Saturday, December 19, 2020

ചരിത്രവിധിയുടെ മാനങ്ങൾ - പി രാജീവ്‌ എഴുതുന്നു

 തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ വിജയം പല തലങ്ങളിലും സവിശേഷതയാർന്നതാണ്. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിന്റെ അധികാരത്തുടർച്ചയ്‌ക്കായുള്ള രാഷ്ട്രീയപ്പോരാട്ടത്തിന്റെ നിർണായക ഘട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. ഭരണത്തിലിരിക്കുന്ന മുന്നണികൾക്ക് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടികളുണ്ടാകുന്നതാണ് സമകാലിക കേരള അനുഭവം. എന്നാൽ, അതിൽനിന്ന്‌ തീർത്തും വ്യത്യസ്തമായി, പ്രതിപക്ഷത്തുണ്ടായിരുന്ന സമയത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ മെച്ചപ്പെട്ട വിജയമാണ് ഇപ്പോഴുണ്ടായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം  വിലയിരുത്തിയ സന്ദർഭത്തിൽ പരാജയം താൽക്കാലികമാണെന്നും  ഭരണവിരുദ്ധ വികാരമില്ലെന്നും വ്യക്തമാക്കിയിരുന്നു. അതുശരിവയ്‌ക്കുന്നതായിരുന്നു പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം. അത് അടിവരയിട്ടുറപ്പിക്കുക മാത്രമല്ല, ഭരണാനുകൂല വികാരമാണ് നാട്ടിലുള്ളതെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി.  പല മാധ്യമങ്ങളും വിശേഷിപ്പിച്ചതുപോലെ വടക്കേയറ്റംമുതൽ തെക്കേയറ്റംവരെ കേരളം ഒരേപോലെ എൽഡിഎഫിനൊപ്പം നിന്നു. കേരള രാഷ്ട്രീയചരിത്രത്തിൽ അസാധാരണമായ അനുഭവമാണിത്. അതേപോലെ ഗ്രാമ നഗര വ്യത്യാസമില്ലാതെ ജനങ്ങൾ ഒരേ നിലപാട് സ്വീകരിച്ചു. ഇതിന്റെയെല്ലാം പ്രതിഫലനം യുഡിഎഫിന്റെ കോട്ടകളെന്നു വിശേഷിപ്പിക്കപ്പെട്ട പലയിടങ്ങളിലെയും ഇടതുപക്ഷ വിജയത്തിൽ തെളിഞ്ഞുകാണാം.

ഇടതുപക്ഷവിരുദ്ധ ശക്തികളാകെ ചേർന്ന അവിശുദ്ധ  മഴവിൽമുന്നണിയാണ് എൽഡിഎഫിനെ നേരിട്ടത്. നേരത്തേ വ്യക്തമാക്കിയതുപോലെ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയും വെൽഫെയർ പാർടിയുമായി പരസ്യ ധാരണയുണ്ടാക്കിയുമാണ് യുഡിഎഫ് മത്സരിച്ചത്. മത രാഷ്ട്രവാദക്കാരുമായി  ഉണ്ടാക്കിയ കൂട്ടുകെട്ട് കോൺഗ്രസിനെ ദുർബലപ്പെടുത്തുകയും മുസ്ലിംലീഗ് നയിക്കുന്ന മുന്നണിയായി യുഡിഎഫിനെ മാറ്റുകയും ചെയ്യുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് എഴുതിയ ലേഖനങ്ങളിൽ വ്യക്തമാക്കിയിരുന്നു. നിയമസഭയിൽ കോൺഗ്രസിനേക്കാൾ മൂന്ന്‌ സീറ്റിന്റെ കുറവു മാത്രമാണ് ഇപ്പോൾ മുസ്ലിംലീഗിനുള്ളത്. ഇരുകൂട്ടരും നേരിടുന്ന തകർച്ചയിൽ കോൺഗ്രസിന്റെ ആഴം വർധിപ്പിക്കാൻ തന്നെയാണ് വെൽഫെയർ ബന്ധം  സഹായിക്കുകയെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി. അത് മുസ്ലിംലീഗ് നേതൃത്വത്തിന്റെ പ്രതികരണത്തിലും പ്രതിഫലിച്ചു. ലീഗ് നയിക്കുന്ന മത തീവ്രവാദ മുന്നണിയായി യുഡിഎഫിനെ മാറ്റിത്തീർത്തതിന്റെ പ്രതിഷേധവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇത് കോൺഗ്രസിനെയും യുഡിഎഫിനെയും കൂടുതൽ തകർച്ചയിലേക്കാണ് നയിക്കാൻ പോകുന്നത്. മതനിരപേക്ഷ വാദികൾക്ക് തുടരാൻ പറ്റാത്ത മുന്നണിയായി യുഡിഎഫ് മാറി.

ഈ വികാരത്തെ ശക്തിപ്പെടുത്തുന്നതാണ് തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ ബിജെപിക്ക് വോട്ട് മറിച്ചുകൊടുത്ത കോൺഗ്രസ്‌ നടപടി. ദയനീയപരാജയം സ്വയം ഏറ്റുവാങ്ങി ബിജെപിയെ വിജയിപ്പിക്കുന്ന ഈ പ്രവണത മറ്റു സംസ്ഥാനങ്ങളിലെ തനിയാവർത്തനത്തിലേക്ക് ഇവിടെയും കോൺഗ്രസ് പോകുന്നുവെന്ന അപകടസൂചന നൽകുന്നു. തൃപ്പൂണിത്തുറ ഉൾപ്പെടെ പല നഗരസഭകളിലും ബിജെപിയെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി കോൺഗ്രസ് അപമാനകരമാകുംവിധം മൂന്നാം സ്ഥാനത്തേക്ക് വഴിമാറിയിരിക്കുന്നു. ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും തകർത്ത് ഏകാധിപത്യ മത രാഷ്ട്രത്തിലേക്ക് നയിക്കുന്ന ബിജെപിയുമായി ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉണ്ടാക്കിയ രഹസ്യധാരണ ജനങ്ങൾ തിരിച്ചറിഞ്ഞ് തക്കതായ ശിക്ഷ നൽകിയിരിക്കുന്നു.

അത് കോൺഗ്രസുമായി ചേർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തി ബിജെപി നടത്തിയ അട്ടിമറി നീക്കങ്ങൾക്കുള്ള തിരിച്ചടി കൂടിയാണ്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയുംവരെ തള്ളിപ്പറഞ്ഞാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയെ പുൽകി ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ വാഴ്‌ത്തിയത്. ഫലത്തിൽ കേരള സംസ്ഥാന കോൺഗ്രസ് എന്ന നിലയിലേക്ക് മുല്ലപ്പള്ളി നയിക്കുന്ന കോൺഗ്രസ് അധഃപതിച്ചു. ഇതിലെല്ലാം പ്രതിഷേധമുള്ള യുഡിഎഫ് അണികൾ ആവേശപൂർവം എൽഡിഎഫിന് വോട്ട്‌ ചെയ്തു. അനുയായികൾ വോട്ടിലൂടെ പ്രകടിപ്പിച്ച നിലപാടിനോട് യോജിപ്പുള്ള നേതാക്കൾ കോൺഗ്രസിനെ കൈയൊഴിഞ്ഞ് പുറത്തേക്ക് വരും. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെയൊപ്പം അടിയുറച്ച് നിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇടതുപക്ഷത്തിന്റെ ഭാഗമാകും. 

യുഡിഎഫ് നേതൃത്വത്തിന്റെ വഞ്ചനാപരമായ വർഗീയ ഐക്യപ്പെടൽ നേരത്തേ തിരിച്ചറിഞ്ഞ്  കേരള കോൺഗ്രസ് മാണി വിഭാഗം എടുത്ത തീരുമാനത്തെയും അത് ഉൾക്കൊണ്ട എൽഡിഎഫ് നിലപാടിനെയും ജനങ്ങൾ അകമഴിഞ്ഞ് സ്വീകരിച്ചുവെന്നത് പ്രത്യേകം കാണേണ്ടതുണ്ട്. ലോകത്ത് ശക്തിപ്പെടുന്ന ഇസ്ലാമിക ഭീകരവാദത്തിന് പായ വിരിച്ചുകൊടുക്കുകയും മറുവശത്ത് ഹിന്ദുത്വ ശക്തികളുമായി  ഐക്യപ്പെടുകയും ചെയ്യുന്ന യുഡിഎഫ്സമീപനം മതനിരപേക്ഷ വാദികളിലും ന്യൂനപക്ഷ ജനവിഭാഗങ്ങളിലും ആശങ്കയുളവാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് അനിവാര്യമായ കടമയെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിന്റെകൂടി പ്രതിഫലനമായ വിധിയെഴുത്ത് ഭാവിയിൽ കൂടുതൽ ശക്തിപ്പെടുന്ന മതനിരപേക്ഷ ഐക്യപ്പെടലിന്റെ വഴിതുറക്കൽ കൂടിയാണ്. മധ്യകേരളത്തിന്റെ വിധിയെഴുത്ത് അതിനെ കുറെക്കൂടി ശരിവയ്ക്കുന്നുണ്ട്.

