ഭൂമിക്കായ് അറസ്റ്റ് വരിക്കാന്‍ ദിവസവും ആയിരങ്ങള്‍
കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്ന ഭൂസംരക്ഷണസമരത്തിന് ജനുവരി ഒന്നിന് തുടക്കമാകും. ഒന്നുമുതല്‍ ഒരു ലക്ഷം സമര വളന്റിയര്‍മാര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് അറസ്റ്റ് വരിക്കും. ജനുവരി 10 മുതല്‍ സംസ്ഥാനത്താകെ ഭൂരഹിതരായ പതിനായിരങ്ങള്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം ആരംഭിക്കും. ഭൂരഹിതര്‍ക്ക് ഭൂമി വിതരണംചെയ്യണമെന്നും നെല്‍വയല്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ ആയിരങ്ങള്‍ ദിവസവും അറസ്റ്റുവരിച്ച് ജയിലില്‍ പോകും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ജനനേതാക്കളും വളന്റിയര്‍മാര്‍ക്കൊപ്പം ആദ്യദിനത്തില്‍ സമരത്തില്‍ പങ്കെടുത്ത് ജയിലിലേക്ക് പോകും.
കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസിക്ഷേമസമിതി, പട്ടികജാതിക്ഷേമ സമിതി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. ചുരുങ്ങിയത് 250 വളന്റിയര്‍മാര്‍വീതം ആദ്യദിനം ഓരോ ജില്ലയിലും തെരഞ്ഞെടുത്ത സമരകേന്ദ്രത്തില്‍ പ്രവേശിക്കും. അറസ്റ്റുചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോയാല്‍ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. തയ്യാറായില്ലെങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തും. കോടതിയില്‍ ഹാജരാക്കിയാല്‍ മിച്ചഭൂമിയില്‍ പ്രവേശിച്ചെന്ന കുറ്റം സമ്മതിച്ച് ജയിലില്‍ പോകാനാണ് തീരുമാനം.
എറണാകുളത്ത് കടമക്കുടി ചെരിയന്തുരുത്തിലെ 152 ഏക്കര്‍ പൊക്കാളി പാടശേഖരത്തിലാണ് വളന്റിയര്‍മാര്‍ പ്രവേശിക്കുക. കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനംചെയ്യും. തൃശൂര്‍ വടക്കേക്കളം എസ്റ്റേറ്റില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കെ രാധാകൃഷ്ണന്‍ എംഎല്‍എ നേതൃത്വം നല്‍കും. കാസര്‍കോട് കരിന്തളത്ത് കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ ഉദ്ഘാടനംചെയ്യും. കെ കണ്ണന്‍നായരും സി എച്ച് കുഞ്ഞമ്പുവും നേതൃത്വം നല്‍കും. കണ്ണൂര്‍ പരിയാരത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം ഉദ്ഘാടനംചെയ്യും. കെ പ്രകാശന്‍ നേതൃത്വം നല്‍കും.
വയനാട്ടില്‍ ഹാരിസണ്‍ പ്ലാന്റേഷനില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. പി കൃഷ്ണപ്രസാദ് നേതൃത്വം നല്‍കും. കോഴിക്കോട് ഉള്ള്യേരി അഞ്ജനോര്‍മലയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. കെ ബാബു, കെ പി കുഞ്ഞമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍കും. മലപ്പുറം പാലേങ്ങാട്ട് കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്യും. വേലായുധന്‍ വള്ളിക്കുന്ന് നേതൃത്വം നല്‍കും. പാലക്കാട് കരിപ്പോട്ട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ ഉദ്ഘാടനംചെയ്യും. പി കെ സുധാകരന്‍ നേതൃത്വം നല്‍കും.
ഇടുക്കി ചിന്നക്കനാല്‍ റവന്യൂ ഭൂമിയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. പി എന്‍ വിജയനും സി വി വര്‍ഗീസും നേതൃത്വം നല്‍കും. കോട്ടയം മെത്രാന്‍ കായലില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്യും. പി എന്‍ പ്രഭാകരന്‍ നേതൃത്വം നല്‍കും. ആലപ്പുഴ കൈനകരി തെക്ക് പൂപ്പള്ളി മിച്ചഭൂമിയില്‍ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്യും. എന്‍ സോമന്‍ നേതൃത്വം നല്‍കും.
പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവള ഭൂമിയിലേക്കാണ് സമരം. കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എ പത്മകുമാറും കെ ഗോപിയും നേതൃത്വം നല്‍കും. കൊല്ലം കുളത്തൂപ്പുഴയില്‍ ബി രാഘവന്‍ നേതൃത്വം നല്‍കും. കേന്ദ്ര കമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ ഉദ്ഘാടനംചെയ്യും. തിരുവനന്തപുരത്ത് മടവൂര്‍ തുമ്പോട്ട് എം വിജയകുമാര്‍ സമരത്തിന് നേതൃത്വം നല്‍കും.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്യും. ഭൂരഹിതര്‍ക്ക് ഭൂമി വിതരണംചെയ്യണമെന്നും നെല്‍വയല്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാന്‍ പാലക്കാട്ട് ചേര്‍ന്ന ഭൂപരിഷ്കരണ നിയമസംരക്ഷണ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്താകെ പതിനായിരങ്ങള്‍ അറസ്റ്റ് വരിച്ച് ജയിലിലേക്ക് പോകുന്നത്. ഭൂമാഫിയകളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ എട്ട് ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. നാടിന്റെ പച്ചപ്പും തണ്ണീര്‍ത്തടങ്ങളും തിരിച്ചുപിടിക്കാനും സംരക്ഷിക്കാനുമുള്ള സമരം ചരിത്രസംഭവമായി മാറും.
ഇതാ, ദുരിതജീവിതത്തിന്റെ പച്ചയായ ഇന്‍സ്റ്റലേഷന്‍
കൊച്ചി: കാറ്റും മഴയും മാത്രമല്ല, കുട്ടികളുടെ ഓട്ടംപോലും മട്ടാഞ്ചേരി മഹാജനവാടി തട്ടിന്‍പുറത്തെ താമസക്കാര്‍ ഭയക്കുന്നു. ഒരുപക്ഷേ, അതുമതിയാകും ഈ കെട്ടിടം നിലംപൊത്താന്‍. ജീര്‍ണത എന്ന വാക്കിന് ഈ അവസ്ഥയെ പൂര്‍ണമായി പകരാനാവില്ല. മുകള്‍നിലയില്‍ പലേടത്തായി കോണ്‍ക്രീറ്റ് തകര്‍ന്നിടത്ത് നിരത്തിയ പലകകള്‍ക്കിടയിലൂടെ താഴത്തെ കാഴ്ചകള്‍ കാണാം. മുകളില്‍ പൊട്ടിപ്പൊളിഞ്ഞ ഓടുകള്‍ക്കിടയിലൂടെ ആകാശക്കാഴ്ചകളും. പഴകിയ കോണ്‍ക്രീറ്റ് ഗോവണിക്ക് കൈവരിപോലുമില്ല. ചിതലെടുത്ത കാര്‍ഡ്ബോര്‍ഡ്കൊണ്ടു തിരിച്ച കുടുസ്സു മുറികളില്‍ ബാപ്പയും ഉമ്മയും മക്കളും അവരുടെ മക്കളുമായി 11 കുടുംബങ്ങള്‍. നൂറോളം പേരാണ് ആയിരത്തോളം ചതുരശ്ര അടി മാത്രം വിസ്തീര്‍ണമുള്ള ഈ കെട്ടിടത്തില്‍ കഴിയുന്നത്. അതുപോലും ഇവരുടെ സ്വന്തമല്ല. കൊച്ചി ബിനാലെയും കാര്‍ണിവലും അരങ്ങു തകര്‍ക്കുന്ന, കോടികള്‍ വിലമതിക്കുന്ന ആഡംബര കെട്ടിടങ്ങളുടെ നീണ്ട നിരകളുള്ള മട്ടാഞ്ചേരിയുടെ മറ്റൊരു മുഖമാണിത്. ഈ നാടിന്റെ പച്ചയായ "ഇന്‍സ്റ്റലേഷന്‍". കള്ളപ്പേരിലും കമ്പനികളുടെ പേരിലും നാടെങ്ങും ഭൂമി വാങ്ങിക്കൂട്ടുകയും സര്‍ക്കാര്‍ ഭൂമി കയ്യടക്കുകയും വയലുകളും നീര്‍ത്തടങ്ങളും നികത്തുകയും ചെയ്ത് റിയല്‍ എസ്റ്റേറ്റ് മാഫിയ ഒരുവശത്ത് തടിച്ചുകൊഴുക്കുമ്പോഴാണ് അന്തിയുറങ്ങാന്‍ ഇടമില്ലാതെ ആയിരങ്ങള്‍ മഹാജനവാടി തട്ടിന്‍പുറത്തും മറ്റും അഭയം തേടുന്നത്.
