Tuesday, June 8, 2021

ഉദാരവല്‍കൃത വാക്സിന്‍നയം' പൂര്‍ണമായി തിരുത്തിയിട്ടില്ല; മുഴുവന്‍ വാക്സിനും കേന്ദ്രം സംഭരിച്ച് നല്‍കണം: പിബി

ന്യൂഡല്‍ഹി> സ്വകാര്യമേഖലയ്ക്ക് 25 ശതമാനം വാക്സിന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ പരിപാടി വിപുലമായ തോതില്‍ നടപ്പാക്കണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തികച്ചും തെറ്റായതും വിനാശകരവുമായ 'ഉദാരവല്‍കൃത വാക്സിന്‍നയം' കേന്ദ്രസര്‍ക്കാരിനു തിരുത്തേണ്ടിവന്നത് ശക്തമായ പ്രതിഷേധത്തിന്റെയും സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തിന്റെയും സുപ്രീംകോടതി ഉത്തരവിന്റെയും പശ്ചാത്തലത്തിലാണ്.എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്സിന്‍ ലഭിക്കണമെന്ന ആവശ്യം കേന്ദ്രത്തിനു അംഗീകരിക്കേണ്ടിവന്നു.

സംസ്ഥാനങ്ങള്‍ക്കുനേരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച്, അവരെ കുറ്റപ്പെടുത്താന്‍ ദേശീയ സംപ്രേഷണത്തില്‍ പ്രധാനമന്ത്രി നടത്തിയ അപലപനീയമായ  ശ്രമം ജനങ്ങള്‍ തിരസ്‌കരിക്കും.  'ഉദാരവല്‍കൃത വാക്സിന്‍നയം' കേന്ദ്രത്തിന്റെ ഏകപക്ഷീയ തീരുമാനമായിരുന്നു.

   എന്നാല്‍ പരാജയപ്പെട്ടനയം പൂര്‍ണമായി തിരുത്തിയിട്ടില്ല. ഇരട്ട വില സമ്പ്രദായം തുടരുന്നു. ഉല്‍പാദിപ്പിക്കുന്ന വാക്സിന്റെ 25 ശതമാനം സ്വകാര്യമേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നു. സ്വകാര്യ നിര്‍മാതാക്കള്‍ക്ക് കൊള്ളലാഭം നേടാന്‍ നല്‍കിയ ലൈസന്‍സാണ് ഇത്. വാക്സിനു കടുത്ത ക്ഷാമം നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍, കോവിഡിന്റെ മൂന്നാം തരംഗം തടയാന്‍ നടത്തേണ്ട സാര്‍വത്രിക വാക്സിനേഷന്‍ പരിപാടിയെ ദുര്‍ബലപ്പെടുത്താന്‍ ഈ നയം ഇടയാക്കും.

സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യആശുപത്രികള്‍ വാക്സിനു ഈടാക്കുന്ന ഉയര്‍ന്നവില താങ്ങാന്‍ സമ്പന്നര്‍ക്കേ കഴിയൂ. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന എല്ലാ വാക്സിനും കേന്ദ്രം സംഭരിക്കണം. വിദേശത്തുനിന്നും വാങ്ങണം. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇത് അവര്‍ക്ക് വിതരണം ചെയ്യണം-പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment