Wednesday, December 23, 2020

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി : മുഖ്യമന്ത്രി

 പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു.

സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും 'പെണ്‍കുഞ്ഞ് 90' പോലെയുള്ള കവിതകളില്‍ നീറിനിന്നു. 'സാരേ ജഹാം സെ അച്ഛാ' എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു.

പിതാവ് ബോധേശ്വരന്റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിന്റെ യശസ്സുയര്‍ത്തി. പ്രകൃതിയെക്കുറിച്ചും അതിലെ സമസ്ത ജീവജാലങ്ങളെക്കുറിച്ചും ഉള്ള കരുതല്‍ അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചുനിന്നു.

മലയാളഭാഷയ്ക്കു മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വരെയുള്ള സമരമുഖങ്ങളില്‍ അവരുണ്ടായിരുന്നു. നിരാലംബരായ പെണ്‍കുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവര്‍ നിലകൊണ്ടു.

വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ, സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു. അഭയ പോലൊരു സ്ഥാപനമുണ്ടാക്കി നിരാധാരരായ സ്ത്രീകള്‍ക്ക് ആശ്വാസമേകി.

'മണലെഴുത്ത്' എന്ന കാവ്യകൃതിയിലൂടെ സരസ്വതി സമ്മാനം മലയാളത്തിനു നേടിത്തന്ന സുഗതകുമാരി, മലയാളക്കരയുടെ അമ്മമനസ്സ് കവിതയിലും കര്‍മ്മത്തിലും പ്രതിഫലിപ്പിച്ചു. മലയാളഭാഷയ്ക്കു ക്ലാസിക്കല്‍ പദവി ലഭിക്കാനും മലയാളഭാഷയ്ക്ക് എല്ലാ രംഗത്തും അര്‍ഹമായ സ്ഥാനമുറപ്പിച്ചെടുക്കാനും വിശ്രമരഹിതമായി അവര്‍ ഇടപെട്ടുകൊണ്ടിരുന്നു.

മുത്തുച്ചിപ്പി, അമ്പലമണി, തുലാവര്‍ഷപ്പച്ച, രാധയെത്തേടി തുടങ്ങിയ കവ്യകൃതികളിലൂടെ മലയാള കാവ്യാസ്വാദകരുടെ മനസ്സില്‍ മായ്ക്കാനാവാത്ത ഇടം സമ്പാദിച്ച കവിയാണ് സുഗതകുമാരി.

ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഭാഷാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയൊക്കെ പശ്ചാത്തലത്തില്‍ വേണം സുഗതകുമാരിയുടെ വ്യക്തിത്വത്തെ മനസ്സിലാക്കേണ്ടത്.

കവിതയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. മലയാള ഭാഷയ്ക്കും കവിതയ്ക്കും സാംസ്‌കാരിക രംഗത്തിനും പൊതു സാമൂഹ്യരംഗത്തിനാകെയും പരിഹരിക്കാനാവാത്ത നഷ്ടമാണ് സുഗതകുമാരിയുടെ വിയോഗംമൂലമുണ്ടായിട്ടുള്ളത്. ഈ ദുഃഖത്തില്‍ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു - മുഖ്യമന്ത്രി അറിയിച്ചു.

'തന്റെ സമരമുഖങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച പോരാളി': വി എസ്

തിരുവനന്തപുരം> പ്രകൃതിയുമായും സ്ത്രീസുരക്ഷയുമായും ബന്ധപ്പെട്ട തന്റെ സമരമുഖങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച പോരാളിയായ കവിയായിരുന്നു സുഗതകുമാരിയെന്ന് വിഎസ് അച്ചുതാനന്ദന്‍. മലയാള കവിതയ്ക്കും നമ്മുടെ പ്രകൃതിക്കും അശരണര്‍ക്കും ടീച്ചറുടെ വിയോഗം കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും വിഎസ് അനുസ്മരിച്ചു.

