ആലപ്പുഴ: പിറന്ന നാടിന്റെ മോചനത്തിനായി ചോരചിന്തി വീരേതിഹാസം രചിച്ച ധീര രക്തസാക്ഷികളുടെ ബലികുടീരത്തില്‍നിന്ന് ജൈത്രയാത്ര തുടങ്ങിയ കേരളരക്ഷാ മാര്‍ച്ചിന് ആവേശംപകര്‍ന്ന് സ്വീകരണ കേന്ദ്രങ്ങളിലെത്തിയത് പതിനായിരങ്ങള്‍. രണാങ്കണങ്ങളില്‍ ഒഴുകിപ്പരന്ന ചെഞ്ചോര അഗ്നിയായ് നെഞ്ചേറ്റിയ ജനാവലിയെ സാക്ഷിയാക്കി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് വരുംകാല പോരാട്ടത്തിന് കരുത്തുപകര്‍ന്ന് പ്രയാണം തുടങ്ങി. "മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം" എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ജാഥയെ സ്വീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. വയലാര്‍, ഗുരുപുരം എന്നിവിടങ്ങളിലായിരുന്നു ശനിയാഴ്ച സ്വീകരണം.
രണസ്മരണകളിരമ്പുന്ന വയലാറിലെ സമരഭൂമിയിലേക്ക് ജാഥ തുടങ്ങുംമുമ്പേ ജനപ്രവാഹമായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തന്നെ വയലാര്‍ മണ്ഡപത്തിലേക്ക് സമരസേനാനികളും രക്തസാക്ഷി കുടുംബാംഗങ്ങളും സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമടങ്ങിയ ജനസഞ്ചയം ഒഴുകിയെത്തി. പകല്‍ 3.30 ഓടെ കുറിയമുട്ടം പാലത്തിന് വടക്കേ കരയില്‍ ജാഥാക്യപ്റ്റന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉദ്ഘാടകന്‍ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസകും ജാഥാംഗങ്ങളും എത്തി. നേതാക്കളെ കാത്തുനിന്ന യുവാക്കളടങ്ങിയ ജനസഞ്ചയം മുദ്രാവാക്യം വിളികളോടെ ആര്‍ത്തിരമ്പി. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സജിചെറിയാന്‍, ചെയര്‍മാന്‍ രാജീവ് ആലുങ്കല്‍, എ എം ആരിഫ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കളെ സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ തുറന്ന ജീപ്പില്‍ സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങിയ ജനനേതാക്കളെ ആയിരങ്ങള്‍ പിന്തുടര്‍ന്നു. പൊന്നോല കുടകള്‍ ഉയര്‍ത്തി വനിതകളും അതിന് പിന്നിലായി അമ്പതോളം കലാകാരന്മാര്‍ നിരന്ന പഞ്ചാരിമേള സംഘവും തുടര്‍ന്ന് പഞ്ചവാദ്യവും സ്വീകരണത്തിന് കൊഴുപ്പേകി. വര്‍ണ്ണ ബലൂണുകള്‍ ഉയര്‍ത്തി കുട്ടികളും ജാഥയില്‍ അണിനിരന്നു. ജാഥയെ വരവേല്‍ക്കാനും അഭിവാദ്യം അര്‍പ്പിക്കാനുമായി ആയിരങ്ങള്‍ വഴിയോരത്ത് കാത്തുനിന്നു. വഴിയരികില്‍നിന്ന വീട്ടമ്മമാരും കുട്ടികളും അടക്കമുള്ളവരെ കൈവീശി അഭിവാദ്യംചെയ്ത് ജനനേതാക്കള്‍ വയലാര്‍ മണ്ഡപത്തിലേക്ക് നീങ്ങി.
