Saturday, December 25, 2010

സഹകരണ മേഖലയ്ക്ക് തിരിച്ചടി

സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് കാര്‍ഷിക പുനര്‍വായ്പ നല്‍കാനാകില്ലെന്ന് വീണ്ടും നബാര്‍ഡ്. സംസ്ഥാന സഹകരണബാങ്കിന് നല്‍കിയ കത്തിലാണ് പുനര്‍വായ്പ തരാനാകില്ലെന്ന് അറിയിച്ചത്. നബാര്‍ഡിന്റെ ഈ നടപടി സംസ്ഥാനത്തെ കാര്‍ഷികമേഖലയ്ക്ക് വന്‍തിരിച്ചടിയായി. കൂടിയ പലിശയുള്ള നിക്ഷേപത്തുകയില്‍നിന്ന് കാര്‍ഷികവായ്പ നല്‍കുന്ന സഹകരണസ്ഥാപനങ്ങളെ നബാര്‍ഡിന്റെ നിലപാട് പ്രതിസന്ധിയിലേക്ക് തള്ളുകയാണ്. വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിക്കാത്തതിലുള്ള പ്രതികാരമാണ് നബാര്‍ഡിന്റെ നടപടിയെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ പറഞ്ഞു.

സഹകരണമേഖല കാര്‍ഷികവായ്പയായി വിതരണംചെയ്തിട്ടുള്ള തുകയ്ക്ക് ആനുപാതികമായാണ് നബാര്‍ഡ് പിറ്റേവര്‍ഷം പുനര്‍വായ്പ അനുവദിക്കുന്നത്. നാല് ശതമാനം പലിശമാത്രം ഈടാക്കി നല്‍കുന്ന കാര്‍ഷികവായ്പയ്ക്ക് പുനര്‍വായ്പ ലഭിക്കാത്തത് സഹകരണസ്ഥാപനങ്ങളുടെ സാമ്പത്തികക്രമീകരണം അവതാളത്തിലാക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 703.75 കോടി പുനര്‍വായ്പ ആവശ്യപ്പെട്ടെങ്കിലും നയാപൈസ അനുവദിച്ചില്ല. നടപ്പ് സാമ്പത്തികവര്‍ഷം ആയിരം കോടിയാണ് ആവശ്യപ്പെട്ടിരുന്നത്. 2007-08 സാമ്പത്തികവര്‍ഷം 405.60 കോടി രൂപയാണ് പുനര്‍വായ്പയായി സഹകരണമേഖലയ്ക്ക് അനുവദിച്ചത്. പിറ്റേവര്‍ഷം 503.86 കോടിക്ക് അപേക്ഷ നല്‍കിയെങ്കിലും അനുവദിക്കാന്‍ നബാര്‍ഡ് തയ്യാറായില്ല. സംസ്ഥാന സഹകരണബാങ്കിന് നിഷ്ക്രിയ ആസ്തി കൂടുതലാണെന്നതാണ് കാരണമായി പറഞ്ഞത്. ഒടുവില്‍ 140 കോടിയുടെ സെക്യൂരിറ്റി നല്‍കിയെങ്കിലും അതനുസരിച്ചുള്ള തുകപോലും അനുവദിച്ചില്ല. 113.60 കോടി രൂപമാത്രമാണ് ആ വര്‍ഷം നബാര്‍ഡ് അനുവദിച്ചത്.

പുനര്‍വായ്പയുടെ തിരിച്ചടവ് സംസ്ഥാനം പൂര്‍ണമായി നടത്തിയിട്ടും വായ്പ നിഷേധിക്കുന്നത് രാഷ്ട്രീയകാരണങ്ങളാലാണെന്ന് സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍ പറഞ്ഞു. നിഷ്ക്രിയ ആസ്തിയുടെ പേരില്‍ മറ്റൊരു സംസ്ഥാനത്തിനും പുനര്‍വായ്പ നിഷേധിക്കുന്നില്ല. പുനര്‍വായ്പയായി നബാര്‍ഡില്‍നിന്നു കിട്ടുന്ന തുക 4.25 ശതമാനം പലിശയ്ക്ക് ജില്ലാബാങ്കുകള്‍ക്കും 7.75 ശതമാനത്തിന് പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും എത്തുന്നു. ഏഴ് ശതമാനം പലിശയ്ക്കാണ് സഹകരണബാങ്കുകള്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നത്. 11 ശതമാനംവരെ പലിശ നല്‍കി സ്വീകരിക്കുന്ന നിക്ഷേപങ്ങളില്‍നിന്ന് വായ്പസംഖ്യ കണ്ടെത്തുന്ന സഹകരണമേഖലയ്ക്ക് സാമ്പത്തികക്രമീകരണം നടത്താന്‍ സഹായിച്ചിരുന്നത് നബാര്‍ഡിന്റെ പുനര്‍വായ്പയാണ്. നബാര്‍ഡിന്റെ സഹായമില്ലാതെതന്നെ സഹകരണമേഖലയിലെ കാര്‍ഷികവായ്പകള്‍ റെക്കോഡിലെത്തുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നടപ്പുസാമ്പത്തികവര്‍ഷം ആദ്യ ആറുമാസത്തെ കണക്കുപ്രകാരം 1400 കോടിയുടെ കാര്‍ഷികവായ്പ നല്‍കി. 2400 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം വിതരണംചെയ്തത്- മന്ത്രി പറഞ്ഞു. ആദായനികുതിയിനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 25 കോടി രൂപയാണ് കേരളത്തിലെ സഹകരണമേഖല കേന്ദ്രസര്‍ക്കാരിന് നല്‍കിയത്.
(ആര്‍ സാംബന്‍)

ദേശാ‍ഭിമാനി 251210

1 comment:

  1. സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് കാര്‍ഷിക പുനര്‍വായ്പ നല്‍കാനാകില്ലെന്ന് വീണ്ടും നബാര്‍ഡ്. സംസ്ഥാന സഹകരണബാങ്കിന് നല്‍കിയ കത്തിലാണ് പുനര്‍വായ്പ തരാനാകില്ലെന്ന് അറിയിച്ചത്. നബാര്‍ഡിന്റെ ഈ നടപടി സംസ്ഥാനത്തെ കാര്‍ഷികമേഖലയ്ക്ക് വന്‍തിരിച്ചടിയായി. കൂടിയ പലിശയുള്ള നിക്ഷേപത്തുകയില്‍നിന്ന് കാര്‍ഷികവായ്പ നല്‍കുന്ന സഹകരണസ്ഥാപനങ്ങളെ നബാര്‍ഡിന്റെ നിലപാട് പ്രതിസന്ധിയിലേക്ക് തള്ളുകയാണ്. വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിക്കാത്തതിലുള്ള പ്രതികാരമാണ് നബാര്‍ഡിന്റെ നടപടിയെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ പറഞ്ഞു.

    ReplyDelete