Monday, December 26, 2011

എന്നും ആവേശമായി നെല്ലങ്കര സമരം


തൃശൂര്‍ : കര്‍ഷകത്തൊഴിലാളിയുടെ വിയര്‍പ്പും ചോരയും വീണ മണ്ണിലാണ് നെല്‍ക്കതിരുകള്‍ വിടര്‍ന്നത്. കത്തുന്ന സൂര്യനു കീഴെ അധ്വാനിച്ചാലും മതിയായ കൂലി നല്‍കില്ല ജന്മികള്‍ . പാടത്തെ പണികഴിഞ്ഞാല്‍ ഉടമയുടെ പറമ്പില്‍ പണിയണം. മറ്റു പീഡനങ്ങള്‍ വേറെയും. ഇതിനെതിരെ നടന്ന ആവേശോജ്വലപോരാട്ടമാണ് നെല്ലങ്കര സമരം. ഭീകരമര്‍ദനത്തെ അതിജീവിച്ച് സിപിഐ എം നേതൃത്വത്തില്‍ നടന്ന സമരം ജില്ലയിലെ തൊഴിലാളി പ്രസ്ഥാനചരിത്രത്തിലെ നാഴികക്കല്ലാണ്.

എഴുപതുകളുടെ തുടക്കത്തിലാണ് അഞ്ചിലൊന്ന് പതത്തിനും പിന്‍പണി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നെല്ലങ്കരയില്‍ കര്‍ഷകത്തൊഴിലാളികള്‍ സമരം ചെയ്തത്. സമരം 1974വരെ തുടര്‍ന്നു. സമരത്തിന്റെ അലകള്‍ മുക്കാട്ടുകര, കുന്നത്തുകര, കിഴക്കുംപാട്ടുകര, പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഐക്യദാര്‍ഢ്യവുമായി ഇവിടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ ഒഴുകാന്‍ തുടങ്ങി. സമരം തകര്‍ക്കാന്‍ കരിങ്കാലികളെ ഉപയോഗിക്കാനാണ് ഭൂവുടമകള്‍ തീരുമാനിച്ചത്. ഇതിനെ ചെറുക്കാന്‍ തൊഴിലാളികളും തീരുമാനിച്ചു. പാര്‍ടി താലൂക്ക് സെക്രട്ടറി എം എ കൃഷ്ണന്റെ നേതൃത്വത്തില്‍ നായരങ്ങാടി വഴി നീങ്ങിയ പ്രകടനത്തെ പൊലീസ് തടഞ്ഞു. ഭീകരമര്‍ദനവും നടത്തി. കര്‍ഷകത്തൊഴിലാളി ഇറ്റ്യാനത്തിനുനേരെ പാഞ്ഞടുത്ത എസ്ഐയെ കൈയിലിരുന്ന അരിവാള്‍ കൊണ്ടാണ് ചെറുത്തത്. എസ്ഐയുടെ വിരലുകളറ്റുവീണു. പിന്നെ പൊലീസിന്റെ താണ്ഡവമായിരുന്നു. എം എ കൃഷ്ണനെയും ഇറ്റ്യാനത്തെയും വളഞ്ഞിട്ട് മര്‍ദിച്ചു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ ഇറ്റ്യാനത്തിന് നാലു ദിവസത്തിനുശേഷമാണ് ബോധം തെളിഞ്ഞത്.

നെല്ലങ്കരയിലെ കര്‍ഷകത്തൊഴിലാളി ദേവുവിന് പണി നിഷേധിച്ചതാണ് സമരത്തിന് തുടക്കമായത്. സമരത്തിന് മുന്നില്‍ മുട്ടുമടക്കിയ ഭൂവുടമകള്‍ക്ക് ദേവുവിനെ തിരിച്ചെടുക്കേണ്ടിവന്നു. തുടര്‍ന്ന് മെച്ചപ്പെട്ട കൂലി, പിന്‍പണി അവസാനിപ്പിക്കല്‍ , അഞ്ചില്‍ ഒന്ന് പതം, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിയന്‍ നോട്ടീസ് നല്‍കി. ഇതോടെ ഭൂവുടമകള്‍ കോണ്‍ഗ്രസിനുകീഴില്‍ സംഘടിക്കാന്‍ തുടങ്ങി. പിന്നെ നാലുവര്‍ഷം ഏറ്റുമുട്ടലുകളുടെ കാലമായിരുന്നു. ഓരോ വര്‍ഷവും ഒത്തുതീര്‍പ്പുണ്ടാക്കുമെങ്കിലും ഭൂവുടമകള്‍ ലംഘിക്കും. കരിങ്കാലികളെ പാടത്തിറക്കും. ഒപ്പം തൊഴിലാളികളും ഇറങ്ങി കൊയ്യാന്‍ തുടങ്ങി. പൊലീസ് തൊഴിലാളികളെ മര്‍ദിച്ചു.

സമരത്തിന്റെ വിവിധഘട്ടങ്ങളില്‍ നേതാക്കളായിരുന്ന കെ വി ജോസ്, എന്‍ വി ശാമുവേല്‍ , എ സി കുഞ്ഞുവറീത്, എന്‍ വി പുരുഷോത്തമന്‍ , വി എം വേലായുധന്‍ , എ വി റപ്പായി എന്നിവര്‍ക്ക് മര്‍ദനമേറ്റു. പാര്‍ടി ലോക്കല്‍ സെക്രട്ടറി പി മാധവന്‍നായരെയും കെ എസ് ജനാര്‍ദനനെയും ഓഫീസില്‍ കയറി മര്‍ദിച്ചു. കര്‍ഷകത്തൊഴിലാളി പ്ലാവീട്ടില്‍ വേലായുധന്റെ ഭാര്യ അയ്യു മര്‍ദനത്തെത്തുടര്‍ന്ന് പാടത്ത് ബോധമറ്റുവീണു. മുക്കാട്ടുകരയില്‍ രാമന്‍നായരെ ഗുണ്ടകളെ വിട്ട് വധിക്കാന്‍ ശ്രമിച്ചു. പി കെ കാര്‍ത്തികേയന്‍ , പി പി ഔസേഫ്, ഇ ഡി ജോണി, വെളുത്തേടത്ത് ചന്ദ്രന്‍ , വി എസ് അയ്യപ്പന്‍ , എന്നിവര്‍ക്കും പാര്‍ടി ചുമതലയേറ്റ് എത്തിയ എം എം വര്‍ഗീസിനും മര്‍ദനമേറ്റു. വിവിധഘട്ടങ്ങളില്‍ അഴീക്കോടന്‍ രാഘവന്‍ , വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സമരകേന്ദ്രത്തിലെത്തി. സഹായവുമായി തൃശൂരില്‍നിന്നും ചുമട്ടുതൊഴിലാളികള്‍ എത്തിയതോടെ കരിങ്കാലികള്‍ക്ക് രക്ഷയില്ലാതായി. വന്‍ പൊലീസ്സംഘം ചുമട്ടുതൊഴിലാളികളെ നേരിട്ടു. പാടത്തെ ചെളിയില്‍ തല ചവിട്ടിപ്പിടിച്ചതിനെത്തുടര്‍ന്ന് ചന്ദ്രന്‍ എന്ന ചുമട്ടുതൊഴിലാളിയുടെ ഒരുകണ്ണിന്റെ കാഴ്ച നഷ്ടമായി.

ഒടുവില്‍ പോരാട്ടം ഫലം കണ്ടു. പിടിച്ചുനില്‍ക്കാന്‍ കഴിയാതെവന്നപ്പോള്‍ ഗുണ്ടകള്‍ പിന്‍വാങ്ങി. ഭൂവുടമകള്‍ മുട്ടുമടക്കി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് നെല്ലങ്കര സമരം അവസാനിച്ചത്.

deshabhimani

1 comment:

  1. കര്‍ഷകത്തൊഴിലാളിയുടെ വിയര്‍പ്പും ചോരയും വീണ മണ്ണിലാണ് നെല്‍ക്കതിരുകള്‍ വിടര്‍ന്നത്. കത്തുന്ന സൂര്യനു കീഴെ അധ്വാനിച്ചാലും മതിയായ കൂലി നല്‍കില്ല ജന്മികള്‍ . പാടത്തെ പണികഴിഞ്ഞാല്‍ ഉടമയുടെ പറമ്പില്‍ പണിയണം. മറ്റു പീഡനങ്ങള്‍ വേറെയും. ഇതിനെതിരെ നടന്ന ആവേശോജ്വലപോരാട്ടമാണ് നെല്ലങ്കര സമരം. ഭീകരമര്‍ദനത്തെ അതിജീവിച്ച് സിപിഐ എം നേതൃത്വത്തില്‍ നടന്ന സമരം ജില്ലയിലെ തൊഴിലാളി പ്രസ്ഥാനചരിത്രത്തിലെ നാഴികക്കല്ലാണ്.

    ReplyDelete