പ്രകൃതിയെയും സകല ജീവജാലങ്ങളേയും കുറിച്ച് എന്നും കരുതല്‍: ഡിവൈഎഫ്‌ഐ

മണ്ണിനും മനുഷ്യര്‍ക്കും മാനവികതയ്ക്കും പ്രകൃതിക്കും വേണ്ടി ജീവിച്ച എഴുത്തുകാരിയായിരുന്നു സുഗതകുമാരിയെന്ന് ഡിവൈഎഫ്‌ഐ. പ്രകൃതിയെക്കുറിച്ചും അതിലെ സകല ജീവജാലങ്ങളെക്കുറിച്ചും എന്നും കരുതലുണ്ടായിരുന്നു ടീച്ചറുടെ വാക്കുകളില്‍. മാതൃഭാഷയുടെ സംരക്ഷണത്തിനുവേണ്ടി പ്രയത്നിച്ച വ്യക്തിത്വം.

 വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജീവിതം കവിതയ്ക്കുവേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം, ഭാഷാ സംരക്ഷണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിലാരംബരായ സഹജീവികള്‍ക്കുവേണ്ടിയും നിരന്തരം ശബ്ദമുയര്‍ത്തിയ മനുഷ്യസ്നേഹി.

 സാഹിത്യത്തേയും സാമൂഹ്യപ്രവര്‍ത്തനത്തെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോയ സുഗതകുമാരി മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരിയായി മാറി. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സാഹിത്യലോകത്തിന് മുന്നില്‍ തുറന്നിട്ട മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സുഗതകുമാരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്  പ്രസ്താവനയില്‍ വ്യക്തമാക്കി.

സുഗതകുമാരി ടീച്ചറുടെ പരിസ്‌ഥിതി നിലപാടുകൾ കേരളത്തിന്റെ പൊതുബോധമായി: തോമസ്‌ ഐസക്‌

 സുഗതകുമാരി ടീച്ചറെ പോലെ പരിസ്ഥിതിയെക്കുറിച്ചുള്ള കേരളത്തിന്റെ കാഴ്ച്ചപ്പാടുകൾ മാറ്റാനും പുതുക്കാനും ഇത്രയേറെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത മറ്റൊരാളില്ലെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌.   ആ കവിതകളും ലേഖനങ്ങളും പ്രഭാഷണങ്ങളും ഉയർത്തിപ്പിടിച്ച നിലപാടുകൾ ഏറെക്കുറെ കേരളത്തിന്റെ പൊതുബോധമായി രൂപപ്പെടുന്നത് കണ്ടുകൊണ്ടാണ് അവർ വിടവാങ്ങിയത്.ഇത്ര മനോഹരമായി ഭാഷ കൈകാര്യം ചെയ്യുന്ന, ലളിതമായ ശൈലിയിൽ നിലപാടുകൾ അതിശക്തമായി അവതരിപ്പിക്കുന്ന മറ്റൊരാൾ മലയാളത്തിലുണ്ടോ എന്നും സംശയമാണെന്നും മന്ത്രി എഫ്‌ ബി പോസ്‌റ്റിൽ പറഞ്ഞു. 

പോസ്‌റ്റ്‌ ചുവടെ

മലയാളിയുടെ മനസിൽ പരിസ്ഥിതി ബോധത്തിന്റെ പകൽവെളിച്ചമായി ജ്വലിച്ചു നിന്ന പ്രിയങ്കരിയായ സുഗതകുമാരി ടീച്ചർ വിടവാങ്ങി.

പരിസ്ഥിതിയെക്കുറിച്ചുള്ള കേരളത്തിന്റെ കാഴ്ച്ചപ്പാടുകൾ മാറ്റാനും പുതുക്കാനും ഇത്രയേറെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത മറ്റൊരാളില്ല.  ആ കവിതകളും ലേഖനങ്ങളും പ്രഭാഷണങ്ങളും ഉയർത്തിപ്പിടിച്ച നിലപാടുകൾ ഏറെക്കുറെ കേരളത്തിന്റെ പൊതുബോധമായി രൂപപ്പെടുന്നത് കണ്ടുകൊണ്ടാണ് അവർ വിടവാങ്ങിയത്.