അടുത്തവീട്ടില്‍ ഉറക്കെ പാട്ടുവച്ചാല്‍പോലും ഭയക്കുന്ന എഴുപതിനോടടുത്ത ഐശാബീവിയെ നമുക്ക് മഹാജനവാടി തട്ടിന്‍പുറത്തു കാണാം. അവര്‍ കണ്ട ദുഃസ്വപ്നങ്ങള്‍ക്കും കണക്കുണ്ടാവില്ല. വര്‍ഷങ്ങളായുള്ള പേടി ഇപ്പോള്‍ ഒരുതരം മാനസ്സികവിഭ്രാന്തിയിലെത്തി. ഭര്‍ത്താവും രണ്ട് ആണ്‍മക്കളും മരിച്ച ഇവര്‍ ഇപ്പോള്‍ ആരെക്കണ്ടാലും കയര്‍ക്കും. എല്ലാവരും തന്നെ കൊല്ലാന്‍ നടക്കുന്നവരാണെന്നാണ് ഐശാബീവിയുടെ മനോഗതി. താനുള്‍പ്പെടെയുള്ളവരുടെ അന്ത്യം കെട്ടിടം തകര്‍ന്നാവുമെന്ന ചിന്താഗതിയാണ് ഇവരെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചിട്ടുള്ളത്. ഇവിടെ കൊച്ചുമുറിയില്‍ 40,000 രൂപ പണയം നല്‍കിയാണ് റസാഖും ഭാര്യ ബീവിയും മക്കളും താമസിക്കുന്നത്. ഒരു ഉറപ്പുമില്ലാത്ത കെട്ടിടത്തില്‍ എന്തിനു താമസിക്കുന്നു എന്നു ചോദിച്ചാല്‍ മറ്റൊരു ഗതിയില്ലാഞ്ഞിട്ട് എന്ന ഉത്തരമാണ് ഇവര്‍ക്കുള്ളത്. ഒരിക്കല്‍ മുകള്‍നിലയിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരിക്കെ നില തകര്‍ന്ന് താഴേക്കു പതിച്ച ദുരവസ്ഥയാണ് സബിയക്കുണ്ടായത്. കൈവരിയില്ലാത്ത ഗോവണിയില്‍നിന്ന് കുട്ടികളും പ്രായമായവര്‍പോലും നിലത്തുവീഴുന്നതും പതിവാണ്. മീന്‍കച്ചവടക്കാരനായ കെ എം താഹ(43)യും ഭാര്യയും അഞ്ചുമക്കളും എട്ടു വര്‍ഷമായി ഇവിടെ അന്തിയുറങ്ങുന്നു. ""താമസിക്കുന്നുവെന്നേയുള്ളൂ. ഉള്ളില്‍ ഒരു ജീവനുമില്ലെന്നാണ്"" താഹയുടെ പ്രതികരണം. ""ഏതുസമയത്തും എന്തും സംഭവിക്കാം. എന്നാലും പണമില്ലാത്തവര്‍ക്ക് വേറെയെന്താണ് ചെയ്യാനാവുകയെന്നും"" താഹ ദീര്‍ഘനിശ്വാസത്തോടെ ചോദിക്കുന്നു. മഹാജനവാടിയുടെ ദുരിതകവാടം താണ്ടി അകത്തോട്ടു കടന്നാലും സ്ഥിതി വ്യത്യസ്തമല്ല. വഖഫ് ബോര്‍ഡ് അധീനതയിലുള്ള ഇവിടുത്തെ ഭൂമിയില്‍ ഉടമസ്ഥാവകാശം തേടി അലയാന്‍തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണെന്ന് ഇവിടെ പാര്‍ക്കുന്ന ലളിത (56) പറയുന്നു. വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമാണ് ഇവിടെ വീട് സ്വന്തമായുള്ളത്. കാറ്റുപോലും കടക്കാത്ത ചെറിയ ഇരുട്ടുമുറികളില്‍ വേനലില്‍ ചൂടും മഴയത്ത് ചോര്‍ച്ചയും സഹിച്ച് നാളുകള്‍ തള്ളുകയാണ് നിരവധി കുടുംബങ്ങള്‍. അന്നന്നത്തെ അന്നത്തിനുള്ള വകപോലും ലഭിക്കാത്ത ഇവരില്‍ പലര്‍ക്കും സ്വന്തം വീട് എന്നത് സ്വപ്നങ്ങളില്‍പ്പോലുമില്ല. ചാക്കും പ്ലാസ്റ്റിക്, ടര്‍പാള എന്നീ ഷീറ്റുകളും മറ്റും മറച്ച് മുറികള്‍ തീര്‍ക്കുന്നവരും നിരവധി. പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങള്‍പോലും പരിമിതം. നൂറിലേറെ ആളുകള്‍ക്കായുള്ളത് മൂന്ന് പൊതുകക്കൂസുകള്‍ മാത്രം. പരാതികളും നിവേദനങ്ങളുമായി പലേടത്തും കയറിയിറങ്ങി. പരിഹാരം മാത്രം ഉണ്ടാകുന്നില്ല. ജനുവരി ഒന്നിന് ആരംഭിക്കുന്ന ഭൂസമര പ്രക്ഷോഭം ഇവരില്‍ സൃഷ്ടിച്ച ആവേശവും ചില്ലറയല്ല.
(ഷഫീഖ് അമരാവതി)
ഭൂരഹിതര്‍ ലക്ഷത്തിലധികം; മിച്ചഭൂമി വെറും 75 ഏക്കര്‍
തൃക്കാക്കര: ജില്ലയില്‍ ഒരുലക്ഷത്തിലധികം ഭൂരഹിതരുള്ളപ്പോള്‍ മിച്ചഭൂമിയായുള്ളത് 75 ഏക്കര്‍ മാത്രമെന്ന് അധികൃതര്‍. ഏഴ് താലൂക്കുകളിലായി ഭൂരഹിതരുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ മിച്ചഭൂമിയെ സംബന്ധിച്ച വിവരം കൃത്യമായി ശേഖരിക്കുന്നതിലുണ്ടാകുന്ന പാളിച്ചയാണ് ഭൂമിയുടെ വിവരം സംബന്ധിച്ച് അവ്യക്തത തുടരുന്നതിന്റെ കാരണമെന്ന് ആക്ഷേപമുണ്ട്. സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഭൂരഹിതരുടെ എണ്ണം വെറും 24,830 മാത്രമാണ്. ജില്ലയിലെ ഏഴ് താലൂക്കുകളിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കിയ ഭൂമിയില്ലാത്തവരുടെ എണ്ണം 34,817 ആണെന്നാണ് സംസ്ഥാന ജോയിന്റ് ലാന്‍ഡ് റവന്യുകമീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്.
ഭൂരഹിതരുടെ എണ്ണം കൂടുതലുള്ളത് കണയന്നൂര്‍ താലൂക്കിലാണ്. എന്നാല്‍ ഇവര്‍ക്ക് വിതരണംചെയ്യേണ്ട മിച്ചഭൂമിയുടെ വിവരങ്ങള്‍ അധികൃതര്‍ കൃത്യമായി ശേഖരിച്ചിട്ടില്ല. വിവിധ താലൂക്കിലെ വില്ലേജ് ഓഫീസുകളില്‍നിന്ന് മിച്ചഭൂമി ഇല്ല എന്ന വിവരമാണ് വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്നത്. ജൂണില്‍ മിച്ചഭൂമി സംബന്ധിച്ച വിവരം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചെങ്കിലും വിവരശേഖരണം അനിശ്ചിതത്വത്തിലാണ്. നാമമാത്രമായ ഭൂവിവരങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഏറ്റവും കുറവ് മിച്ചഭൂമിയുള്ള കൊച്ചി താലൂക്കിലാണ്. കൂടുതല്‍ ആലുവ താലൂക്കിലും. കണയന്നൂര്‍, കൊച്ചി താലൂക്കുകളില്‍ ഒരേക്കറില്‍ താഴെയാണ് മിച്ചഭൂമിയുള്ളതെന്നാണ് വിവരം. കണയന്നൂര്‍ താലൂക്കില്‍ 74.6 സെന്റ് ഭൂമിയാണ് മിച്ചഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ളത്. കൊച്ചി താലൂക്കില്‍ 37.1 സെന്റ് ഭൂമിയും കുന്നത്തുനാട്ടില്‍ 11.49 ഏക്കറും ആലുവയില്‍ 32.77 ഏക്കര്‍ ഭൂമിയും പറവൂരില്‍ 7.30 ഏക്കറും മൂവാറ്റുപുഴയില്‍ 22.19 ഏക്കറും കോതമംഗലത്ത് 1.7 ഏക്കറുമാണ് മിച്ചഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യത്തോടെ മിച്ചഭൂമി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ റവന്യു അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. മിച്ചഭൂമി സംബന്ധിച്ച കണക്ക് ശേഖരിക്കുന്ന കാര്യത്തില്‍ വലിയ ഉദാസീനതയാണ് റവന്യു അധികൃതര്‍ കാണിച്ചതെന്നും ആക്ഷേപമുണ്ട്.
52 ഏക്കറില്‍ 1ന് കൊടിനാട്ടും
ആലപ്പുഴ: സംസ്ഥാന വ്യാപക ഭൂസമരത്തിന്റെ ഭാഗമായി ഭൂപരിഷ്കരണ സംരക്ഷണ സമരസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് കൈനകരി സൗത്ത് വില്ലേജിലെ പൂപ്പള്ളി കുടുംബം വക 52 ഏക്കര്‍ മിച്ചഭൂമിയില്‍ സമരവളണ്ടിയര്‍മാര്‍ പ്രവേശിക്കും. സമരം കൈനകരി ജങ്ഷനില്‍ രാവിലെ 9ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍ ഉദ്ഘാടനംചെയ്യുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു അധ്യക്ഷനാകും.
ഭൂപരിഷ്കരണ നിയമം മറികടക്കാന്‍ കള്ളക്കേസിലൂടെ കോടതിയെ ഇടപെടുവിച്ച് ഭൂമി ലേലംചെയ്ത് ഉടമകള്‍ ആദായം എടുക്കുന്നു. ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണംചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജില്ലയില്‍ 12,229 ഭൂരഹിതര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1046 പട്ടികജാതി കുടുംബങ്ങളും 300 പട്ടികവര്‍ഗ കുടുംബങ്ങളും ഭൂമിയില്ലാത്തവരായുണ്ട്. ഇവര്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട മിച്ചഭൂമിയാണ് തിരിമറിയിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്. ജി സുധാകരന്‍ എംഎല്‍എ, സി കെ സദാശിവന്‍ എംഎല്‍എ, സി എസ് സുജാത, ജി വേണുഗോപാല്‍, എന്‍ സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദ്യദിവസം 250 സമരവളണ്ടിയര്‍മാര്‍ ഭൂമിയില്‍ പ്രവേശിച്ച് കൊടിനാട്ടും. അറസ്റ്റിലാകുന്ന വളണ്ടിയര്‍മാര്‍ ജാമ്യം നിഷേധിക്കും. തുടര്‍ന്ന് ജനുവരി 10 വരെ പ്രതിദിനം 100 വളണ്ടിയര്‍മാര്‍ സമരത്തില്‍ അണിചേരും. ജില്ലയില്‍ 17,000 വളണ്ടിയര്‍മാര്‍ സമരത്തില്‍ നേരിട്ട് അണിചേരും. 11 മുതല്‍ ഏരിയാതലത്തിലേക്ക് സമരം വ്യാപിപ്പിക്കും. ജില്ലയിലെ 17 ഏരിയകളിലായി പരിധിയില്‍ കവിഞ്ഞ് കൈവശം വച്ചിട്ടുള്ള ഭൂമിയില്‍ പ്രവേശിച്ച് പ്രവര്‍ത്തകര്‍ കുടില്‍കെട്ടും. സമരസമിതി ജില്ലാ ചെയര്‍മാന്‍ ജി വേണുഗോപാല്‍, കണ്‍വീനര്‍ ഡി ലക്ഷ്മണന്‍, എന്‍ സോമന്‍, ശ്രീകുമാരന്‍ തമ്പി, കോട്ടയ്ക്കല്‍ വിശ്വനാഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തുമ്പോട്ട് തുടങ്ങുന്ന ഭൂസംരക്ഷണ സമരം ജില്ലയാകെ വ്യാപിപ്പിക്കും
ഭൂസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കിളിമാനൂര്‍ ഏരിയയിലെ മടവൂര്‍ പഞ്ചായത്തില്‍ തുമ്പോട്ടുള്ള മിച്ചഭൂമിയില്‍ തുടങ്ങുന്ന സമരം ജില്ലയാകെ വ്യാപിപ്പിക്കും. സമരത്തില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ജില്ലയിലാകെ മിച്ചഭൂമിയിലേക്ക് പ്രവേശിച്ച് കുടില്‍കെട്ടാനാണ് സമിതിയുടെ തീരുമാനം.ചൊവ്വാഴ്ച രാവിലെ 10ന് 200 സമര വാളണ്ടിയര്‍മാരാണ് തുമ്പോട്ടെ മിച്ചഭൂമിയില്‍ പ്രവേശിക്കുന്നത്. കേരളകര്‍ഷകസംഘം സംസ്ഥാനക്കമ്മിറ്റിയംഗവും മുന്‍ സ്പീക്കറുമായ എം വിജയകുമാര്‍ നേതൃത്വം നല്‍കും.
കേരള കര്‍ഷകസംഘം, കേരളാ സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിന്‍, ആദിവാസിക്ഷേമ സമിതി, പട്ടികജാതി ക്ഷേമ സമിതി, എന്നീ സംഘടനകളില്‍പ്പെട്ട വളന്റിയര്‍മാരാണ് ആദ്യ ദിവസം ഭൂമിയില്‍ പ്രവേശിക്കുക. എല്ലാ വളന്റിയര്‍മാര്‍ക്കും 30ന് വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ചേരുന്ന പൊതുയോഗത്തില്‍ സ്വീകരണം നല്‍കും. യോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. തുമ്പോട് ജംഗ്ഷനില്‍ ചേരുന്ന പൊതുയോഗം സിപിഐ എംസംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്യും. ഭൂസംരക്ഷണ സമിതി കണ്‍വീനര്‍ എ വിജയരാഘവന്‍ പങ്കെടുക്കും. തുടര്‍ന്ന് വളന്റിയര്‍മാര്‍ മിച്ചഭൂമിയിലേക്ക് പ്രവേശിക്കും. തുമ്പോട്ടുള്ള മൂന്ന് ഏക്കറിലധികം ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് വളന്റിയര്‍മാര്‍ അറസ്റ്റ് വരിച്ച് ജയിലിലേക്ക് പോകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നൂറുവീതം വളന്റിയര്‍മാര്‍ ഭൂമിയിലേക്ക് പ്രവേശിക്കും. പത്തുദിവസംവരെ ഈ സമരം തുടരും. തുടര്‍ന്ന് ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേക്കും സമരം വ്യാപിപ്പിക്കും. മിച്ചഭൂമി ചുണ്ടിക്കാട്ടി അതില്‍ കുടില്‍ കെട്ടും. സമര വിജയിത്തിനായി വിപുലമായ പ്രചാരണ പരിപാടികളാണ് ജില്ലയിലെമ്പാടും നടക്കുന്നത്. എല്ലാ ഏരിയായിലും വളന്റിയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ലോക്കല്‍തലത്തില്‍ കാല്‍നട പ്രചാരണ ജാഥകള്‍ നടന്നു. ലോക്കല്‍ അടിസ്ഥാനത്തില്‍ ഭൂരഹിത കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. തുമ്പോട്ട് വിപുലമായ സമര സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു.
deshabhimani
No comments:
Post a Comment