Sunday, December 30, 2012

ലീഗ് ചതിയന്മാരെന്ന് യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ വഞ്ചനയെന്ന് യൂത്ത്ലീഗ്


മുക്കം: യുഡിഎഫ് ഭരണത്തിലുള്ള മുക്കം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്സ്ഥനത്തെച്ചൊല്ലി യുഡിഎഫില്‍ പോര് മുറുകി. കോണ്‍ഗ്രസിനുവേണ്ടി യൂത്ത് കോണ്‍ഗ്രസും ലീഗിനുവേണ്ടി യൂത്ത്ലീഗും പരസ്യമായി രംഗത്തെത്തി. ഇതിനിടെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രസിഡന്റ്സ്ഥാനം ലീഗിന് നല്‍കണമെന്ന അഭിപ്രായവുമായി രംഗത്തുണ്ട്. പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ ലീഗിലെ എ എം അബ്ദുള്ളക്ക് പ്രസിഡന്റ്സ്ഥാനം നല്‍കുന്നതിനെതിരെ ലീഗിലെ ഒരു വിഭാഗവും രംഗത്തിറങ്ങിയിട്ടുണ്ട്.

ബാങ്ക്പ്രസിഡന്റ്സ്ഥാനം കോണ്‍ഗ്രസിനുതന്നെ ലഭിക്കണമെന്നും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പ്രസിഡന്റ്സ്ഥാനം ലഭിക്കാനായി യുഡിഎഫ് ധാരണ ലംഘിച്ച് ഡിഐസിയുമായി രഹസ്യ ധാരണ ഉണ്ടാക്കി കോണ്‍ഗ്രസിനെ ലീഗ് ചതിച്ചതായും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലീഗിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട്പോവാനാവില്ലെന്നും ലീഗിന് പ്രസിഡന്റ്സ്ഥാനം തുടര്‍ന്ന് നല്‍കുന്നതിനെതിരെ തെരുവിലിറങ്ങുമെന്നും അവര്‍ പറഞ്ഞു. ലീഗിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ നടത്തിയ ഗൂഢാലോചനയുടെ ഫലമായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കോണ്‍ഗ്രസിന് നഷ്ടമായ ഒന്നര വര്‍ഷം ഇപ്പോള്‍ ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകരെ വഞ്ചിച്ച ലീഗ് നേതാവ് എ എം അബ്ദുള്ളയെ യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ദിലീപ്ഖാന്‍, സജീഷ് മുത്തേരി, ജുനൈദ് പാണ്ഡികശാല, ബഷീര്‍ തെച്ച്യാട്, പ്രഭാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ലീഗ് നേതാക്കളും ഡിഐസിയുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ രേഖകളും യുത്തുകോണ്‍ഗ്രസുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. പ്രസിഡന്റ്സ്ഥാനം ലീഗിന് നല്‍കണമെന്ന ധാരണ നടപ്പാക്കാത്തത് രാഷ്ട്രീയ വഞ്ചനയാണെന്നും ലീഗിന് അവകാശപ്പെട്ടത് ഔദാര്യമല്ലെന്നും പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവിലെ ഭരണസമിതിയുടെ കാലാവധി തീരാന്‍ 11 മാസം ശേഷിക്കേ പ്രസിഡന്റ്സ്ഥാനത്തെച്ചൊല്ലി മുക്കത്തെ യുഡിഎഫില്‍ പോര് മുറുകുകയാണ്.

deshabhimani

No comments:

Post a Comment