Sunday, December 23, 2012

ശബരിമലയില്‍ ഉപ്പുവെള്ള പ്ലാന്റ്


ശബരിമലയേയും മറയാക്കി കോടികളുടെ പൊതുമുതല്‍ ധൂര്‍ത്തടിക്കാന്‍ കേരള ജല അതോറിറ്റി പദ്ധതി മെനഞ്ഞു. ധാതുജല സമ്പുഷ്ടമായ ശബരിമല പ്രദേശത്ത് ഉപ്പുവെള്ളം ശുദ്ധീകരിച്ച് കവറുകളിലാക്കി വില്‍പ്പന നടത്താന്‍ രണ്ടരകോടി രൂപ മുടക്കി മൊബൈല്‍ ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റു സ്ഥാപിക്കുന്നു. ഹൈദരാബാദിലെ ഒരു കമ്പനിയില്‍ നിന്നും ഇത്തരം ഇരുപതു പ്ലാന്റുകളാണ് വാങ്ങുക. പ്ലാന്റുകള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു.

50 കോടി രൂപ മുടക്കി വാങ്ങുന്ന ഇത്തരം 20 പ്ലാന്റുകള്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റുകള്‍ വാങ്ങുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ ജലവിഭവമന്ത്രി പി ജെ ജോസഫും ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അശോക് കുമാര്‍ സിംഗും ഈയിടെ ഹൈദരാബാദ് സന്ദര്‍ശിച്ചിരുന്നു.

തുടര്‍ന്ന് ഒക്ടോബര്‍ 5-ന് ചേര്‍ന്ന അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഒരൊറ്റ അജന്‍ഡയേ ഉണ്ടായിരുന്നുള്ളു. ഉപ്പുരസം കലര്‍ന്ന ജലം ശുദ്ധീകരിക്കാനുള്ള മൊബൈല്‍ പ്ലാന്റ് വാങ്ങി ശുദ്ധീകരിച്ച ജലം പ്ലാസ്റ്റിക് സഞ്ചികളിലും ടിന്നുകളിലും നിറച്ച് ശബരിമല തീര്‍ഥാടകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുള്ള അജന്‍ഡ അംഗീരിച്ച് കെ ഡബ്യു എ/ജെ ബി/ടി എം/1034 നമ്പറായി ഇക്കഴിഞ്ഞ നവംബര്‍ 5-ന് ഉത്തരവിറക്കുകയും ചെയ്തു. ശബരിമലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള രണ്ടര കോടിയുടെ പ്ലാന്റ് വാങ്ങുന്നതെന്ന വിശദീകരണവും ഇത് സംബന്ധിച്ച അതോറിറ്റിയുടെ രേഖയില്‍ കാണാം.

ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം തീരെയില്ലാത്ത, വനങ്ങള്‍ നിറഞ്ഞ ജാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇത്തരം പ്ലാന്റുകള്‍ ഉണ്ടെന്ന ന്യായീകരണവും രേഖയിലുണ്ട്. ശബരിമലയിലെ ഉപ്പുവെള്ളം ഈ പ്ലാന്റില്‍ ശുദ്ധീകരിച്ചാല്‍ ലിറ്ററിന് 4 രൂപയ്ക്ക് വില്‍ക്കാമെന്നും അതോറിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായി വ്യക്തമാക്കിയിട്ടുണ്ട്.ശബരിമലയില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം തീരെയില്ലെന്നും ഉപ്പുവെള്ളത്തിന്റെ പേരുപറഞ്ഞ് കോടികളുടെ പ്ലാന്റുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കുന്നത് വന്‍ കമ്മിഷന്‍ കൊയ്ത്തിനുള്ള ഇടപാടാണെന്നും അതോറിറ്റിയിലെ ഒരു വിഭാഗം വിദഗ്ധര്‍ 'ജനയുഗ'ത്തോട് പറഞ്ഞു.

ശബരിമല പ്രദേശത്തെ പമ്പ ഉള്‍പ്പെടെയുള്ള നദികള്‍ കോടിക്കണക്കിന് ഭക്തര്‍ തീര്‍ഥാടനത്തിനെത്തുമ്പോള്‍ മലിനമാകുന്നുവെന്നേയുള്ളു. പമ്പയിലെ ജലത്തില്‍ മലവിസര്‍ജ്ജനം മൂലമുള്ള കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി ഉയരാറുണ്ട്. ഈ ജലം ശുദ്ധീകരിച്ച് അണുവിമുക്തമാക്കി കുടിവെള്ളമായി വില്‍ക്കാം. ചെലവുതീരെ കുറഞ്ഞ പ്ലാന്റും സാങ്കേതികവിദ്യയും ഇതിനുമതി. എന്നാല്‍ ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റ് ശുദ്ധീകരണത്തിന് ഉപയോഗിക്കുമ്പോള്‍ ചെലവേറും. ഇല്ലാത്ത ഉപ്പുമാറ്റാന്‍ ഉപ്പുവെള്ള ശുദ്ധീകരണപ്ലാന്റ് എന്തിനാണെന്നും വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചു.

യു വി മെംബ്രേന്‍വഴി റിവേഴ്‌സ് ഓസ്‌മോസിസ് പ്രക്രിയയിലൂടെ ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നതിനാലാണ് ചെലവേറുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പ്ലാന്റില്‍ ഉപ്പുവെള്ളമല്ലെങ്കില്‍ പോലും 1000 ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ 40 രൂപയോളം ചെലവുവരും. അതേസമയം ഇവിടെ സാധാരണ പ്ലാന്റ് ഉപയോഗിച്ച് ശുദ്ധജലമുണ്ടാക്കിയാല്‍ ആയിരം ലിറ്ററിന് പരമാവധി എട്ടുരൂപയേ ചെലവ് വരൂ എന്നും അവര്‍ പറയുന്നു.

ഇപ്രകാരം ശുദ്ധീകരിച്ച കുടിവെള്ളം ടിന്നിലടച്ചോ പ്ലാസ്റ്റിക് കവറുകളിലാക്കിയോ വില്‍ക്കാമെന്നാണ് അതോറിറ്റിയുടെ രേഖകളില്‍ പറയുന്നത്. എന്നാല്‍ ശബരിമലയിലും ഈ കാനന തീര്‍ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലും പ്ലാസ്റ്റിക് നിരോധനം നിലവിലുള്ളപ്പോള്‍ സഞ്ചികളിലെ കുടിവെള്ള കച്ചവടവും നടപ്പില്ല.ഇല്ലാത്ത ഉപ്പിന്റേയും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളിലെ കുടിവെള്ള കച്ചവടത്തിന്റെയും പേരില്‍ ജല അതോറിറ്റി ആസൂത്രണം ചെയ്ത ഈ ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റ് ഇടപാട് അതോറിറ്റിയില്‍തന്നെ വലിയൊരു അഴിമതിവിവാദം കത്തിപ്പടരാന്‍ വഴിമരുന്നിട്ടുകഴിഞ്ഞു.
(കെ രംഗനാഥ്)

janayugom 221212

No comments:

Post a Comment