Thursday, December 27, 2012

സമര നായകര്‍ക്കു മുന്നില്‍ ഓര്‍മകള്‍ ചികഞ്ഞ് ശങ്കരേട്ടന്‍


കുന്നമംഗലം: കേരളത്തിന്റെ സമരനായകര്‍ കാണാനെത്തിയപ്പോള്‍ പ്രായത്തിന്റെ അവശത വെടിഞ്ഞ് ജ്വലിക്കുന്ന ഓര്‍മകള്‍ ശങ്കരേട്ടന്‍ ചികഞ്ഞെടുത്തു. സിപിഐ എമ്മിന്റെ പഴയകാല പ്രവര്‍ത്തകനും ദീര്‍ഘകാലം കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറുമായിരുന്ന വി കെ ശങ്കരനെ കാണാനാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും ബുധനാഴ്ച പകല്‍ പന്ത്രണ്ടിന് പൂവാട്ടുപറമ്പിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. പ്രായാധിക്യത്താല്‍ അവശതകള്‍ അനുഭവിക്കുന്ന അദ്ദേഹത്തോട് പിണറായി രോഗ വിവരങ്ങളും പഴയകാല അനുഭവങ്ങളും ചോദിച്ചറിഞ്ഞു. ഇരുപത് മിനുട്ട് സമയം പിണറായിയും ഇ പിയും അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. ഇപ്പോള്‍ എത്ര വയസ്സായി എന്ന പിണറായിയുടെ ചോദ്യത്തിന് തൊണ്ണൂറ്റിമൂന്നെന്ന് മറുപടി. രണ്ടു വര്‍ഷത്തോളമായി എഴുന്നേറ്റ് നടക്കാന്‍ കഴിയുന്നില്ലെന്നും മൂത്രതടസ്സമുള്ളതിനാല്‍ ട്യൂബ് ഇട്ടിരിക്കുകയാണെന്നും പറഞ്ഞു. കെ പി ആര്‍ രയരപ്പന്‍, കെ ദാമോദരന്‍, നാരായണന്‍നമ്പ്യാര്‍, ചിണ്ടന്‍നമ്പ്യാര്‍, അനന്തന്‍ നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പം 1948- ല്‍ വെല്ലൂര്‍ ജയിലില്‍ കിടന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

അക്കാലത്തെ പാര്‍ട്ടി സെല്ലിനെക്കുറിച്ച് പിണറായി ശങ്കരേട്ടനോട് ചോദിച്ചു. ഒരു സെല്ലില്‍ അഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നതെന്നും എ കെ ജി റിട്ട് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്റു എല്ലാവരെയും ജയില്‍ മോചിതരാക്കാന്‍ ഉത്തരവിട്ടതെന്നും 1951ലാണ് ജയിലില്‍നിന്ന് പുറത്ത് വന്നതെന്നും ശങ്കരേട്ടന്‍ ഓര്‍ത്തു. ചക്കുംകടവിലായിരുന്നു താമസമെന്നും ആര്‍എസ്എസുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് അവിടം വിട്ടുപോന്നതെന്നും അദ്ദേഹം പറഞ്ഞു. മനസിലായോ എന്ന ഇ പി യുടെ ചോദ്യത്തിന് ചിത്രത്തില്‍ കാണാറുണ്ടെന്ന് ശങ്കരേട്ടന്റെ മറുപടി. ഏക പരിഭവം വായിക്കാന്‍ കഴിയുന്നില്ലെന്നത് മാത്രം. ഭാര്യയോടും മകന്‍ കയര്‍ഫെഡില്‍നിന്ന് വിരമിച്ച യതീന്ദ്രനോടും പിണറായി കാര്യങ്ങള്‍ തിരക്കി. വീണ്ടും കാണാമെന്ന് പറഞ്ഞാണ് അദ്ദേഹം യാത്ര പറഞ്ഞത്. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, കുന്നമംഗലം ഏരിയാകമ്മിറ്റി അംഗം പി ബാലന്‍, പെരുമണ്ണ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ഷാജി പുത്തലത്ത്, പഞ്ചായത്തംഗം രാജീവ് പെരുമണ്‍പുറ എന്നിവരും ഒപ്പമുണ്ടായി

