Saturday, December 19, 2020

ജില്ലാ ഡിവിഷനുകളിൽ മൂന്നിൽ രണ്ടും ബ്ലോക്കിൽ 61 ശതമാനവും എൽഡിഎഫിനൊപ്പം

നാടാകെ ചുവപ്പിച്ച തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡ്‌ അടിസ്ഥാനത്തിലുള്ള കണക്കിലും എൽഡിഎഫിന്റെ മുന്നേറ്റം. ജില്ലാ ഡിവിഷനുകളിൽ മൂന്നിൽ രണ്ടും ബ്ലോക്ക്‌ ഡിവിഷനുകളിൽ 61 ശതമാനവും എൽഡിഎഫിനൊപ്പം‌. 190 ബ്ലോക്ക്‌ ഡിവിഷനും 35 ജില്ലാഡിവിഷനും യുഡിഎഫിന്‌ നഷ്ടമായപ്പോൾ എൽഡിഎഫ്‌ യഥാക്രമം 179ഉം 42ഉം സീറ്റുകൾ വർധിപ്പിച്ചു.


ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന്‌ 432 സീറ്റ്‌ കുറഞ്ഞു.15,962 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിൽ 7263 എണ്ണവും എൽഡിഎഫിനാണ്‌. സ്വതന്ത്ര ചിഹ്നത്തിൽ വിജയിച്ചവരുംകൂടി ചേരുമ്പോൾ നേട്ടം അമ്പത്‌ ശതമാനത്തിന്‌ മുകളിലെത്തും. 2015ൽ നേടിയ സീറ്റുകൾ എൽഡിഎഫ്‌ നിലനിർത്തിയപ്പോൾ യുഡിഎഫ്‌ പിന്നോട്ടുപോയി, 6324 സിറ്റിങ്‌ സീറ്റുകളിൽ കൈയിലുള്ളത്‌ 5892 മാത്രം. 551 പഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണം വരുമ്പോൾ യുഡിഎഫ്‌ 315ലേക്ക്‌ ചുരുങ്ങി. അമ്പതോളം പഞ്ചായത്തിന്റെ കുറവ്‌.

രാഷ്‌ട്രീയ വോട്ടിങ്‌ കൂടുതൽ പ്രകടമായ ജില്ല–-ബ്ലോക്ക്‌ ഡിവിഷനുകളിൽ അഭൂതപൂർവമായ മുന്നേറ്റമാണ്‌ എൽഡിഎഫ്‌ നടത്തിയത്‌. 331 ജില്ലാഡിവിഷനിൽ എൽഡിഎഫിന്റെ സീറ്റ്‌ 170ൽനിന്ന്‌ 212ലെത്തി. യുഡിഎഫ്‌ 110ലേക്ക്‌ ഒതുങ്ങി. ബ്ലോക്ക്‌ ഡിവിഷനുകൾ 1088ൽനിന്ന്‌ 1267 ആയി  ഉയർത്തിയപ്പോൾ യുഡിഎഫ്‌ 917ൽനിന്ന്‌ 727ലേക്ക്‌ കൂപ്പുകുത്തി.

ആറ്‌ കോർപറേഷനുകളിലെ 414 വാർഡിൽ 207 ഉം എൽഡിഎഫിനാണ്‌. 11 സീറ്റിന്റെ വർധന. അതേസമയം, 143 സീറ്റുണ്ടായിരുന്ന യുഡിഎഫ്‌ ഇത്തവണ 120ൽ‌ ഒതുങ്ങി. യുഡിഎഫിന്‌ വൻ തിരിച്ചടിയാണ് നഗരസഭകളും നൽകിയത്‌‌. 3078 വാർഡിൽ 1172 സീറ്റ്‌ യുഡിഎഫിനും 1167 എണ്ണം എൽഡിഎഫിനും. പതിറ്റാണ്ടുകൾക്കുശേഷം പിടിച്ചെടുത്ത മുനിസിപ്പാലിറ്റികളിൽ ഉൾപ്പെടെ ഒട്ടേറെ സീറ്റിൽ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥികളാണ്‌ വിജയിച്ചത്‌.

ഇതുംകൂടിയാകുമ്പോൾ എൽഡിഎഫ്‌ ഏറെ മുന്നിലെത്തും. വോട്ടുശതമാനത്തിലും എൽഡിഎഫ്‌ അഭൂതപൂർവമായ മുന്നേറ്റമാണ്‌ നടത്തിയത്‌. എൽഡിഎഫ്‌–-41.55, യുഡിഎഫ്‌–-31.5, എൻഡിഎ–-14.52. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകൂട്ടൽ പ്രകാരം നൂറോളം സീറ്റുകളിൽ മേൽക്കൈയുണ്ട്‌. അമ്പതിൽ താഴെ സീറ്റിൽ മാത്രമാണ്‌ യുഡിഎഫിന്‌ മുൻതൂക്കം നിലനിർത്താനായത്‌.

വിജേഷ്‌ ചൂടൽ 

No comments:

Post a Comment