Monday, December 21, 2020

താമര കൈയിലല്ലോ വോട്ടെല്ലാം ; ബിജെപിക്ക്‌ കോൺഗ്രസിന്റെ കൈയയച്ച സഹായം‌

 വോട്ടുവിഹിതത്തിൽ കുറവ്‌ വന്നെങ്കിലും ബിജെപിക്കുണ്ടായ നാമമാത്രമായ സീറ്റ്‌ വർധനയിൽ തെളിയുന്നത്‌ കോൺഗ്രസിന്റെ കൈയയച്ച സഹായം‌. ബിജെപി ജയിച്ച വാർഡിലെല്ലാം, 2015ൽ കോൺഗ്രസിന്‌ ലഭിച്ച വോട്ടിന്റെ നാലിലൊന്ന്‌ പോലുമില്ല.

തിരുവനന്തപുരം

കോർപറേഷനിൽ 35 വാർഡാണ്‌ ബിജെപിക്ക്‌ ലഭിച്ചത്‌. ഇതിൽ 15 വാർഡിലും യുഡിഎഫ്‌ പരസ്യമായി ബിജെപിക്ക്‌ വോട്ടുമറിച്ചു. ഇവിടങ്ങളിൽ യുഡിഎഫിന്‌ ലഭിച്ചത്‌ ആയിരത്തിൽ താഴെമാത്രം വോട്ട്‌. നാലിടത്ത്‌ അഞ്ഞൂറിൽ താഴെയും.

നെടുങ്കാട്‌ വാർഡിൽ കഴിഞ്ഞ തവണ യുഡിഎഫ്‌ പിടിച്ചത്‌ 1169 വോട്ട്‌. ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ സിപിഐ എമ്മിനെ തോൽപിക്കാൻ യുഡിഎഫും ബിജെപിയും കൈകോർത്തു. ആയിരത്തിലധികം വോട്ടുണ്ടായിരുന്ന യുഡിഎഫിന്‌ കിട്ടിയത്‌ വെറും 74.

ചെല്ലമംഗലത്ത്‌ കഴിഞ്ഞതവണ 1341 വോട്ട്‌ പിടിച്ച യുഡിഎഫിന്‌ ഇക്കുറി 965 വോട്ടു‌മാത്രം. പുന്നക്കാമുഗൾ, ശാസ്‌തമംഗലം വാർഡുകളിൽ  സമാനമായ അവസ്ഥയായി.

തുരുത്തുംമൂല, നെട്ടയം, വലിയവിള, മേലാംകോട്‌, വെള്ളാർ, ജഗതി, പാപ്പനംകോട്, പാൽക്കുളങ്ങര, ശ്രീകണ്ഠേശ്വരം, പിടിപി നഗർ, തിരുമല, ചാല, കരിക്കകം വാർഡുകളിലെല്ലാം യുഡിഎഫ്‌ വോട്ട്‌ വളരെ കുറഞ്ഞു. ഇവിടെയെല്ലാം ബിജെപി ജയം യുഡിഎഫ്‌ വകയായിരുന്നു.

കണ്ണൂർ

തലശേരി നഗരസഭയിലെ 51 വാർഡിലെ യുഡിഎഫിന്റെ ആകെ വോട്ട്‌ 13696. ബിജെപിക്ക്‌ 12,650. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ 15,331 ഉം ബിജെപിക്ക്‌ 10,392 ഉം ആയിരുന്നു. യുഡിഎഫിന് 1635 വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് 1718 വോട്ട് വർധിച്ചു. 2015ൽ യുഡിഎഫിന് ഒമ്പത്‌ കൗൺസിലർമാർ ഉണ്ടായത്‌ ഇക്കുറി ഏഴായി ചുരുങ്ങി. ബിജെപിക്ക്‌ അഞ്ചിൽനിന്ന് എട്ടായി.

ഗോപാലപ്പേട്ട വാർഡിൽ 2015ൽ 190 വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ കേവലം ഒമ്പത്‌ വോട്ടാണ് കിട്ടിയത്. കൊമ്മൽ വാർഡിൽ ബിജെപി 35 വോട്ടിന് ജയിച്ചപ്പോൾ കോൺഗ്രസിന് 44 വോട്ടുമാത്രം. 2015ൽ ഇവിടെ കോൺഗ്രസിന് 115 വോട്ട് ഉണ്ടായിരുന്നു. ചേറ്റംകുന്ന് വാർഡിൽ 2015ൽ യുഡിഎഫിന് 363 വോട്ട് കിട്ടി. ഇത്തവണ 286 മാത്രം. ബിജെപിക്ക്‌ 340ൽനിന്ന് 392 ആയി. ബാലത്തിൽ വാർഡിൽ 184 വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 86 മാത്രമായി. യുഡിഎഫിന് 366ൽനിന്ന്‌ 467 ആയി.

അഞ്ചരക്കണ്ടി പഞ്ചായത്തിലെ ഏഴാം വാർഡായ എക്കാലിൽ 306 വോട്ടുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ ലഭിച്ചത് 170 വോട്ടുമാത്രം. ബിജെപിക്ക് ഇക്കുറി 247 വോട്ട്‌ ലഭിച്ചു.

തൃശൂർ

കൊടുങ്ങല്ലൂർ നഗരസഭയിൽ കോൺഗ്രസിന്‌ ലഭിച്ചത്‌ ഒരു സീറ്റ്‌. കോൺഗ്രസ്‌ വോട്ടുമറിച്ചതോടെ ബിജെപിക്ക്‌ നേടാനായത്‌‌ 21 സീറ്റ്‌.44 വാർഡിൽ 15 എണ്ണത്തിൽ യുഡിഎഫിന്‌ ലഭിച്ചത്‌‌ നൂറിൽ താഴെ വോട്ടുമാത്രം. ഇതിൽ 13 വാർഡിലും കോൺഗ്രസാണ്‌ മത്സരിച്ചത്‌. കോൺഗ്രസിന്‌ നൂറിൽ താഴെ വോട്ട്‌ ലഭിച്ച്‌ പത്തു വാർഡിൽ ബിജെപി  ജയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസിന്‌ നാലുസീറ്റും ബിജെപിക്ക്‌ 16 സീറ്റും എൽഡിഎഫിന്‌ 24 സീറ്റുമായിരുന്നു‌. എൽഡിഎഫ്‌ 22, ബിജെപി 21, കോൺഗ്രസ്‌ 1 എന്നിങ്ങനെയാണ്‌ നിലവിലെ കക്ഷിനില.  2015നെ അപേക്ഷിച്ച്‌ കോൺഗ്രസിന്‌ 1708 വോട്ട്‌ കുറഞ്ഞു.വിവിധ വാർഡുകളിൽ കോൺഗ്രസിന്‌ ലഭിച്ച വോട്ട്‌: കണിയത്ത്‌:‌ 90, പവർ ഹൗസ്: 56, നാലുകണ്ടം: 89, എൽത്തുരുത്ത്‌: 70, ചാലക്കുളം: 35, കണ്ടംകുളം: 60, പടന്ന: 98, പെരുന്തോട്: 89, പറമ്പിക്കുളങ്ങര:‌ 99, കേരളേശ്വരപുരം: 91, കാത്തോളിപ്പറമ്പ്:‌ 54, കാരൂർ: 85, ഒ കെ വാർഡ്‌: 48, പാലിയുതുരുത്ത്‌: 43, ജെടിഎസ്‌: 50 വോട്ടുമാണ്‌‌ ലഭിച്ചത്‌. മുൻകാലങ്ങളിൽ കോൺഗ്രസ്‌ ജയിച്ച വാർഡുകളും ഇതിലുണ്ട്‌.

തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറയിൽ  കഴിഞ്ഞ കൗൺസിലിൽ പ്രതിപക്ഷനേതാവായിരുന്ന ബിജെപി നേതാവ്‌ വി ആർ വിജയകുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ‘വി ഫോർ’ എന്ന ഗ്രൂപ്പുണ്ടാക്കിയായിരുന്നു മത്സരിച്ചത്‌. എന്നിട്ടും   ബിജെപി നേട്ടമുണ്ടാക്കി.

കോൺഗ്രസാകട്ടെ 12ൽനിന്ന് ‌എട്ട്‌ വാർഡിലേക്ക്‌ ഒതുങ്ങി. ബിജെപിയുടെ സീറ്റ്‌ 13ൽനിന്ന്‌ 15 ആക്കി. 36 --ാംവാർഡിൽ 45 വോട്ടുമാത്രമാണ് യുഡിഎഫ്  സ്ഥാനാർഥിക്ക് ലഭിച്ചത്. 47, 33, 34, 31, 30, 35 വാർഡുകളിലും യുഡിഎഫ് വോട്ട്‌ ചോർന്നു.  

ഇവിടെയെല്ലാം യുഡിഎഫ്‌ മൂന്നാംസ്ഥാനത്തുമാണ്‌.  കോൺഗ്രസ്‌–-ബിജെപി സഖ്യത്തെ തോൽപ്പിച്ച്‌ 25 വാർഡുകളിലെ വിജയവുമായി എൽഡിഎഫ്‌ വീണ്ടും ഭരണമേൽക്കുകയാണ്‌.

താമരയ്‌ക്ക്‌ കുത്തിയത്‌ 9 വോട്ട്; ബാക്കിയെല്ലാം നിങ്ങൾക്ക്‌...

തദ്ദേശതെരഞ്ഞെടുപ്പിൽ തലശേരി നഗരസഭയിലെ യുഡിഎഫ്‌–-ബിജെപി ധാരണ സ്ഥിരീകരിച്ച്‌ മുസ്ലിംലീഗ്‌–- -ബിജെപി പ്രവർത്തകരുടെ മൊബൈൽഫോൺ സംഭാഷണം‌. ഗോപാലപ്പേട്ട വാർഡിലെ മുസ്ലിംലീഗ്‌ പ്രവർത്തകൻ തെസ്‌നീറും ബിജെപി പ്രവർത്തകൻ സി പി സന്ദീപും തമ്മിലുള്ള 17 മിനിറ്റ്‌ സംഭാഷണമാണ്‌ പുറത്ത്‌വന്നത്‌‌.

‘‘ഇങ്ങനെ തോൽക്കുമെന്ന്‌ സ്വപ്‌നത്തിൽ കരുതിയതല്ല. ക്രിസ്‌ത്യാനികളും മുസ്ലിങ്ങളുമാണ്‌ പറ്റിച്ചത്‌. ജയിച്ചെന്ന്‌ ഉറപ്പിച്ചതാണ്‌. മുഖത്ത്‌ അടിയേറ്റതുപോലെയായി. വോട്ടു‌ചെയ്‌തവർക്കേ ഇനി കിറ്റും സഹായങ്ങളും നൽകൂ. പറഞ്ഞുപറ്റിക്കുകയാണ്‌ ചെയ്‌തത്‌. ബിജെപി പിന്തുണയോടെയാണ്‌ മത്സരമെന്ന്‌ അവസാനനിമിഷം സഖാക്കൾ മനസിലാക്കിക്കളഞ്ഞു. ക്രിസ്‌ത്യൻ, -മുസ്ലിം വീടുകളിൽ ഇക്കാര്യം പ്രചരിപ്പിച്ചാണ്‌‌ വോട്ട്‌ പിടിച്ചത്‌’–- തെസ്‌നീർ പറയുന്നു.

