Tuesday, February 9, 2021

ഡൽഹി കേരള ഹൗസ്‌ സ്ഥിരപ്പെടുത്തൽ : എല്ലാം അതിവേഗം, കാർമികൻ ഉമ്മൻചാണ്ടി

കേരളഹൗസിൽ യുഡിഎഫ്‌ കാലത്ത്‌ ചട്ടം മറികടന്ന്‌ നടത്തിയ സ്ഥിരപ്പെടുത്തലിന്‌ പിന്നിൽ നടന്നത്‌ വൻ നാടകം. ഇതിനായി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക്‌ ഒരാഴ്‌ചയ്‌ക്കിടെമാത്രം കൈമാറിയത്‌ നാല്‌ കത്ത്‌. സ്ഥിരപ്പെടുത്താൻ പാടില്ലെന്ന ചില സംഘടനകളുടെ  കത്തുകളും ഉമ്മൻചാണ്ടിക്ക്‌ ലഭിച്ചു. എന്നാൽ, കോൺഗ്രസ്‌ നേതാക്കളുടെ കത്തിൽ അതിവേഗം ഫയൽ നീങ്ങി. പത്തുവർഷം സർവീസില്ലാത്തവരെ സ്ഥിരപ്പെടുത്തരുതെന്ന്‌ ധന സെക്രട്ടറിയടക്കം നൽകിയ റിപ്പോർട്ട്‌ തള്ളി രണ്ടുവർഷംമാത്രം സർവീസുള്ളവരെയും സ്ഥിരപ്പെടുത്തി.  

കേരളം കണ്ട ഏറ്റവും വലിയ സ്ഥിരപ്പെടുത്തൽ അട്ടിമറിക്ക്‌ കാർമികത്വം വഹിച്ച ഉമ്മൻചാണ്ടിയും കൂട്ടരുമാണ്‌ എല്ലാ ചട്ടവും പാലിച്ച്‌ പത്ത്‌ വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്തിയ എൽഡിഎഫ്‌ സർക്കാരിനെതിരെ ചില മാധ്യമങ്ങളുടെ പിന്തുണയോടെ കള്ളം പ്രചരിപ്പിക്കുന്നത്‌. 

  2014 ഫെബ്രുവരി പത്തിന്‌ യുഡിഎഫ്‌ എംഎൽഎയായിരുന്ന ആർ സെൽവരാജാണ്‌ സ്ഥിരപ്പെടുത്തലിന്‌ ഉമ്മൻചാണ്ടിക്ക്‌ ഔദ്യോഗിക ലെറ്റർപാഡിൽ കത്ത്‌ നൽകിയത്‌.  11ന്‌ ഡിസിസി പ്രസിഡന്റായിരുന്ന മോഹൻകുമാറും 12ന്‌ ഡപ്യൂട്ടി സ്‌പീക്കറായിരുന്ന എൻ ശക്തനും കത്ത്‌ നൽകി. ശക്തനും ഔദ്യോഗിക ലെറ്റർപാഡിലാണ്‌ കത്ത്‌ നൽകിയത്‌. ഇതിന്‌ പിന്നാലെ കോൺഗ്രസ്‌ സർവീസ്‌ സംഘടനയായ എൻജിഒ അസോസിയേഷൻ കേരള ഹൗസ്‌ ബ്രാഞ്ച്‌ മറ്റൊരു കത്തും നൽകി.

സ്ഥിരപ്പെടുത്തലിനായി ആസുത്രിത നീക്കമാണ്‌ നടന്നതെന്ന്‌ തെളിയിക്കുന്നതാണിത്‌. എൽഡിഎഫ്‌ സർക്കാർ വന്നശേഷം   മെറിറ്റ്–- -സംവരണ മാനദണ്ഡങ്ങൾ പാലിച്ച്‌, എഴുത്തുപരീക്ഷയിലൂടെയും ഇന്റർവ്യൂവിലൂടെയും സുതാര്യമായാണ്‌  താൽക്കാലിക നിയമനമടക്കം നടത്തുന്നത്‌. ഈ മേഖലയിൽ പരിചയമുള്ള സ്ഥാപനമായ എൽബിഎസിനെയാണ്‌ ഇത്‌ ഏൽപ്പിച്ചത്‌.

നേതാവിനെ വൈസ്‌ ചാൻസലറാക്കാനും നോക്കി

കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തിൽ കലിക്കറ്റ്‌ സർവകലാശാലയിൽ പള്ളിക്കൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന വി പി അബ്ദുൾ ഹമീദിനെ വൈസ്‌ ചാൻസലറാക്കാൻ മുസ്ലിംലീഗ്‌ ശ്രമം നടത്തി. വിവാദമായപ്പോൾ പിൻവാങ്ങി. ഹൈസ്‌കൂൾ അധ്യാപകൻ മാത്രമായിരുന്ന ഇദ്ദേഹത്തെ യുജിസി മാനദണ്ഡങ്ങൾ മറികടന്നാണ്‌ വിസിയാക്കാൻ ശ്രമിച്ചത്‌. ഇദ്ദേഹത്തെ പിന്നീട്‌ നോമിനേറ്റഡ്‌ സിൻഡിക്കറ്റംഗമാക്കി. നിയമനാധികാരമുള്ള സ്‌റ്റാഫ്‌ കമ്മിറ്റിയിലും ഉൾപ്പെടുത്തി. ഇക്കാലയളവിൽ സർവകലാശാലയിൽ നടന്ന നിയമനങ്ങളെല്ലാം ഏറെ വിവാദമായിരുന്നു.

അബ്ദുൾ ഹമീദിന്റെ സഹോദരിയുടെ മകൻ കെ മുഹമ്മദ്‌ ബഷീറിനെ വിസിയാക്കിയതും ചട്ടങ്ങൾ മറികടന്ന്‌. സ്വകാര്യ അറബിക്‌ കോളേജിൽ പ്രിൻസിപ്പലായിരുന്ന ബഷീറിന്‌ കോളേജിൽ പത്ത്‌ വർഷത്തെ അധ്യാപന പരിചയമുണ്ടായിരുന്നില്ല. യുജിസി നിബന്ധന മറികടന്നായിരുന്നു വിസി നിയമനം. ഇൻസ്‌ട്രുമെന്റേഷൻ വിഭാഗം എൻജിനിയറിങ് തസ്‌തികയിൽ സർവകലാശാലയിലെ ലീഗ്‌ അനുകൂല സംഘടനയായ സോളിഡാരിറ്റിയുടെ നേതാവിന്റെ മകൻ ടി മുഹമ്മദ്‌ സാജിദിനെ നിയമിക്കാൻ വൻ അട്ടിമറി നടന്നു. നിലവിലുള്ള റാങ്ക്‌ ലിസ്‌റ്റ്‌ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തി.

യോഗ്യതയിലും മാനദണ്ഡങ്ങളിലും ഇളവുവരുത്തി. എംടെക്‌ യോഗ്യതയുള്ള നിരവധി പേരെ തള്ളി ബിടെക്കുകാരനായ സാജിദിനെ‌ നിയമിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട്‌ ഇയാൾ ഇപ്പോൾ സസ്‌പെൻഷനിലാണ്‌. 

No comments:

Post a Comment