Thursday, March 29, 2012
കയ്യൂര്‍: സമരവീര്യത്തിന്റെ അണയാത്ത ദീപശിഖ
കയ്യൂര്‍ സഖാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 69 വര്‍ഷം തികഞ്ഞു. മീനമാസത്തിലെ ഈ നാളുകളില്‍ തേജസ്വിനിയുടെ കുഞ്ഞോളങ്ങള്‍ ആ നാല് അരുമസഖാക്കളെക്കുറിച്ച് ആര്‍ദ്രമായ ഓര്‍മകളില്‍ വിതുമ്പുകയാകാം, അവരുടെ ധീരതയില്‍ പുളകമണിയുകയാകാം. സഖാക്കള്‍ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍... സ്വന്തം ചുടുനിണംകൊണ്ട് രക്തപതാകയെ കൂടുതല്‍ ചുവപ്പിച്ചവര്‍ കയ്യൂരിന്റെ പൊന്നോമനമക്കള്‍. നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും നടത്തിയ ധീരമായ സമരങ്ങളുടെ ചരിത്രത്തിലെ പ്രത്യേക കാലഘട്ടത്തെയാണ് കയ്യൂര്‍സമരം സൂചിപ്പിക്കുന്നത്.
1934 മുതല്‍ കര്‍ഷകപ്രസ്ഥാനം ജന്മിത്വത്തിനെതിരെ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങി. മറ്റ് സ്ഥലങ്ങളിലെപ്പോലെ നീലേശ്വരം രാജാവിന്റെ ചെയ്തികളെ ചോദ്യംചെയ്ത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കര്‍ഷകപ്രസ്ഥാനം സമരരംഗത്ത് വന്നുകഴിഞ്ഞിരുന്നു. ഒരുദിവസം ഹോസ്ദുര്‍ഗ് ആര്‍ഐ കയ്യൂരില്‍ വന്നപ്പോള്‍ വളന്റിയര്‍ പരിശീലനവും കൃഷിക്കാരുടെ ജാഥയും നേരില്‍ക്കണ്ട് വഴിമാറി പോകേണ്ടിവന്നു. ഒരു ഫോറസ്റ്റ് ഓഫീസറെ കയ്യൂരില്‍ കളിയാക്കിയെന്ന പരാതിയുമുണ്ടായി. കൃഷിക്കാര്‍ കയ്യൂരില്‍ സംഘടിക്കുന്നുവെന്ന് അവര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ടുചെയ്തു. ഈഅവസരത്തില്‍ത്തന്നെയാണ് കര്‍ഷകസംഘം യോഗംചേര്‍ന്ന് നീലേശ്വരം രാജാവിന് നിവേദനം നല്‍കിയത്. കയ്യൂരില്‍നിന്ന് നീലേശ്വരത്തേക്ക് ജാഥ പോകുന്നതിന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിവേദനത്തിന്റെ കോപ്പി നേരത്തെ കിട്ടിയ ജന്മിയും പൊലീസുകാരും ചേര്‍ന്ന് ജാഥ പൊളിക്കാന്‍ പദ്ധതി തയ്യാറാക്കി. 1941 മാര്‍ച്ച് 26ന് രാവിലെ ചില പൊലീസുകാര്‍ ജന്മിയുടെ കാര്യസ്ഥന്മാരുമായി ചര്‍ച്ച നടത്തി. പൊലീസിന്റെയും ജന്മിയുടെയും നീക്കം മനസിലാക്കാന്‍ പ്രാദേശിക കമ്മിറ്റി (സെല്‍) ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. കെ പി വെള്ളുങ്ങ, സി കൃഷ്ണന്‍നായര്‍, ടി വി കുഞ്ഞിരാമന്‍ എന്നിവര്‍ പൊലീസിനെ പിന്തുടര്‍ന്നു. സഖാക്കളെ അടിക്കാന്‍ പദ്ധതിയിട്ട പൊലീസുകാരന്‍ ചെറിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തെത്തുടര്‍ന്ന് മാര്‍ച്ച് 26ന് രാത്രി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിക്കോളാസും സംഘവും കയ്യൂരില്‍ അരയാക്കടവിലുള്ള അപ്പുവിന്റെ ചായക്കട തല്ലിത്തകര്‍ത്തു. അവിടെ കിടന്നുറങ്ങുകയായിരുന്ന സഖാക്കളെ മര്‍ദിച്ചു. വീടുകളില്‍കയറി മര്‍ദനം തുടങ്ങി. ടി വി കുഞ്ഞിരാമന്‍, ടി വി കുഞ്ഞമ്പു എന്നീ സഖാക്കളെ അറസ്റ്റ്ചെയ്തു.
മര്‍ദനവാര്‍ത്തയും അറസ്റ്റുംകേട്ട് കയ്യൂര്‍ ഇളകിമറിഞ്ഞു. മര്‍ദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്താന്‍ തീരുമാനിച്ചു. പ്രകടനം കയ്യൂര്‍ കൂക്കോട്ടുനിന്നാണ് പുറപ്പെട്ടത്. തലേദിവസത്തെ മര്‍ദനത്തില്‍ പ്രധാനിയായ സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ മറ്റെന്തോ ആവശ്യത്തിനുവേണ്ടി അവിടെ വന്നിരുന്നു. മൂക്കറ്റം മദ്യപിച്ച സുബ്ബരായന്‍ ജാഥ നീങ്ങവെ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത സഖാക്കളുടെ വികാരം ആളിക്കത്തി. സംഘാടകര്‍ പാടുപെട്ട് അവരെ നിയന്ത്രിച്ചു. തുടര്‍ന്ന് സുബ്ബരായന്‍ ചെങ്കൊടിയേന്തി പ്രകടനത്തോടൊപ്പം നടക്കാന്‍ നിര്‍ബന്ധിതനായി. കുറേ നടന്നപ്പോള്‍ കൊടിയുടെ വടിപൊട്ടിച്ച് ജാഥയ്ക്കുനേരെ തിരിഞ്ഞ് സഖാക്കളെ മര്‍ദിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. എതിര്‍ഭാഗത്ത് ക്ലായിക്കോട്ടുനിന്നു പുറപ്പെട്ട മറ്റൊരു ജാഥ വരികയായിരുന്നു. തന്നെ ആളുകള്‍ പിന്തുടരുകയാണെന്ന ധാരണയില്‍ സുബ്ബരായന്‍ പുഴയിലേക്ക് എടുത്തുചാടി. മദ്യലഹരിയും യൂണിഫോമിന്റെ ഭാരവും കാരണം അയാള്‍ മുങ്ങിമരിച്ചു.
ഈ സംഭവത്തെത്തുടര്‍ന്ന് കയ്യൂരിലും പരിസരപ്രദേശത്തും ഭീകരമായ പൊലീസ് മര്‍ദനമാണ് നടന്നത്. ചുവന്നകൊടി ചുട്ടുകരിച്ച് കമ്യൂണിസ്റ്റുകാരെ മര്‍ദിച്ചൊതുക്കി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയാവുന്നതൊക്കെ അവര്‍ചെയ്തു. ഇ കെ നായനാര്‍, വി വി കുഞ്ഞമ്പു എന്നിവരടക്കം 61 പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ചെയ്തു. ഒളിവില്‍ പോയ നായനാരെ പിടികൂടാന്‍ സാധിച്ചില്ല. കേസ് ഒരുവര്‍ഷത്തിലേറെ മംഗലാപുരം സെഷന്‍സ് കോടതിയില്‍ നടന്നു. തെളിവുകള്‍ ഭരണാധികാരികള്‍ക്കെതിരായിരുന്നു. എന്നാല്‍, വിധി അപ്രതീക്ഷിതവും. അഞ്ച് സഖാക്കളെ വധശിക്ഷയ്ക്ക് വിധിച്ചു. രണ്ടുപേര്‍ക്ക് അഞ്ചുകൊല്ലവും കുറെ പേര്‍ക്ക് മൂന്നുകൊല്ലവും തടവുശിക്ഷയും വിധിച്ചു. മറ്റുള്ളവരുടെ റിമാന്‍ഡുകാലം തടവായി പരിഗണിച്ച് വിട്ടയച്ചു. ചൂരിക്കാടന്‍ കൃഷ്ണന്‍നായരെ മൈനര്‍ ആയതിനാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കി ജീവപര്യന്തം ശിക്ഷിച്ചു. കയ്യൂര്‍ സഖാക്കളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ പ്രിവി കൗണ്‍സില്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍, തീരുമാനം മാറ്റാന്‍ സാമ്രാജ്യത്വഭരണകൂടം തയ്യാറായില്ല. 1943 മാര്‍ച്ച് 29ന് രാവിലെ അഞ്ചുമണിക്ക് കയ്യൂര്‍ സഖാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി. അവര്‍ കൊലമരത്തെ പുഞ്ചിരിയോടെ നേരിട്ടു; ദിഗന്തം പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. ""ഇങ്ക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ്, സാമ്രാജ്യത്വം തകരട്ടെ, ജന്മിത്വം തകരട്ടെ, സഖാക്കളേ മുന്നോട്ട്...""
