Friday, December 2, 2011

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഒറ്റുകൊടുത്തു പിണറായി


ജനങ്ങളുടെ പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട കൂട്ടുത്തരവാദിത്തമില്ലാത്ത സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. ജനങ്ങളുടെ ജീവനും നാടിന്റെ സുരക്ഷയും സംരക്ഷിക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ അധികാരത്ത തിരു മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും കാര്യമായ അപകടമുണ്ടാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഒറ്റുകൊടുത്തിരിക്കുകയാണെന്ന് സി.പി.ഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി മുല്ലപ്പെരിയാര്‍ സുരക്ഷാ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനുമുമ്പാകെ നിരത്തിയ വാദമുഖങ്ങള്‍ കേരളത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണ്. എജിയുടെ വാദമുഖങ്ങളെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് ന്യായീകരിക്കുകയും ചെയ്തു. എ.ജിയും മന്ത്രിയും ഒരു സ്വരത്തിലാണ്. ഇതിലൂടെ സര്‍ക്കാര്‍ നിലപാടാണ് എ.ജി ഹൈക്കോടതിയെ ധരിപ്പിച്ചതെന്ന് വ്യക്തമാകുന്നു. മുപ്പത്തഞ്ച് ലക്ഷത്തോളം ജനങ്ങള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന ഒരു അണക്കെട്ടുമായി ബന്ധപ്പെട്ട അതീവ ഗൗരവമായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടുവിചാരമില്ലാതെ നീങ്ങുകയാണ്. അതാണ് അഡ്വക്കറ്റ് ജനറലിന്റെയും മന്ത്രിയുടെയും നിലപാട് വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ നിലപാട് കേരള നിയമസഭ അംഗീകരിച്ച പ്രമേയത്തിനും സര്‍വകക്ഷിയോഗം കൈക്കൊണ്ട തീരുമാനത്തിനും നിരക്കുന്നതല്ല.

കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ ഡാം തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളെ തുടര്‍ന്ന് കൂടുതല്‍ അപകടഭീഷണിയിലാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജനങ്ങളുടെ സുരക്ഷാകാര്യത്തെപ്പറ്റിയുള്ള കേസ് പരിഗണിച്ചത്. എന്നാല്‍ , അണക്കെട്ട് തകര്‍ന്നാലും ആ വെള്ളം താങ്ങാന്‍ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് കഴിയുമെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിക്കുകയും ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ വെള്ളം അറബിക്കടലിലേക്ക് ഒഴുകിപ്പോകുമെന്നും എ.ജി പറഞ്ഞത്. എന്നാല്‍ എ.ജിയുടെ ഈ വാദമുഖങ്ങളില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അത്ഭുതപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ . സര്‍ക്കാരിന്റെ അഭിപ്രായം ഹൈക്കോടതിയെ അറിയിക്കാനുള്ള ചുമതലയാണ് എജിക്കുള്ളത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി എ.ജി ആലോചിക്കാതിരിക്കാന്‍ വഴിയില്ല. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ ദിവസം തന്നെയാണ് കേരളവിരുദ്ധമായ നിലപാട് എ.ജി ഹൈക്കോടതിയെ അറിയിച്ചത് എന്നത് ശ്രദ്ധേയമാണ്. കേരളജനതയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന താല്‍പ്പര്യത്തെ പാടെ നിരാകരിച്ച വാദമുഖം ഹൈക്കോടതിയെ ധരിപ്പിച്ചതിലൂടെ സുപ്രീംകോടതി കേസിലും കേരളത്തെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങില്‍ തുടരുന്നതില്‍ എന്ത് ധാര്‍മ്മികതയാണ് ഉള്ളത് എന്ന് പിണറായി ചോദിച്ചു.

എ ജി യുടെ നിലപാടിനെതിരായി പ്രതിഷേധം

ഹൈക്കോടതിയില്‍ എ ജി എടുത്ത നിലപാട് മുല്ലപ്പെരിയാര്‍ കേസ് അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എ ജിയെ നീക്കി സര്‍ക്കാര്‍ ആത്മാര്‍ത്ഥത തെളിയിക്കണം. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാടും എ ജിയുടെ നിലപാടിന് സമാനമാണ്. പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും അണക്കെട്ടിലെ വെള്ളം 120 അടിയായി ചുരുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തിയതിന് ശേഷമുള്ള നിലപാടുമാറ്റം സംശയം ജനിപ്പിക്കുന്നതാണ്.

