Thursday, December 1, 2011

ഭക്ഷ്യസുരക്ഷാനിയമം അവകാശ നിഷേധമാവരുത്

നിര്‍ദ്ദിഷ്ട ഭക്ഷ്യസുരക്ഷാ ബില്ലിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രതലസ്ഥാനത്ത് സംഘടിപ്പിച്ച ജനകീയ വേദിയില്‍ പങ്കെടുത്ത പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ആ വിഷയത്തില്‍ സ്വീകരിച്ച നിലപാട് രാഷ്ട്രത്തിന്റെയും ഗവണ്‍മെന്റിന്റെയും സത്വരശ്രദ്ധ അര്‍ഹിക്കുന്നു. സാര്‍വത്രിക പൊതു ഭക്ഷ്യവിതരണ സംവിധാനത്തിനേ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാവൂ. ഭക്ഷണം രാജ്യത്തെ ഓരോ പൗരന്റെയും അലംഘനീയമായ അവകാശമാണ്. 'ലക്ഷാധിഷ്ഠിത' ഭക്ഷ്യസുരക്ഷ മേല്‍പറഞ്ഞ ലക്ഷ്യത്തെയും അതു കൈവരിക്കാനുള്ള മാര്‍ഗത്തെയും തകര്‍ക്കും. അതുകൊണ്ടുതന്നെ 'ലക്ഷ്യാധിഷ്ഠിത' ഭക്ഷ്യസുരക്ഷ എന്ന സങ്കല്‍പം തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്. യഥാര്‍ഥത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു നല്‍കുന്ന ശക്തമായ നിയമത്തിനുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവരണം. ജനകീയ വേദിയില്‍ പങ്കെടുത്ത മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളുടെയും അസന്നിഗ്ധ നിലപാടാണ് ഇത്.

കേന്ദ്രഭരണ മുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്, മുഖ്യപ്രതിപക്ഷമായ ബി ജെ പി, സി പി ഐ, സി പി ഐ (എം), സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍ (യുണൈറ്റഡ്) എന്നീ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുത്ത ജനകീയ വേദിയാണ് നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാ ബില്ലിനെപ്പറ്റി ഏകാഭിപ്രായം പ്രകടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ഭക്ഷ്യസുരക്ഷാബില്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞു. താമസംവിനാ അത് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടും. ഇപ്പോള്‍ നടന്നുവരുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കി നിയമമാക്കുകയെന്നത് കോണ്‍ഗ്രസിന്റെയും ഭരണമുന്നണിയായ യു പി എയുടെയും രാഷ്ട്രീയ ബാധ്യതയാണ്. കാരണം അടുത്തവര്‍ഷം നടക്കാന്‍പോകുന്ന ആറ് അസംബ്‌ളി തിരഞ്ഞെടുപ്പുകള്‍തന്നെ. ഫലമെന്തായാലും പേരിനെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം പാസാക്കാതെ യു പി അടക്കം അടുത്ത ലോക്‌സഭയുടെ ഗതി നിര്‍ണയിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിടുക കോണ്‍ഗ്രസിന് ദുഷ്‌കരമാകും. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയതും പാലിക്കപ്പെടാത്തതുമായ മൂന്നുരൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യമെന്ന വാഗ്ദാനം ഭരണക്കാരുടെ ഉറക്കം കെടുത്തുന്നുണ്ടാവണം.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി നേതൃത്വം നല്‍കുന്ന ഉപദേശകസമിതിയുടെ നിര്‍ദേശങ്ങള്‍ക്കെതിരെ, സാര്‍വത്രിക പൊതുഭക്ഷ്യവിതരണ സംവിധാനത്തിനു വിരുദ്ധമായ നിലപാടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും അദ്ദേഹത്തിന്റെ മന്ത്രിസഭയും ആസൂത്രണ കമ്മിഷനും നാളിതുവരെ തുടര്‍ന്നു പോന്നത്. ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ ആഗോള പ്രയോക്താക്കളായ ലോകബാങ്കിന്റെ നിര്‍ദ്ദേശാനുസരണം 'ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന' നടപടിയാണ് അവര്‍ തുടരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ക്കു വിധേയമായി ഭക്ഷ്യസുരക്ഷ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക എന്നതാണ് അത്. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെയും ഏറ്റവും മിതവും ന്യായവുമായ ആവശ്യങ്ങളെപോലും നിരാകരിക്കാന്‍ പ്രധാനമന്ത്രിയും ആസൂത്രണ കമ്മീഷനും മടികാണിച്ചിട്ടില്ല. ദാരിദ്ര്യരേഖ നിര്‍ണയിക്കാനുള്ള നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പട്ടിണി പാവങ്ങളുടെ വരുമാന മാനദണ്ഡം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച് രാജ്യത്തിന്റെ മുന്നില്‍ അപഹാസ്യരാവാന്‍പോലും അവര്‍ മടിച്ചിട്ടില്ല. ഇപ്പോള്‍ സാമൂഹ്യസാമ്പത്തിക ജാതി കണക്കെടുപ്പിലൂടെ (സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെന്‍സസ്) ദാരിദ്ര്യരേഖ നിര്‍ണയിക്കാനാണ് ശ്രമം. ആത്യന്തികമായി ജനങ്ങളുടെ ഭക്ഷണത്തിനുള്ള അവകാശം പരിമിതപ്പെടുത്താനും മഹാഭൂരിപക്ഷത്തിനും അത് നിഷേധിക്കാനുമാണ് ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്. ഇത് കേവലം ഭക്ഷണത്തിനുള്ള അവകാശത്തിന്റെ നിഷേധം മാത്രമല്ല, ഏറ്റവും പ്രാഥമികമായ മനുഷ്യാവകാശ ലംഘനമാണ്.

ഭക്ഷ്യധാന്യങ്ങള്‍ക്കുപകരം പണമെന്ന ആശയവും ഭരണാധികാരികള്‍ മുന്നോട്ടുവെയ്ക്കുന്നു. ഒറ്റ നോട്ടത്തില്‍ ആകര്‍ഷകമെന്നു തോന്നിയേക്കാവുന്ന അത്തരമൊരു നീക്കം പൗരന്റെ ഭക്ഷണമെന്ന അടിസ്ഥാന അവകാശത്തെ കവര്‍ന്നെടുക്കുകമാത്രമല്ല അനേകകോടി കുടുംബങ്ങളെ പട്ടിണിമരണത്തിലേയ്ക്ക് നിര്‍ബന്ധിതമായി തള്ളിവിടുന്നതിലേ കലാശിക്കു. പദ്ധതികള്‍ക്കായി വകയിരുത്തുന്ന പണത്തിന്റെ സിംഹഭാഗവും ഒരുപറ്റം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടനിലക്കാരും കവര്‍ന്നെടുക്കുന്നതില്‍ കുപ്രസിദ്ധിനേടിയ ഇന്ത്യയില്‍ അത്തരമൊരു പരീക്ഷണം വിനാശകരമായിരിക്കും. ദാരിദ്ര്യ ലഘൂകരണത്തിനും ഗ്രാമീണ തൊഴിലുറപ്പിനും ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ പലസംസ്ഥാനങ്ങളിലെയും അനുഭവം നമുക്ക് മുന്നിലുണ്ട്.

ഭക്ഷ്യസുരക്ഷ നിയമം മൂലം ഉറപ്പുവരുത്താന്‍ നടത്തുന്ന ശ്രമം ആത്മാര്‍ഥമാണെങ്കില്‍ അതിന് ലഭ്യമായ ഏറ്റവും ഫലപ്രദമായ മാര്‍ഗം സാര്‍വത്രിക പൊതു ഭക്ഷ്യവിതരണ സംവിധാനം മാത്രമാണ്. അത് ഉറപ്പുവരുത്താന്‍ പാര്‍ലമെന്റിലും പുറത്തും ശക്തമായ സമ്മര്‍ദ്ദം വളര്‍ത്തിയെടുത്തേ മതിയാവൂ.

janayugom editorial 011211

1 comment:

  1. നിര്‍ദ്ദിഷ്ട ഭക്ഷ്യസുരക്ഷാ ബില്ലിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രതലസ്ഥാനത്ത് സംഘടിപ്പിച്ച ജനകീയ വേദിയില്‍ പങ്കെടുത്ത പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ആ വിഷയത്തില്‍ സ്വീകരിച്ച നിലപാട് രാഷ്ട്രത്തിന്റെയും ഗവണ്‍മെന്റിന്റെയും സത്വരശ്രദ്ധ അര്‍ഹിക്കുന്നു. സാര്‍വത്രിക പൊതു ഭക്ഷ്യവിതരണ സംവിധാനത്തിനേ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാവൂ. ഭക്ഷണം രാജ്യത്തെ ഓരോ പൗരന്റെയും അലംഘനീയമായ അവകാശമാണ്. 'ലക്ഷാധിഷ്ഠിത' ഭക്ഷ്യസുരക്ഷ മേല്‍പറഞ്ഞ ലക്ഷ്യത്തെയും അതു കൈവരിക്കാനുള്ള മാര്‍ഗത്തെയും തകര്‍ക്കും. അതുകൊണ്ടുതന്നെ 'ലക്ഷ്യാധിഷ്ഠിത' ഭക്ഷ്യസുരക്ഷ എന്ന സങ്കല്‍പം തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്. യഥാര്‍ഥത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു നല്‍കുന്ന ശക്തമായ നിയമത്തിനുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ടുവരണം. ജനകീയ വേദിയില്‍ പങ്കെടുത്ത മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളുടെയും അസന്നിഗ്ധ നിലപാടാണ് ഇത്.

    ReplyDelete