Monday, December 21, 2020

കൈപ്പത്തി ചിഹ്നത്തിന്‌ പത്തനംതിട്ട ഡിസിസി പ്രസിഡന്റ്‌ 60 ലക്ഷം വാങ്ങി മുക്കിയെന്ന്‌ നേതാക്കളുടെ പരാതി

പത്തനംതിട്ട > തദ്ദേശ തെരഞ്ഞെടുപ്പിന്റെ മറവിൽ സ്ഥാനാർഥികളിൽനിന്ന്‌ ചിഹ്നത്തിന്‌‌ കെപിസിസി ഫണ്ടെന്ന‌ പേരിൽ‌ വാങ്ങിയ തുകയിൽ ഡിസിസി പ്രസിഡന്റ്‌ ബാബു ജോർജ്‌ 60 ലക്ഷം രൂപ മുക്കിയതായി പരാതി. ഇതു സംബന്ധിച്ച്‌ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. സജി ചാക്കോ കെപിസിസിക്ക്‌ നൽകിയ പരാതിയെ തുടർന്ന്‌  അന്വേഷണം ആരംഭിച്ചു. 

ചിഹ്നം അനുവദിക്കാൻ  കോൺഗ്രസ്‌ സ്ഥാനാർഥികളിൽനിന്ന്‌  വൻ തോതിൽ പണം പിരിച്ചതായാണ്‌ പരാതി.  ഗ്രാമ പഞ്ചായത്തിൽ സ്ഥാനാർഥിക്ക്‌ 7000 രൂപ വീതവും ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളിൽ 10,000 രൂപ വീതവുമാണ്‌ ഡിസിസി പിരിച്ചത്‌. 1200–-ൽ അധികം സ്ഥാനാർഥികൾക്ക്‌ ചിഹ്നം കൊടുത്ത്‌ 70 ലക്ഷം രൂപ ശേഖരിച്ചു. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി സംഗമത്തിനായി പത്തനംതിട്ടയിൽ എത്തിയപ്പോൾ കെപിസിസിക്ക്‌ അഞ്ച്‌ ലക്ഷവും വീക്ഷണം പത്രത്തിന്റെ വരിസംഖ്യയായി അഞ്ചു ലക്ഷവും മാത്രമാണ്‌ കൈമാറിയത്‌.

കെപിസിസിക്ക്‌ 40 ലക്ഷം രൂപ കൊടുക്കാനുള്ളപ്പോൾ അഞ്ച്‌ ലക്ഷം മാത്രം കൊടുത്തതിൽ ക്ഷുഭിതനായാണ്‌ മുല്ലപ്പള്ളി അന്ന്‌ മടങ്ങിയത്‌.‌ സ്ഥാനാർഥികളിൽനിന്ന്‌ വാങ്ങിയ 70 ലക്ഷം രൂപയിൽ പത്ത്‌ ലക്ഷം കഴിച്ചുള്ള 60 ലക്ഷവും ഡിസിസി പ്രസിഡന്റ്‌ മുക്കിയെന്നാണ്‌ പരാതിയിൽ പറയുന്നത്‌. ഈ  പരാതിയിലാണ്‌ കെപിസിസി അന്വേഷണം നടത്തുന്നത്‌. ഇത്രയും വലിയ തുക പിരിച്ചിട്ടും പട്ടികജാതിക്കാരും ദുർബലരുമായ സ്ഥാനാർഥികൾക്ക്‌ സാമ്പത്തിക സഹായം നൽകിയില്ലെന്ന്‌ പി ജെ കുര്യനും രാഷ്ട്രീയകാര്യ സമിതിയിൽ പറഞ്ഞിരുന്നു.

ഇതിനിടെ ബാബു ജോർജിനെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റണമെന്ന്‌   ഒരുകൂട്ടം നേതാക്കൾ കഴിഞ്ഞ ദിവസമാണ്‌ കെപിസിസിക്ക്‌ പരാതി നൽകിയത്‌. ഈ സംഘം 27ന്‌ എഐസിസി നേതാവ്‌ താരിഖ്‌ അൻവർ കേരളത്തിലെത്തുമ്പോൾ  നേരിൽകണ്ട്‌ പരാതി നൽകുമെന്ന്‌ അറിയുന്നു. രാഷ്ട്രീയ കാര്യസമിതി, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവരുടെ യോഗം അന്ന്‌ ചേരുന്നുണ്ട്‌. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ചില ഡിസിസികളോടൊപ്പം പത്തനംതിട്ടയിലും പുനഃസംഘടന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ സംഘം.

deshabhimani

യുഡിഎഫിനെ തോൽപ്പിച്ചത് കോൺഗ്രസെന്ന് മുസ്ലിംലീഗ്

തൊടുപുഴ: കോൺഗ്രസിലെ അനൈക്യം മൂലമാണ്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന് പരാജയം നേരിട്ടതെന്ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി. തോൽവി ഗൗരവപൂർവം പരിശോധിക്കണമെന്നും യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയിലുണ്ടായ അനൈക്യവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും ഏകോപനത്തിലും ഉണ്ടായ ഗുരുതരവീഴ്ചകളും ചിലരുടെ വല്യേട്ടന്‍ മനോഭാവവുമാണ് യുഡിഎഫിന് പ്രതീക്ഷിച്ച വിജയം നഷ്ടമാക്കിയത്. ജോസഫ് വിഭാഗത്തിനെതിരെയും നിശിതവിമർശനം ഉയർന്നു. 

തെരഞ്ഞെടുപ്പില്‍ ആവശ്യമായ മുന്നൊരുക്കങ്ങളോ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണനയോ ഉണ്ടായില്ല. സീറ്റ് ധാരണകളും സ്ഥാനാര്‍ഥി നിര്‍ണയവും വൈകിപ്പിച്ചത് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ലീഗിന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ മാന്യമായ പരിഗണന ലഭിച്ചില്ല. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സീറ്റുകള്‍ വീതിച്ചെടുത്തുവെന്നും യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി.

 എപ്പോഴും യുഡിഎഫ് വോട്ട് ബാങ്കായി ലീഗ് അണികള്‍ നില്‍ക്കുമെന്ന മനോഭാവമാണ് കോണ്‍ഗ്രസ് നേതാക്കൾക്കുള്ളത്. അവഗണന തുടർന്നാൽ കടുത്ത തീരുമാനം എടുക്കാൻ ലീഗ് മടിക്കരുതെന്ന് ചില നേതാക്കൾ നിർദേശിച്ചു. ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലങ്കില്‍ യുഡിഎഫിന് സുരക്ഷിതമായി മുന്നോട്ടുപോകാനാകില്ലെന്ന് യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. തൊടുപുഴ നഗരസഭയിലടക്കം ലീഗിന്റെ സ്വാധീനമേഖലകളില്‍ യുഡിഎഫ് പിന്നോട്ടുപോയില്ലെന്ന് ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. 

ലീഗ് കേന്ദ്രങ്ങളിൽ തിളക്കമാര്‍ന്ന വിജയം നേടാന്‍ മുസ്ലിംലീഗിന് കഴിഞ്ഞു. കോണ്‍ഗ്രസും ജോസഫ് വിഭാഗവും കാര്യമായ പിന്തുണ നല്‍കാത്തിടത്താണ് പാര്‍ടിക്ക് പരാജയമുണ്ടായതെന്ന് യോഗം വിലയിരുത്തി. ജില്ലാ ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി എം സലിം, ജില്ലാ ജനറൽ സെക്രട്ടറി പി എം അബ്ബാസ്, ട്രഷറര്‍ കെ എസ് സിയാദ് തുടങ്ങിയവർ പങ്കെടുത്തു.

കോൺഗ്രസ്‌, -ബിജെപി, വെൽഫെയർ ഭായി–-ഭായി

കണക്കുകൂട്ടിയപോലെ വിജയിച്ചില്ലെങ്കിലും എൽഡിഎഫ്‌ തോൽവി ലക്ഷ്യമിട്ട്‌ പരസ്‌പരസഹായ സംഘമായി ജില്ലയിൽ കോൺഗ്രസ്‌–-ബിജെപി –-വെൽഫെയർ വോട്ടുകച്ചവടം നടന്നതായി വോട്ട്‌ കണക്കുകൾ വ്യക്തമാക്കുന്നു.

പറവൂരിൽ എംഎൽഎ ടീം ലീഡർ‌

പറവൂർ നഗരസഭയിലെ ഏഴു വാർഡുകളിലാണ്‌ കോൺ-ഗ്രസ്‌–-ബിജെപി വോട്ടുകച്ചവടം പരസ്യമായി നടന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌‌ ലക്ഷ്യമിട്ട്‌ വി ഡി സതീശൻ എംഎൽഎയുടെ അറിവോടെയായിരുന്നു ഈ അവിശുദ്ധ കൂട്ടുകെട്ട്.

എൽഡിഎഫ് പരാജയം ഉറപ്പാക്കാൻ വെടിമറ വാർഡിൽ എസ്ഡിപിഐ വോട്ട് യുഡിഎഫിനു നൽകി. വെൽഫെയർ പാർടി നേതാക്കളുമായി എംഎൽഎ -ചർച്ച നടത്തിയതിനെ തുടർന്നായിരുന്നു വോട്ട് മറിക്കൽ.