ഗോപകുമാറും ഞാനും ചേർന്നെഴുതിയ  "മാലിന്യമകലുന്ന തെരുവുകൾ" എന്ന പുസ്തകത്തിന്റെ കോപ്പി നൽകാനാണ് ഞാൻ അവസാനമായി ടീച്ചറിന്റെ വീട്ടിലെത്തിയത്.

തെംസ് നദിയുടെ മലിനീകരണത്തെക്കുറിച്ചുള്ള അധ്യായത്തിലൂടെയാണ് ആ പുസ്തകം ആരംഭിക്കുന്നത്. ഏറെക്കാലം മലിനവും നിർജീവവുമായിക്കിടന്ന ശേഷം അരയന്നങ്ങളും സാൽമൺ മത്സ്യങ്ങളും തിരികെ വിളിച്ച് തെളിഞ്ഞൊഴുകിയ തെംസിനെ പ്രകീർത്തിച്ചുകൊണ്ട് 1980 ടീച്ചറെഴുതിയ കവിത ആ അധ്യായത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. സുദീർഘമായ സൌഹൃദം ടീച്ചറോട് എനിക്കുണ്ടായിരുന്നു. ഞങ്ങളുടെ കൂടിക്കാഴ്ചകളിൽ എപ്പോഴും അതിന്റെ ഊഷ്മളത നിറഞ്ഞുനിന്നിരുന്നു.

അന്ന് ഞങ്ങൾ ഏറെ നേരം സംസാരിച്ചിരുന്നു. എന്നോടൊപ്പം അന്ന് തിരുവനന്തപുരം മേയറായിരുന്ന വി കെ പ്രശാന്ത് എംഎൽഎയുമുണ്ടായിരുന്നു. പ്രശാന്തിനോട് ഒരു പ്രത്യേക വാൽസല്യം തന്നെ അവർക്കുണ്ടായിരുന്നു. അന്ന് ടീച്ചറുടെ സഹ്യഹൃദയം എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് ഏതാനും നാളുകളേ ആയിരുന്നുള്ളൂ. ഓരോ കോപ്പി ഞങ്ങൾക്കു തന്നു. ടീച്ചറെഴുതിയ പരിസ്ഥിതിക്കവിതകളുടെ സമാഹാരമാണ് സഹ്യഹൃദയം. അത്യാകർഷകമായ ചിത്രങ്ങളാണ് ഈ കവിതാ പുസ്തകത്തിന്റെ പ്രത്യേകത. കായാമ്പൂവും കപോതപുഷ്പവുമൊക്കെ തന്റെ തന്നെ  വളപ്പിൽനിന്നു  പകർത്തിയത് എന്ന് കുട്ടിത്തം കലർന്ന ആവേശത്തോടെ ഞങ്ങളോടു പറഞ്ഞു.

2018ലെ ബജറ്റിൽ മലയാളത്തിലെ എഴുത്തുകാരികളുടെ രചനകളാണ് ഉൾപ്പെടുത്തിയിരുന്നത്. ആദ്യത്തെ പേര് സുഗതകുമാരിയുടേതാവണമെന്ന് നിർബന്ധമുണ്ടായിരുന്നു. ബജറ്റിൽ ഉപയോഗിക്കാൻ ഒരു പുതിയ കവിത തന്നെ ടീച്ചർ എഴുതിത്തന്നു. ഒരു നിയോഗവുമേൽപ്പിച്ചു. കവിത കവിതയായിത്തന്നെ നിയമസഭയിൽ പാടണം! ടീച്ചറുടെ ആ ആവശ്യം നിറവേറ്റാൻ കഴിഞ്ഞില്ല.

