Saturday, February 6, 2021

ഇന്റർവ്യൂ ബോർഡിലെ മൂന്നുപേരുടെ വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ ഉപജാപം നടന്നു; ഒരു ഉദ്യോഗാർത്ഥിയുമായി അടുത്തബന്ധം: എം ബി രാജേഷ്‌

പാലക്കാട്‌ > കാലടി സർവകലാശാല അസി. പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദം മൂന്നുപേരുടെ വ്യക്തിതാൽപര്യത്തിന്റെ പുറത്ത്‌ ഉള്ളതാണെന്ന്‌ എം ബി രാജേഷ്‌. വ്യക്തിതാൽപര്യം സംരക്ഷിക്കാൻ ഇന്റർവ്യൂ ബോർഡിലെ മൂന്നുപേർ ഉപജാപം നടത്തിയെന്നും എം ബി രാജേഷ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി നിയമനം നല്‍കാന്‍ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ആരോപണത്തിലാണ്‌ രാജേഷിന്റെ പ്രതികരണം.

മൂന്നുപേരുടെ വ്യക്തിപരമായ താൽപര്യത്തിൽ നിന്നുള്ള പ്രശ്‌നമാണ്‌ ഇതെല്ലാം. സ്ഥാപിത താൽപര്യമല്ലെന്ന്‌ വിഷയവിദഗ്‌ദർ തെളിയിക്കണം. ബോർഡംഗങ്ങളിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത്‌ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താം. എന്നാൽ ആ പരാതി നിയമന ഉത്തരവ്‌ കിട്ടിയ ഉദ്യോഗാർത്ഥിക്ക്‌ അയച്ചുകൊടുത്ത്‌ നിങ്ങൾ ഇതിൽനിന്ന്‌ പിൻമാറണം അല്ലെങ്കിൽ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തും വലിയ തിരിച്ചടി ഉണ്ടാകും എന്ന്‌ പറയുന്നത്‌ കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്‌.

80 അപേക്ഷകരില്‍നിന്ന് അക്കാദമിക യോഗ്യതകള്‍ നോക്കി തിരഞ്ഞെടുക്കപ്പട്ട ആളാണ്  നിനിത. യോഗ്യത സംബന്ധിച്ച് യൂണിവേഴ്‌സിറ്റി വിശദീകരണം നല്‍കിയിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

മൂന്നുതരത്തിലാണ്‌ നിനിതയുടെ നിയമനം അട്ടിമറിക്കാൻ ഉപജാപം നടത്തിയത്‌. ഇന്റർവ്യൂവിന്‌ മുമ്പ്‌ പങ്കെടുക്കാതിരിക്കാൻ ഒരു ഉപജാപം നടന്നു. നിനിതയുടെ പിഎച്ച്‌ഡി ജോലിക്ക്‌ അപേക്ഷിക്കുന്ന സമയത്ത്‌ ലഭിച്ചതാണെന്ന്‌ വരുത്താൻ ശ്രമം നടന്നു. അതെല്ലാം യൂണിവേഴ്‌സിറ്റി പരിശോധിച്ച്‌ 2018 ൽ ലഭിച്ചതാണെന്നും കണ്ടെത്തി. 11 വർഷം മുമ്പേ നെറ്റ്‌ യോഗ്യതയും ഉണ്ട്‌. അത്‌ പൊളിഞ്ഞപ്പോൾ പിഎച്ച്‌ഡിക്ക്‌ കേസ്‌ ഉണ്ട്‌ എന്നതായി അടുത്തത്‌. അതും പൊളിഞ്ഞു. ഇന്റർവ്യൂവിൽ അയോഗ്യയാക്കാൻ ശ്രമം നടന്നുവെന്നും അവർതന്നെ പറയുന്നു. കൂടിയാലോചിച്ച്‌ ഒരാൾക്ക്‌ മാർക്ക്‌ നൽകാൻ തീരുമാനിച്ചു എന്നും പറഞ്ഞു.

എല്ലാം വിജയിക്കാതെവന്നപ്പോള്‍ ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് വേറൊരാള്‍ മുഖേന ഉദ്യോഗാര്‍ഥിക്ക് എത്തിച്ചു നല്‍കുകയായിരുന്നു. പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്നു പേരെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിറ്റേദിവസം തന്നെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു.

എന്നെയും എൻ്റെ സുഹൃത്തിനെയും ഇടനിലക്കാന്‍ വിളിച്ചു. പരാതി എന്തിനാണ് ഉദ്യോഗാർത്ഥിക്ക് എത്തിച്ചതെന്നും രാജേഷ് ചോദിച്ചു. ആദ്യം ജോലിക്ക് പ്രവേശിക്കാന്‍ ആലോചിച്ചിരുന്നില്ല, പിന്നീട് ഭീഷണി വന്ന സാഹചര്യത്തിലാണ് ജോയിൻ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാപിത താല്‍പര്യമില്ലെന്ന് വിഷയ വിദഗ്‌ധര്‍ തെളിയിക്കണം. കൂടിയാലോചന നടത്തിയെന്ന് അംഗങ്ങള്‍ തന്നെ സമ്മതിച്ചു. ഒരാള്‍ക്ക് മാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചെന്ന് സമ്മതിച്ചു. വേണ്ടപ്പെട്ട ഒരാള്‍ക്ക് ജോലി കിട്ടാനാണ് ഇടപെടല്‍. ഭാഷാവിദഗ്‌ധരിലെ ഒരാളാണ് കൂടിയാലോചനക്ക് നേതൃത്വം കൊടുത്തതെന്നും രാജേഷ് പറഞ്ഞു.

No comments:

Post a Comment