എൽഡിഎഫിനെതിരായ അവിശുദ്ധ സഖ്യം എല്ലാ രാഷ്‌ട്രീയ ധാർമികതയെയും സാമാന്യ മര്യാദയെയും വെല്ലുവിളിക്കുന്ന തരത്തിൽ മാധ്യമസഹായത്തോടെ നടത്തിയ അപവാദ പ്രചാരവേലയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ആയുധം. പ്രതിപക്ഷനേതാവും ബിജെപി പ്രസിഡന്റും ഒരേ സ്വരത്തിൽ പറയുന്ന നുണകൾ അമിത പ്രാധാന്യത്തോടെ ഭൂരിപക്ഷം മാധ്യമങ്ങളും ആഘോഷിച്ചു. അവർ നുണ പറയാത്ത ദിവസങ്ങളിൽ മാധ്യമങ്ങൾതന്നെ നുണ ഫാക്ടറികളായി മാറി. മാധ്യമനുണകൾക്ക് ജനവിധിയെ സ്വാധീനിക്കാൻ കഴിയില്ലെന്ന പാഠവും ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. ദൃശ്യ മാധ്യമ ചർച്ചകൾ സീരിയലുകളെപ്പോലെ വിനോദോപാധിയായി കാണുന്ന രീതിയിലേക്ക് സ്വയം മാറി. മാധ്യമ വിശ്വാസ്യത തകരുന്നുവെന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. സ്വയം അപഹാസ്യമായ അനുഭവത്തെ ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്താൻ മാധ്യമങ്ങളും തയ്യാറാകേണ്ടതാണ്.

കേന്ദ്ര ഏജൻസികളും മാധ്യമങ്ങളും യുഡിഎഫ്–-ബിജെപി കൂട്ടുകെട്ടും വികസനപദ്ധതികൾക്ക് എതിരെ തിരിഞ്ഞത് ഫലത്തിൽ അവയെല്ലാം ചർച്ച ചെയ്യുന്നതിന് അവസരമൊരുക്കി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയും പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുപിടിച്ചും സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനം അംഗീകരിച്ചു. വികസനം തകർക്കാൻ ശ്രമിക്കുക വഴി കേരളവിരുദ്ധ മുന്നണിയായി മാറിയ മഴവിൽസഖ്യത്തെ ജനങ്ങൾ ബാലറ്റിലൂടെ പരാജയപ്പെടുത്തി.

യഥാർഥത്തിൽ ബദൽ നയങ്ങൾക്കും പ്രയോഗത്തിനുമുള്ള അംഗീകാരമാണ് ജനവിധി. രാജ്യത്ത് ആധിപത്യം നേടിയ ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ബദൽരാഷ്ട്രീയം തന്നെയാണ് കേരളത്തെ നയിക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിച്ചു. മത രാഷ്ട്രവാദികളുമായി കൈകോർക്കുന്ന യുഡിഎഫിന് മറുപടി നൽകാനും അവർ ഈ അവസരം ഉപയോഗിച്ചു, എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ബദൽ പ്രയോഗത്തിലൂടെ വികസനത്തെ അർഥവത്താക്കിയ എൽഡിഎഫ് സർക്കാരിന്റെ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നെന്നും വിധിയെഴുത്ത് വ്യക്തമാക്കി.

പ്രകൃതിക്ഷോഭങ്ങളിലും മഹാമാരിയിലും ആത്മവിശ്വാസം നൽകി ജനങ്ങളെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചവർക്ക് ജനം നൽകിയ തക്കതായ  മറുപടി കൂടിയാണ്‌ ഈ വിജയം. ഈ  ജനവിധി യുഡിഎഫിനെയും ബിജെപിയെയും കൂടുതൽ തകർച്ചയിലേക്ക് നയിക്കും. മറുവശത്ത് ജനം നൽകിയ അംഗീകാരം കൂടുതൽ വിനയാന്വിതരാക്കുന്ന ഇടതു മുന്നണിക്ക് ബദൽ രാഷ്ട്രീയവും വികസനവും ഉയർത്തിപ്പിടിച്ച് മുന്നേറാൻ അസാധാരണ ഊർജവും നൽകും. അതോടെ പല കാരണങ്ങളാൽ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ഭാഗമായി അവശേഷിക്കുന്നവരും ശരിയായ നിലപാടിലേക്ക് വരും. കേരള രാഷ്ട്രീയത്തിന്റെ ഗുണപരമായ മാറ്റത്തിന്റെ ഗതിവേഗം വർധിപ്പിക്കുന്ന വിധിയെഴുത്തായി ഈ ഫലത്തെ ചരിത്രം വിലയിരുത്തും.

പി രാജീവ് 

No comments:

Post a Comment