അലറുന്ന കടലിനെയും സംഹാരരുദ്രയായ പ്രകൃതിയെയും ചൂണ്ടിക്കാണിച്ച്, പക്ഷേ, ടീച്ചർ ഓർമ്മിപ്പിച്ചത് ഉയർത്തെഴുന്നേൽക്കുമെന്ന പ്രത്യാശയാണ്. അതായിരുന്നു ആ കവിതയുടെ അന്തസത്ത. കവിത ആവശ്യപ്പെട്ട് ടീച്ചറുടെ വീട്ടിലെത്തുമ്പോൾ അവിടെ സഹോദരി സുജാതാദേവിയുമുണ്ടായിരുന്നു.  സർക്കാരിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ചും അഭയയുടെ ഭാവിയെക്കുറിച്ചുമൊക്കെ ഞങ്ങൾ വളരെ നേരം സംസാരിച്ചിരുന്നു.

പ്രിയപ്പെട്ട സുഹൃത്തിന്റെ, ജ്യേഷ്ഠസഹോദരിയുടെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണ്. ഇത്ര മനോഹരമായി ഭാഷ കൈകാര്യം ചെയ്യുന്ന, ലളിതമായ ശൈലിയിൽ നിലപാടുകൾ അതിശക്തമായി അവതരിപ്പിക്കുന്ന മറ്റൊരാൾ മലയാളത്തിലുണ്ടോ എന്നും സംശയമാണ്.

ഭാഷയ്ക്കും സാഹിത്യത്തിനും പൊതുജീവിതത്തിനും അപരിഹാര്യമായ നഷ്ടമാണ് ഈ വിയോഗം. പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ലക്ഷ്മിയുടെയും മറ്റു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സങ്കടത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

മലയാളത്തിന്റെ മകളായി പിറന്ന് മലയാളികളുടെ അമ്മയായി വളർന്ന ആ മഹാവ്യക്തിത്വത്തിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ആ സ്നേഹപൂര്‍ണമായ വാക്കുകള്‍ എന്നും നിലനില്‍ക്കും: മന്ത്രി ശൈലജ

പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗത കുമാരിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അനുശോചനം രേഖപ്പെടുത്തി. തന്നെ സംബന്ധിച്ചടത്തോളം മാതൃസദൃശമായ സ്നേഹം ടീച്ചറില്‍ നിന്നും ലഭ്യമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ പെറ്റമ്മയുടെ വേര്‍പാടുപോലെ വലിയ സങ്കടകരമായ ഒന്നാണ് സുഗതകുമാരി ടീച്ചറിന്റെ വേര്‍പാട്. കുറച്ചുനാള്‍ മുമ്പേ ചില അംഗീകാരങ്ങളില്‍ അഭിനന്ദനങ്ങള്‍ പറയുന്നതിന് വേണ്ടി ടീച്ചര്‍ വിളിച്ചിരുന്നു. മാനസികമായി എപ്പോഴും കൂടെയുണ്ടെന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ട് നേരില്‍ കാണാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

രോഗബാധിതയായതിന് ശേഷം ചികിത്സിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ടീം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. അഭയിലൂടെയും മറ്റ് നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും അശരണരുടെ രക്ഷയ്ക്കെത്താന്‍ എപ്പോഴും പരിശ്രമിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ വനിത കമ്മീഷന്‍ അധ്യക്ഷയായി നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിച്ചു.

