Saturday, December 31, 2011

കോളവിരുദ്ധ പ്രചാരണവുമായി ന്യൂയോര്‍ക്ക് നഗരസഭ

2003 ഒക്ടോബറിന്റെ ആദ്യനാളുകളില്‍ കൗതുകകരമായ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു. അമേരിക്കയിലെ ശവപ്പെട്ടി നിര്‍മാതാക്കള്‍ പെട്ടിയുടെ വലുപ്പം കൂട്ടുന്നതായി. അമേരിക്ക നേരിടുന്ന വലിയ ആരോഗ്യപ്രശ്നത്തിന്റെ ഒരു പ്രത്യാഘാതം മാത്രമാണ് ഈ വാര്‍ത്ത. ഏതാണ്ട് മൂന്നില്‍ ഒരാള്‍ അമേരിക്കയില്‍ അമിതവണ്ണം മൂലം കഷ്ടപ്പെടുകയാണ്. 1.2 കോടി ആണ് അമിതവണ്ണം ഉള്ള കുട്ടികളുടെ എണ്ണം. ശീതളപാനീയങ്ങളാണ് അമിതവണ്ണത്തിന്റെ കാരണങ്ങളിലെ പ്രധാന വില്ലന്‍ . ശീതളപാനീയങ്ങളുടെ അമിത ഉപയോഗംമൂലം സര്‍ക്കാരിന് ആരോഗ്യമേഖലയിലുള്ള ചെലവുകള്‍ ഭീമമായി വര്‍ധിക്കുന്നത് ഇപ്പോള്‍ അമേരിക്കയില്‍ പ്രധാന പ്രശ്നമായിരിക്കയാണ്. കൊക്കകോളയും പെപ്സിയും അടങ്ങുന്ന ശീതളപാനീയ നിര്‍മാണരംഗത്തെ കുത്തകകള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ആരോഗ്യനയംതന്നെ അട്ടിമറിച്ചാണ് ആരോഗ്യപ്രതിസന്ധിയിലേക്ക് അമേരിക്കയെ എത്തിച്ചിരിക്കുന്നത്. പ്രമേഹരോഗം(ടൈപ് 2) മൂലം വര്‍ഷം സര്‍ക്കാരിന് 10,000 കോടി ഡോളറിന്റെ ചെലവ് വരുന്നു എന്നതുംകൂടെ കൂട്ടിവായിക്കുമ്പോള്‍ മനസ്സിലാകും അമേരിക്കയെ അടക്കിവാഴുന്ന ബഹുരാഷ്ട്രഭീമന്മാര്‍ എത്രകോടിയാണ് സര്‍ക്കാരിന് പാഴ്ചെലവ് വരുത്തിവയ്ക്കുന്നതെന്ന്.

ഇപ്പോള്‍ കൊക്കകോളയുടെയും പെപ്സിയുടെയും പരസ്യങ്ങളെ വെല്ലുന്ന ശക്തമായ പ്രചാരണത്തിലൂടെ ന്യൂയോര്‍ക്ക് നഗരസഭ ഇതിനെ നേരിടാന്‍ തീരുമാനിച്ചിരിക്കുന്നു. അര ലിറ്റര്‍ കോളയോ പെപ്സിയോ മറ്റ് ഏതു ശീതളപാനീയവും കുടിക്കുന്നത് വര്‍ഷം 22.5 കിലോ പഞ്ചസാര കഴിക്കുന്നതിനുസമാനമാണ്. നമ്മളില്‍ പലരും പഞ്ചസാര കൂടുതല്‍ കഴിക്കുന്നത് അതേപറ്റി അറിയാതെയാണ്. പഞ്ചസാര കലര്‍ന്ന ശീതളപാനീയങ്ങള്‍ കഴിക്കുന്നത് അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകും. എന്നിങ്ങനെ നിരവധി പരസ്യങ്ങള്‍ ന്യൂയോര്‍ക്ക് നഗരത്തിലെമ്പാടും ഒരുക്കിയിരിക്കുന്നു. പത്രങ്ങളിലും ഇന്റര്‍നെറ്റിലും എല്ലാം ഈ പരസ്യങ്ങള്‍ കാണാന്‍ സാധിക്കും.