ഫയർ സ്റ്റേഷൻ, കണ്ണൻചിറ, കെടാമംഗലം പപ്പുക്കുട്ടി വാർഡുകളിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ല. കണ്ണൻചിറയിൽ യുഡിഎഫിന് വോട്ട്‌ മറിച്ചുനൽകി വിജയം ഉറപ്പാക്കി. ഫയർ സ്റ്റേഷൻ, കെടാമംഗലം പപ്പുക്കുട്ടി വാർഡുകളിൽ കോൺഗ്രസിന് ബിജെപി വോട്ട് ചെയ്തെങ്കിലും കടുത്ത മത്സരത്തിലൂടെ എൽഡിഎഫ് വിജയിച്ചു. ബിജെപി, -വെൽഫെയർ പാർടി വോട്ടുകൾ നൽകി നന്തികുളങ്ങരയിൽ കോൺഗ്രസിനെ വിജയിപ്പിച്ചു. പ്രത്യുപകാരമായി വാണിയക്കാട്, കിഴക്കേപ്രം, കേസരി വാർഡുകളിൽ കോൺഗ്രസ്‌ വോട്ട് ബിജെപിക്കു നൽകി. മൂന്നിടത്തും ബിജെപി വിജയിച്ചു. 

വെൽഫെയർ പാർടി സ്ഥാനാർഥി കോൺഗ്രസ്‌ പാനലിൽ

കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കര വാർഡിൽ വെൽഫെയർ പാർടി സംസ്ഥാന നിർവാഹകസമിതി അംഗം പി ഐ സമദാണ് കോൺഗ്രസ്‌ പാനലിൽ മത്സരിച്ചത്. എന്നാൽ,  എൽഡിഎഫ് സ്ഥാനാർഥി വി എസ് വർഗീസിനായിരുന്നു‌ വിജയം‌. പി ഐ സമദ് 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമ്പാശേരിയിൽ വെൽഫെയർ പാർടി സ്ഥാനാർഥിയായിരുന്നു.

പെരുമ്പാവൂർ നഗരസഭ അഞ്ച്‌, ആറ്‌ വാർഡുകളിൽ കോൺഗ്രസ്‌ ബിജെപിക്ക്‌ വോട്ട്‌ മറിച്ചുകൊടുത്തു. രണ്ടിടത്തും ബിജെപി വിജയിച്ചു. കോൺഗ്രസ്‌ മൂന്നാം സ്ഥാനത്താണ്‌.

കീഴ്‌മാട്‌ പഞ്ചായത്തിൽ തോട്ടുമുഖം, കീരംകുന്ന്‌ വാർഡുകളിൽ വെൽഫെയർ പാർടി കോൺഗ്രസുമായി രഹസ്യധാരണയുണ്ടാക്കി. കോൺഗ്രസ്‌ ദുർബല സ്ഥാനാർഥികളെ നിർത്തി വെൽഫെയർ പാർടി സ്ഥാനാർഥികളുടെ വിജയം ഉറപ്പിച്ചു.

വെൽഫെയർ പാർടിക്ക്‌ കെപിസിസി പിന്തുണ

കളമശേരി നഗരസഭാ നോർത്ത്‌ കളമശേരി ഡിവിഷനിൽ വെൽഫെയർ പാർടി സ്ഥാനാർഥി ഷിറിൻ സിയാദിന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തത്‌ കെപിസിസി നിർവാഹകസമിതി അംഗം ജമാൽ മണക്കാടനായിരുന്നു‌. യുഡിഎഫ്‌ സ്വതന്ത്രയായി മത്സരിച്ച ഷിറിനെ പക്ഷേ, എൽഡിഎഫ്‌ സ്ഥാനാർഥി ഹാജറ ഉസ്‌മാൻ 210 വോട്ടിന്‌ തോൽപ്പിച്ചു.

സ്ഥാനാർഥിയില്ല കേട്ടോ, ജയിച്ചുവരൂ

ജില്ലാ പഞ്ചായത്ത്‌ ഉദയംപേരൂർ ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ല. 2015ൽ ബിജെപി ഇവിടെ 8000 വോട്ട്‌ നേടിയിരുന്നു. പക്ഷേ, എൽഡിഎഫിന്റെ അനിത ടീച്ചർ ഇവിടെ വിജയിച്ചു. സ്ഥാനാർഥിയെ നിർത്താത്തതിനെതിരെ ബിജെപി പിറവം നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്‌ പരാതി നൽകി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പത്രിക കൊടുത്തശേഷം പിന്‍വലിച്ചു. ഇവിടെ ലീഗ് 202 വോട്ടിന്‌ ജയിച്ചു.

കരുമാല്ലൂർ പഞ്ചായത്ത്‌ മാട്ടുപ്പുറം വാർഡിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എ എം അലി മത്സരിച്ചപ്പോൾ ബിജെപിയും വെൽഫെയർ പാർടിയും സ്ഥാനാർഥികളെ നിർത്തിയില്ല. 35 വോട്ടിനാണ്‌ അലി ജയിച്ചത്‌.

No comments:

Post a Comment