Sunday, February 2, 2014

തൃക്കുന്നത്ത് സെമിനാരി: തര്‍ക്കം അയഞ്ഞത് എല്‍ഡിഎഫ് ഭരണകാലത്ത്

കൊച്ചി: തൃക്കുന്നത്ത് സെമിനാരിയില്‍ പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിന് അയവ് വന്നത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഇരുവിഭാഗവും തമ്മില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തി അനുരഞ്ജനത്തിന് വേദി ഒരുക്കുകയായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സമിതിയുമായി ഫലപ്രദായ ചര്‍ച്ച നടന്നില്ല. പിറവം ഉപതെരഞ്ഞെടുപ്പിനുശേഷം ഒരു ചര്‍ച്ച മാത്രമാണ് നടന്നത്. ഉഭയകക്ഷി ചര്‍ച്ചയ്ക്കുപകരം ഓരോ വിഭാഗവുമായും പ്രത്യേക ചര്‍ച്ചയാണ് നടന്നത്. യുഡിഎഫ് സര്‍ക്കാര്‍ സഭയോട് നീതികാട്ടുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാതോലിക്കാബാവയെ അറസ്റ്റ്ചെയ്തതെന്ന് യാക്കോബായസഭ തൃശൂര്‍ ഭദ്രാസന മെത്രാപോലീത്ത ഏലിയാസ് മാര്‍ അത്താനാസിയോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഭയോട് നീതികാട്ടിയിരുന്നെങ്കില്‍ അറസ്റ്റിനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നില്ല. സഭയ്ക്ക് അനുകൂലമായ കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുന്നു. സഭയെ വേദനിപ്പിക്കുന്നത് വിശ്വാസികള്‍ പൊറുക്കില്ല. ആലുവ തൃക്കുന്നത്തു സെമിനാരി പള്ളിയില്‍ ശനിയാഴ്ച പുലര്‍ച്ചെ കുര്‍ബ്ബാനയര്‍പ്പിച്ച കാതോലിക്കബാവയെ അറസ്റ്റ്ചെയ്തതിനെതിരെ യാക്കോബായവിഭാഗം ഞായറാഴ്ച പ്രതിഷേധദിനം ആചരിക്കും. പ്രശ്നസാധ്യത കണ്ടറിഞ്ഞ് മുന്‍കൂട്ടി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാരും അധികൃതരും ശ്രദ്ധിക്കേണ്ടതായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. സഭയ്ക്ക് അവകാശപ്പെട്ട തൃക്കുന്നത്തു സെമിനാരിയില്‍ തര്‍ക്കം നിലനിര്‍ത്തണമെന്ന് കാതോലിക്കാ ബാവയ്ക്ക് ആഗ്രഹമില്ല. ഇവിടെ ഇരുപക്ഷത്തിനും സമയവും സ്ഥലവും വീതംവച്ചുനല്‍കി ആരാധനയ്ക്ക് അവസരമൊരുക്കണം. നിരവധി പിതാക്കന്മാരുടെ കബറിടം സ്ഥിതിചെയ്യുന്ന സെമിനാരിയില്‍ ജനുവരി 25ന് ഓര്‍മപ്പെരുന്നാള്‍ ദിനത്തില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ കാതോലിക്കാ ബാവയെ മേല്‍ക്കുപ്പായം ഊരി പരിശോധിക്കാന്‍ ഉത്തരവിട്ട കലക്ടറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ടതും ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ഉടമസ്ഥതയിലുമുള്ളതാണ് തൃക്കുന്നത്തു സെമിനാരിയും പള്ളിയും. ഉടമസ്ഥത യാക്കോബായ വിഭാഗത്തിന്റേതാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കോടതിയിലും മറ്റ് അധികൃതര്‍ക്കും നല്‍കിയിട്ടുണ്ട്. മറിച്ചുള്ള ഒരു രേഖയും ഓര്‍ത്തഡോക്സ് വിഭാഗം ഹാജരാക്കിയിട്ടില്ല.

ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപോലീത്ത, മാനേജിങ് ട്രസ്റ്റി ഷെവലിയര്‍ ജോര്‍ജ് തുരുത്തിയില്‍, പബ്ലിസിറ്റി കണ്‍വീനര്‍ മോന്‍സി വാവച്ചന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment