Thursday, February 25, 2021

16 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനതോത് വര്‍ധിച്ചു; കേരളത്തില്‍ കുറയുന്നു; കൃത്യമായ റിപ്പോര്‍ട്ടിംഗും സംസ്ഥാനത്ത് മാത്രം

തിരുവനന്തപുരം > കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവാണ് കണ്ടു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചു. അതില്‍ 5 സംസ്ഥാനങ്ങളില്‍ 10 ശതമാനത്തില്‍ കൂടുതലാണ് വര്‍ദ്ധന. പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിന്റെ വക്കിലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചയിലെ കണക്ക് പ്രകാരം 31 ശതമാനം വര്‍ദ്ധനവാണ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഉണ്ടായത്.

ഒരു സമയത്ത് ഏകദേശം 150 മരണങ്ങളും, പതിനായിരത്തിലധികം കേസുകളും ഉണ്ടായിരുന്ന സാഹചര്യം കര്‍ണാടകത്തിലുണ്ടായിരുന്നു. കര്‍ണാടകയില്‍ 2020 നവംബറില്‍ തന്നെ ഏകദേശം 46 ശതമാനം ആളുകള്‍ക്ക് കോവിഡ് വന്നതായാണ് അവരുടെയും ഐസിഎംആറിന്റേയും സെറൊ പ്രിവലസ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. അതായത് ഏകദേശം 3 കോടി ആളുകള്‍ക്ക് അവിടെ കോവിഡ് വന്നു പോയിട്ടുണ്ടാകാം എന്നാണ് ആ പഠനങ്ങള്‍ കാണിക്കുന്നത്. അതിന്റെ പത്തിലൊന്ന് ആളുകള്‍ക്ക് പോലും കേരളത്തില്‍ ഇതുവരെ കോവിഡ് ബാധയുണ്ടായിട്ടില്ല.

കേരളത്തിലെ റിപ്പോര്‍ട്ടിങ് സംവിധാനത്തിന്റെ മികവു കൂടി പരിഗണിക്കേണ്ടതുണ്ട്. അവിടെ 30 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍, കേരളത്തില്‍ 3 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. കേരളത്തില്‍ കേസുകള്‍ മറ്റുള്ളവിടങ്ങളിലപേക്ഷിച്ചു കൂടുതല്‍ ആണെന്ന പ്രതീതി ഉണ്ടാകുന്നതിന്റെ കാരണം, ഇവിടെ നമ്മള്‍ രോഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തുന്നു എന്നതുകൊണ്ട് കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മൂലം രാജ്യത്ത് ഏറ്റവും കുറച്ചു മരണ നിരക്കുള്ള, ഏറ്റവും കാര്യക്ഷമമായി രോഗം കണ്ടെത്തുന്ന, രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കുന്ന കേരളത്തെ വസ്തുതകള്‍ മൂടിവച്ച് താറടിക്കാനാണ് പലരും ശ്രമിക്കുന്നത്. പക്ഷേ, ജനങ്ങളുടെ അനുഭവങ്ങളെ മായ്ച്ചുകളയാന്‍ ഈ വ്യാജപ്രചാരകര്‍ക്ക് സാധിക്കില്ല.

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ മുന്‍ഗണനാക്രമമനുസരിച്ച് കേരളത്തില്‍ ചിട്ടയായി നല്‍കി വരികയാണ്. കേന്ദ്ര സോഫ്‌റ്റ്വെയറിന്റെയും മറ്റും തകരാറുകൊണ്ട് ചിലര്‍ക്ക് വാക്‌സിന്‍ കിട്ടാതെ പോയത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ബന്ധപ്പെടുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്ന വാക്‌സിന്‍ വിതരണത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാന്‍ മാസങ്ങളെടുക്കും. അതുവരെ കാത്തുനില്‍ക്കുന്നത് വിഷമകരമാണ്. കരുതല്‍ നടപടികള്‍ വിജയകരമായിരുന്നതുകൊണ്ട് കേരളം നേരിടുന്ന പ്രത്യേക പ്രതിസന്ധി പരിഗണിച്ച് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതോടൊപ്പം പൊതുവിപണിയില്‍ ടെസ്റ്റിങ്ങിന്റെ കാര്യത്തിലെന്നപോലെ സ്വകാര്യ സംരംഭകര്‍ക്കും വാക്‌സിന്‍ മിതമായ വിലക്ക് വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment