Thursday, February 25, 2021

രാഹുൽ ഗാന്ധിക്കും യോഗിക്കും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാം എന്നാരും കരുതേണ്ട: മുഖ്യമന്ത്രി

 കേരളത്തിനെതിരെ ആസൂത്രിത നുണപ്രചാരണമാണ്‌ കോൺഗ്രസും ബിജെപിയും നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന്‌ സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധിക്കും യോഗി ആദിത്യനാഥിനും ഒരേ സ്വരം ആകുന്നത്‌ അതുകൊണ്ടാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വരികയും അസാധാരണമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുകയാണ്. കര്‍ഷകര്‍ക്കു വേണ്ടി അദ്ദേഹം ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി കടലില്‍ നീന്തുകയും വരെ ചെയ്തു. അദ്ദേഹം കേരളത്തോടു കാണിക്കുന്ന ഈ താല്‍പര്യത്തില്‍ നന്ദിയുണ്ട്.

ജനുവരി 16ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതതു പ്രകാരം ഡെല്‍ഹിയിലെ കര്‍ഷക സമരസ്ഥലത്ത് ഏകദേശം എഴുപതോളം കര്‍ഷകര്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ ഒന്നടങ്കം പിടിച്ചുലക്കുന്ന കര്‍ഷക സമരത്തെ പാടെ അവഗണിച്ചു കൊണ്ട്, ശ്രീ രാഹുല്‍ഗാന്ധി  കേരളത്തില്‍ വന്ന് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ വിശാലമനസ്കത പ്രശംസനീയമാണ്.

1990കളോടെ നടപ്പിലാക്കിയ നവഉദാരവല്‍ക്കരണ നയങ്ങളെത്തുടര്‍ന്നാണ്  ലോകത്തെ തന്നെ ഞെട്ടിച്ച രീതിയില്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ ആരംഭിച്ചത്. വിപണിയുടെ നീതിരഹിതമായ മത്സരത്തിനു വിട്ടുകൊടുത്തു കൊണ്ടും, ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണയും സുരക്ഷയും പിന്‍വലിച്ചു കൊണ്ടും കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണുണ്ടായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇക്കാലയളവില്‍ ഏകദേശം മൂന്നുലക്ഷം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു. അതിന്നും തുടരുകയാണ്. അതിനു കാരണമായത് കോണ്‍ഗ്രസ് നടപ്പിലാക്കിയ, ഇന്നും അവരുടെ അജണ്ടയായി മുന്നോട്ടുവെയ്ക്കുന്ന നയങ്ങളും ഭരണപരിഷ്കാരങ്ങളുമാണ്.

അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വയനാട് ജില്ലയില്‍ എന്താണ് സംഭവിച്ചത് എന്നെങ്കിലും തിരക്കണം. വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷികള്‍ എങ്ങനെയാണ് തകര്‍ന്നടിഞ്ഞത്? ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച സുപ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ പി സായ്നാഥ് പറയുന്നത് പ്രകാരം എകദേശം 6000 കോടി രൂപയുടെ നഷ്ടമാണ് 2000ന്റെ ആദ്യ നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വയനാട് ജില്ലയിലെ കാപ്പി, കുരുമുളക് കൃഷികളില്‍ മാത്രം സംഭവിച്ചത്. അതുകൊണ്ടു മാത്രം ആയിരക്കണക്കിനു കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. അതു മനസ്സിലാക്കാതെ കൊടിയ ശൈത്യത്തില്‍ മരണത്തോട് മല്ലിട്ട് രാജ്യതലസ്ഥാനത്തെ തെരുവുകളില്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല.

