Friday, December 2, 2011

മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിലും ഉറപ്പുകിട്ടിയില്ല


 മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ നിലപാടിന് പ്രധാനമന്ത്രിയില്‍ നിന്നും അംഗീകാരം വാങ്ങാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനം കൊണ്ടും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നെത്തിയ രണ്ടംഗമന്ത്രിസംഘത്തിനു നല്‍കിയ ഉറപ്പില്‍നിന്നും കൂടുതലൊന്നും നേടാന്‍ ഉമ്മന്‍ചാണ്ടിക്കുമായില്ല. തമിഴ്നാടുമായി ചര്‍ച്ച നടത്തുന്നതിന് ശ്രമം നടത്താമെന്നല്ലാതെ പുതിയ ഡാമിന് അനുമതി നേടാനോ ജലനിരപ്പ് കുറക്കാന്‍ തമിഴ്നാടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനോ കഴിഞ്ഞില്ല.

തമിഴ്നാടിന് വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ കേന്ദ്രത്തെക്കൂടി ഉള്‍പ്പെടുത്തിയ പുതിയ ത്രികക്ഷികരാര്‍ ഉണ്ടാക്കാമെന്ന നിര്‍ദേശം ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ അറിയിച്ചു. തമിഴ്നാടുമായി ചര്‍ച്ചക്ക് വഴിയൊരുക്കാമെന്ന ദുര്‍ബലമായ ഉറപ്പുമാത്രമാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയില്‍ നിന്നും കിട്ടിയത്. മന്‍മോഹന്‍സിങ്ങുമായുള്ള ചര്‍ച്ചയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി പരസ്യെ2പ്പടുത്താനവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പകല്‍ 11 നാണ് ഇരുവരും ചര്‍ച്ച നടത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചും ജലനിരപ്പ് 120 അടിയാക്കണമെന്നു കാണിച്ചും അയച്ച കത്തിന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അയച്ച മറുപടി ക്രിയാത്മകമല്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇത് ദൗര്‍ഭാഗ്യകരമാണ്. തമിഴ്നാടുമായി എന്നും നല്ലബന്ധം കാത്തുസൂക്ഷിക്കാനാണ് കേരളം ശ്രമിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാടിന് നല്‍കിവരുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്താതെ പുതിയ ഡാം നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 100 വര്‍ഷം പഴക്കമുള്ള ഡാമുകളുടെ സുരക്ഷയെ സംബന്ധിക്കുന്ന കാര്യം കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ വന്‍സായലുമായി ചര്‍ച്ച നടത്തിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

deshabhimani news

1 comment:

  1. നോക്കി ഇരുന്നോ ഇപ്പൊ കിട്ടും

    ReplyDelete