Saturday, December 22, 2012

കൊട്ടിക്കലാശത്തിന് അരിയും പ്രളയവും


പൊതുചെലവ് അവലോകനസമിതി ശുപാര്‍ശയ്ക്കെതിരായ പ്രതിഷേധം ഇറങ്ങിപ്പോക്കിലാണ് കലാശിച്ചത്. നിരുപദ്രവകാരിയെന്ന് കരുതിയ അനൗദ്യോഗിക പ്രമേയത്തിന്മേല്‍ ഓര്‍ക്കാപ്പുറത്ത് വോട്ടെടുപ്പ്. മേമ്പൊടിയായി പരിസ്ഥിതിവിചാരം. 13-ാംസഭയുടെ പത്തു ദിവസം നീണ്ട ആറാംസമ്മേളനത്തിന് കൊട്ടിക്കലാശമായതിങ്ങനെ.

ശമ്പളപരിഷ്കരണം പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ മതിയെന്നതടക്കമുള്ള ശുപാര്‍ശയെക്കുറിച്ച് സഭ നിര്‍ത്തി ചര്‍ച്ചയ്ക്ക് അനുമതി തേടിയത് എസ് ശര്‍മ. പങ്കാളിത്ത പെന്‍ഷന്റെ കാര്യത്തിലെന്നപോലെ ഇതിലും വെളിവാകുന്നത് സര്‍ക്കാരിന്റെ ഇരട്ടമുഖമാണെന്ന് ശര്‍മ ആരോപിച്ചു. ജീവനക്കാര്‍ക്കെതിരായ നീക്കം തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പൊതുചെലവ് അവലോകനസമിതിയുടേത് വെറും നിര്‍ദേശം മാത്രമാണെന്നായി ധനമന്ത്രി കെ എം മാണി. ശുപാര്‍ശയുടെ പഴക്കം തേടിയ മുഖ്യമന്ത്രി കഴിഞ്ഞ സര്‍ക്കാരിനെയാണ് പഴിചാരിയത്. എങ്കില്‍ നിങ്ങള്‍ നടപ്പാക്കില്ലെന്ന് തറപ്പിച്ചുപറയാമോയെന്നായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ .

മുഖ്യമന്ത്രി കുതറിമാറിയെങ്കിലും മുന്‍ ധനമന്ത്രി തോമസ് ഐസക് വിട്ടില്ല. "പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് ഞങ്ങള്‍ പിന്‍വലിച്ചു. കൃത്യം അഞ്ചാംവര്‍ഷം ശമ്പളപരിഷ്കരണ കമീഷനെ നിയമിച്ചു. നിങ്ങളും അതുപോലെ ചെയ്യുമെന്ന് പറയാമോ" ഐസക്കിന്റെ വെല്ലുവിളി മുറുകി. അവലോകനസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് ആശങ്ക വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റേതായിരുന്നു അടുത്ത ഊഴം. ചില്ലറവില്‍പ്പനയുടെ കാര്യത്തില്‍ ഇവിടെ എതിര്‍ക്കുകയും കേന്ദ്രത്തില്‍ അനുകൂലിക്കുകയും ചെയ്തതുപോലെ ഇക്കാര്യത്തിലും സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് വി എസ്. ഒരു കടയില്‍ രണ്ടുകച്ചവടമാണ് നടത്തുന്നതെന്ന് എം എം മണി- കെ സുധാകരന്‍ വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സുധാകരന്‍ അവഹേളിച്ചിട്ടും ആഭ്യന്തരമന്ത്രിയുടെ മുഖത്ത് ലജ്ജയുടെ കണികപോലുമില്ല. മലയാളികളെ കൊന്ന ഇറ്റലിക്കാരെ ക്രിസ്മസ് ആഘോഷിക്കാന്‍ വിടുന്നു. വിചാരണ കൂടാതെ ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരു ദിവസം നല്‍കിയോ- വി എസ് ആരാഞ്ഞു. റേഷന്‍വിഹിതം പഴയപടിയാക്കണമെന്ന വി എസ് സുനില്‍കുമാറിന്റെ അനൗദ്യോഗികപ്രമേയം വോട്ടെടുപ്പ് ക്ഷണിച്ചുവരുത്തി. 2006 വരെ ലഭിച്ചിരുന്ന 13.92 ലക്ഷം ടണ്‍ ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കുക, സബ്സിഡി ബാങ്കുവഴി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക- ഇവയായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. പ്രതിപക്ഷ അംഗം നോട്ടീസ് നല്‍കിയതായതിനാല്‍ വോട്ടിനിട്ട് തള്ളുകയേ ഭരണപക്ഷത്തിന് നിര്‍വാഹമുള്ളൂ. പ്രമേയത്തില്‍ ആവശ്യപ്പെടുന്നതിനേക്കാള്‍ അരിവിഹിതം ഇപ്പോള്‍ ലഭിക്കുന്നുവെന്ന മന്ത്രി അനൂപ് ജേക്കബ്ബിന്റെ പ്രതികരണം വോട്ടെടുപ്പിന് വിത്തുപാകി. 16 ലക്ഷം മെട്രിക് ടണ്‍ അരിവിഹിതം കിട്ടുന്നുണ്ടെന്നാണ് മന്ത്രി കണക്ക് നിരത്തിയത്. പക്ഷേ, കഴിഞ്ഞദിവസം മന്ത്രിയുടെ മറുപടിപ്രസംഗം കേള്‍ക്കാന്‍ സന്മനസ്സ് കാട്ടിയിരുന്നെങ്കില്‍ പ്രമേയത്തെ എതിര്‍ക്കില്ലായിരുന്നെന്നായി ബെന്നി ബഹനാന്‍. അരി ഉല്‍പ്പാദനം കുറഞ്ഞതിന് കേന്ദ്രം എന്തുപിഴച്ചുവെന്നാണ് ബെന്നിക്ക് മനസ്സിലാകാത്തത്. പ്രമേയത്തെ പിന്തുണച്ച പ്രൊഫ. സി രവീന്ദ്രനാഥ് ഭക്ഷ്യപ്രശ്നം കക്ഷിരാഷ്ട്രീയത്തിന് അതീതമാണെന്ന നിലപാടിലാണ്. ഭക്ഷ്യധാന്യ ഉല്‍പ്പാദനവും ഭക്ഷ്യശേഖരവും കൂടുന്നു. എന്നിട്ടും കേന്ദ്രവിഹിതം വര്‍ധിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. അനുവദിച്ച അരിവിഹിതം എടുക്കാതിരുന്നതാണ് വിഹിതം കുറയാന്‍ കാരണമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി നിരീക്ഷിച്ചു. ആവശ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വിഹിതം കിട്ടുന്നതിനാല്‍ പ്രമേയം സുനില്‍കുമാര്‍ പിന്‍വലിക്കുമെന്ന ശുഭാപ്തിവിശ്വാസമായിരുന്നു പി സി ജോര്‍ജിന്.

അരി ലഭിക്കാത്തതുകൊണ്ട് കേരളത്തില്‍ പട്ടിണിയുണ്ടാകില്ലെന്ന വിശ്വാസക്കാരനാണ് മന്ത്രി അനൂപ് ജേക്കബ്. നദീതീരസംരക്ഷണവും മണല്‍വാരല്‍നിയന്ത്രണവും നിയമം നടപ്പാക്കണമെന്ന ടി എന്‍ പ്രതാപന്റെ പ്രമേയത്തെ പിന്താങ്ങിയ വി ഡി സതീശന്റെ പരിസ്ഥിതിവിചാരം ഭീതിപരത്തുന്നതായിരുന്നു. പുഴ കടലിനെ തേടിയല്ല, കടല്‍ പുഴയെ തേടി വരുന്ന കാലം വിദൂരമല്ലെന്നും സതീശന് ഉറപ്പ്. ആഗോളതാപനത്തിനുവേണ്ടി കാത്തിരിക്കാതെതന്നെ പ്രളയം വരുമത്രേ. "സതീശന്‍ ഇങ്ങനെ പേടിപ്പിച്ചാലോ" എന്നായി സ്പീക്കര്‍. നിയമനിര്‍മാണം ലക്ഷ്യമാക്കിയ സമ്മേളനത്തില്‍ ആറ് ഓര്‍ഡിനന്‍സുകള്‍ക്കുപകരമുള്ള ബില്ലുകള്‍ പാസാക്കിയതായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍.
(കെ ശ്രീകണ്ഠന്‍)

deshabhimani 221212

No comments:

Post a Comment