രക്തസാക്ഷി ബലികുടീരത്തില്‍ ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, ജാഥാംഗങ്ങള്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ പുഷ്പചക്രം അര്‍പ്പിച്ചു. പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിനുശേഷം ജാഥ അടുത്ത സ്വീകരണ കേന്ദ്രമായ ഗുരുപുരത്തേക്ക് പ്രയാണംതുടങ്ങി. ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി നൂറുകണക്കിന് ആളുകള്‍ ജാഥയെ അനുധാവനംചെയ്തു. റോഡുകള്‍ക്ക് ഇരുവശവും ഉയര്‍ത്തിക്കെട്ടിയ ചെങ്കൊടികളും തോരണങ്ങളും രക്തശോഭ പകര്‍ന്ന നിരത്തുകളിലൂടെ കടന്നുവന്ന ജാഥ നാടാകെ ആവേശംപകര്‍ന്നു. ദേശീയപാതയ്ക്കിരുവശവും കൊടിതോരണങ്ങള്‍ നിറഞ്ഞിരുന്നു. വയലാറിലെയും ഗുരുപുരത്തെയും സ്വീകരണ കേന്ദ്രങ്ങളിലേക്കുള്ള റോഡുകളില്‍ കമാനങ്ങളും തോരണങ്ങളും കെട്ടി അലങ്കരിച്ചിരുന്നു.
വൈകിട്ട് 6.45ഓടെ ഗുരുപുരത്തെ സ്വികരണകേന്ദ്രത്തിലേക്ക് എത്തിയ ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകള്‍ സ്വീകരണ കേന്ദ്രത്തിലെത്തിയിരുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ ചന്ദ്രാനന്ദന്‍, ജി സുധാകരന്‍ എംഎല്‍എ, സി കെ സദാശിവന്‍ എംഎല്‍എ, സി എന്‍ മോഹനന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, ബി രാഘവന്‍, സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജി വേണുഗോപാല്‍, ആര്‍ നാസര്‍, ഡി ലക്ഷ്മണന്‍, എം സുരേന്ദ്രന്‍, കെ പ്രസാദ്, ടി കെ ദേവകുമാര്‍, കെ രാഘവന്‍, ഏരിയ സെക്രട്ടറിമാരായ എന്‍ ആര്‍ ബാബുരാജ്, എ സാബു, കെ ഡി മഹീന്ദ്രന്‍, പി കെ സോമന്‍ എന്നിവരും എംഎല്‍എമാരായ എ എം ആരിഫ്, ആര്‍ രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മനു സി പുളിക്കല്‍, പ്രസിഡന്റ് ബി അബിന്‍ഷാ, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ. ജലജാ ചന്ദ്രന്‍, പ്രസിഡന്റ് ലീല അഭിലാഷ് എന്നിവരും പങ്കെടുത്തു.
ഉണര്‍വേകി സ്വാഗതഗാനം
ചേര്‍ത്തല: കേരള രക്ഷാമാര്‍ച്ചിന്റെ ഉദ്ഘാടനവേദിയില്‍ ആലപിച്ച സ്വാഗതഗാനങ്ങള്‍ നേതൃനിരയ്ക്കും സദസിനും ഒരുപോലെ ഉണര്‍വും ആവേശവും പകര്‍ന്നു. "വയലാര്‍ മണ്ണില്‍നിന്ന് തുടങ്ങി..." എന്നുതുടങ്ങുന്ന വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനവും "ചെങ്കൊടികളേന്തി..." എന്ന രാജീവ് ആലുങ്കലിന്റെ ഗാനവുമാണ് ആവേശദായകവും അനുഭൂതിപകര്‍ന്നതുമായത്. യുവസംഗീത സംവിധായകന്‍ ക്രിസ്തുദാസ് ഈണംപകര്‍ന്ന ഗാനങ്ങള്‍ ആലപിച്ചത് ചേര്‍ത്തല ദേശാഭിമാനി ഗായകസംഘം. ക്രിസ്തുദാസിന്റെ അച്ഛനും മുതിര്‍ന്ന സംഗീതജ്ഞനുമായ എ പി ബാഹുലേയന്‍ ഉള്‍പ്പെട്ടതായി ഗായകസംഘം. ജനദ്രോഹത്തിന്റെയും തിന്മയുടെയും അധികാരക്കോട്ടകള്‍ തച്ചുടയ്ക്കാന്‍ പോരാട്ടഭൂമിയിലേക്ക് ഏവരെയും സ്വാഗതം ചെയ്ത ഗാനങ്ങള്‍ സംഗീതത്തിന്റെ വശ്യസൗന്ദര്യം നിറഞ്ഞതുമായി.