മനുഷ്യ മനസിന്റെ ആര്‍ദ്രതലങ്ങളെ സ്പര്‍ശിക്കുന്ന സുഗതകുമാരി ടീച്ചറിന്റെ കവിതകള്‍ക്ക് ഒരിക്കലും മരണമില്ല. ടീച്ചറിന്റെ സ്നേഹപൂര്‍ണമായ വാക്കുകള്‍ എന്നും നിലനില്‍ക്കും. പ്രിയപ്പെട്ട കേരളത്തിന്റെ സുഗതകുമാരി ടീച്ചര്‍ക്ക് കണ്ണീരോടെയല്ലാതെ വിടനല്‍കുവാന്‍ കേരളീയ സമൂഹത്തിന് കഴിയില്ലെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചിച്ചു

തിരുവനന്തപുരം > സകലതിനും നന്ദി പറഞ്ഞ് സകലരോടുമുള്ള സ്നേഹം തുറന്നു പ്രകടിപ്പിച്ച ടീച്ചർ മലയാളമുള്ളിടത്തോളം മനസുകളിലുണ്ടാകുമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചന കുറിപ്പിൽ പറഞ്ഞു. ഏറെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചർ പോയി. ആ സ്നേഹവും സമരോത്സുകതയും പ്രതിഷേധവും എല്ലാം ഇനി ഓർമ മാത്രം. മണ്ണിന് വേണ്ടി, മരങ്ങൾക്ക് വേണ്ടി, മനുഷ്യന് വേണ്ടി കവിത കുറിക്കുകയും പ്രതികരിക്കുകയും ചെയ്‌ത കവയത്രിയാണ് ആകസ്‌മികമായി വിടവാങ്ങിയത്.

ബോധേശ്വരൻ റോഡിലെ ടീച്ചറുടെ വീട് എപ്പോഴും കയറി ചെല്ലാവുന്ന ഒരിടമായിരുന്നു. കാണുമ്പോഴെല്ലാം അടുപ്പത്തോടെ സംസാരിക്കുകയും എതിർപ്പുള്ള കാര്യങ്ങളിൽ കലഹിക്കുകയും ചെയ്യുമായിരുന്നു ടീച്ചർ. സകലർക്കും അമ്മയായി സകല ജീവജാലങ്ങളെയും അഗാധമായി സ്നേഹിച്ച ടീച്ചർ വിട വാങ്ങിയെങ്കിലും ടീച്ചർ എഴുതിയ കവിതകളും നടത്തിയ ഇടപെടലുകളും അനശ്വരമായി ഇവിടെ നിലകൊള്ളും.

കോവിഡ് ബാധിതയായി ഗുരുതരാവസ്ഥയിലായപ്പോഴും പോരാളിയായ ടീച്ചർ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ടീച്ചർ പോയി. ടീച്ചറിന്റെ 'നന്ദി' എന്ന കവിതയിലെ അവസാന വരികൾ ടീച്ചറുടെ ശബ്ദത്തിൽ കാതിൽ മുഴങ്ങുന്നു.

"ദൂരെയാരോ കൊളുത്തി നീട്ടുമാ

ദീപവും നോക്കിയേറെയേകയായ്

കാത്തുവെക്കുവാനൊന്നുമില്ലാതെ

തീർത്തു ചൊല്ലുവാനറിവുമില്ലാതെ

പൂക്കളില്ലാതെ പുലരിയില്ലാതെ

ആർദ്രമേതോ വിളിക്കുപിന്നിലായ്

പാട്ടുമൂളി ഞാൻ പോകവേ, നിങ്ങൾ

കേട്ടുനിന്നുവോ! തോഴരേ, നന്ദി, നന്ദി."

സകലതിനും നന്ദി പറഞ്ഞ് സകലരോടുമുള്ള സ്നേഹം തുറന്നു പ്രകടിപ്പിച്ച ടീച്ചർ മലയാളമുള്ളിടത്തോളം മനസുകളിലുണ്ടാകും. ഒരു രാത്രിമഴ പോലെ ടീച്ചറെ കുറിച്ചുള്ള ഓർമ്മകൾ നൊമ്പരം തീർക്കും.

വിട.. പ്രിയ ടീച്ചർ.

