ശബരിമലയുടെ പേരിലുള്ള മുതലെടുപ്പ് തന്ത്രം പാളിയതാണ് പിഎസ്‌സി റാങ്ക് ലിസ്‌റ്റിന്റെ പേരിലുള്ള യുഡിഎഫ് രാഷ്‌ട്രീയ നീക്കത്തിനു കാരണം. ഏഴുമാസംമുമ്പ് റദ്ദായ പൊലീസ് കോൺസ്‌റ്റബിൾ റാങ്ക് ലിസ്‌റ്റും ആറു മാസം കൂടി പ്രാബല്യമുള്ള ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ലിസ്‌റ്റും ഉയർത്തിയാണ് മണ്ണെണ്ണ ഒഴിച്ചുള്ള ആത്മാഹുതി സമരമുറവരെ യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്‌തത്.
പിഎസ്‌സിയുടെ ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ലിസ്‌റ്റിന് 2021 ആഗസ്‌ത് 31 വരെ പ്രാബല്യമുണ്ട്. ജില്ലാ അടിസ്ഥാനത്തിലുള്ള ഈ ലിസ്‌റ്റിൽനിന്ന് ഇപ്പോഴും പിഎസ്‌സി നിയമന ശുപാർശ നൽകുന്നുമുണ്ട്. അതേസമയം 2020 ജൂൺ 20ന് കാലാവധി തീർന്ന പൊലീസ് റാങ്ക് ലിസ്‌റ്റിൽനിന്ന് 2021 ഡിസംബർവരെയുള്ള ഒഴിവ് മുൻകൂട്ടി കണക്കാക്കി നിയമനം നടത്തി. ഇതെല്ലാം മറച്ചുപിടിച്ചാണ് യുഡിഎഫ് പിന്തുണയോടെ നടക്കുന്ന സമര പ്രഹസനം.
സെക്രട്ടറിയറ്റ്, ഡൽഹിയിലെ കേരള ഹൗസ്, നോർക്ക റൂട്ട്‌സ് എന്നീ സ്ഥാപനങ്ങളിൽ ഒരു മാനദണ്ഡവും പാലിക്കാതെ പിൻവാതിൽ നിയമനം നടത്തിയശേഷമാണ് ഉമ്മൻചാണ്ടി സർക്കാർ അധികാരം വിട്ടത്. മൂന്ന് വർഷം പോലും സർവീസ് ഇല്ലാത്തവരെ നിയമിച്ചത് ‘മുൻവാതിൽ നിയമനവും’ പത്തും പതിനഞ്ചും വർഷം ജോലി ചെയ്‌ത കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഈ സർക്കാർ തീരുമാനം ‘പിൻവാതിലും’ എന്നാണ് വാദം.
സെക്രട്ടറിയറ്റിൽ പിഎസ്‌സിക്ക് വിട്ട തസ്‌തികളിൽ അടക്കം മുൻ സർക്കാർ കൂട്ടത്തോടെ പിൻവാതിൽ നിയമനം നടത്തി. ധന, നിയമ സെക്രട്ടറിമാരും ചീഫ് സെക്രട്ടറിമാരും എതിർപ്പ് രേഖപ്പെടുത്തിയപ്പോൾ അത് മറികടക്കാൻ പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി. ഇതെല്ലാം വിസ്‌മരിച്ചാണ് ഇപ്പോൾ ഉദ്യോഗാർഥികളുടെ പേരിലുള്ള ചെന്നിത്തലയുടെ കണ്ണീർ നാടകം.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റെക്കോഡ് നിയമനമാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികളുള്ള എൽഡി ക്ലർക്ക്, അസിസ്‌റ്റന്റ് ഗ്രേഡ് തുടങ്ങിയ റാങ്ക് പട്ടികയിൽനിന്ന് ഏറ്റവും കൂടുതൽ നിയമനം നടത്തിയതും എൽഡിഎഫ് സർക്കാരാണ്. പിഎസ്‌സി വഴി അല്ലാതെയുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും സർക്കാർ ഒട്ടേറെ നടപടികളെടുത്തു. ഈ സർക്കാർ 1,55,544 പേർക്ക് പിഎസ്‌സി വഴി നിയമനം നൽകി. മുൻ സർക്കാരിന്റെ കാലത്ത് ഇത് 1,50,355 ആയിരുന്നു. അന്ന് പിഎസ്‌സി അഡ്വൈസ് മെമ്മോ നൽകിയ നാലായിരത്തോളം പേർക്ക് കെഎസ്‌ആർടിസിയിൽ നിയമന ഉത്തരവ് നൽകിയത് എൽഡിഎഫ് അധികാരത്തിൽ വന്നശേഷമാണ്. യുഡിഎഫ് കാലത്ത് പിഎസ്‌സി 3113 റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ച സ്ഥാനത്ത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 4012 ആയി.