കോണ്‍ഗ്രസ് തുടങ്ങിവെച്ച; നിര്‍ദ്ദയം നടപ്പാക്കിയ കര്‍ഷകവിരുദ്ധ നയങ്ങളുടെ ഫലമായാണിതെല്ലാം സംഭവിച്ചത്. കൊല്ലപ്പെട്ട ലക്ഷക്കണക്കിനു കര്‍ഷകരുടെ രക്തം കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിരിക്കുന്നു. അനാഥമാക്കപ്പെട്ട അത്രയും കുടുംബങ്ങളുടെ ദുരിതജീവിതങ്ങള്‍ ഓര്‍ക്കണം. ഈ പാതകങ്ങള്‍ക്ക് കര്‍ഷകരോട്  രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനു വേണ്ടി നിരുപാധികം മാപ്പു പറയുകയാണ് വേണ്ടത്. ഈ നയങ്ങള്‍ തിരുത്തുകയാണ് വേണ്ടത്. രാജ്യത്ത് പുതിയ ബദലുകളാണ് വേണ്ടത്. അതിനുള്ള ആര്‍ജവം അദ്ദേഹത്തില്‍ നിന്നുണ്ടാകുമോ ഇതാണ് സാധാരണഗതിയില്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

രാഹുല്‍ മാത്രമല്ല, കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും കേരളത്തില്‍ വന്ന് കുറെ കാര്യങ്ങള്‍ പറഞ്ഞു. കേരളം എല്ലാകാര്യത്തിലും പിന്നിലാണെന്നും ഇവിടെ ആകെ കുഴപ്പമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇവിടം അഴിമതിയുടെയും അരാജകത്വത്തിന്റെയും നാടാണെന്നാണ് അദ്ദേഹത്തിന്റെയൊരു കണ്ടെത്തല്‍. രാഹുലും അത് മറ്റൊരു രൂപത്തില്‍ പറഞ്ഞിട്ടുണ്ട്. കേരളം പോലെ സാക്ഷരരും സാംസ്കാരിക സമ്പന്നരുമായ ജനങ്ങളുള്ള നാട് അരാജകത്വത്തിലാണെന്ന് പറയുന്നവര്‍ ഈ നാടിനെപ്പറ്റി മനസിലാക്കിയിട്ടില്ല എന്ന് ഉറപ്പ്.

അഴിമതി തുടച്ചുനീക്കുന്നതില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. അതിന്റെ ഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നുമുണ്ട്. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. 2019ല്‍ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസും, ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയും, ലോക്കല്‍ സര്‍ക്കിള്‍സും നടത്തിയ കറപ്ഷന്‍ സര്‍വ്വേയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് യുപിയിലാണെന്ന് പറഞ്ഞത് അവിടത്തെ ബിജെപി എംഎല്‍എ തന്നെയാണ്. 2020 ജൂലയിലാണ് ശ്യംപ്രകാശ് എന്ന ബിജെപി എംഎല്‍എ ഇത് പറഞ്ഞത്. യുപിയിലെ വൈദ്യുതി മന്ത്രി ശ്രീകാന്ത് ശര്‍മ്മ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് തന്റെ വകുപ്പിലാണെന്ന് 2021 ജനുവരിയില്‍ പറയുകയുണ്ടായി.

കേരളത്തില്‍ യുവാക്കള്‍ ജോലികിട്ടാതെ നാടുവിടുന്നു എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ ലോകത്തെമ്പാടും തൊഴില്‍ തേടി പോകുന്നത് ലോകത്തെവിടെയും തൊഴില്‍ ചെയ്യാന്‍  അവര്‍ക്ക് പ്രാപ്തിയുള്ളതുകൊണ്ടാണ്. കേരളത്തിലെ അതിഥി തൊഴിലാളികളില്‍ 15 ശതമാനം പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്.  അത് ജോലി കിട്ടാതെ നാടുവിടുന്നതു കൊണ്ടാണോ? അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയടക്കം മികച്ച സൗകര്യങ്ങള്‍ കേരളത്തില്‍ ലഭിക്കുന്നുണ്ട്. അവരോട് ചോദിച്ചാല്‍ കേരളത്തെപ്പറ്റി മനസ്സിലാക്കാന്‍ കഴിയും.

