Friday, February 12, 2021

മലബാര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു

തിരുവനന്തപുരം > മലബാര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവ് ആയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 2019 ജനുവരി 1 മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് വര്‍ധനവ്. ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 750 രൂപയായിരുന്നത് 8500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാനശമ്പളം 41500 രൂപയായും വര്‍ധിപ്പിച്ചു. മറ്റു ആനുകൂല്യങ്ങളും ഇതിനനുസരിച്ച് വര്‍ധിച്ചിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.

25 ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും വരുമാനത്തിന്റെ 50% ശമ്പളത്തിനായി ചിലവഴിച്ചിട്ടും തികയാതെ വരുന്ന തുക സര്‍ക്കാര്‍ ഗ്രാന്റായി അനുവദിക്കും. 3 ലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനമുള്ള ക്ഷേതങ്ങളിലെ ജീവനക്കാരുടെ ശമ്പളം പൂര്‍ണമായും സര്‍ക്കാര്‍ ഗ്രാന്റില്‍ നിന്നും അനുവദിക്കും. ശമ്പളപരിഷ്കരണം വഴി ഒരുവര്‍ഷം ഏകദേശം 25 കോടിയിലേറെ രൂപയുടെ അധികബാധ്യത സര്‍ക്കാരിന് ഉണ്ടാകും എന്നാണ് കരുതുന്നത്.

ബോര്‍ഡിന്റെ മുന്‍‌കൂര്‍ അനുമതിയില്ലാതെ ക്ഷേത്രങ്ങള്‍ തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ പാടില്ലെന്നും മുഖ്യക്ഷേത്രങ്ങളില്‍ ആറുമാസത്തിനകം പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തി അത് ശമ്പളവിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

No comments:

Post a Comment