കോണ്‍ഗ്രസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എം രൂപീകൃതമായിട്ട് ഏകദേശം അനൂറ്റാണ്ടായി. മാറിയ ലോക-ദേശീയ സാഹചര്യത്തില്‍ കഴിഞ്ഞകാല അനുഭവങ്ങളുടെ വിലയിരുത്തലും പരിശോധനയുമുണ്ടാകും. പ്രത്യയശാസ്ത്രരേഖയുടെ കരട് പിബി തയ്യാറാക്കി. അടുത്തമാസം മധ്യത്തില്‍ കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ പ്രത്യയശാസ്ത്ര പ്രമേയം തയ്യാറാകും. സാര്‍വദേശീയ വിഷയങ്ങളിലുള്ള പ്രമേയത്തിന് പിബി അന്തിമരൂപം നല്‍കിവരുന്നു. ജനുവരി അവസാനം പ്രത്യയശാസ്ത്ര രേഖയും രാഷ്ട്രീയ പ്രമേയവും ചര്‍ച്ചക്കായി മുന്നോട്ടുവയ്ക്കും. രാഷ്ട്രീയ എതിരാളികള്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാം. സംഘടനാകാര്യം സംബന്ധിച്ച രേഖ സംസ്ഥാനസമ്മേളനങ്ങള്‍ പൂര്‍ത്തിയായാലേ തയ്യാറാക്കൂ.

മുതലാളിത്ത ലോകം രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. വാള്‍സ്ട്രീറ്റിലടക്കം വലിയ ജനകീയപ്രതിഷേധങ്ങളാണ് അലയടിക്കുന്നത്. സോവിയറ്റ്യൂണിയന്റെ തകര്‍ച്ച, കിഴക്കന്‍ യൂറോപ്പിലുണ്ടായ തിരിച്ചടി ഇവയെല്ലാം മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍ പ്രത്യയശാസ്ത്ര രേഖയിലുണ്ടാകാം. ഇവയുടെ അനുഭവത്തില്‍ എന്തു മാറ്റംവേണം, കൂട്ടിച്ചേര്‍ക്കലെന്തൊക്കെ എന്നെല്ലാം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. നയങ്ങളിലും സംഘടനാവിഷയങ്ങളിലും വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാം. അഭിപ്രായങ്ങളെ അടിച്ചമര്‍ത്തില്ല. അഭിപ്രായഭിന്നതയുടെ പേരില്‍ ചേരിതിരിവിലേക്കോ അരാജകത്വത്തിലേക്കോ പോകാതെ പാര്‍ടി സംഘടനാസംവിധാനം ശരിയായ രീതിയില്‍ മുന്നോട്ടുപോകാനാവശ്യമായ തീരുമാനമാണുണ്ടാവുക. അതിനുള്ള കഴിവും സംഘടനാപരമായ കരുത്തും പാര്‍ടിക്കുണ്ട്. ഒരു നേതാവും കുറേ അനുയായികളും എന്നതല്ല കമ്യൂണിസ്റ്റ് ശൈലി. ജനാധിപത്യസ്വഭാവവും ശൈലിയും ഏറ്റവും ഉയര്‍ന്നരൂപത്തിലുള്ള സിപിഐ എമ്മിനെയും അതിന്റെ സമ്മേളനങ്ങളെയുംകുറിച്ച് മനസ്സിലാക്കാതെ അബദ്ധങ്ങള്‍ എഴുന്നള്ളിക്കുകയാണ് പലരും ചെയ്യുന്നതെന്നും എസ് ആര്‍ പി പറഞ്ഞു.

deshabhimani 281211

1 comment:

  1. പ്രത്യയശാസ്ത്ര-രാഷ്ട്രീയ-സംഘടനാതലത്തില്‍ പാര്‍ടിക്ക് കൂടുതല്‍ ഉണര്‍വും തെളിമയും പകരുന്ന ചര്‍ച്ചകളും തീരുമാനങ്ങളും കോഴിക്കോട്ട് നടക്കുന്ന 20-ാം പാര്‍ടി കോണ്‍ഗ്രസിലുണ്ടാകുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പ്രത്യയശാസ്ത്ര-സംഘടനാ-രാഷ്ട്രീയ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യും. പാര്‍ടിക്കകത്തെ തെറ്റുതിരുത്തല്‍ പ്രക്രിയ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളുമുണ്ടാകും. പ്രത്യയശാസ്ത്രതലത്തിലുള്ള രേഖ, രാഷ്ട്രീയ അടവുകള്‍ ആവിഷ്കരിക്കല്‍ , സംഘടനാപരമായ പുതിയ ധാരണയും ശൈലിയും രൂപീകരിക്കല്‍ എന്നീ മൂന്നുതലങ്ങളിലാകും ചര്‍ച്ച- പാര്‍ടി കോണ്‍ഗ്രസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete