Monday, December 28, 2020

തദ്ദേശ തെരഞ്ഞെടുപ്പു വിചാരങ്ങള്‍ - സി എസ്‌ ചന്ദ്രിക എഴുതുന്നു

കേരളത്തിന്റെ തദ്ദേശഭരണ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതനിരപേക്ഷ, ഇടതുപക്ഷ വിശ്വാസികളും പ്രവർത്തകരുമായ ജനങ്ങൾ ദീർഘമായി ശ്വാസമെടുത്ത് ശാന്തമാകുന്ന സമയമാണിത്. എന്നാൽ, ഈ ശാന്തതയും സമാധാനവും നീണ്ടുനിൽക്കേണ്ടതുണ്ട്. എത്രയധികം അപായകരമാണ് ബിജെപി മുന്നണിക്ക് കേരളത്തിൽനിന്ന് കിട്ടുന്ന ഓരോ വോട്ടും എന്ന ഓർമ ഇടതുപക്ഷക്കാർക്ക് മാത്രമല്ല, മതനിരപേക്ഷ ജനാധിപത്യസമൂഹത്തിനായി ആഗ്രഹിക്കുന്ന എല്ലാവർക്കുമുണ്ടാകണം.

പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിനു മുകളിൽ  ബിജെപി പ്രവർത്തകർ സംഘപരിവാർ നിർമിത ശ്രീരാമനെയും കൂടെ ശിവജിയെയും സ്ഥാപിക്കാൻ ശ്രമിച്ചത് കേരളത്തിലെ മുഴുവൻ ജനങ്ങളും അത്യന്തം അപകടകരമായ മുന്നറിയിപ്പായി മനസ്സിലാക്കണം. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് വോട്ടു ചെയ്തവർ മാത്രമല്ല, കഥയറിയാതെ ബിജെപിയുടെ ആട്ടം കാണുന്ന കേരളത്തിലെ എല്ലായിടത്തുമുള്ള വോട്ടർമാരും ബിജെപിയുടെ ദുഷ്ടലാക്കുകളെ അടുത്തുനിന്ന് മനസ്സിലാക്കാനുള്ള അവസരമായി ഇതിനെ കാണുന്നുണ്ടായിരിക്കും.

അതെ. ഇപ്പോഴുള്ളതുപോലെ ഉണ്ണാൻ ഭക്ഷണവും കിടക്കാൻ കിടപ്പാടവും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും രോഗം വരുമ്പോൾ സൗജന്യ ചികിത്സയുമൊക്കെയാണോ വേണ്ടത് അതോ മതസ്പർധയ്ക്കുള്ള ആയുധമായി ബിജെപി നിർമിത രാമനെയും അയ്യപ്പനെയുമൊക്കെയാണോ വേണ്ടത് എന്ന ആലോചന ഈ സന്ദർഭത്തിൽ അത്യാവശ്യമാണ്. പൂർവികർ കഥകളായി പറഞ്ഞു പറഞ്ഞു കൈമാറിത്തന്നും നമ്മൾ തന്നെയും വായിച്ചും നമുക്ക് ചിരപരിചയമുള്ള  ഇതിഹാസ കഥാപാത്രങ്ങളായ രാമനും കൃഷ്ണനും അയ്യപ്പനുമൊന്നുമല്ല ബിജെപി പൊക്കിപ്പിടിച്ചുകൊണ്ടു നടക്കുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി ഏവർക്കും ഉണ്ടാകട്ടെ.

ക്ഷേത്രങ്ങൾ വിശ്വാസികൾക്കുള്ളതാണ്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, വർഗ ജാതി ഭേദമില്ലാതെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങൾക്കും അവകാശപ്പെട്ട പൊതുസ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ. അവിടെ ബിജെപി എന്ന  രാഷ്ട്രീയ പാർടിക്ക് എന്താണ് പ്രത്യേക അവകാശമെന്ന് ഓരോ വിശ്വാസിയും തുറന്നുചോദിക്കാൻ തുടങ്ങണം. വിശ്വാസിയുടെ ഭക്തിയെ ഹിന്ദുത്വരാഷ്ട്രീയ വർഗീയ കച്ചവടത്തിനുള്ള വിഭവമായി ദുരുപയോഗം ചെയ്യുന്ന ബിജെപി സംഘപരിവാറിനെ കേരളത്തിലെ ക്ഷേത്രങ്ങളിൽനിന്നും  ക്ഷേത്രപരിസരങ്ങളിൽനിന്നുപോലും നിർമാർജനം ചെയ്യുന്നതു കൂടിയാകണം കേരളത്തിൽ ഉണർന്നുവരുന്ന പുതിയ നവോത്ഥാന മുന്നേറ്റം. പുരാണങ്ങളിൽനിന്നും ഇതിഹാസങ്ങളിൽനിന്നും  ഭാവനകൾകൊണ്ട് നാമോരോരുത്തരും  സ്വന്തമാക്കിയ ഇഷ്ടദൈവങ്ങളെ സ്നേഹിക്കാനും ആരാധിക്കാനും പ്രാർഥിക്കാനുമുണ്ടായിരുന്ന ശാന്തമായ ഇടങ്ങൾ അക്രമത്തിനും സ്വാർഥ രാഷ്ട്രീയത്തിനുംവേണ്ടി  ഇനി വിട്ടുകൊടുക്കുകയില്ല എന്ന് ബിജെപിയെ കേരളത്തിലെ ജനങ്ങൾക്ക്  പഠിപ്പിക്കാനാകുക ഇനി വരാൻപോകുന്ന തെരഞ്ഞെടുപ്പുകളിലൂടെ തന്നെയാണ്. അതുകൊണ്ട്, ഏതാനും മാസങ്ങൾ കഴിഞ്ഞ് വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ്  ജനങ്ങളുടെ ഇനിയും കൂടുതൽ ഉയർന്ന വിവേകത്തിന്റെ പ്രതിഫലനമായി മാറട്ടെ.

ഇന്ത്യയിലെ ബിജെപി ഭരണകേന്ദ്ര ഭീകരത, ഭരണഘടനാ ഭേദഗതിയിലൂടെ കശ്മീരിനെയും പൗരത്വ നിയമത്തിലൂടെ മുസ്ലിം ജനതയെയും കാർഷികനിയമത്തിലൂടെ കർഷകരെയും കൃഷിഭൂമിയെയും പ്രകൃതിവിഭവങ്ങളെയും മാത്രമല്ല, എൻഐഎ, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തെയും മുഴുവനായി വിഴുങ്ങാൻ  ആഗ്രഹിച്ചുകൊണ്ട് വാ പിളർന്ന് നിൽക്കുന്ന കാഴ്ച അത്രയധികം ഭയാനകമാണ്.

കേരളത്തിലെ കോൺഗ്രസ് പാർടി ഈ വിപത്തുകൾ കാണാൻ കണ്ണില്ലാത്തവരായിപ്പോയി. അതിന്റെ തിരിച്ചടിയാണ് ഇപ്പോൾ കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിലും അവർ നേരിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ കോൺഗ്രസ് മുന്നണിക്ക് കൊടുത്ത വലിയ വിജയം അവസാനത്തെ അവസരമായിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ.  ബിജെപിക്കെതിരായി കോൺഗ്രസിന്റെ  മതനിരപേക്ഷ മുന്നണി ഇന്ത്യയിൽ  ഭരണത്തിൽ വരണമെന്ന കേരളത്തിന്റെ ആപേക്ഷിക വിവേചനബോധംകൊണ്ടു സംഭവിച്ച വിജയമാണത്.

ഇന്നത്തെ ഇന്ത്യയിൽ  കോൺഗ്രസിന്റെ ശത്രു ഇടതുപക്ഷമല്ല, ബിജെപിയാണ് എന്ന് കേരളത്തിലെ കോൺഗ്രസിന്‌  തിരിച്ചറിവുണ്ടാകാത്തിടത്തോളം കേരളത്തിൽ ബിജെപിയെ വളർത്തുന്നതിലുള്ള മുഖ്യ പങ്ക്  ഇന്ത്യൻ നാഷണൽ കോൺഗ്രസിനും നിർഭാഗ്യവശാൽ  ആ മുന്നണിയിലുള്ള മുസ്ലിം ലീഗിനുമാണ് വന്നുചേരുന്നത്. അതുകൊണ്ട്, കേരളത്തിലെ കോൺഗ്രസും ഘടകകക്ഷികളും ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും കാക്കാൻ നിർണായകമായ ഈ അഞ്ചു വർഷം എന്തു ചെയ്തു എന്നതായിരിക്കും വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ ഉന്നയിക്കാൻ പോകുന്ന  പ്രധാന ചോദ്യം. ഒപ്പം, സർവവിധത്തിലും പ്രളയമായും കോവിഡായും ദുരിതക്കയത്തിലകപ്പെട്ടുപോയ കേരളത്തെ, അതിന്റെ ജനങ്ങളെ സേവിക്കുന്നതിൽ കോൺഗ്രസ് മുന്നണി എന്തു ചെയ്തു എന്ന അതിനിശിതമായ ചോദ്യവും.

