Wednesday, June 2, 2021

ജനങ്ങളെ മറക്കുന്ന മോഡി ഭരണം

നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയിട്ട്‌ ഏഴ്‌ വർഷം പിന്നിടുകയാണ്‌. ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കി ഹിന്ദുത്വ അജൻഡ നടപ്പാക്കാനാണ്‌ ഈ മഹാമാരിക്കാലത്തും മോഡി സർക്കാർ ഊന്നൽ നൽകുന്നത്‌. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഫാസിസ്‌റ്റ്‌ ഹിന്ദുരാഷ്ട്രമാക്കുക എന്ന ആർഎസ്‌എസിന്റെ പ്രഖ്യാപിത അജൻഡയാണ്‌ നടപ്പാക്കുന്നത്‌. 2014ൽ ഒന്നാം മോഡി സർക്കാർ അധികാരത്തിലേറിയതുമുതൽ ഇതിനുള്ള നടപടി ആരംഭിച്ചിരുന്നു. തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റതോടെയാണ്‌ കൂടുതൽ ആവേശത്തോടെ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്‌. 1925ൽ ആർഎസ്‌എസ്‌ സ്ഥാപിച്ചതുമുതൽ ഹിന്ദുരാഷ്ട്രം എന്നത്‌ അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്‌. അസഹിഷ്‌ണുതയാണ്‌ ഇതിന്റെ മുഖമുദ്ര. ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള ഏറ്റവും വലിയ ഭീഷണിയാണ്‌ ആർഎസ്‌എസിന്റെ ഈ നിലപാട്‌. മതനിരപേക്ഷതയും ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ്‌ 2019നുശേഷം കേന്ദ്രസർക്കാർ ത്വരിതപ്പെടുത്തിയിരിക്കുന്നത്‌. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്നു.

ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന സ്വാശ്രയത്വം, ഫെഡറലിസം, സാമൂഹ്യനീതി എന്നിവ ഇല്ലാതാക്കുന്നു. പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കിയാണ്‌ നിയമങ്ങൾ കൊണ്ടുവരുന്നത്‌. രണ്ടാം മോഡി സർക്കാർ അധികാരത്തിലേറിയ ഉടൻതന്നെ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി ഉറപ്പുവരുത്തുന്ന ഭരണഘടനയിലെ 370, 35 എ അനുച്ഛേദങ്ങൾ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമാക്കി വെട്ടിമുറിച്ചു. സംസ്ഥാനത്തെ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാക്കിയും എല്ലാവിധ ആശയവിനിമയ സംവിധാനവും വിച്ഛേദിച്ചും ജനങ്ങളുടെ ദൈനംദിന ജീവിതം പൂർണമായും തടസ്സപ്പെടുത്തിയുമാണ്‌ ഇത്‌ നടപ്പാക്കിയത്‌. രണ്ട്‌ വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്ക്‌ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവരാനുള്ള അവസ്ഥ സംജാതമായിട്ടില്ല. ഭരണഘടനാ വിരുദ്ധമായി ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ്‌ ജമ്മു കശ്‌മീരിന്റെ പ്രത്യേകാവകാശങ്ങൾ കവർന്നെടുത്തത്‌. ഇതിനു പിന്നാലെ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കി. ഭരണഘടനയെ അവഹേളിച്ചും വ്യവസ്ഥകൾ ലംഘിച്ചും പാർലമെന്റിനെ വിശ്വാസത്തിലെടുക്കാതെയുമാണ്‌ നിയമം കൊണ്ടുവന്നത്‌. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്‌ ഒരാളുടെ മതവിശ്വാസത്തെ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമാക്കുന്നത്‌. ഇപ്പോൾ ജമ്മു കശ്‌മീർ മാതൃകയിൽ ലക്ഷദ്വീപിലും വർഗീയ ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അശാന്തി പടർത്തുകയാണ്‌. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ മഹാമാരിയായി മോഡി ഭരണം മാറി.