മണ്ണിനെയും മാതൃഭാഷയെയും ഏറെ സ്‌നേഹിച്ച കവയിത്രി; അഗാധമായ ദുഃഖം: എ കെ ബാലന്‍

മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായി നിലകൊണ്ടപ്രിയപ്പെട്ട സുഗതകുമാരിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. കോവിഡ് മഹാമാരി നമ്മുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെക്കൂടി  കവര്‍ന്നെടുത്തിരിക്കുന്നത് ഏറെ ദുഃഖകരമാണ്.

കവയിത്രി, പ്രകൃതി സംരക്ഷക, ഭാഷാസംരക്ഷക, നിരാലംബരുടെസംരക്ഷക എന്നീ നിലകളില്‍ പ്രശംസനീയമായപ്രവര്‍ത്തനങ്ങള്‍ നടത്തിയ അവര്‍ സ്ത്രീകളുടെ സുരക്ഷ, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവക്ക് വേണ്ടിയും ശക്തമായി നിലകൊണ്ടു. വനിതാ കമീഷന്റെ ആദ്യത്തെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.

രാത്രിമഴ, അമ്പലമണി, പാവം മാനവഹൃദയം, മുത്തുച്ചിപ്പി  തുടങ്ങി നിരവധി കവിതകളിലൂടെ ആധുനിക കവിതയെ അടയാളപ്പെടുത്തിയ സാഹിത്യകാരിയായിരുന്നു. പരിസ്ഥിതി, സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍, ബാലാവകാശങ്ങള്‍ എന്നിവ കവിതയിലും സാമൂഹ്യ വ്യവഹാരങ്ങളിലും കൊണ്ടുവരുന്നതില്‍ സുഗതകുമാരിയുടെ പങ്കു വലുതാണ്.

കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ്. ജീവിതാവസാനംവരെ കാടിനും പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി അവര്‍ നിലകൊണ്ടു.പൊതുജീവിതത്തിലെ  ഉന്നതമൂല്യങ്ങളെ  ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എക്കാലവും ശ്രദ്ധിച്ചു. അഭയ എന്ന സ്ഥാപനം നിരാലംബരായ നിരവധി പേര്‍ക്ക് അഭയം നല്‍കി.

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ രൂപീകരണം മുതല്‍ ഭരണസമിതി അംഗമായി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര്‍ മാസികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.സൈലന്റ് വാലി സംരക്ഷണ സമരത്തിന്റെ മുന്‍നിരയില്‍ അവര്‍ ഉണ്ടായിരുന്നു.

സുഗതകുമാരിയുടെ പരിസ്ഥിതി സ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ് അട്ടപ്പാടിയിലെ കൃഷ്ണവനം. ഒരു മൊട്ടക്കുന്നിനെയാണ് നിത്യഹരിതവനമാക്കി അവര്‍ മാറ്റിയെടുത്തത്.ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലും അവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു.

മണ്ണിനെയും മാതൃഭാഷയെയുംവളരെയേറെ സ്‌നേഹിച്ച സുഗതകുമാരിയുടെ വിയോഗം കേരളത്തിന് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

കവിതയിലെ കരുണയെ ജീവിതത്തിലേക്ക് വിന്യസിപ്പിച്ച കവയിത്രി: സ്‌പീക്കര്‍

കവിതയിലെ കരുണയെ ജീവിതത്തിലേക്ക് വിന്യസിപ്പിച്ച കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചറെന്ന്‌ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍. പാരിസ്ഥിതിക ആഘാതങ്ങളെ  മലയാളിയെ ഓര്‍മ്മിപ്പിച്ച  ധീരമാതാവായിരുന്നു.

പ്രണയവും കരുണയും ധീരതയും വിരഹവും പ്രകൃതിയും വേദനകളും എല്ലാം ഒരുമിപ്പിച്ച സുഗതകുമാരിയുടെ കാവ്യലോകം മലയാള സാഹിത്യത്തിന്‍റെ ഏറ്റവും സമ്പന്നമായ സുകൃതകാലമാണ്.

ഓര്‍മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സുഗതകുമാരിടീച്ചറുടെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സ്‌പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

No comments:

Post a Comment