‘‘ഒമ്പത്‌ വോട്ടാണ്‌ താമര ചിഹ്നത്തിൽ ലഭിച്ചത്‌. ബാക്കിയെല്ലാം നിങ്ങൾക്കാണ്‌ തന്നത്‌. രണ്ട്‌ വോട്ടും ചേർത്താൽ ജയിക്കേണ്ടതാണ്‌. തോറ്റാലും അമ്പത്‌ വോട്ടിനാവുമെന്ന്‌‌ കരുതി‌. ഇതിപ്പോൾ 260 വോട്ടിന്റെ ഭൂരിപക്ഷമായി. രണ്ട്‌ ദിവസമായി റെയിൽവേ സ്‌റ്റേഷനിലാണ്‌ താമസം’’–- റെയിൽവേയിൽ ജോലിചെയ്യുന്ന സന്ദീപിന്റെ മറുപടി.ഗോപാലപ്പേട്ടയിൽ സിപിഐ എമ്മിനെ തോൽപ്പിക്കാൻ ബിജെപിയും -യുഡിഎഫും വോട്ടുകച്ചവടം നടത്തിയിരുന്നു. പേരിന്‌ നിർത്തിയ ബിജെപി സ്ഥാനാർഥിക്ക്‌ ഒമ്പത്‌ വോട്ടു‌മാത്രം ചെയ്‌ത്‌ ബാക്കിയെല്ലാം യുഡിഎഫിന്‌ വിറ്റു. ഫലംവന്നപ്പോൾ -യുഡിഎഫിന്‌ 497 വോട്ട്‌. സിപിഐ എമ്മിലെ ജിഷ ജയചന്ദ്രൻ 757 വോട്ടുനേടി ജയിച്ചു.

കോണ്‍ഗ്രസ്-ബിജെപി സംയുക്തസ്ഥാനാര്‍ഥികള്‍ക്കും തോല്‍വി; പൂക്കോട്ടുകാവിലെ അവിശുദ്ധ കൂട്ടുകെട്ട് ജനംതള്ളി

ശ്രീകൃഷ്ണപുരം > തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ജനങ്ങള്‍ തള്ളിക്കളഞ്ഞു. എല്‍ഡിഎഫ് 13ല്‍ 8 വാര്‍ഡുകളും നേടി. കോണ്‍ഗ്രസിന് 4 വാര്‍ഡും ഒരു വാര്‍ഡില്‍  സ്വതന്ത്രയും ജയിച്ചു.

പഞ്ചായത്തിലെ 1, 2, 6, 13 വാര്‍ഡുകളിലാണ് ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി സ്വതന്ത്രരെയാണ് മത്സരിപ്പിച്ചത്. ഒന്നാം വാര്‍ഡ് പകരാവൂരില്‍ 128 വോട്ടും, ആറാം വാര്‍ഡ് കാട്ടുകുളത്ത് 149 വോട്ടും, 13 ആം വാര്‍ഡ് കല്ലുവഴി സൗത്തില്‍ 223 വോട്ടുകളുടെയും ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ബിജെപി കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയത്. ബിജെപി കോണ്‍ഗ്രസ് പിന്തുണയോടെ രണ്ടാം വാര്‍ഡ് കിണാശേരിയില്‍ സ്വതന്ത്രയായി വിജയിച്ച സതീദേവിക്ക് 6 വോട്ടാണ് ഭൂരിപക്ഷം കിട്ടിയത്.

ആകെയുള്ള 13 വാര്‍ഡുകളില്‍ 9 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്വന്തം ചിഹ്നത്തില്‍ മത്സരിച്ചത്. 4 വാര്‍ഡുകളില്‍ യുഡിഎഫിനും ബിജെപിക്കും ഒരേ സ്ഥാനാര്‍ഥികളില്‍ മൂന്ന് പേരും പരാജയപ്പെട്ടു.

No comments:

Post a Comment