ഈ തദ്ദേശഭരണ തെരഞ്ഞെടുപ്പു ഫലത്തിൽ ഇടതുപക്ഷത്തിനും കേരളത്തിനാകെയും പൊതുവേ ഉണ്ടായിട്ടുള്ള ആശ്വാസത്തിന് വലിയ മൂല്യവും മാനങ്ങളുമുണ്ട്. ഒന്നാമതായി, പ്രകൃതിദുരന്തങ്ങളും മഹാവ്യാധികളുംപോലുള്ള ആപത്തുകളുടെ ആക്രമണം ഉണ്ടാകുമ്പോൾ കേരളത്തെ, അതിന്റെ ജനങ്ങളെ സമാനതകളില്ലാത്ത വിധം രക്ഷിക്കാൻ  സർക്കാരിന് കഴിയുന്നു. ഓഖി ചുഴലിക്കാറ്റ്, 2018ലെ പ്രളയം, 2019ലെ അതിവർഷം, ഉരുൾപൊട്ടൽ, നിപാ, കോവിഡ് എന്നീ അനുഭവങ്ങൾ ജനങ്ങൾ എളുപ്പം മറക്കില്ല. നിരന്തരമായ വികസന, ക്ഷേമപ്രവർത്തനങ്ങളിലൂടെ,  കേരളത്തിലെ ജനങ്ങളെ സാമൂഹ്യ മറവി എന്ന ആപൽക്കരമായ രോഗം ബാധിക്കാതിരിക്കാൻ  സർക്കാർ  സജീവമായി ശ്രദ്ധിക്കുകയും വിജയിക്കുകയും ചെയ്യുന്നു.

രണ്ടാമതായി, തുടക്കത്തിൽ അന്താരാഷ്ട്രതലത്തിൽത്തന്നെ പ്രശംസിക്കപ്പെട്ട കോവിഡ് പ്രതിരോധത്തിലും തുടർന്ന്  ഫലപ്രദമായ കോവിഡ് ചികിത്സാ സംവിധാനങ്ങളിലും ഭക്ഷ്യസുരക്ഷാ ക്രമീകരണങ്ങളിലും കേരള സംസ്ഥാനം സ്വീകരിച്ച് നടപ്പാക്കുന്ന  പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരും സമാധാനമുള്ളവരുമാണ്. കോവിഡ് കാലത്ത് കേരളത്തിൽ ജീവിക്കാനാകുന്നത് ഭാഗ്യമാണെന്ന സുരക്ഷിതത്വബോധം പൊതുവേ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

മൂന്നാമതായി, ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂൻ കരഞ്ഞുകണ്ടാൽ മതി  എന്ന ഒരു ഉപമയ്‌ക്ക് സമാനമായി  (ഉപമയിലെ സ്ത്രീവിരുദ്ധതലം മാറ്റിവച്ച് വായിക്കണമെന്നപേക്ഷ) കോവിഡിൽ കേരളം മുഴുവനായും ചത്താലും വേണ്ടില്ല, സ്വർണക്കടത്തു കേസിലോ ലൈഫ് മിഷൻ  പ്രശ്നത്തിലോ കുരുങ്ങി ഇടതുസർക്കാർ ഒന്നു വീണുകിട്ടിയാൽ മതി എന്ന വാശിയോടെ സർക്കാരിനെതിരെ  നടന്ന പ്രതിപക്ഷസമരങ്ങൾ  ജനങ്ങളെ തീർത്തും ആശങ്കയിലാക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. ആപൽഘട്ടത്തിൽ സവിശേഷമായി പ്രകടിപ്പിക്കേണ്ടതായ രാഷ്ട്രീയപക്വതയോ തന്ത്രങ്ങളോ ഒന്നുംതന്നെ പ്രതിപക്ഷത്തിന്റെ കൈയിലുണ്ടായില്ല.