ന്യൂയോര്‍ക്ക് നഗരത്തിന്റെ ഭക്ഷ്യ ദിനമായ ഒക്ടോബര്‍ 24ന്, മായം കലരാത്തതും ആരോഗ്യത്തിനു ഹാനികരമല്ലാത്തതുമായ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന ആഹ്വാനത്തോടെ ആരോഗ്യവകുപ്പ് അതിന്റെ പുതിയ ഭക്ഷ്യ അവബോധനപ്രചാരണം തുടങ്ങി. അതിന്റെ ഭാഗമായി എല്ലാ ശീതളപാനീയങ്ങള്‍ക്കുമെതിരെ 2009ല്‍ തുടങ്ങിവച്ച ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ ശക്തമായി തുടരാന്‍ തീരുമാനിച്ചു. 2,77,000 ഡോളര്‍ ചെലവാക്കി മൂന്നുവര്‍ഷം കൊണ്ട് നിര്‍മിച്ചതാണ് ഈ പരസ്യങ്ങള്‍ . മൂന്നുമാസത്തേക്ക് ന്യൂയോര്‍ക്ക് സിറ്റിയില്‍ റെയില്‍വേ കമ്പാര്‍ട്ട്മെന്റുകളില്‍ തുടര്‍ച്ചയായി പരസ്യം ചെയ്യും. നിങ്ങള്‍ തടി കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് ഒരു പരസ്യം ഒരുക്കിയിരിക്കുന്നത്. പച്ചവെള്ളമോ സാധാരണ സോഡയോ കൊഴുപ്പുകുറഞ്ഞ പാലോ മാത്രമേ കുടിക്കാവൂ എന്ന് പരസ്യം പറയുന്നു.

ദരിദ്രര്‍ക്കു നല്‍കുന്ന ഫുഡ് സ്റ്റാമ്പുകള്‍ (റേഷന്‍ സംവിധാനം) ഉപയോഗിച്ച് ശീതളപാനീയങ്ങളും മറ്റും വാങ്ങുന്നത് തടയാന്‍ നഗരസഭ നടത്തിയ ശ്രമം കുത്തകകള്‍ പരാജയപ്പെടുത്തിയിരുന്നു. ന്യൂയോര്‍ക്ക് നഗരസഭാ അധികൃതര്‍ പറയുന്നത് 7.5 കോടി ഡോളര്‍ തൊട്ട് 13.5 കോടി ഡോളര്‍ വരെയാണ് ഫുഡ് സ്റ്റാമ്പ് ഉപഭോക്താക്കള്‍ അമിതവണ്ണത്തിന്റെ പ്രധാനപ്പെട്ട കാരണമായ കോളകള്‍ക്കും ശീതളപാനീയങ്ങള്‍ക്കും ചെലവാക്കുന്നതെന്നാണ്.

ന്യൂയോര്‍ക്കില്‍നിന്ന് റെജി പി ജോര്‍ജ് deshabhimani 311211

1 comment:

  1. 2003 ഒക്ടോബറിന്റെ ആദ്യനാളുകളില്‍ കൗതുകകരമായ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു. അമേരിക്കയിലെ ശവപ്പെട്ടി നിര്‍മാതാക്കള്‍ പെട്ടിയുടെ വലുപ്പം കൂട്ടുന്നതായി. അമേരിക്ക നേരിടുന്ന വലിയ ആരോഗ്യപ്രശ്നത്തിന്റെ ഒരു പ്രത്യാഘാതം മാത്രമാണ് ഈ വാര്‍ത്ത. ഏതാണ്ട് മൂന്നില്‍ ഒരാള്‍ അമേരിക്കയില്‍ അമിതവണ്ണം മൂലം കഷ്ടപ്പെടുകയാണ്. 1.2 കോടി ആണ് അമിതവണ്ണം ഉള്ള കുട്ടികളുടെ എണ്ണം. ശീതളപാനീയങ്ങളാണ് അമിതവണ്ണത്തിന്റെ കാരണങ്ങളിലെ പ്രധാന വില്ലന്‍ . ശീതളപാനീയങ്ങളുടെ അമിത ഉപയോഗംമൂലം സര്‍ക്കാരിന് ആരോഗ്യമേഖലയിലുള്ള ചെലവുകള്‍ ഭീമമായി വര്‍ധിക്കുന്നത് ഇപ്പോള്‍ അമേരിക്കയില്‍ പ്രധാന പ്രശ്നമായിരിക്കയാണ്. കൊക്കകോളയും പെപ്സിയും അടങ്ങുന്ന ശീതളപാനീയ നിര്‍മാണരംഗത്തെ കുത്തകകള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ആരോഗ്യനയംതന്നെ അട്ടിമറിച്ചാണ് ആരോഗ്യപ്രതിസന്ധിയിലേക്ക് അമേരിക്കയെ എത്തിച്ചിരിക്കുന്നത്.

    ReplyDelete