പുതിയ ഡാം നിര്‍മ്മിച്ച് ലക്ഷക്കണക്കിന് വരുന്ന മനുഷ്യജീവന്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഡിസംബര്‍ എട്ടിന് നടക്കുന്ന മനുഷ്യമതില്‍ വിജയിപ്പിക്കണമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു. കേരളീയരുടെ സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്നതാണ് എല്‍ഡിഎഫിന്റെ കാഴ്ചപ്പാട്. മുല്ലപ്പെരിയാറില്‍ നിന്നും അറബിക്കടല്‍ വരെ നീളുന്ന മനുഷ്യമതില്‍ വൈകിട്ട് 4 മണിക്ക് ആരംഭിക്കും. 3.30 ന് മനുഷ്യമതില്‍ നിര്‍മ്മിക്കുന്നതിന്റെ റിഹേഴ്സല്‍ നടക്കും. 4 മുതല്‍ 4.15 വരെ മതിലായി അണിനിരക്കുകയും ചെയ്യും. മുല്ലപ്പെരിയാര്‍ ഡാമിന്റെ അടിയില്‍ നിന്ന് വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ , ചപ്പാത്ത്, കട്ടപ്പന, തങ്കമണി, ചെറുതോണി, തടിയന്‍പാട്, ചേലച്ചുവട്, കീരിത്തോട്, പാംബ്ല, ലോവര്‍പെരിയാര്‍ , നീണ്ടപാറ എന്നിവിടങ്ങളിലൂടെയാണ് ഇടുക്കി ജില്ലയില്‍ മനുഷ്യമതില്‍ നിര്‍മ്മിക്കുക. എറണാകുളം ജില്ലയിലെ നേര്യമംഗലം, കോതമംഗലം, ഓടക്കാലി, പെരുമ്പാവൂര്‍ , ആലുവ, കൊച്ചി മറൈന്‍ഡ്രൈവ് എന്നിവിടങ്ങളിലൂടെയാണ് മനുഷ്യമതില്‍ കടന്നു പോകുക. മനുഷ്യമതില്‍ കടന്നു പോകാത്ത ജില്ലാകേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മയും ഇതോടൊപ്പം സംഘടിപ്പിക്കും. പിറന്ന മണ്ണില്‍ ജീവിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭഭാഗമായി നടക്കുന്ന മനുഷ്യമതില്‍ വിജയിപ്പിക്കുന്നതിന് മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തിന്റെ പൊതുനിലപാടിനെതിരായി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ അഡ്വക്കറ്റ് ജനറലിനെ നീക്കണമെന്ന് പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട് വാര്‍ത്താലേഖകരോട് പറഞ്ഞു. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്നില്ലെന്നാണ് എ ജി പറഞ്ഞതെന്നാണ് മനസിലാക്കുന്നത്. ഇതിനുസമാനമായ പ്രസ്താവന റവന്യൂമന്ത്രിയും നടത്തിയിട്ടുണ്ട്. ഈ നിലപാട് സുപ്രീം കോടതിയിലെ കേസിനെയും ബാധിക്കും. മന്ത്രിമാര്‍ തോന്നുന്ന രീതിയില്‍ പ്രതികരിക്കരുതെന്നും കോടിയേരി പറഞ്ഞു

മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി താങ്ങും: തിരുവഞ്ചൂര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും ഭയപ്പെടാനില്ലെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലപ്രവാഹം താങ്ങാന്‍ ഇടുക്കി അണക്കെട്ടിന് സാധിക്കും. സാങ്കേതിക വിദഗ്ധരുടെ റിപ്പോര്‍ട്ടനുസരിച്ചാണ് പുതിയ നീരീക്ഷണമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സ്ഥിതിയനുസരിച്ച് വലിയ ഭയാശങ്കയുടെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അണക്കെട്ടിലെ ജലനിരപ്പ് നിരീക്ഷിക്കാന്‍ ക്യാമറകളും സെന്‍സറുകളും സ്ഥാപിക്കും. നിലവില്‍ വൈദ്യുതിയെത്താത്ത മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ വൈദ്യുതി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

1 comment:

  1. ജനങ്ങളുടെ പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട കൂട്ടുത്തരവാദിത്തമില്ലാത്ത സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. ജനങ്ങളുടെ ജീവനും നാടിന്റെ സുരക്ഷയും സംരക്ഷിക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ അധികാരത്ത തിരു മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും കാര്യമായ അപകടമുണ്ടാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ ഒറ്റുകൊടുത്തിരിക്കുകയാണെന്ന് സി.പി.ഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

    ReplyDelete