ഭരണഘടനയ്‌ക്കു നേരെയുള്ള കടന്നാക്രമണം യഥാർഥത്തിൽ സ്വതന്ത്ര ഇന്ത്യയുടെ സവിശേഷതയ്‌ക്കുമേലുള്ള കടന്നുകയറ്റമാണ്‌. നാനാത്വത്തിലെ ഏകത്വമാണ്‌ നമ്മുടെ ഭരണഘടനയുടെ സവിശേഷത. ഈ സവിശേഷതയിലൂടെയാണ്‌ നമ്മുടെ രാജ്യത്തെയും ജനങ്ങളെയും നിർവചിക്കുന്നത്‌. ജനങ്ങളെ തമ്മിൽ പരസ്‌പരം ബന്ധിപ്പിക്കുന്ന വൈവിധ്യങ്ങളുടെ നൂലിഴകളെ ബലപ്പെടുത്തിയാൽ മാത്രമേ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തൻ സാധിക്കുകയുള്ളൂ. മതം, വിശ്വാസം, ഭാഷ, വംശം, സംസ്‌കാരം, ജീവിതരീതി തുടങ്ങിയ വൈവിധ്യങ്ങളെ തകർത്ത്‌ ആർഎസ്‌എസും ബിജെപിയും ഹിന്ദുത്വം അടിച്ചേൽപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ആർഎസ്‌എസ്‌ വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തിന്റെ പ്രധാന ആശയംതന്നെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ടവർ ഹിന്ദുത്വ ആശയം ഉൾക്കൊണ്ട്‌ ജീവിക്കുക അല്ലെങ്കിൽ ഭരണഘടനാ പ്രകാരമുള്ള തുല്യനീതി ഇല്ലാതെ രണ്ടാംകിട പൗരന്മാരായി ജീവിക്കുക എന്നതാണ്‌. ‘ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ’ എന്ന ആർഎസ്‌എസ്‌ മുദ്രാവാക്യം ഏക ഭാഷകൂടി അടിച്ചേൽപ്പിക്കുന്നതാണ്‌. ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ യുഎപിഎ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ കരിനിയമങ്ങൾ ഉപയോഗിച്ച്‌ അടിച്ചമർത്തുന്നു. മോഡി സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരെ രാജ്യദ്രോഹികളും വിദേശ ഏജന്റുമാരുമായി മുദ്രകുത്തുന്നു. എല്ലാ അർഥത്തിലും മോഡി ഭരണം രാജ്യത്തെ ജനങ്ങളിൽ കടുത്ത ഭയം സൃഷ്ടിച്ചിരിക്കുകയാണ്‌.

മരണത്തിന്റെ കാവൽക്കാർ

2020 ജനുവരിയിലാണ്‌ രാജ്യത്ത്‌ കോവിഡ്‌ പടരാൻ തുടങ്ങിയത്‌. രോഗം വ്യാപിക്കുന്നത്‌ ഫലപ്രദമായി നേരിടാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുപകരം സർക്കാർ ആർഎസ്‌എസിന്റെ വർഗീയ അജൻഡ നടപ്പാക്കാനാണ്‌ ശ്രദ്ധയൂന്നിയത്‌. ഇതിന്റെ ഫലമായി രാജ്യവും ജനങ്ങളും വലിയ വിലകൊടുത്തുകൊണ്ടിരിക്കുകയാണ്‌. സിപിഐ എമ്മും മറ്റ്‌ പ്രതിപക്ഷ രാഷ്ട്രീയ പാർടികളും മഹാമാരിയെ നേരിടാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന്‌ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം ചെവിക്കൊണ്ടില്ല. കോവിഡിനെ നേരിടുന്നതിൽ മോഡി സർക്കാർ തികഞ്ഞ പരാജയമാണ്‌. കോവിഡ്‌ റിപ്പോർട്ട്‌ ചെയ്‌തതിനുശേഷവും ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കി മുൻകരുതൽ സ്വീകരിച്ചില്ല. ആരോഗ്യപ്രവർത്തകർക്ക്‌ സംരക്ഷണ ഉപകരണങ്ങൾ ലഭ്യമാക്കിയില്ല. ആശുപത്രി സംവിധാനങ്ങൾ വിപുലമാക്കുന്നതിലും ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിലും പുതിയ വാക്‌സിന്‌ മുൻകൂട്ടി ഓർഡർ നൽകി സംഭരിക്കുന്നതിലും സർക്കാർ അലംഭാവം കാട്ടി. എല്ലാ തരത്തിലും കോവിഡിനെ നേരിടുന്നതിൽ ശ്രദ്ധചെലുത്തുന്നതിൽ വീഴ്‌ച വരുത്തി.

ഒരു മുൻകരുതലും ആസൂത്രണവുമില്ലാതെ അപ്രതീക്ഷിതമായി രാജ്യമാകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്‌ എല്ലാ മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. മഹാമാരിക്കു മുമ്പേതന്നെ തകർന്നുകൊണ്ടിരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇതോടെ കടുത്ത മാന്ദ്യത്തിലേക്ക്‌ കൂപ്പുകുത്തി. കോടിക്കണക്കിനാളുകൾക്ക്‌ തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. ദാരിദ്ര്യവും പട്ടിണിയും വ്യാപകമായി. ജനങ്ങൾ പട്ടിണിയിലേക്ക്‌ എടുത്തെറിയപ്പെട്ടപ്പോഴും ജനങ്ങളുടെ കൈകളിലേക്ക്‌ പണം കൈമാറുന്നതിനോ ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ സൗജന്യമായി നൽകാനോ തയ്യാറായില്ല. അടച്ചുപൂട്ടലിനെ തുടർന്ന്‌ വിവിധ വ്യവസായ നഗരങ്ങളിൽനിന്ന്‌ ഗ്രാമങ്ങളിലേക്ക്‌ കുടിയേറ്റ തൊഴിലാളികളുടെ പലായനമായിരുന്നു. വിഭജനക്കാലത്തെ പലായനത്തെ ഓർമിക്കുന്നതായിരുന്നു ഇത്‌. സർവതും നഷ്ടപ്പെട്ട്‌ സ്വന്തം ഗ്രാമങ്ങളിലെത്താൻ വെമ്പൽകൊണ്ട പാവപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക്‌ യാത്രാ സൗകര്യം ഒരുക്കാൻപോലും സർക്കാരിന്‌ സാധിച്ചില്ല. ഇത്‌ സ്വാഭാവികമായും കോവിഡ്‌ പടരാനും ഇടയാക്കി. പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലേക്കും തുടർന്ന്‌ മരണത്തിലേക്കും സർക്കാർ തള്ളിവിടുകയായിരുന്നു. രണ്ടാംതരംഗം വരുമെന്ന മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്താതെ കോവിഡിനെതിരായ യുദ്ധം വിജയിച്ചതായി മോഡി പ്രഖ്യാപിച്ചു. ഇന്ത്യ വൻതോതിൽ വാക്‌സിൻ ഉൽപ്പാദിപ്പിച്ച്‌ മനുഷ്യസമൂഹത്തെയാകെ സംരക്ഷിക്കുമെന്ന്‌ വീമ്പിളക്കി. ‘വിശ്വഗുരു’ എന്ന്‌ സ്വയം പുകഴ്‌ത്തുകയും ചെയ്‌തു. എന്നാൽ, രാജ്യത്ത്‌ ഇപ്പോഴും വാക്‌സിൻ ആവശ്യത്തിന്‌ ലഭ്യമാക്കിയിട്ടില്ല.

കോവിഡ്‌ പടരുന്നതിനിടയിലും കുംഭമേളയ്‌ക്ക്‌ അനുമതി നൽകി. അടുത്ത വർഷം നടക്കേണ്ട കുംഭമേള യുപി തെരഞ്ഞെടുപ്പിൽ വർഗീയ ചേരിതിരിവുണ്ടാക്കി വോട്ട്‌ നേടാനായി ഒരു വർഷം മുമ്പേ സംഘടിപ്പിക്കുകയായിരുന്നു. ഐപിഎൽ ക്രിക്കറ്റ്‌ ടൂർണമെന്റ്‌ നടത്താനും അനുവദിച്ചു. കോവിഡ്‌ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച്‌ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വൻതെരഞ്ഞെടുപ്പു റാലികൾ സംഘടിപ്പിച്ചു. ഇത്തരം തീരുമാനങ്ങളെല്ലാം വിനാശകരമായി മാറിയെന്ന്‌ തെളിയിച്ചിരിക്കുകയാണിപ്പോൾ. ഇതെല്ലാം കോവിഡിന്റെ സമൂഹവ്യാപനം ത്വരിതപ്പെടുത്തി. രണ്ടാംതരംഗം വൻദുരന്തമായി മാറിയപ്പോൾ കേന്ദ്രസർക്കാർ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിഞ്ഞുമാറി സംസ്ഥാനങ്ങളുടെമേൽ ബാധ്യത കെട്ടിവയ്‌ക്കുന്നു. സംസ്ഥാനങ്ങൾക്ക്‌ പ്രത്യേക സാമ്പത്തിക പാക്കേജും അനുവദിച്ചില്ല. സർക്കാർ അനാസ്ഥ കാരണം ജനങ്ങൾ പ്രാണവായു കിട്ടാതെ മരിച്ചുവീണു എന്നതാണ്‌ ആത്യന്തികഫലം. ജീവൻരക്ഷാമരുന്നുകളുടെ ക്ഷാമവും ഹോസ്‌പിറ്റലുകളുടെയും വെന്റിലേറ്ററുകളുടെയും അപര്യാപ്‌തതമൂലമായി മരണങ്ങളേറെയും. ലോകത്ത്‌ പ്രതിദിനം ഏറ്റവും കൂടുതൽ രോഗികളും കോവിഡ്‌ മരണവും റിപ്പോർട്ട്‌ ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. മോഡി സർക്കാരിന്റെ കോവിഡ്‌ മാനേജ്‌മെന്റിന്റെ ദുരന്തമാണിത്‌. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നുമാത്രമല്ല, കോവിഡ്‌ ബാധിച്ച്‌ മരണപ്പെട്ടവരുടെ ശവസംസ്‌കാരം മാന്യമായ രീതിയിൽ നടത്താനുള്ള സൗകര്യം ഒരുക്കാനും സാധിക്കുന്നില്ല. ഉത്തരേന്ത്യൻ നദികളിൽ, പ്രത്യേകിച്ച്‌ ഗംഗാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളും കൂട്ട സംസ്‌കാരങ്ങളും ദുരന്തത്തിന്റെ ആഴം വർധിപ്പിക്കുന്നു. രാജ്യത്തിനും ജനങ്ങൾക്കും ഈ ദുരന്തം സമ്മാനിച്ചത്‌ സർക്കാരാണ്‌. മരണത്തിന്റെ കാവൽക്കാരനായി മോഡി സർക്കാർ.

ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ എല്ലാ കേന്ദ്രത്തിൽനിന്നും വാക്‌സിൻ ശേഖരിച്ച്‌ ജനങ്ങൾക്ക്‌ കോവിഡ്‌ പ്രതിരോധ കുത്തിവയ്‌പെടുത്ത്‌ ആശ്വാസം പകരുകയാണ്‌ വേണ്ടത്‌. രാജ്യവ്യാപകമായി സൗജന്യവും സാർവത്രികവുമായ വാക്‌സിനേഷൻ യജ്ഞം നടത്തണം. യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിനേഷൻ യജ്ഞം നടത്താൻ നിർബന്ധിപ്പിച്ചാൽ മാത്രമേ ജനങ്ങൾക്ക്‌ അവരുടെ ജീവൻ സംരക്ഷിക്കാനാകൂ. ഒപ്പം ആവശ്യമായ സാമ്പത്തിക, ഭക്ഷ്യധാന്യ സഹായവും ഉറപ്പുവരുത്താനാകണം. ജനങ്ങളെയും അവരുടെ ജീവിതവും ജീവനോപാധിയും സംരക്ഷിക്കുന്നതിനും ഭരണഘടനയെയും ഭരണഘടനാവകാശങ്ങളെയും സംരക്ഷിക്കുക എന്നത്‌ ഓരോ പൗരന്റെയും കടമയായി മാറിയിരിക്കുകയാണ് ഇന്ന്‌. ഭരണഘടനയും  ജീവനും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാജ്യത്തെ ജനങ്ങളാകെ അണിനിരക്കണം.

സീതാറാം യെച്ചൂരി 

No comments:

Post a Comment