കയ്യൂര്‍ സഖാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞ് 69 വര്‍ഷത്തിനിടയില്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശക്തിപ്പെട്ടു. കേരളത്തിലെയും ഇന്ത്യയിലെയുംകര്‍ഷകപ്രസ്ഥാനവും വിപ്ലവപ്രസ്ഥാനവും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങള്‍ ഹൃദയത്തില്‍ പേറി ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണ്. കയ്യൂര്‍ രക്തസാക്ഷികളുടെ പ്രസ്ഥാനം ഇന്നു കൂടുതല്‍ കരുത്തും ശക്തിയും കൈവരിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍നിന്ന് കെട്ടുകെട്ടിയെങ്കിലും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഭരണവര്‍ഗം ഇപ്പോഴും സാമ്രാജ്യത്വത്തിന് അടിയറവച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച സാമ്രാജ്യത്വപ്രീണന നയം രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്ലാ സീമകളും ലംഘിച്ചു. ഇതിനുപുറമെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളും വാശിയോടെ നടപ്പാക്കുകയാണ്. സാമ്രാജ്യത്വ അധിനിവേശത്തിനും കേന്ദ്രസര്‍ക്കാരിന്റെ രാജ്യദ്രോഹ- ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ വന്‍തോതില്‍ ജനങ്ങളെ അണിനിരത്തേണ്ട സന്ദര്‍ഭമാണിത്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരാകട്ടെ, മുന്‍കാലങ്ങളിലെപ്പോലെ ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിച്ച് സംസ്ഥാനത്തെ ഇരുട്ടിലേക്ക് നയിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചെറുക്കാനുള്ള ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിക്കേണ്ട സമയമാണിത്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യൂര്‍ സഖാക്കളുടെ ധീരസ്മരണ കരുത്തും ആവേശവും പകരും.
പി കരുണാകരന്‍ deshabhimani 290312
Subscribe to:
Post Comments (Atom)
കയ്യൂര്‍ സഖാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 69 വര്‍ഷം തികഞ്ഞു. മീനമാസത്തിലെ ഈ നാളുകളില്‍ തേജസ്വിനിയുടെ കുഞ്ഞോളങ്ങള്‍ ആ നാല് അരുമസഖാക്കളെക്കുറിച്ച് ആര്‍ദ്രമായ ഓര്‍മകളില്‍ വിതുമ്പുകയാകാം, അവരുടെ ധീരതയില്‍ പുളകമണിയുകയാകാം. സഖാക്കള്‍ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍... സ്വന്തം ചുടുനിണംകൊണ്ട് രക്തപതാകയെ കൂടുതല്‍ ചുവപ്പിച്ചവര്‍ കയ്യൂരിന്റെ പൊന്നോമനമക്കള്‍. നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും നടത്തിയ ധീരമായ സമരങ്ങളുടെ ചരിത്രത്തിലെ പ്രത്യേക കാലഘട്ടത്തെയാണ് കയ്യൂര്‍സമരം സൂചിപ്പിക്കുന്നത്.
ReplyDelete