Wednesday, May 9, 2012

നബാര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസ് അടച്ചുപൂട്ടാന്‍ നീക്കം


ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ജില്ലാ ഓഫീസ് അടച്ചുപൂട്ടാന്‍ നീക്കം. ഇത് ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ജില്ലയിലെ കര്‍ഷകര്‍ക്ക് താങ്ങുംതണലുമായി നില്‍ക്കുന്നത് നബാര്‍ഡാണ്. 143 ഫാര്‍മേഴ്സ് ക്ലബുകളാണ് നബാര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജില്ലയിലുള്ളത്. ജില്ലാ ഓഫീസ് അടച്ചുപൂട്ടുന്നതോടെ ഇവയുടെ പ്രവര്‍ത്തനവും അവതാളത്തിലാകും.

നൂതന കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതും നബാര്‍ഡാണ്. ഗ്രാമീണ പശ്ചാത്തല മേഖലയുടെ വികസനത്തിനായി റോഡുകളും പാലങ്ങളും ജലസേചന പദ്ധതികളും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും നബാര്‍ഡ് നടപ്പിലാക്കിവരുന്നുണ്ട്. നബാര്‍ഡിന്റെ ഗ്രാമീണ പശ്ചാത്തലവികസന ഫണ്ടില്‍നിന്നുള്ള ധനസഹായത്തോടെ 27 പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ ഇനത്തില്‍ 62 കോടി 34 ലക്ഷം രൂപ അനുവദിച്ചതില്‍ സംസ്ഥാന വായ്പ 49 കോടി 84 ലക്ഷം രൂപയാണ്. ജില്ലയില്‍ പണി പൂര്‍ത്തിയാക്കിയ വള്ളംകുളം പാലത്തിന് മൂന്ന് കോടി 45 ലക്ഷം രൂപ അനുവദിച്ചതില്‍ രണ്ട് കോടി 76 ലക്ഷം രൂപയും മുറിഞ്ഞകല്‍-അതിരുങ്കല്‍-കല്ലേലി-എലിക്കുളം ഗ്രാമീണ റോഡിന് 10 കോടി 93 ലക്ഷം രൂപ അനുവദിച്ചതില്‍ എട്ട് കോടി 74 ലക്ഷം രൂപയും നബാര്‍ഡ് സംസ്ഥാനത്തിന് ലോണ്‍ നല്‍കിയതാണ്.  പന്തളം വില്ലേജ് ഗ്രാമീണ ശുദ്ധജല പദ്ധതിക്ക് 13 കോടി 72 ലക്ഷം രൂപ അനുവദിച്ചതില്‍ 10 കോടി 17 ലക്ഷം രൂപയും കോന്നി-താഴം ഗ്രാമീണ ശുദ്ധജല പദ്ധതിക്ക് 11 കോടി 23 ലക്ഷം രൂപ അനുവദിച്ചതില്‍ എട്ട് കോടി 49 ലക്ഷം രൂപയും പനച്ചിമൂട്ടില്‍ പാലത്തിന് നാല് കോടി 89 ലക്ഷം രൂപ അനുവദിച്ചതില്‍ മൂന്ന് കോടി 99 ലക്ഷം രൂപയും സംസ്ഥാനത്തിന് ലോണ്‍ നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നബാര്‍ഡ് ജില്ലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

ജില്ലയുടെ കാര്‍ഷിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന നബാര്‍ഡിന്റെ ജില്ലാ ഓഫീസ് അടച്ചുപൂട്ടുന്നത് മൂലം കര്‍ഷകര്‍ക്ക് സബ്സിഡികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തിരുവനന്തപുരത്തുള്ള നബാര്‍ഡ് റീജണല്‍ ഓഫീസിനെ ആശ്രയിക്കേണ്ടിവരും. റിസര്‍വ് ബാങ്കും സര്‍ക്കാരും കാര്‍ഷികരംഗത്തെ വികസനത്തിനായി പ്രഖ്യാപിക്കുന്ന നയപരിപാടികള്‍ നടപ്പിലാക്കി കിട്ടുന്നതിന് ജില്ലയിലെ സാധാരണക്കാരായ കര്‍ഷകര്‍ നബാര്‍ഡിന്റെ തിരുവനന്തപുരം റീജണല്‍ ഓഫീസിനെ ആശ്രയിക്കേണ്ടി വരുന്നത് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും സമയനഷ്ടവും ധനഷ്ടവും ഉണ്ടാക്കുന്നതാണ്. നൂറ് കിലോമീറ്റര്‍ ദൂരത്തിലധികം യാത്രചെയ്ത് വേണം കര്‍ഷകര്‍ തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ എത്തിച്ചേരേണ്ടത്. ഇന്ത്യയിലെ പതിനഞ്ച് ഓഫീസുകള്‍ നീര്‍ത്തലാക്കുന്നതില്‍ നാലെണ്ണവും കേരളത്തിലാണ്. കോഴിക്കോട്, എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലാ ഓഫീസുകളാണ് സംസ്ഥാനത്ത് നിര്‍ത്തലാക്കുന്നത്. വികസിത ജില്ലകളും കോര്‍പ്പറേഷനുകളുമായി കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവയെ പരിഗണിക്കാമെങ്കിലും പത്തനംതിട്ട തികച്ചും കാര്‍ഷിക ജില്ലതന്നെയാണ്.

deshabhimani 090512

1 comment:

  1. ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ജില്ലാ ഓഫീസ് അടച്ചുപൂട്ടാന്‍ നീക്കം. ഇത് ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ജില്ലയിലെ കര്‍ഷകര്‍ക്ക് താങ്ങുംതണലുമായി നില്‍ക്കുന്നത് നബാര്‍ഡാണ്. 143 ഫാര്‍മേഴ്സ് ക്ലബുകളാണ് നബാര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജില്ലയിലുള്ളത്. ജില്ലാ ഓഫീസ് അടച്ചുപൂട്ടുന്നതോടെ ഇവയുടെ പ്രവര്‍ത്തനവും അവതാളത്തിലാകും.

    ReplyDelete