ജനരോഷത്തെ ദുര്‍ബലമാക്കാന്‍ വര്‍ഗീയത ഇളക്കിവിടുന്നു: ഇപി
ആലപ്പുഴ: സര്‍ക്കാരിനെതിരെ ഉയരുന്ന ജനരോഷം വര്‍ഗീയത ഇളക്കിവിട്ട് ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിന് സ്വീകരണം നല്‍കാന്‍ ആലപ്പുഴ നിയമസഭാമണ്ഡലത്തിലെ ഗുരുപുരത്ത് ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തെ ദുര്‍ബലപ്പെടുത്താന്‍ മതസംഘടനകള്‍ക്ക് രൂപം നല്‍കിയത് ബ്രിട്ടീഷുകാരാണ്. ഏറനാട്ടിലെ മാപ്പിളലഹള, കര്‍ഷകസമരത്തിനെ വര്‍ഗീയവല്‍ക്കരിച്ച് ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ചതാണ്. ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രാജ്യമെമ്പാടും ഉയരുന്ന പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ പഴയ ബ്രിട്ടീഷ് തന്ത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പയറ്റുന്നത്. തിരൂരില്‍ പരസ്യമായി മനുഷ്യനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതുപോലുള്ള തീവ്രവാദസംഘടനകള്‍ ഇന്ന് ഇന്ത്യയിലാകെ പ്രവര്‍ത്തിക്കുകയാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. വിലക്കയറ്റം ജനജീവിതം ഇത്രയേറെ ദുസഹമാക്കിയ കാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി രാജ്യത്തിന്റെ സമ്പത്താകെ തീറെഴുതുകയാണ് കോണ്‍ഗ്രസ് ഭരണം. കാര്‍ഷിക ഉല്‍പ്പാദനമേഖല തകര്‍ത്തു. വ്യവസായിക ഉല്‍പ്പാദനമേഖല തകര്‍ത്തു. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം ഇല്ലാതാക്കി. കോണ്‍ഗ്രസിന്റെ പരാജയം മുതലെടുക്കാമെന്ന ലക്ഷ്യമാണ് ബിജെപിയുടേത്. ബിജെപി അധികാരത്തില്‍വരാന്‍ ഇടതുപക്ഷം അനുവദിക്കില്ല. അതിനായാണ് ശക്തമായ ബദലിന് രൂപം നല്‍കിയിരിക്കുന്നത്- ഇപി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ കൊള്ളയടിച്ചത് 3500 കോടി: കോടിയേരി
വയലാര്‍: യുഡിഎഫ് സര്‍ക്കാര്‍ നാല് ബജറ്റുകളിലൂടെ ജനങ്ങളുടെ പോക്കറ്റില്‍നിന്ന് കൊള്ളയടിച്ചത് 3500 കോടി രൂപയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിന്റെ ഉദ്ഘാടനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് ഭരണത്തില്‍ ധനമന്ത്രി തോമസ് ഐസക് ആറ് ബജറ്റ് അവതരിപ്പിച്ചപ്പോഴും ഒരുരൂപയുടെ അധികനികുതിഭാരം ജനങ്ങള്‍ക്കുമേല്‍ ഏല്‍പ്പിച്ചില്ല. ഇപ്പോള്‍ കെ എം മാണിയുടെ ബജറ്റില്‍ 1500 കോടി രൂപയുടെ അധികനികുതിയാണുള്ളത്. എന്നാല്‍ ജനജീവിതം ദുസഹമാക്കുന്ന വിലക്കയറ്റം തടയുന്നതിന് ബജറ്റില്‍ നിര്‍ദേശമില്ല. ഇടതുപക്ഷം കേരളം ഭരിച്ചപ്പോള്‍ പൊതു സാമൂഹ്യപുരോഗതിക്കാണ് ഊന്നല്‍ നല്‍കിയത്. ഭൂപരിഷ്കരണവും കര്‍ഷകത്തൊഴിലാളി പെന്‍ഷനും മറ്റും ഉദാഹരണമാണ്. ഇപ്പോള്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ മുഖ്യമന്ത്രിയെ കാണുന്നവര്‍ക്ക് നല്‍കുന്നതാണ് യുഡിഎഫ് രീതി. കേരളത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാതായി. വീട്ടില്‍കയറി വെട്ടിക്കൊല്ലുന്ന സംഭവം ഉണ്ടാകുന്നു. സ്വന്തം ഭൂമി ആരുടെ പേരിലാണെന്ന് തിരക്കേണ്ട സ്ഥിതിയാണ്. സ്ത്രീകള്‍ക്ക് ആള്‍ക്കൂട്ടത്തിലും തെരുവിലും സുരക്ഷയില്ല. സംസ്ഥാന അവാര്‍ഡ് നേടിയ നടിപോലും പൊതുവേദിയില്‍ അപമാനിക്കപ്പെട്ടാല്‍ കേസില്ല. കേന്ദ്രമന്ത്രിയുടെ ഭാര്യയും പൊതുനിരത്തില്‍ പീഡിപ്പിക്കപ്പെട്ടു. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ സുകുമാരക്കുറുപ്പിന്റെ അനുഭവം യുഡിഎഫ് ഭരണത്തില്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞദിവസം ആലപ്പുഴയില്‍ ധനകാര്യസ്ഥാപന ഉടമ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചു. കെപിസിസി പ്രസിഡന്റിനെപ്പോലും പ്രഖ്യാപിക്കാന്‍ കഴിയാത്തനിലയിലാണ് കോണ്‍ഗ്രസ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ യുഡിഎഫ് സര്‍ക്കാരിനെ പായിക്കാന്‍ ജനം ഒരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണത്തിന് രക്തസാക്ഷി കുടുംബങ്ങളും
തിരു: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ചിനെ വരവേല്‍ക്കാന്‍ രക്തസാക്ഷി കുടുംബാംഗങ്ങള്‍ അത്യാവേശപൂര്‍വം ഒരുങ്ങുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്തിനുവേണ്ടിയാണോ ജീവത്യാഗം ചെയ്തത്, ആ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് വേണ്ടിയുള്ളതാണ് മാര്‍ച്ച് എന്ന തിരിച്ചറിവിലാണ് അവര്‍ മാര്‍ച്ചിനെ ആവേശപൂര്‍വം സ്വീകരിക്കാനെത്തുന്നത്. ആര്‍എസ്എസുകാര്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയ തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനും കെഎംസിഎസ്യു നേതാവുമായിരുന്ന നാരായണന്‍നായരുടെ വിധവയും മക്കളും, പാര്‍ടി പ്ലീനത്തില്‍ പങ്കെടുത്ത് മടങ്ങവെ അപകടത്തില്‍ മരിച്ച മാരായമുട്ടത്തെ രാമചന്ദ്രന്‍, അസറി, രഘു എന്നിവരുടെ കുടുംബാംഗങ്ങള്‍, ആര്‍എസ്എസ് കൊലക്കത്തിക്ക് ഇരയായി മരിച്ച മാരായമുട്ടത്തെ ചെല്ലപ്പന്‍പിള്ളയുടെ കുടുംബം എന്നിവരെല്ലാം വെള്ളറട സ്വീകരണകേന്ദ്രത്തില്‍ എത്തിച്ചേരും. രക്തസാക്ഷി സജിന്‍-ഷാഹുല്‍ കുടുംബാംഗങ്ങളെല്ലാം നെയ്യാറ്റിന്‍കരയിലെ സ്വീകരണ കേന്ദ്രത്തില്‍ എത്തുന്നുണ്ട്.
തലസ്ഥാനജില്ലയിലെ 11 സ്വീകരണകേന്ദ്രങ്ങളിലും വലിയ തയ്യാറെടുപ്പാണ് ഒരുക്കുന്നത്. പാറശാല നിയോജകമണ്ഡലത്തിലെ സ്വീകരണകേന്ദ്രമായ വെള്ളറടയില്‍ സിപിഐ എം വെള്ളറട ഏരിയ സെക്രട്ടറി നീലകണ്ഠന്‍ ചെയര്‍മാനും പാറശാല ഏരിയ സെക്രട്ടറി കടകുളം ശശി ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കതിനാ വെടിയും ചെണ്ടമേളവും ഒക്കെയായി വന്‍ വരവേല്‍പ്പിന് ഒരുങ്ങുകയാണ് വെള്ളറട പ്രദേശം. നെയ്യാറ്റിന്‍കരയില്‍ മുന്‍ എംഎല്‍എ എസ് ആര്‍ തങ്കരാജ് ചെയര്‍മാനും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ ഹരീന്ദ്രന്‍ ജനറല്‍ കണ്‍വീനറുമായുള്ള സ്വീകരണ കമ്മിറ്റി വലിയ തയ്യാറെടുപ്പാണ് ഒരുക്കുന്നത്. നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ 143 ബൂത്തിലും ബൂത്ത്തല സംഘാടക സമിതികളും സബ് സ്ക്വാഡുകളും ബൂത്ത്തല പ്രചാരണ ബോര്‍ഡുകളും നിരന്നു. നെടുമങ്ങാട്ട് പ്രൊഫ. എ നബീസാ ഉമ്മാള്‍ ചെയര്‍പേഴ്സണും സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ചെറ്റച്ചല്‍ സഹദേവന്‍ കണ്‍വീനറുമായുള്ള സംഘാടകസമിതി പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ്. ആറ്റിങ്ങല്‍, വാമനപുരം, അരുവിക്കര, കാട്ടാക്കട, കോവളം, ചിറയിന്‍കീഴ്, വര്‍ക്കല എന്നീ സ്വീകരണ കേന്ദ്രങ്ങളിലും പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. തലസ്ഥാനത്ത് തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം നിയോജകമണ്ഡലങ്ങള്‍ സംയുക്തമായാണ് സ്വീകരണം നല്‍കുന്നത്. വി ശിവന്‍കുട്ടി എംഎല്‍എ ചെയര്‍മാനും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി ജനറല്‍ കണ്‍വീനറുമായുള്ള സംഘാടകസമിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
കേരള രക്ഷാമാര്‍ച്ചിന്റെ പ്രചാരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിക്കുന്നു
പത്തനംതിട്ട: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന്റെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നു. പാര്‍ട്ടി ബൂത്തു കമ്മിറ്റികളും മണ്ഡലം സ്വാഗത സംഘവും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. ഇരുളിന്റെ മറവിലാണ് സാമൂഹ്യ വിരുദ്ധ ശക്തികളും ചില പിന്തിരപ്പന്മാരും തകര്‍ക്കുന്നത്. വള്ളിക്കോട് പഞ്ചായത്തിലെ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. പഞ്ചായത്ത് ജങ്ഷന്‍, വായനശാല, വെള്ളപ്പാറ, തൃപ്പാറ, എച്ച് എസ് ജങ്ഷന്‍ തുടങ്ങയിടങ്ങളില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡുകളും ചിലയിടത്തെ കൊടിമരങ്ങളുമാണ് തകര്‍ത്തത്്. വള്ളിക്കോട് ജങ്ഷനിലെ ബോര്‍ഡുകള്‍ തകര്‍ത്തത് സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ സന്ദര്‍ശിച്ചു.
സിപിഐ എമ്മിന് നാള്‍ക്കുനാള്‍ ഏറിവരുന്ന ജനപിന്തുണയില്‍ അസഹിഷ്ണുതയുള്ളവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അനന്തഗോപന്‍ പറഞ്ഞു. തികഞ്ഞ നിഷ്ക്രിയത്വമാണ് പൊലീസ് കാണിക്കുന്നത്. ബോര്‍ഡുകള്‍ തകര്‍ക്കുന്നത് വ്യാപകമായിട്ടും പല തവണ പരാതി നല്‍കിയിട്ടും പൊലീസ് ഇത്തരം സാമൂഹ്യ വിരുദ്ധ ശക്തികളെ കണ്ടെത്താനും അടിച്ചമര്‍ത്താനും ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള രക്ഷായാത്രയുടെ പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ച സംഭവത്തില്‍ എല്‍ഡിഎഫ് കോന്നി നിയോജക മണ്ഡലം കണ്‍വീനര്‍ കെ പി ഉദയഭാനു പ്രതിഷേധിച്ചു. ഇലന്തൂര്‍ പഞ്ചായത്തിലെ പാലച്ചുവട് ഹരിജന്‍ കോളനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചു. ഓമല്ലൂര്‍ പഞ്ചായത്തിലെ സന്തോഷ് ജങ്ഷനില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡാണ് കഴിഞ്ഞ രാത്രിയില്‍ തകര്‍ത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടത്തി. പുത്തന്‍പീടികയില്‍നിന്ന് ആരംഭിച്ച പ്രകടനം സന്തോഷ് ജങ്ഷനില്‍ സമാപിച്ചു. യോഗം സിപിഐ എം ലോക്കല്‍ സെക്രട്ടറി പി ജി പ്രസാദ് ഉദ്ഘാടനം ചെയ്തു. കോശി മാത്യു അധ്യക്ഷനായി. ദിലീപ്, കെ കെ കുട്ടപ്പന്‍, സി കെ ഷൈനു, പി കെ ശശി എന്നിവര്‍ സംസാരിച്ചു.