ജനങ്ങളെ തമ്മില്‍ തല്ലിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത് എന്നാണ് യുപി മുഖ്യമന്ത്രിയുടെ മറ്റൊരു പരാമര്‍ശം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു വര്‍ഗീയ കലാപവും നടക്കാത്ത നാടാണിത്. രാജ്യത്തുതന്നെ മതേതരത്വമൂല്യങ്ങള്‍ക്ക് വിലനല്‍കുന്ന ഒരു ജനതയാണിവിടെയുള്ളത്. എന്നാല്‍, യുപിയിലെ സ്ഥിതി എന്താണ്. എത്ര വര്‍ഗീയ കലാപങ്ങളും വിദ്വേഷ പ്രവര്‍ത്തനങ്ങളുമാണ് അവിടെ നടക്കുന്നതെന്ന് മാധ്യമങ്ങള്‍തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കൊലപാതങ്ങള്‍ നടക്കുന്നത് യുപിയിലാണ്.

നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2017ലെ റിപ്പോര്‍ട്ട് പ്രകാരം 4324 കൊലപാതങ്ങളാണ് യുപിയില്‍ നടന്നത്. ഈയടുത്താണ് ഒരു ഡിഎസ്പി അടക്കം എട്ട് പോലീസുകാര്‍ അവിടെ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എത്രയെത്ര ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് അവിടെ നടക്കുന്നത്. സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ക്രൈം രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാനം യുപിയാണ്. 2019ലെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ യുപിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായാണ് വര്‍ധിച്ചത്. 66.7 ശതമാനമാണ് വര്‍ധനവ്.

മൂന്നര കോടി ജനങ്ങളാണ് കേരളത്തിലുള്ളത്. യുപിയിലാകട്ടെ 20.5 കോടിയും. കേരളത്തെക്കാള്‍ ആറിരട്ടി ജനസംഖ്യ കൂടുതല്‍. കേരളത്തില്‍ കോവിഡ് ടെസ്റ്റുകള്‍ ഇതിനോടകം ഒരു കോടി പത്തുലക്ഷം കഴിഞ്ഞു. കേരളത്തെക്കാള്‍ ആറിരട്ടി ജനസംഖ്യ കൂടുതലുള്ള യുപിയിലാകട്ടെ കണക്കുകള്‍ പ്രകാരം ഏകദേശം മൂന്നുകോടി പരിശോധനകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ടെസ്റ്റ് പെര്‍ മില്യന്‍ നിരക്ക് യുപിയേക്കാള്‍ ഇരട്ടിയാണ് കേരളത്തില്‍. കോവിഡ് മരണങ്ങളെ തടയുന്ന കാര്യത്തിലും യുപി വളരെ പുറകിലാണ്. 8715 പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കണക്കുകള്‍. എന്നാല്‍, കേരളത്തില്‍ 4105 പേരാണ് മരണപ്പെട്ടത്. മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതില്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയാണ്.

കേരളത്തിന് കേന്ദ്രത്തിന്റെ പണം മതി എന്നാണ് മറ്റൊരോപണം. യാഥാര്‍ത്ഥ്യമെന്താണ്. കേരളത്തിന് അര്‍ഹതപ്പെട്ട നികുതിവരുമാനം പോലും നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ജിഎസ്ടി ഏര്‍പ്പെടുത്തിയതിനുശേഷം കേരളത്തില്‍ നിന്നും ഒരു രൂപ നികുതി പിരിച്ചാല്‍,  അതില്‍ 50 പൈസ പോലും സംസ്ഥാനത്തിനു ലഭിക്കുന്നില്ല. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 2.6 ശതമാനം കേരളത്തിലാണ്. എന്നാല്‍, രാജ്യത്ത് മൊത്തം ലഭിക്കുന്ന വരുമാനത്തിന്റെ 1.9 ശതമാനം മാത്രമാണ് കേരളത്തിനു നല്‍കുന്നത്. ഇതാണ് കേരളത്തിനു കേന്ദ്രം നല്‍കുന്ന പണത്തിന്റെ അവസ്ഥ. എന്നിട്ടും കിഫ്ബിയിലൂടെ പുതിയ വികസന മാതൃകതന്നെ കേരളം സൃഷ്ടിച്ചു.

