Sunday, December 23, 2012

പ്രധാനമന്ത്രി വായ തുറക്കണം:വൃന്ദ


പ്രധാനമന്ത്രി മറുപടി പറയണം: സിപിഐ എം

ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടത്തിയ അക്രമത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. രാജ്പഥില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശനിയാഴ്ച നടന്ന പ്രക്ഷോഭം ജനങ്ങളുടെ സ്വാഭാവികമായ രോഷത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു. 23കാരിയായ പെണ്‍കുട്ടിയെ ഓടുന്ന ബസിനുള്ളില്‍ കൂട്ട ബലാത്സംഗം ചെയ്തശേഷം വലിച്ചെറിഞ്ഞ ക്രൂരസംഭവത്തിലും ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലുമുള്ള സ്വാഭാവിക പ്രതിഷേധമാണിത്. ഇത്തരമൊരു സമരത്തിനുനേരെ ജലപീരങ്കി, കണ്ണീര്‍വാതകം, ലാത്തി എന്നിവ പ്രയോഗിച്ചത് ഡല്‍ഹി പൊലീസിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സാമാന്യബുദ്ധിയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് മുമ്പ് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ഡല്‍ഹി പൊലീസ് കമീഷണറും ആഭ്യന്തര സെക്രട്ടറിയും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാതെ നിരുത്തരവാദപരവും ധിക്കാരപൂര്‍ണവുമായ പ്രസ്താവനകള്‍ നടത്തിയത് പ്രതിഷേധാര്‍ഹമാണ്. ഡല്‍ഹിയുടെ സുരക്ഷാചുമതലയും ക്രമസമാധാനത്തിന്റെ ചുമതലയും വിവിധ ഏജന്‍സികള്‍ക്കായതിനാല്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല എന്ന അവസ്ഥയാണ്. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ലഭിക്കാതാകുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി കളിക്കുകയാണ്. ഈ സംഭവത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയണം. ഉടന്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണം. നേരത്തേ നല്‍കിയ ഉറപ്പുകള്‍ പാലിക്കണം. നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. മധുരമായ പ്രസ്താവനകള്‍ കൊണ്ട് പ്രയോജനമില്ലെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാനമന്ത്രി വായ തുറക്കണം:വൃന്ദ

രാജ്യത്തെയാകെ ഞെട്ടിച്ച ക്രൂരമായ കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ രോഷാകുലരായി സമരംചെയ്യുമ്പോള്‍ പ്രധാനമന്ത്രി മൗനംപാലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പ്രധാനമന്ത്രി വായ തുറന്ന് സംസാരിക്കണമെന്നും വൃന്ദ ആവശ്യപ്പെട്ടു.

പെണ്‍കുട്ടികള്‍, ജോലിയെടുക്കുന്ന സ്ത്രീകള്‍ എന്നിവരെല്ലാം ഡല്‍ഹിയില്‍ അരക്ഷിതരാണ്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നത് വ്യക്തമായിക്കഴിഞ്ഞു. സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തുന്നവരെ ക്രൂരമായി ആക്രമിക്കുകയാണ് പൊലീസ്. ഡല്‍ഹിയിലെ സംഭവം ഗൗരവമായ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്ക് സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുണ്ട്. അത് പാലിക്കുന്നുണ്ടോ? ഡല്‍ഹിയില്‍ കര്‍ട്ടനിട്ട് മറച്ച ബസുകള്‍ നിര്‍ബാധം സര്‍വീസ് നടത്തുന്നു. ആരാണ് ഉത്തരവാദികള്‍? എവിടെയാണ് ഡല്‍ഹി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും? എവിടെയാണ് സര്‍ക്കാര്‍? സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടന്നാല്‍ പറയാന്‍ ഒരിടമില്ല, ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നതാണ് അവസ്ഥ. ഇതിന് അവസാനമുണ്ടായേ കഴിയൂ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമങ്ങളുണ്ട്. പക്ഷേ, അവ ശരിയായി നടപ്പാക്കുന്നില്ലെന്നതാണ് പ്രശ്നം. ഇതുവരെ നല്‍കിയ ഉറപ്പുകള്‍ക്ക് എന്താണ് സംഭവിച്ചത്? മൂര്‍ത്തമായ നടപടികള്‍കൊണ്ടുമാത്രമേ ഈ അരക്ഷിതാവസ്ഥ അവസാനിപ്പിക്കാന്‍ കഴിയൂ. ഡല്‍ഹിയില്‍ ഇപ്പോള്‍ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി പ്രസ്താവന നടത്തണം. എന്താണ് ഇനി സ്ത്രീകളുടെ സുരക്ഷിതത്വത്തിന് സ്വീകരിക്കാന്‍ പോകുന്ന നടപടികളെന്നാണ് അറിയേണ്ടത്. സ്ത്രീകളുടെ സുരക്ഷസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഉത്തരവാദിത്തം ഏല്‍ക്കണം: സിപിഐ

ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് സുരക്ഷ ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഏല്‍ക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച പ്രതിഷേധസമരം നടത്തിയ ജനങ്ങള്‍ക്കുനേരെ പൊലീസ് നടത്തിയ അതിക്രമം പ്രതിഷേധാര്‍ഹമാണ്. ഡല്‍ഹിയും മറ്റ് നഗരങ്ങളും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാതായി. ജനങ്ങള്‍ നടത്തിയ പ്രതിഷേധം സ്വാഭാവികമാണ്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാനും ക്രമസമാധാനം പാലിക്കാനും കഴിയാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടപ്പോഴുണ്ടായ ജനരോഷമാണിത്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാനും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനും ആവശ്യമായ ശക്തമായ നടപടികളുണ്ടാകുമെന്ന ഉറപ്പാണ് വേണ്ടത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യത്തോട് മറുപടി പറയണമെന്നും സിപിഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 231212

No comments:

Post a Comment