നാലാമതായി,  മുഖ്യമായും ബിജെപിക്ക് വളക്കൂറുള്ള അന്തരീക്ഷമുണ്ടാക്കാൻ ആഞ്ഞു ശ്രമിച്ച ചില മുഖ്യധാരാ മാധ്യമങ്ങളിൽ വിശേഷിച്ച് ടെലിവിഷൻ ചാനലുകളിൽ നടന്ന ചർച്ചയെന്നപേരിലുള്ള അട്ടഹാസങ്ങൾ ജനങ്ങൾ അപ്പാടെ ബഹിഷ്കരിച്ചു. സത്യസന്ധവും നീതിപൂർവകവുമല്ലാത്ത, നിക്ഷിപ്തതാൽപ്പര്യംമാത്രം തീർത്തും പ്രകടമാകുന്ന മാധ്യമപ്രവർത്തനത്തിന്റെ ദുർഗന്ധം സ്വന്തം സ്വീകരണമുറികളിൽ നിറയാൻ സമ്മതിക്കാത്ത വലിയൊരു ജനവിഭാഗം കേരളത്തിലുണ്ടായി. എങ്ങനെയായിരിക്കരുത് മാധ്യമപ്രവർത്തനം എന്ന ബോധം മുമ്പെന്നത്തേക്കാളും കൂടുതൽ ജനങ്ങൾക്ക് ഉണ്ടായിരിക്കുന്നു.

ഇനി ഞാൻ പങ്കുവയ്‌ക്കാൻ ശ്രമിക്കുന്നത് മറ്റൊരു ആശങ്കയാണ്. അത് ഈ തെരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ വളർച്ചയാണ്. കേരളംപോലൊരു സംസ്ഥാനത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരണം എങ്ങനെ ട്വന്റി 20 പോലുള്ള കച്ചവടക്കാരുടെ നിയന്ത്രണാധികാരത്തിൽ വന്നു എന്നത് ഇടതുപക്ഷവും കോൺഗ്രസ് പക്ഷവും സ്വയം വിമർശനാത്മകമായി ചിന്തിക്കേണ്ടതായ കാര്യമാണ്. ട്വന്റി 20യ്ക്ക് മൂന്നു പഞ്ചായത്തിൽ ഭരണാധികാരം ലഭിക്കുമ്പോൾ ആ പഞ്ചായത്തുകളിലെ ജനങ്ങൾക്ക്  കൂടുതലായി എന്താണ് നേട്ടമുണ്ടാകുന്നത്, അല്ലെങ്കിൽ കൂടുതലായി എന്താണ് നഷ്ടപ്പെടുന്നത്, അപകടത്തിലാകുന്നത് എന്നത് കേരളത്തിൽ നിശിതമായി ചർച്ച ചെയ്യപ്പെടണം. ആ പഞ്ചായത്തിലെ ജനങ്ങൾക്കിടയിൽ തുല്യമായ ജനാധിപത്യപരമായ അവകാശങ്ങളും രാഷ്ട്രീയ ചർച്ചകളും പ്രവർത്തനങ്ങളും സംഭവിക്കുന്നതിൽ വിലക്കുകൾ സംഭവിക്കുന്നുണ്ട് എന്ന് പുറത്തുവരുന്ന വാർത്തകൾ  അസ്വസ്ഥജനകമാണ്.  കിറ്റെക്സ് കമ്പനി മുതലാളിയുടെ സിഎസ്ആർ ഫണ്ടിന്റെ തിളക്കമാണ് അവിടത്തെ  വികസനമെങ്കിൽ  നാളെ അദാനിയുടെ സിഎസ്ആർ ഫണ്ടിന്റെ പ്രച്ഛന്നവേഷങ്ങൾക്ക്  ജനങ്ങളുടെ വോട്ട് നേടിയെടുക്കാൻ സാധിക്കുകയില്ല എന്ന് കരുതാനാകുമോ? ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്ത്  സർക്കാർ തനത്ഫണ്ട് വിനിയോഗത്തിൽ വരുത്തുന്ന വീഴ്ചകൾക്ക് എന്ത് ന്യായീകരണമാണ് നൽകുന്നത്?  ട്വന്റി 20 പഞ്ചായത്തുകളിലെ ജനങ്ങളെ ജനാധിപത്യരാഷ്ട്രീയത്തിന്റെ വികസന പ്രക്രിയകളിലേക്ക്  സജീവമായി കൊണ്ടുവരികയും പങ്കെടുപ്പിക്കുകയും ചെയ്യാനുള്ള സാധ്യതകൾ ഇപ്പോൾ എന്തുകൊണ്ട് തടയപ്പെടുന്നു?  അക്കാദമിക്, സാമൂഹ്യ പ്രവർത്തന, വികസന രംഗത്തുള്ളവരുടെ നേതൃത്വത്തിൽ  ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടുകൂടി വിശദമായ സോഷ്യൽ ഓഡിറ്റിങ്‌ നടക്കേണ്ടതുണ്ട്.  ആ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാകുകയും വേണ്ടതുണ്ട്.

സി എസ്‌ ചന്ദ്രിക

No comments:

Post a Comment