ഭൂസമരത്തിന് ഉള്ള്യേരി ഒരുങ്ങി

ബാലുശേരി: ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് ഉള്ള്യേരി അഞ്ജനോര്‍മല ഒരുങ്ങി. ഉള്ള്യേരി വില്ലേജിലെ കൊയക്കാട്, കക്കഞ്ചേരി, ഉള്ള്യേരി പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 22.43 ഏക്കര്‍ ഭൂമിയാണ് കാറലാട്ടെ സമരകേന്ദ്രം. ജനുവരി ഒന്നിന് തെരഞ്ഞെടുക്കപ്പെട്ട സമര വളണ്ടിയര്‍മാര്‍ കൊടി നാട്ടും. ഇവരെ അനുഗമിച്ച് രണ്ടായിരത്തോളം പ്രവര്‍ത്തകരും അണിനിരക്കും. തുടര്‍ന്ന് പത്ത് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ സമരകേന്ദ്രത്തിലെത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി സമരം ഉദ്ഘാടനംചെയ്യും. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി വിശ്വന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം മെഹബൂബ്, കെ പി കുഞ്ഞമ്മദ്കുട്ടി, ജില്ലാ സെക്രട്ടറി ടി പി ബാലകൃഷ്ണന്‍നായര്‍, കര്‍ഷകതൊഴിലാളി യൂണിയന്‍ ജില്ലാ ആക്ടിങ് സെക്രട്ടറി സി ബാലന്‍, ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വി എം കുട്ടികൃഷ്ണന്‍ ചെയര്‍മാനും ഒള്ളൂര്‍ ദാസന്‍ കണ്‍വീനറുമായ സമരസഹായ സമിതിയും പ്രവര്‍ത്തിക്കുന്നു. കാരയാടംവീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന സ്വകാര്യവ്യക്തി റബര്‍ എസ്റ്റേറ്റായി റബര്‍ബോഡിന് രജിസ്റ്റര്‍ചെയ്ത സ്ഥലമായിരുന്നു ഇത്. എട്ട് മക്കള്‍ അവകാശികളായ സ്ഥലം പിന്നീട് മറ്റൊരാള്‍ക്ക് വിറ്റു. 2007ല്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ 22.43 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്ന് കണ്ടെത്തി. മിച്ചഭൂമി കൂടി ഉള്‍പ്പെടുന്ന സ്ഥലമായതിനാല്‍ സ്വകാര്യ വ്യക്തി വില്‍പ്പനയില്‍നിന്ന് പിന്‍മാറി. പിന്നീട് ലാന്‍ഡ് ബോര്‍ഡില്‍ കേസാവുകയും ബോര്‍ഡ് തീരുമാനത്തില്‍ ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയുമായിരുന്നു.
(കെ ഗിരീഷ്)

ഭൂസമരം ജനുവരി 1ന്; അരിപ്പയിലെ സര്‍ക്കാര്‍ഭൂമിയില്‍ സമര വളന്റിയര്‍മാര്‍ പ്രവേശിക്കും

അഞ്ചല്‍: കേരള കര്‍ഷകസംഘം, കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നിവയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നുമുതല്‍ ആരംഭിക്കുന്ന ഭൂസമരത്തിന്റെ ജില്ലാ സമരകേന്ദ്രമായ പത്തനാപുരം താലൂക്കിലെ കുളത്തൂപ്പുഴ പഞ്ചായത്തില്‍ തിങ്കള്‍കരിക്കം വില്ലേജില്‍ അരിപ്പയിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള സമര വളന്റിയര്‍മാര്‍ പ്രവേശിച്ച് സമരം ആരംഭിക്കും. സ്വകാര്യവ്യക്തി പാട്ടത്തിനെടുത്തിരുന്ന 94 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തു. ചെങ്ങറ ഭൂസമരത്തിന്റെ ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രകാരം ഇതില്‍ 21 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്കു പതിച്ചുകൊടുത്തു. ഇതില്‍ 13.54 ഏക്കര്‍ ഭൂമി കുളത്തൂപ്പുഴ പട്ടികജാതി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന് കെട്ടിടങ്ങള്‍ പണിയുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ പട്ടികജാതിക്ഷേമവകുപ്പിനു കൈമാറി. ഇവിടെ ഭാഗികമായി കെട്ടിടം പണിത സ്ഥലത്ത് ഇപ്പോള്‍ എംആര്‍എസ് പ്രവര്‍ത്തിക്കുകയാണ്. അവശേഷിക്കുന്ന 59 ഏക്കറോളം ഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അധീനതയിലുള്ളത്. ഈ ഭൂമിയിലാണ് സമരവളന്റിയര്‍മാര്‍ പ്രവേശിച്ച് സമരം നടത്തുന്നത്. ഭൂസമരം വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു. കെഎസ്കെടിയു സംസ്ഥാനപ്രസിഡന്റ് ബി രാഘവന്‍ ഉദ്ഘാടനംചെയ്തു. കുളത്തുപ്പുഴ പഞ്ചായത്ത് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണയോഗത്തില്‍ സിപിഐ എം അഞ്ചല്‍ ഏരിയസെക്രട്ടറി കെ ബാബുപണിക്കര്‍ അധ്യക്ഷനായി. സംഘാടകസമിതി ഭാരവാഹികള്‍: എസ് ജയമോഹന്‍, ജോര്‍ജ്മാത്യു (രക്ഷാധികാരികള്‍), കെ ബാബുപണിക്കര്‍ (പ്രസിഡന്റ്), ജി രവീന്ദ്രന്‍പിള്ള, കെ ജെ അലോഷ്യസ്, വി ജി രാജേന്ദ്രന്‍ (വൈസ്പ്രസിഡന്റുമാര്‍), എസ് ഗോപകുമാര്‍, കെ കെ എബ്രഹാം, ലൈലാബീവി (ജോയിന്റ്സെക്രട്ടറിമാര്‍), അഡ്വ. ജെ സുരേന്ദ്രന്‍ (ട്രഷറര്‍). 251 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.

deshabhimani

No comments:

Post a Comment