കേരള രക്ഷാമാര്‍ച്ച്: കുടികളില്‍നിന്നും ആദിവാസികളും
അടിമാലി: മതനിരപേക്ഷ ഇന്ത്യയ്ക്കും വികസിത കേരളത്തിനുമായുള്ള നാടിന്റെ മുന്നേറ്റത്തില്‍ ആദിവാസി ജനതയും ഭാഗഭാക്കാകും. സ്വീകരണ കേന്ദ്രത്തില്‍നിന്നും നൂറ്കണക്കിന് കി.മീറ്റര്‍ അകലെയായ ഇടമലക്കുടി, മറയൂര്‍, കോവില്‍ക്കടവ്, വട്ടവട തുടങ്ങിയ മേഖലയില്‍നിന്നുമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിനെ വരവേല്‍ക്കാന്‍ ആദിവാസികളും തോട്ടം തൊഴിലാളികളും എത്തുന്നത്. ആദിവാസിക്കുടികളില്‍നിന്നെത്തുന്നവര്‍ തനത് കലാരൂപങ്ങളുംഅവതരിപ്പിക്കും.
ദേവികുളം മണ്ഡലത്തില്‍പ്പെട്ട അടിമാലി, മൂന്നാര്‍, മറയൂര്‍ മേഖലകളിലായി 60ല്‍പരം ആദിവാസിക്കുടികളാണുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട ആദിവാസി ക്ഷേമപദ്ധതികള്‍ ഒന്നൊന്നായി അട്ടിമറിച്ച യുഡിഎഫ് സര്‍ക്കാര്‍ ദ്രോഹത്തിനെതിരെയുള്ള അവശ-അടിസ്ഥാന ജനവിഭാഗങ്ങളുടെ രോഷം ജനമുന്നേറ്റമായി മാറും. കുടികളില്‍ കയറിയുള്ള പ്രവര്‍ത്തകരുടെ പ്രചാരണവും തുടങ്ങി. ആദിവാസി വിഭാഗങ്ങളെ കൂടാതെ തോട്ടം തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങി വലിയ ജനവിഭാഗം മാര്‍ച്ചിനെ സ്വീകരിക്കാനെത്തും. ബൂത്ത്തലം വരെ സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. ടൗണുകളിലും പ്രധാന കവലകളിലും ബോര്‍ഡുകളും നിരന്നു. ചുവരെഴുത്തുകളുമായി. സ്വാഗതസംഘം ഓഫീസിന്റെ പ്രവര്‍ത്തനവും തുടങ്ങി. കരിമരുന്ന് പ്രയോഗം നാടന്‍ കലാരൂപങ്ങള്‍, ബാന്റ്മേളം എന്നിവയുടെ അകമ്പടിയോടെയാണ് ജാഥാ ക്യാപ്ടനെ സ്വീകരിക്കുന്നത്. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരണം നല്‍കാന്‍ എത്തിച്ചേരും. കണ്ണൂര്‍ വനിത സാഹിതയുടെ അജിത മധു അവതരിപ്പിക്കുന്ന ഏകപാത്ര നാടകം"അബുബക്കറിന്റെ ഉമ്മ പറയുന്നു" അടിമാലി കലാദര്‍ശന്‍ അവതരിപ്പിക്കുന്ന ഗാനമേള, പ്രദേശിക കലാ പരിപാടികള്‍, നാടന്‍ കലാരൂപങ്ങള്‍ എന്നിവ സ്വീകരണ പരിപാടിയ്ക്ക് കൊഴുപ്പേകും.
deshabhimani
No comments:
Post a Comment