രണ്ട് പ്രകൃതി ദുരന്തവും കോവിഡ് പ്രതിസന്ധിയും സംസ്ഥാനം അഭിമുഖീകരിച്ച വേളയിലാണ് ഇത്. ശബരിമലയുടെ പേരിൽ കരട് ബിൽവരെ പുറത്തിറക്കിയെങ്കിലും ജനങ്ങൾക്കിടയിൽ അത് വേരോടിയില്ലെന്നു വന്നതാണ് ഉദ്യോഗാർഥികളെ ഇളക്കിവിടാനുള്ള നീക്കം തുടങ്ങിയത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കരട് ബിൽ പ്രസിദ്ധീകരിച്ച് യുഡിഎഫ് നേതൃത്വം സ്വയം അപഹാസ്യരായി. സുപ്രീംകോടതി വിധി വന്നശേഷം ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തി തുടർ നടപടിയെന്ന സിപിഐ എം തീരുമാനം യുഡിഎഫ് വാദം പൊളിച്ചു.
‘കണ്ണീർ നാടകനായിക’ സജീവ കോൺഗ്രസ് പ്രവർത്തക
സെക്രട്ടറിയറ്റിനു മുന്നിൽ തിങ്കളാഴ്‌ച "കണ്ണീർ നാടകം' കളിച്ച ലയ രാജേഷ് കോൺഗ്രസിന്റെ സജീവ പ്രവർത്തക. പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സ് സെക്രട്ടറിയറ്റിനു മുന്നിൽ നടത്തുന്ന രാഷ്‌ട്രീയ പ്രേരിത സമരത്തിനിടെ കൂട്ടുകാരിയുടെ ചുമരിൽ ചാരി പൊട്ടിക്കരയുന്ന ലയ രാജേഷിന്റെ ചിത്രം പ്രചരിച്ചിരുന്നെങ്കിലും ‘കണ്ണീർ കഥ’ തയ്യാറാക്കാൻ ഒരുക്കിയ ‘സെറ്റ്’ സമൂഹ്യമാധ്യമങ്ങളിൽ വന്നതോടെ പൊളിഞ്ഞു.
തൃശൂർ അരണാട്ടുകര സ്വദേശിയായ ലയ വർഷങ്ങളായി കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ്. കെപിസിസി സെക്രട്ടറി എ പ്രസാദിനൊപ്പം കോൺഗ്രസിന്റെ പതാക ഷാളാക്കി അണിഞ്ഞു നിൽക്കുന്ന ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തൃശൂർ കോർപറേഷൻ 54–-ാം ഡിവിഷനിൽ കോൺഗ്രസിനുവേണ്ടി എഡിഎസ് ചെയർപേഴ്‌സൺ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചിരുന്നു. സിഡിഎസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും തോറ്റു.
ജില്ലയിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട കോൺഗ്രസ് അനുകൂലികളായവർ ചേർന്ന് രൂപീകരിച്ച ഗ്രൂപ്പിലും അംഗമാണ്. പിഎസ്‌സി നിയമനത്തിന്റെ പേരും പറഞ്ഞ് നിരന്തരം സർക്കാരിനെ കരിവാരിത്തേക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുന്നിലുമുണ്ട്. ഇവർ പട്ടികയിൽ 583ാം റാങ്കുകാരിയാണ്. തൃശൂർ ജില്ലയിൽ ഇതിനകം 496 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. പട്ടികയ്‌ക്ക് ആറുമാസം കൂടി കാലാവധിയുമുണ്ട്.
No comments:
Post a Comment