Friday, December 28, 2012

അരി കത്തിച്ചത് വാര്‍ത്തയായതിന്റെ പേരില്‍ 2 സിഐടിയു നേതാക്കളെ സ്ഥലം മാറ്റി


മുളങ്കുന്നത്തുകാവ് എഫ്സിഐ ഗോഡൗണില്‍ അരി കത്തിച്ചത് വാര്‍ത്തയായതിന്റെ പേരില്‍ രണ്ടു സിഐടിയു നേതാക്കളെ അയല്‍സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി. എഫ്സിഐ വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന ട്രഷററും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ ഇ എന്‍ പീതാംബന്‍, എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സാമുവേല്‍ ജോസഫ് എന്നിവരെയാണ് അടിയന്തര ഉത്തരവിലൂടെ സ്ഥലം മാറ്റിയത്. പീതാംബരനെ തമിഴ്നാട്ടിലെ കാട്പാടി എഫ്സിഐ ഗോഡൗണിലേക്കും സാമുവേല്‍ ജോസഫിനെ കര്‍ണാടകത്തിലേക്കുമാണ് മാറ്റിയത്. മാനേജ്മെന്റിന്റെ പ്രതികാരനടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റം.

എഫ്സിഐയില്‍ വന്‍തോതില്‍ ഭക്ഷ്യധാന്യം തീയിട്ടും കുഴിച്ചുമൂടിയും നശിപ്പിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന്റെ പ്രതികാരമാണ് അന്യായ സ്ഥലംമാറ്റം. കയറ്റിറക്ക് തൊഴിലാളികളെ സമ്മതമില്ലാതെ മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റരുതെന്ന 2003ലെ ഹൈക്കോടതി വിധി മറികടന്നാണ് പീതാംബരനെ തമിഴ്നാട്ടിലേക്ക് മാറ്റിയത്. 22 വര്‍ഷമായി എഫ്സിഐയില്‍ ജോലി ചെയ്യുന്ന പീതാംബരന്‍ ഇരിങ്ങാലക്കുട സ്വദേശിയാണ്. ക്ലര്‍ക്കായ സാമുവേല്‍ ജോസഫിന് കര്‍ണാടകത്തില്‍ എവിടെയാണ് നിയമനമെന്ന് ഉത്തരവിലില്ല. ബംഗളൂരു സോണല്‍ ഓഫീസിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. നടപടി അറിഞ്ഞയുടന്‍ മുളങ്കുന്നത്തുകാവിലെ തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധ പ്രകടനം നടത്തി. ഐഎന്‍ടിയുസിയും ബിഎംഎസും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പണിമുടക്കിനെത്തുടര്‍ന്ന് 29 വാഗണ്‍ അരി ഇറക്കാനായില്ല. സംസ്ഥാനത്തൊട്ടുക്കും തൊഴിലാളികള്‍ പ്രതിഷേധപ്രകടനം നടത്തി. മൂന്നാഴ്ച മുമ്പാണ് ഗോഡൗണില്‍ ഭക്ഷ്യധാന്യം കത്തിച്ച വാര്‍ത്ത പുറത്തുവന്നത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും എംഎല്‍എമാരും സ്ഥലം സന്ദര്‍ശിച്ച് സംഭവം സ്ഥിരീകരിച്ചു. ചെന്നൈ സോണല്‍ ഓഫീസില്‍നിന്നും എക്സിക്യുട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം തെളിവെടുപ്പും നടത്തി. എന്നാല്‍, കാലങ്ങളായി ഭക്ഷ്യധാന്യം നശിപ്പിക്കുന്ന വസ്തുത മറച്ചുവച്ച്, തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ ഭാഗമാണ് അന്യായ സ്ഥലംമാറ്റമെന്ന് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 281212

No comments:

Post a Comment