സ്കൂളുകളും റോഡുകളും പാലങ്ങളും ആശുപത്രികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കിഫ്ബി ധനസഹായത്തോടെയാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കിയത്.  നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. 2016 മുതല്‍ 2020 വരെ മികച്ച ഭരണം കാഴ്ചവെച്ച ഇന്ത്യന്‍ സംസ്ഥാനമായും കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിനെ ബിജെപി മാതൃകാ സംസ്ഥാനമാക്കി മാറ്റിയെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. എന്തായാലും കേരളം ആ മാതൃകയല്ല പിന്തുടരുന്നത്.

വയനാട് എംപി കൂടിയായ ശ്രീ. രാഹുല്‍ഗാന്ധിക്കും യുപി മുഖ്യമന്ത്രിയായ ശ്രീ. യോഗി ആദ്യത്യനാഥിനും കേരളത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണെങ്കിലും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരമാണ്. അതില്‍ അവര്‍ വല്ലാതെ ഐക്യപ്പെടുന്നു.

ഇവിടെ ഒരു കാര്യം ആവര്‍ത്തിച്ചു പറയാന്‍ ആഗ്രഹിക്കുന്നു. കേരളം മുന്നോട്ടുപോകുന്നത് ആരുടെയും സര്‍ട്ടിഫിക്കറ്റ് ലക്ഷ്യമിട്ടല്ല. ഇന്നാട്ടിലെ ജനങ്ങള്‍ അതിന് താല്‍പര്യപ്പെടുന്നുമില്ല. നാടിന്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്നതിലും ജനങ്ങളെ ദ്രോഹിക്കുന്നതിലും ഒരേ നയം പിന്തുടരുന്നവരാണ് കോണ്‍ഗ്രസും ബിജെപിയും. അതിന്റെ പ്രതിനിധികളായി രാഹുല്‍ഗാന്ധിയും ആദിത്യനാഥും സംസാരിക്കുമ്പോള്‍ സ്വാഭാവികമായി ഒരേ സ്വരം ഉയരും.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആസൂത്രിതമായ നുണപ്രചാരണവും പ്രഹസനങ്ങളുമായി എത്തിയാല്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാം എന്ന് ആരും കരുതരുത്.

ഒരു കാര്യം കൂടി ഇവിടെ പറയേണ്ടതുണ്ട്.

ഗുജറാത്തില്‍ രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ അസാധാരണമായ ഒരു രാഷ്ട്രീയ സംഭവമുണ്ടായി. രണ്ടു സീറ്റിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല.  

ബിജെപിയെ നേരിട്ടുനിന്ന് എതിര്‍ക്കാനുള്ള ശക്തിപോലും കോണ്‍ഗ്രസിന് നഷ്ടപ്പട്ടിരിക്കുകയാണ്. ജയാപജയം നോക്കിയാണോ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്? എതിര്‍പ്പ്, വിയോജിപ്പ് രേഖപ്പെടുത്തുക എന്നത് ജനാധിപത്യത്തില്‍ വളരെ പ്രധാനമാണ്. അതിനുപോലും കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന് എന്താണ് പ്രസക്തിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല.  

ഇത്തരമൊരു പാര്‍ട്ടിയുടെ നേതാവ് കേരളത്തില്‍ വന്ന് ഇടതുപക്ഷത്തിനെതിരെ അപവാദം പറയുമ്പോള്‍ സഹതപിക്കാനേ നിവൃത്തിയുള്ളൂ.  കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളില്‍ നമ്മുടെ നാട്ടുകാരുമുണ്ട്. ഗുജറാത്ത് സംഭവത്തെപ്പറ്റി  അവര്‍ എന്തുപറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.

അത് കഴിഞ്ഞ, പുതുച്ചേരിയിലെ കാര്യം പറയാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്. ഇവിടെ, കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വലിയ നേതാക്കള്‍ കേരളത്തില്‍ വന്നു, ഇടതുപക്ഷത്തിന്റെയും ഈ സംസ്ഥാനത്തിന്റെയും മെക്കിട്ടു കയറുമ്പോള്‍ അവര്‍ തമ്മിലുള്ള അന്തര്‍ധാര എന്താണെന്ന് സൂചിപ്പിക്കാന്‍ മാത്രമാണ് ഈ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

No comments:

Post a Comment