Wednesday, March 21, 2012
കഴുമരം പറയുന്നു, കയ്യൂരിന്‍ വീരഗാഥ
ഇവിടെ മുഴുങ്ങുന്നു കയ്യൂരിന്റെ വീരപുത്രന്മാരുടെ ഇങ്ക്വിലാബ് വിളി. ഈ കഴുമരം പറയുന്നു കൊലക്കയര്‍ മുറുകുമ്പോഴും പതറാത്ത നാല് വിപ്ലവകാരികളുടെ പോരാട്ടഗാഥ. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇ എം എസ് നഗറില്‍ ഒരുക്കിയിട്ടുള്ള "സോഷ്യലിസമാണ് ഭാവി" ചരിത്ര പ്രദര്‍ശനനഗരിയില്‍ ശില്‍പി ജീവന്‍ തോമസ് പുനഃസൃഷ്ടിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കഴുമരമാണ് കാലത്തിന് സാക്ഷിയായ ചോരയും കണ്ണീരും നനഞ്ഞ പേരാട്ടകാലം സന്ദര്‍ശകരെ അനുഭവിപ്പിക്കുന്നത്. വിപ്ലവകാരികളുടെ ജീവന്‍ തല്ലിക്കൊഴിച്ച ഭരണകൂട ഭീകരതയുടെ ഇരുണ്ട നാളുകള്‍ ഈ തൂക്കുമരങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.
1943 മാര്‍ച്ച് 29നാണ് കയ്യൂരിന്റെ വീരപുത്രന്മാര്‍ ഇങ്ക്വിലാബ് മുഴക്കി കഴുമരത്തിലേക്ക് നടന്നുകയറിയത്. നാടുമുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങളില്‍ തടവറയെ പ്രകമ്പനം കൊള്ളിച്ചു നാലു ചെറുപ്പക്കാരുടെ മുദ്രാവാക്യം. മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍ , പൊടോര കുഞ്ഞമ്പുനായര്‍ , പള്ളിക്കാല്‍ അബൂബക്കര്‍ . ആ രാത്രി രാജ്യത്തെവിടെയും കമ്യൂണിസ്റ്റുകാര്‍ ഉറങ്ങിയില്ല. അവരുടെ കാതുകളില്‍ ആ ഇങ്ക്വിലാബ് വിളികള്‍ പ്രകമ്പനം കൊണ്ടു. ജയിലിലെത്തിയ പി സി ജോഷിയും പി സുന്ദരയ്യയും പി കൃഷ്ണപിള്ളയും കരച്ചിലടക്കാന്‍ പാടുപെടുമ്പോള്‍ ആശ്വസിപ്പിച്ച കയ്യൂരിന്റെ ധീരന്മാരുടെ ഓര്‍മകള്‍ നമ്മെ ആവേശം കൊള്ളിക്കും. പുതിയ കാലത്തെ പോരാട്ടത്തിന് ഊര്‍ജം പകരുന്നതാണ് കയ്യൂര്‍ സമരത്തിന്റെ പ്രതീകമായി നിര്‍മിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തൂക്കുമരത്തിന്റെ ഈ ശില്‍പരൂപം. ഇരുണ്ട കൊലമരവും ആരാച്ചാരെയും അതേ പോലെ പുനഃസൃഷ്ടിച്ചിരിക്കുകയായണ്. കയ്യൂരിന്റെ വീരയോദ്ധാക്കളെ കറുത്തനീതി കഴുവേറ്റിയതിന്റെ പ്രതീകമായി നാലു കൊലക്കയറും. ഇവിടെ നില്‍ക്കുമ്പോള്‍ നമുക്ക് കാണാം യോദ്ധാക്കളുടെ ജീവനെടുക്കാന്‍ നിയോഗിക്കപ്പെട്ട ആരാച്ചാരുടെ കൈകള്‍ വിറയ്ക്കുന്നത്. ചരിത്ര പ്രദര്‍ശന നഗരിയിലെ നിരവധി ശില്‍പങ്ങള്‍ അണിയിച്ചൊരുക്കിയ ജീവന്‍ തോമസും സംഘവും പതിനഞ്ചുദിവസം രാപകല്‍ അധ്വാനിച്ചാണ് ജയിലറ നിര്‍മിച്ചത്.
ചൊവ്വാഴ്ചയും നിരവധി പ്രമുഖരടക്കം ആയിരങ്ങള്‍ പ്രദര്‍ശനം കണ്ടു. പുന്നപ്ര-വയലാര്‍ സമരസേനാനി പി കെ ചന്ദ്രാനന്ദന്‍ , സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ , ഗോവന്‍ വിമോചനസമര പോരാളി ഗോവ മമ്മു, ഒഞ്ചിയം പോരാട്ടങ്ങളില്‍ പീഡനത്തിനിരയായ ഇ എ ബാലന്‍ എന്നിവര്‍ സന്ദര്‍ശിച്ചവരില്‍പ്പെടുന്നു.
deshabhimani 210312
Subscribe to:
Post Comments (Atom)

ReplyDelete