Wednesday, December 28, 2011

"വാള്‍സ്ട്രീറ്റ് പ്രക്ഷോഭം: മുതലാളിത്ത രാജ്യങ്ങള്‍ക്കുള്ള പാഠം"

തൃശൂര്‍ : "അമേരിക്കക്കാരിയായതില്‍ ഞാന്‍ ലജ്ജിക്കുന്നു. അത്രക്കും ഞാന്‍ ആ ഭരണകൂടത്തിലെ അനീതികളെ വെറുക്കുന്നു. ഈ വ്യവസ്ഥിതി മാറിയേ മതിയാകൂ. അതിനുള്ള ആദ്യ സൂചനയായി വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെ കണക്കാക്കാം- മാര്‍ഗരറ്റ് ഫെബ്രീഷിയയുടെ വാക്കുകളില്‍ അമേരിക്കന്‍ ഭരണകൂടത്തിനെതിരായ രോഷം പ്രകടമാണ്. അമേരിക്കയിലെ സമ്പന്നരുടെ നഗരമെന്ന് അറിയപ്പെടുന്ന സാന്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ചുവളര്‍ന്ന ഈ എണ്‍പത്തൊന്നുകാരിയുടെ വാക്കുകള്‍പോലെ ജീവിതവും വീക്ഷണങ്ങളും ആരിലും അത്ഭുതാദരങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ മുന്‍ സംഗീതാധ്യാപികയും പ്രശസ്ത പിയാനിസ്റ്റുമായ മാര്‍ഗരറ്റ് ഉത്സവങ്ങളും കലാരൂപങ്ങളും കാണാന്‍ കഴിഞ്ഞ ദിവസമാണ് തൃശൂരിലെത്തിയത്. അമേരിക്കക്കാരിയായിട്ടും അമേരിക്കന്‍ ഭരണത്തേയും വ്യവസ്ഥിതിയേയും വിമര്‍ശിക്കാന്‍ മടിയില്ലേ എന്ന ചോദ്യത്തെ ആരെ ഭയപ്പെടണം എന്ന മറുചോദ്യത്തോടെയാണ് നേരിട്ടത്. വിമര്‍ശിക്കാതെ എന്തിനേയും അംഗീകരിച്ചതിനുളള തിരിച്ചടികൂടിയാണ് ഇന്ന് ജനം അനുഭവിക്കുന്നത്. "ഇത്രകാലവും അമേരിക്കക്കാരെല്ലാം "യെസ്" പറയാന്‍ മാത്രം പഠിച്ചവരായിരുന്നു. ഇപ്പോള്‍ അവര്‍ ധൈര്യത്തോടെ "നോ" പറയുന്നു. അതിന്റെകൂടി പ്രതിഫലനമാണ് അമേരിക്കയിലടക്കം ലോകമാകെ വ്യാപിച്ച പ്രക്ഷോഭം. ഒരു ശതമാനം സമ്പന്നര്‍ക്കുവേണ്ടി 99 ശതമാനത്തെ അവഗണിക്കുന്ന ഭരണനയങ്ങളെ ചോദ്യം ചെയ്യുന്നത് നിസ്സാര കാര്യമല്ല. ഇതിന്റെ അന്ത്യം എവിടെയായിരിക്കുമെന്നൊന്നും തനിക്കറിയില്ല. രാഷ്ട്രീയം അത്ര ഗൗരവമായി പഠിച്ചിട്ടില്ല. എന്നാല്‍ ഈ ജനമുന്നേറ്റം അമേരിക്കയടക്കമുള്ള എല്ലാ മുതലാളിത്ത രാജ്യങ്ങള്‍ക്കും പാഠമാണ്"- മാര്‍ഗരറ്റ് പറഞ്ഞു.

മൂന്നു വയസ്സുമുതല്‍ പിയാനോ പരിശീലിച്ചു തുടങ്ങിയ മാര്‍ഗരറ്റ് അമേരിക്കയില്‍ അറിയപ്പെടുന്ന പിയാനോ സംഗീതജ്ഞയാണ്. 25 വര്‍ഷത്തിലധികം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സംഗീതാധ്യാപികയായിരുന്നു. വിരമിച്ചതിനുശേഷം ആരംഭിച്ചതാണ് ലോകസഞ്ചാരം. ഇതിനകം ഇരുപതില്‍പ്പരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ത്യയില്‍ ഒമ്പതാമത്തെയും കേരളത്തില്‍ ആറാമത്തെയും സന്ദര്‍ശനമാണിത്. ഉത്സവങ്ങളോട് ഏറെ കമ്പമുളള മാര്‍ഗരറ്റ്, കഥകളി, കൂടിയാട്ടം, തെയ്യം തുടങ്ങിയ കേരളീയ കലകളുടെ ആരാധികയാണ്. പ്രായം ഏറിയെന്നത് മാര്‍ഗരറ്റിനെ സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റില്‍ മാത്രമാണ്. ഈ പ്രായത്തിലും ലോകത്തെവിടെയും യാത്ര ചെയ്യാന്‍ അവര്‍ക്കു മടിയില്ല. ഒറ്റയ്ക്കു യാത്രചെയ്യുന്നത് തന്റെ സ്വാതന്ത്ര്യബോധവും ധൈര്യവും വര്‍ധിപ്പിക്കുന്നുവെന്ന് മാര്‍ഗരറ്റ്. ഭര്‍ത്താവ് പരേതനായ റെയ്മണ്ടും സംഗീതാധ്യാപകനായിരുന്നു. കംപ്യൂട്ടര്‍ എന്‍ജിനിയര്‍ കാര്‍ള, വെല്‍ഫെയര്‍ ഏജന്‍സി ഉദ്യോഗസ്ഥ റീത്ത എന്നിവരാണ് മക്കള്‍ .

deshabhimani 281211

1 comment:

  1. "അമേരിക്കക്കാരിയായതില്‍ ഞാന്‍ ലജ്ജിക്കുന്നു. അത്രക്കും ഞാന്‍ ആ ഭരണകൂടത്തിലെ അനീതികളെ വെറുക്കുന്നു. ഈ വ്യവസ്ഥിതി മാറിയേ മതിയാകൂ. അതിനുള്ള ആദ്യ സൂചനയായി വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെ കണക്കാക്കാം- മാര്‍ഗരറ്റ് ഫെബ്രീഷിയയുടെ വാക്കുകളില്‍ അമേരിക്കന്‍ ഭരണകൂടത്തിനെതിരായ രോഷം പ്രകടമാണ്. അമേരിക്കയിലെ സമ്പന്നരുടെ നഗരമെന്ന് അറിയപ്പെടുന്ന സാന്‍ഫ്രാന്‍സിസ്കോയില്‍ ജനിച്ചുവളര്‍ന്ന ഈ എണ്‍പത്തൊന്നുകാരിയുടെ വാക്കുകള്‍പോലെ ജീവിതവും വീക്ഷണങ്ങളും ആരിലും അത്ഭുതാദരങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

    ReplyDelete